Sunday, June 16, 2024
Homeസിനിമ🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ പുത്രൻ
റുഷിൻ ഷാജികൈലാസ് ആദ്യമായി നായകനാകുന്ന
‘ഗ്യാങ്സ് ഓഫ് ഇൻ സുകുമാരക്കുറുപ്പ്’


ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവൃതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് ഇൻ സുകുമാരക്കുറുപ്പ്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.

പ്രശസ്ത സംവിധായകൻ ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു.

കാക്കിപ്പടയിലൂടെ ഏറെ ശ്രദ്ധേയനായ സൂര്യ കൃഷ്,
ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ,എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി അഷറഫ് പിലായ്ക്കൽതുടങ്ങി യനിരവധി താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു.

സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫിന്റെ സംഗീതം. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമൻ, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷൻ കോറിയോഗ്രാഫർ: റൺ രവി, പി ആർ ഒ വാഴൂർ ജോസ്

ഏറെ കൗതുകവും ഒപ്പം ത്രില്ലിംഗും കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന ഒരു ഫൺ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
നിർമ്മാണ. പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു.

ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന
‘സ്വകാര്യം സംഭവബഹുലം’

എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവാഗതനായ നസീര്‍ ബദറുദ്ദീന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘സ്വകാര്യം സംഭവബഹുലം’. സംവിധായകന്‍ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ഫാമിലി ത്രില്ലറിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. പെണ്‍ കാറ്റേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. സംഗീതം സിദ്ധാര്‍ഥ പ്രദീപ്, ആലപിച്ചിരിക്കുന്നത് ശ്രീജിത്ത് സുബ്രഹ്‌മണ്യനും ശ്രുതി ശിവദാസും. അന്നു ആന്റണി, അര്‍ജുന്‍, ആര്‍ജെ അഞ്ജലി, സജിന്‍ ചെറുകയില്‍, സുധീര്‍ പറവൂര്‍, രഞ്ജി കാങ്കോല്‍, അഖില്‍ കവലയൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ സംവിധായകന്‍ നസീര്‍ ബദറുദ്ദീന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം മെയ് 31ന് തീയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

 സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ‘കങ്കുവ’

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ‘കങ്കുവ’ ഒരുങ്ങുന്നത്. സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 350 കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള കങ്കുവയുടെ നേരത്തെ പുറത്തെത്തിയ ടീസറിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ യുദ്ധരംഗത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിജിഐ, ഗ്രാഫിക്സ് എന്നിവയുടെ പിന്തുണയില്ലാതെ യുദ്ധം ചിത്രീകരിക്കാന്‍ 10000 ആര്‍ട്ടിസ്റ്റുകളെയാണ് ഉപയോഗിച്ചിരിക്കുന്നത്. സൂര്യയും ബോബി ഡിയോളും അഭിനയിക്കുന്ന ക്ലൈമാക്സിലാണ് ഈ യുദ്ധരംഗം ഉള്ളത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. ‘അനിമല്‍’ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്യുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം
‘കര്‍ണിക’

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്യുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ‘കര്‍ണിക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കഥയും സംവിധാനവും സംഗീത സംവിധാനവും നിര്‍വഹിക്കുന്നതും അരുണ്‍ വെണ്‍പാല തന്നെയാണ്. കവിത, സംവിധാനം, ചലച്ചിത്ര നിര്‍മ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാന്‍ മംഗലശ്ശേരി, പ്രിയങ്ക നായര്‍ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തില്‍ ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു. സ്‌കൂളുകളിലും കോളേജുകളിലും സിനിമായോട് അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ടാലെന്റ് ക്ലബുകളിലെ അംഗങ്ങള്‍ക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാന്‍സ് ,പോസ്റ്റര്‍ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയാണ്. വിജയികള്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തില്‍ അവസരവും ലഭിക്കും. ഒറ്റപ്പാലം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

ബംഗാളി സംവിധായകനും നിര്‍മ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ
അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രം ‘ആദ്രിക’

