പത്തനംതിട്ട —-പത്തനംതിട്ടയുടെ ഏറ്റവും വലിയ സ്വപ്ന വികസന പദ്ധതി ആധുനിക ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് ആറിന് വൈകുന്നേരം അഞ്ചിന് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
2018 ല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ അനുവദിക്കുകയും വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡി പി ആർ) തയ്യാറാക്കിയിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പായി മുനിസിപ്പാലിറ്റിയും ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സും തമ്മിലുള്ള ധാരണാ പത്രത്തില്‍ ഒപ്പിടേണ്ടതായ ഘട്ടത്തില്‍ ആ കാലയളവിലെ നഗരസഭ ഭരണസമിതി ഒപ്പുവെച്ചില്ല. ധാരണാ പത്രത്തിലെ രണ്ട് ക്ലോസുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയുടെ ആവശ്യ പ്രകാരം ധാരണാപത്രത്തില്‍ ജില്ലാ സ്റ്റേഡിയത്തിന് ശ്രീ. കെ. കെ നായരുടെ പേര് ചേര്‍ക്കുന്നതിനും, ഒരു മുനിസിപ്പല്‍ കൗണ്‍സില്‍ അംഗത്തെ കൂടി അധികമായി പത്തനംതിട്ടക്ക് വേണ്ടി ഉള്‍പ്പെടുത്തുന്നതിനും തയ്യാറാണ് എന്നത് രേഖാ മൂലം എം.എല്‍.എ മുനിസിപ്പാലിറ്റിയെ അറിയിച്ചിരുന്നു. നഗരസഭ ഇത്തരത്തില്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ എം.ഒ.യു സമര്‍പ്പിച്ചിട്ടും ഒപ്പുവെക്കാന്‍ നഗരസഭാ ഭരണ സമിതി തയ്യാറായില്ല. ഇതേ തുടര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ടൗണില്‍ എം.എല്‍.എ സത്യാഗ്രഹ സമരത്തിന് ഇരുന്നു.
ഇങ്ങനെ ആധുനിക ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് പ്രാദേശിക തലത്തിലും സര്‍ക്കാര്‍ തലത്തിലും എം.എല്‍.എ എന്ന നിലയില്‍ പല മീറ്റിംഗുകള്‍ നടത്തിയെങ്കിലും നഗരസഭാ ഭരണസമിതി സഹകരിക്കാതെ മുന്നോട്ട് പോയി. ഇലക്ഷനെ തുടര്‍ന്ന് 2021 ല്‍ അധികാരത്തില്‍ വന്ന പുതിയ നഗരസഭാ ഭരണസമിതിയാണ് ധാരണാ പത്രത്തില്‍ ഒപ്പിടുകയും ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് തുടര്‍ നടപടികള്‍ മുന്നോട്ട് പോയത്. ആദ്യ ഘട്ടത്തില്‍ കിറ്റ്കോയെ പദ്ധതിയുടെ എസ്.പി.വി ആയി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പദ്ധതി കിറ്റ്കോയ്ക്ക് തുടങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കായിക വകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന്‍ (എസ് കെ എഫ്) എസ് പി വി ആയി ചുമതലപ്പെടുത്തുകയും, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ വിശദമായ മാസ്റ്റര്‍ പ്ലാനും പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് കിഫ്ബിയുടെ 47.92 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു. പ്രവൃത്തി ടെന്‍ഡറിലേക്ക് പോവുകയും ഊരാലുങ്കല്‍ കോ- ഓപ്പറേറ്റീവ് സൊസെറ്റി ലിമിറ്റഡാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ എട്ടു ലെയ്ന്‍ 400 മീ. സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്‌ബോള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, പവലിയന്‍ & ഗ്യാലറി മന്ദിരങ്ങള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിര്‍മ്മാണം. ലാന്റ് ഡെവലപ്‌മെന്റ് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്‌ബോള്‍ ടര്‍ഫ് പ്രവൃത്തികളാണ് ചെയ്യുന്നത്.
എട്ടു ലെയ്ന്‍ 400 മീ. സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്
വേള്‍ഡ് അത്ലറ്റിക് നിഷ്‌ക്കര്‍ഷിക്കുന്ന നിലവാര പ്രകാരമുള്ള 8 ലെയ്ന്‍ സിന്തറ്റിക് ട്രാക്കാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുക. സാന്‍വിച്ച് ടൈപ്പ് നിര്‍മ്മാണ രീതിയിലൂടെ നിര്‍മ്മിക്കുന്ന ട്രാക്കിനോടൊപ്പം സ്റ്റിപ്പിള്‍ ചെയ്‌സ്, ലോംഗ് ജംപ്, ഹൈജംമ്പ്, ജാവലിന്‍ ത്രോ, ഷോട്ട്പുട്ട്, ഡിസ്‌ക് ത്രോ, ഹര്‍ഡില്‍സ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും സജ്ജമാക്കുന്നുണ്ട്.
നാച്വറല്‍ ഫുഡ്‌ബോള്‍ ടര്‍ഫ്
അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്ന ഫിഫ സ്റ്റാന്‍ഡേര്‍ഡ് (105*68 മീറ്റര്‍) നാച്വറല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. ഫുട്‌ബോള്‍ ഓട്ടോമാറ്റിക് സ്പ്രിംഗ്ലര്‍ സിസ്റ്റവും സജ്ജമാക്കുന്നുണ്ട്.
നീന്തല്‍ക്കുളം
ഒളിമ്പിക് മത്സരങ്ങള്‍ നടത്തുന്നതിനുള്ള നീന്തല്‍ കുളങ്ങള്‍ക്കുള്ള അളവായ 50*25 മീറ്ററില്‍ ഉള്ള നീന്തല്‍ക്കുളമാണ് തയ്യാറാക്കുന്നത്.
പവലിയന്‍ & ഗ്യാലറി മന്ദിരങ്ങള്‍
നിലവിലുള്ള ഗ്യാലറി കെട്ടിടത്തിന് ഇരുവശത്തുമായി രണ്ട് പവലിയന്‍ ഗ്യാലറി കെട്ടിടങ്ങളും നിര്‍മ്മിക്കുന്നുണ്ട്. ഇവയ്ക്ക് പുറമേ പാര്‍ക്കിംഗ് സൗകര്യം, ഡ്രൈയിനേജ് സൗകര്യങ്ങള്‍, ഫയര്‍ സേഫ്റ്റി സംവിധാനം വിവിധ കായിക ഇനങ്ങള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്.എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.