Sunday, December 22, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ ... (നോവൽ - അദ്ധ്യായം ഏഴ്) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ … (നോവൽ – അദ്ധ്യായം ഏഴ്) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

കോളേജിലെ ഏറ്റവും ഉയർന്ന മാർക്കോടെയാണ് ആര്യ ബിരുദമെടുത്തത്. എം.എസ്.സി പഠനം അല്പം ദൂരെയുള്ള കോളേജിലായതിനാൽ ഹോസ്റ്റലിലായി താമസം. മാസത്തിലൊരിക്കൽ വരും. രണ്ടാം ശനിയാഴ്ചയോട് ചേർന്നുള്ള വെള്ളിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തുന്ന ചെറിയമ്മയെ കാത്ത് പടിക്കലേക്കും നോക്കിയിരിക്കുമായിരുന്നു ആറുവയസ്സുകാരൻ ശ്രീക്കുട്ടൻ എന്ന രണ്ടാം ക്ലാസ്സുകാരൻ. അത്തരം വെള്ളിയാഴ്ചകളിൽ സ്കൂളുവിട്ടു വന്നാൽ പിന്നെ ചെറിയമ്മയെ കാത്തിരിക്കലാണ് അവന്റെ പ്രധാന ജോലി.ആര്യ നിറഞ്ഞ ചിരിയോടെ പടിപ്പുര കടന്നു വരുമ്പോൾ അവൻ ഓടിച്ചെന്ന് കെട്ടിപ്പിടിക്കും. അപ്പോഴേക്കും മാലിനി ഇറങ്ങി വന്ന് ആര്യയുടെ ബാഗ് വാങ്ങിയിട്ടുണ്ടാവും. ശ്രീക്കുട്ടനെ എടുത്താണ് ആര്യ പൂമുഖത്തേക്ക് കയറുക.

” പെണ്ണ് കെട്ടിക്കാറായ ആ ചെക്കനെ പൊക്കിയെടുത്ത് നടക്കണ്ട ആര്യേ .നിന്റെ നടു ഉളുക്കും അവിടെയിട്ടോ അതിനെ ” എന്ന് മാലിനി പറഞ്ഞ സമയം
“ഇത് എന്റെ സ്വത്താണ്. ഇതിനെ കാണാതെ എത്ര വിഷമിച്ചാ ഞാൻ അവിടെ പിടിച്ചു നിക്കണത് എന്നറിയോ ” എന്നും പറഞ്ഞ് ആര്യ ശ്രീക്കുട്ടനെ ഉമ്മ വെച്ചു.

“വയസ്സാവുമ്പൊ ചെറിയമ്മയെ ഞാൻ നല്ലോണം നോക്കാംട്ടൊ ” എന്ന് ശ്രീക്കുട്ടൻ പറഞ്ഞപ്പോൾ മാലിനിയും പൂമുഖത്തു നിന്നിരുന്ന പണിക്കരും, ടീച്ചറും ഉറക്കെചിരിച്ചു.

“ആര്യേ ചെക്കൻ നമ്മളെയൊക്കെ കൊണ്ടോയി വിൽക്കും ട്ടൊ.ഇതിന് എവിടന്ന് കിട്ടി ഈ കാഞ്ഞ ബുദ്ധിയൊക്കെ. രാമാനന്ദേട്ടനീ ടൈപ്പ് സുഖിപ്പിക്കലും തട്ടിപ്പുമൊന്നും തീരെ അറിയില്ല. ഇത്തരം പ്രാപ്തിയുമില്ല. എനിക്ക് തോന്നണത് ഇത് ദേവേട്ടന് വയസ്സാവുമ്പോഴേക്ക് കാര്യപ്രാപ്തിയില് ഞവരക്കാടിൻ്റെ പാരമ്പര്യം നിലനിർത്തും ഇവനെന്നാ ”

മാലിനി ചിരിച്ചു കൊണ്ട് ആര്യയുടെ ചെകിട്ടിൽ പറഞ്ഞു.

“അതൊന്നുമല്ല ഏട്ത്തിയമ്മേ ഇത് എന്റെ പൊന്നുട്ടൻ.” ആര്യ ശ്രീക്കുട്ടനെ താഴെ നിർത്തി .പിന്നെ മാലിനിയുടെ കൈയിൽ നിന്നും ബാഗ് വാങ്ങി തുറന്നു. അതിലുണ്ടാവും ചെറിയമ്മയുടെ സ്നേഹസമ്മാനം. എന്നറിയാവുന്ന ശ്രീക്കുട്ടന്റെ ആകാംക്ഷയോടെയുള്ള നിൽപ്പ് കണ്ട് മാലിനി പകുതി കാര്യമായും പകുതി കളിയായും ഇങ്ങനെ പറഞ്ഞു.

“എടാ ചെറിയമ്മ കോളേജിൽ പഠിക്കുകയാണ് .അല്ലാതെ ജോലി കഴിഞ്ഞുവരികയല്ല. ചെറിയമ്മയ്ക്ക് ശമ്പളമൊന്നുമില്ല. ബാഗ് തുറക്കുന്നതും നോക്കി വായും പൊളിച്ച് കണ്ണും തുറിച്ച് കൈ നീട്ടി നിൽക്കാൻ .”

പിന്നെ ആര്യയോടായി പറഞ്ഞതിങ്ങനെ.

“അതേയ് നിയ്യ് ഇതൊക്കെ ശീലാക്കി .ഇനി രക്ഷയില്ല.
അനുഭവിച്ചോ.”

വീട്ടിലുള്ള ദിവസങ്ങളിൽ രാത്രി കിടക്കുവോളവും പിന്നെ ശനിയും ഞായറും പകൽ സമയം കിട്ടുമ്പോഴൊക്കെയും മാലിനിയും ആര്യയും അങ്ങനെ സംസാരിച്ചിരിക്കും .ഒരു മടുപ്പുമില്ലാതെ എത്ര നേരം വേണമെങ്കിലും. അടുക്കള പണി , കുളിക്കാൻ പോക്ക്, തുണിയലക്കൽ ഇതൊക്കെ അതിനിടയിൽ നടന്നുകൊണ്ടിരിക്കും. വിഷയം ഇന്നത് എന്നില്ല. ഹോസ്റ്റലിലെ പുളിച്ച ഭക്ഷണത്തെ കുറിച്ചാവാം. അവിടത്തെ പലരുടേയും സ്വഭാവ വിശേഷങ്ങളെ കുറിച്ചാവാം. അല്ലെങ്കിൽ ഒരു മാസത്തെ നാട്ടുവിശേഷങ്ങളാവാം. കല്യാണങ്ങൾ, മരണങ്ങൾ,വിശേഷ വാർത്തകൾ ,
അതായത് പ്രണയങ്ങൾ, ഒളിച്ചോട്ടങ്ങൾ, മുതൽ പ്രസവങ്ങൾ വരെ ചർച്ചയാവും.
ഒരിക്കൽ വർത്തമാനത്തിനിടയിൽ മാലിനി സൂചിപ്പിച്ചു.

” ആ… ആര്യേ അത് പറയാൻ മറന്നുട്ടൊ. നിന്റെ ദാസനെ ഷാപ്പിലിട്ട് ആരൊക്കെയോ നന്നായി പെരുമാറീത്രേ .. കയ്യാടിഞ്ഞ് അങ്ങാടീക്കൂടെ നടന്നിരുന്നത്രേ.രണ്ട് മൂന്ന് പല്ലൊക്കെ പോയീന്നും കേട്ടു ”

“അയ്യെടാ …ന്റെ ദാസനോ…. അത് കൊള്ളാലോ … എനിക്ക് വേണ്ട അതിനെ. ഏട്ത്തിയമ്മ തന്നെ എടുത്തോ…. ഫ്രീയായിട്ട്. ”

അത് കേട്ടതും മാലിനി ഉറക്കെചിരിച്ചു കൊണ്ട്പറഞ്ഞു .

” ആര് എടുത്താലും എടുത്തില്ലെങ്കിലും ഇതാ സ്വഭാവംച്ചാൽ അത് ഭൂമീല് അധികകാലം ണ്ടാവും എന്ന് തോന്നീല്യ. താമസിയാതെ ആരെങ്കിലുമൊക്കെ ചേർന്ന് എടുക്കേണ്ടേരും .”

ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച അതിരാവിലെ ആര്യ പോയാൽ പിന്നെ ഒന്ന് രണ്ട് ദിവസം വീട്ടിലാകെ ഒരു മൂകതയാണ് ഓരോ വരവിലും ഒരു സിനിമയ്ക്ക് പോക്ക് നിർബന്ധമായും ഉണ്ടാവും.എം.എസ്.സി കാലവും പെട്ടന്ന് കടന്നു പോയി. അവിടേയും മികച്ച വിജയം തന്നെയായിരുന്നു ആര്യയ്ക്ക്.

ചെറിയമ്മയെ മുഴുവനായി വീട്ടിൽ കിട്ടിയ സന്തോഷത്തിലായി ശ്രീക്കുട്ടൻ. എന്നും അവൻ ചെറിയമ്മയുടെ കൂടെ ദീപാരാധന തൊഴാൻ പോവും. അതും ശീലമായി.

ഞവരക്കാട്ടെ പടിപ്പുര കടന്ന് കല്യാണാലോചനകൾ ധാരാളമായി വരാൻ തുടങ്ങിയ കാലം കൂടിയായിരുന്നു അത്. ധൃതിവേണ്ട എന്നായിരുന്നു പണിക്കരുടെ മനോഭാവം .
ബി.എഡ് കൂടി എടുക്കട്ടെ. അതിനിടയിൽ എല്ലാം ബോധിക്കുന്നത് വരട്ടെ. അപ്പോൾ നോക്കാം. പണിക്കർ നിശ്ചയിക്കുന്നതു തന്നെയാണ് അവസാന തീരുമാനം. ചിന്തയും പ്രായോഗികതയും സുതാര്യതയുമെല്ലാം അതിനു പിന്നിലുണ്ടാവും. എന്നും അത് നല്ലതിനാകും എന്ന് എല്ലാവർക്കുമറിയുകയും ചെയ്യാം.ഞവരക്കാടിനെ ഇന്നത്തെ നിലയിൽ മാറ്റിയെടുത്തത് പത്മനാഭ പണിക്കരാണ്. വലിയവളപ്പ് വാങ്ങിയതും, സിനിമാ ടാക്കീസ് നിർമ്മിച്ചതും കടമുറികൾ പണിതതും അദ്ദേഹമാണ്. തറവാടും ഇപ്പാഴുള്ള കൃഷിയിൽ പകുതിയും മാത്രമേ കുടുംബസ്വത്തായി ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാറ്റിനു പിന്നിലും പണിക്കരുടെ വിയർപ്പുണ്ട്. കാഴ്ചപ്പാടുകളുണ്ട്. ആയ കാലം മുതൽ ദേവാനന്ദൻ നൽകുന്ന ശക്തമായ പിൻബലവുമുണ്ട്.

രാത്രി ഊണ് കഴിക്കാൻ പോവുന്നതിനു മുമ്പ് കുറച്ചു നേരം എല്ലാവരും ചേർന്ന് സംസാരിച്ചിരിക്കുന്ന ശീലമുണ്ട് ഞവരക്കാട്ട്. സ്ഥലത്തുണ്ടെങ്കിൽ ചില ദിവസങ്ങളിൽ കുറച്ചു നേരം ചർച്ചയിൽ ശങ്കരനും കൂടും. അപ്പോൾ സംസാരം സ്വാഭാവികമായും കൃഷി, ടാക്കീസ് തുടങ്ങിയ കാര്യങ്ങളിലേക്കു നീങ്ങും ഇനി കുടുംബകാര്യങ്ങൾ സംസാരിക്കുന്നിടത്തായാൽ പോലും അന്യനല്ലല്ലോ ശങ്കരൻ.പണിക്കരും രാമാനന്ദനും പൂമുഖത്തെ കസേരയിലിരിക്കും. ലക്ഷ്മിക്കുട്ടി ടീച്ചർ അവിടെയുള്ള ചാരു ബെഞ്ചിൽ .മടിയിൽ മിക്കവാറും ശ്രീക്കുട്ടൻ കിടക്കുന്നുണ്ടാവും. അകത്തേക്ക് കടക്കുന്ന വാതിലിനോട് ചേർന്ന് ഇടനാഴിയിലാവും മാലിനിയും ആര്യയും.
അവർക്കതാണിഷ്ടം. പൂമുഖത്തിരിക്കുന്നത് അവർക്ക് താൽപ്പര്യമില്ല. പറഞ്ഞാലും ഇരിക്കില്ല. അവരുടെ ചിരിക്കും കളിക്കും നല്ലത് ഇടനാഴിയാണ്.
ഒരു ദിവസം അങ്ങനെ സംസാരിച്ചിരിക്കേ പെട്ടന്ന് ഓർത്ത പോലെ രാമാനന്ദൻ മാഷ് പറഞ്ഞു

“ആര്യേ ഇന്ന് സ്കൂളിന്റെ അവിടന്ന് കണ്ടപ്പോൾ ഷാരത്തെ മുരളി ഒരു കാര്യം ചോദിച്ചു. ”

മുരളി എന്ന പേര് കേട്ടതും ആര്യ പെട്ടന്ന് ഒന്നു ഞെട്ടിയോ എന്ന് മാലിനിക്ക് സംശയം തോന്നി. ഒരു നിമിഷം ഒരമ്പരപ്പ് ആമുഖത്ത് തെളിഞ്ഞ പോലെ.