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിര്‍മ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രം ‘ആദ്രിക’യുടെ ട്രെയിലര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുന്നു. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ഒ പി നയ്യാരുടെ ചെറുമകള്‍ നിഹാരിക റൈസാദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാവുന്നത്. ഐ.ബി 71, സൂര്യവന്‍ശി, വാറിയര്‍ സാവിത്രി, ടോട്ടല്‍ ധമാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. അവരോടൊപ്പം ഡോണോവന്‍ ടി വോഡ്ഹൗസും അജുമല്‍ ആസാദും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ഗരറ്റ് എസ് എ, ദി ഗാരേജ് ഹൗസ്, യുണീക് ഫിലിംസ് ധയുഎസ്പ, റെയ്സാദ എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് സാര്‍ത്ഥക് കല്യാണിയാണ് സംഗീതം ഒരുക്കുന്നത്.

നവാഗതനായ സംജാദിന്റെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലര്‍ ‘ഗോളം’

നവാഗതനായ സംജാദിന്റെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലര്‍ ‘ഗോള’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ സമൂഹമാധ്യമ ഹാന്‍ഡിലുകളിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി ആനും സജീവുമാണ് ‘ഗോളം’ നിര്‍മ്മിക്കുന്നത്. ചിന്നു ചാന്ദ്നി, സണ്ണി വെയിന്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രവീണ്‍ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. എബി സാല്‍വിന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാര്‍. ജൂണ്‍ 7 ന് ചിത്രം തിയേറ്ററുകളിലെത്തും.

വിനായകനും സുരാജ് വെഞ്ഞാറമൂടും  ഒന്നിക്കുന്ന
‘തെക്ക് വടക്ക്’

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ ക്യാരക്ടര്‍ ലുക്ക് ടീസര്‍ പുറത്തുവിട്ടു. കഷണ്ടി കയറിയ തലയും പിരിച്ചു വെച്ച കൊമ്പന്‍ മീശയുമായി വിനായകനും നരച്ച താടിയും മുടിയുമായി സുരാജ് വെഞ്ഞാറമൂടും പരസ്പരം മുഖം തിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മധ്യവയസ്‌ക്കരായ കഥാപാത്രങ്ങളാണ് ഇരുവരും ചെയ്യുന്നത് എന്നത് വ്യക്തമാണ്. ഒപ്പം സിനിമയുടെ തമാശ സ്വഭാവവും ടീസറിലുണ്ട്. എസ്. ഹരീഷിന്റെ ”രാത്രി കാവല്‍” എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ. എസ് ഹരീഷാണ് രചന. ജയിലറിനു ശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാലുടന്‍ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. ഓണത്തോട് അനുബന്ധിച്ച് സിനിമ ലോകമെമ്പാടും തിയറ്ററുകളിലെത്തും. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സാം സി. എസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു.

കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന ‘ചന്ദു ചാമ്പ്യന്‍ ’

കാര്‍ത്തിക് ആര്യന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ചന്ദു ചാമ്പ്യന്‍’. കാര്‍ത്തിക് ആര്യന്‍ യുവ നടന്‍മാരില്‍ ബോളിവുഡില്‍ മുന്‍നിരയിലാണ്. ചന്ദു ചാമ്പ്യന്‍ സിനിമയുടെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധാനം കബിര്‍ ഖാന്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നടന്‍ കാര്‍ത്തിക് ആര്യന്‍ ബോളിവുഡിനെ ഞെട്ടിക്കുന്ന ലുക്കിലാണ്. കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന പുതിയ ചിത്രം ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യന്‍ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവന്‍ അറോറയ്ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തിലെത്തുന്നു. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഒടുവിലായി സത്യപ്രേം കി കഥ സിനിമയാണ് കാര്‍ത്തിക് ആര്യന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയതും മോശമല്ലാത്ത ഒരു വിജയമായി മാറിയതും.

സജു വർഗീസ് (ലെൻസ്മാൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments