പാരീസ് മെച്ചപ്പെട്ട കൂലി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രാൻസിൽ പ്രതിഷേധിക്കുന്ന കർഷകർ ശനിയാഴ്‌ച പാരീസ് കർഷകമേളയിലേക്ക് ഇരച്ചു കയറി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിന് മുന്നോടിയായാണ് പ്രതിഷേധം. മേളയിൽ കർഷകർ, ഭക്ഷ്യ സംസ്‌കരണക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരുമായി ശനിയാഴ്ച നടത്താനിരുന്ന സംവാദം മാക്രോൺ റദ്ദാക്കിയിരുന്നു.
പാരിസ്ഥിതിക നിയമങ്ങൾക്കെതിരെയും യൂറോപ്യൻ യൂണിയനു പുറത്തുനിന്ന് ഉള്ളവരിൽനിന്ന് വിലകുറച്ച് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെതിരെയും കുറഞ്ഞ വരുമാനത്തിൽ പ്രതിഷേധിച്ചും യൂറോപ്പിൽ വ്യാപകമായി കർഷകർ സമരം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഫ്രാൻസിലെയും സമരം. മാക്രോണിനു മേൽ സമ്മർദം ചെലുത്താൻ കർഷകർ വെള്ളിയാഴ്‌ച മധ്യ പാരീസിലേക്ക് ട്രാക്ടർ റാലി നടത്തിയിരുന്നു.