“നിനക്ക് പ്രതിഭയിൽ ക്ലാസ്സെടുക്കാൻ ചെല്ലാമോ ?എന്ന് ചോദിച്ചു .ഞാൻ നിന്നോട് ചോദിക്കട്ടെ എന്നും പറഞ്ഞു. ”

ഹൈസ്ക്കൂളിനു സമീപം ഷാരത്തെ മുരളി നടത്തുന്ന ട്യൂഷൻ സെന്ററാണ് പ്രതിഭ.മുരളി എം.എ ക്കാരനാണ്. ബി.എഡും കഴിഞ്ഞിട്ടുണ്ട്.കവിയും സാംസ്കാരിക പ്രവർത്തകനുമൊക്കെയായ മുരളിയുടെ ക്ലാസ്സുകളെ കുറിച്ച് മികച്ച അഭിപ്രായമാണ്
നാട്ടിലെല്ലാവർക്കും . വ്യക്തി എന്ന നിലയിലും മുരളിക്ക് നല്ല മതിപ്പുണ്ട് നാട്ടിൽ. കാണാനും സുമുഖൻ,സൗമ്യൻ . മുരളിയുടെ അച്ഛൻ തെക്കേപിഷാരത്തെ ഗോവിന്ദ പിഷാരടി സാധുവും സാത്വികനുമായിരുന്നു. അദ്ദേഹത്തിന്റെ നാലു മക്കളിൽ ഏക ആൺതരിയാണ് മുരളി. പിന്നെയുളള മൂന്നു പേരിൽ മുരളിക്ക് മീതെയുള്ള “മാലു “എന്ന് വിളിക്കുന്ന മാലതിക്ക് കാലിന് ചെറിയൊരു മുടന്തുണ്ട്. പത്താം ക്ലാസ്സ് വരെയേ മാലു പഠിച്ചിട്ടുള്ളൂ.മുരളിക്ക് താഴെയുള്ള സന്ധ്യയും സിന്ധുവും പഠിക്കാനും കാണാനും മിടുക്കി കളാണ്.ഗോവിന്ദപിഷാരടിയുള്ള കാലത്തും നിത്യവൃത്തി കഴിഞ്ഞു പോവാൻ പ്രയാസമായിരുന്നു കുടുംബത്തിൽ. അമ്മിണിഷാരസ്യാർക്ക് ദേവി ക്ഷേത്രത്തിലുള്ള കഴകമായിരുന്നു പ്രധാന ജീവിതമാർഗ്ഗം. എന്നാൽ ഉള്ളത് കൊണ്ട് അന്തസ്സോടെ ജീവിക്കാനും ഇല്ലായ്മ പുറത്തു കാണിക്കാതെ പെരുമാറാനും ശ്രദ്ധിക്കുന്ന കൂട്ടത്തിലായിരുന്ന ഷാരത്തുകാർ .മുരളി ട്യൂഷൻ എടുക്കാൻ തുടങ്ങിയതോടെയാണ് ജീവിതം അല്പം മെച്ചപ്പെടാൻ തുടങ്ങിയത്.
അമ്പലത്തിനോട് ചേർന്നാണ് ഷാരം. കുറച്ചു സ്ഥലവും ഒരു പഴയ ഓടിട്ട വീടും അത്രയേയുള്ളൂ പാരമ്പര്യസ്വത്തെന്നു പറയാൻ.

“ഏയ് പ്രതിഭയിലൊന്നും പഠിപ്പിക്കാൻ പോണ്ട വെറുതെ വായിട്ടലയ്ക്കാൻ .മുരളിക്കു തന്നെ ഒന്നും കാര്യായിട്ട് കിട്ടുന്നുണ്ടാവില്ല.” പണിക്കർ തീരുമാനം പറഞ്ഞു.

“ന്നാലും ഒരു പരിചയം ഉണ്ടാവും ”
എന്നായി ലക്ഷ്മിക്കുട്ടി ടീച്ചർ.

“അതിന് കുറച്ച് കുട്ടികൾക്ക് ഇവിടെ വെച്ച് നാലക്ഷരം പറഞ്ഞു കൊടുത്താൽ പോരേ.”

ഏതായാലും പണിക്കരുടെ അഭിപ്രായത്തോടെ ആ സംസാരം അവിടെ അവസാനിച്ചു.
പക്ഷേ അന്നത്തെ ആ ചർച്ചക്ക് ശേഷം ആര്യയിൽ ഒരു മൗനമോ വിഷാദമോ സ്ഥാനമുറപ്പിക്കുന്നുവോ എന്ന നേരിയ സംശയം മാലിനിക്കുണ്ടായി.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments