ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. ഇത്ര രാവിലെ ഇതാരാണ് വിളിക്കുന്നതെന്ന് നോക്കിയപ്പോൾ കണ്ടത് പരിചയം ഇല്ലാത്ത നമ്പർ. അതും ഗൾഫ്, നാട്ടിൽ പോലും ആരും വിളിക്കാൻ ഇല്ലാത്ത എന്നെ ഗൾഫിൽ നിന്നും ആരടപ്പാ ഈ വിളിക്കുന്നത് ? എന്ന ഭാവത്തിലായിരുന്നു ഞാൻ കോൾ എടുത്തത്.
മറു വശത്തു നിന്നും ഒരു ഹലോ കേട്ടെങ്കിലും എനിക്ക് ആളെ മനസ്സിലായില്ല.ഞാൻ ചോദിച്ചു ആരാണെന്ന് അതിന് മറുപടി ഡാ… ഇത് ഞാനാ അഭിലാഷ്. എന്നിലെ മൗനം നീണ്ടുനിന്നപ്പോൾ അവന് മനസ്സിലായി എനിക്ക് ആളെ മനസ്സിലായിട്ടില്ലെന്ന്. അവൻ തുടർന്നു. ഡാ.. ഇത് ഞാനാടാ നിൻ്റെ പഴയ ക്ലാസ്സ്മേറ്റ് അഭിലാഷ്.
ഒരു നിമിഷം ഇരുപത്തിരണ്ടു വർഷം പുറകിലോട്ട് പോയി ഞാൻ. ഒരുപാട് സന്തോഷങ്ങളും നൊമ്പരങ്ങളും നഷ്ടങ്ങളും സമ്മാനിച്ച സ്കൂൾ ജീവിതം മനസ്സിലേക്ക് ഓടി വന്നു. ഡാ നീ എവിടെയാ നിനക്ക് സുഖമാണോ. ഇത്രയും നാൾ നീ എവിടെയായിരുന്നു എന്നൊന്നും ചോദിക്കാനുള്ള സമയം പോലും തരാതെ അവൻ പറഞ്ഞു ഡാ.. ഞാൻ അടുത്ത ആഴ്ച നാട്ടിൽ വരും നിങ്ങളെയൊക്കെ ഒന്ന് കാണണം. മനസ്സിലേക്ക് പലതും ഓടി വന്നു.
ഞാൻ ചോദിച്ചു. നിങ്ങളെയൊക്കെയെന്നു പറഞ്ഞാൽ. അവൻ പറഞ്ഞു ആ.. അവർ തന്നെ നമ്മുടെ പഴയ ചങ്ങാതിമാർ. പിന്നെയൊന്നും പറയാൻ അവസരം തരാതെ Ok ഡാ.. അടുത്ത ആഴ്ച നേരിട്ട് കാണാമെന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.
ഈ കാര്യം അവന്മാരുടെ അടുത്ത് എങ്ങനെ അവതരിപ്പിക്കും എന്ന ടെൻഷൻ എന്നെ വല്ലാതെ വലച്ചു. തിരിഞ്ഞ് നോക്കിയപ്പോൾ വില്ലനെപ്പോലെ ഞാൻ കണ്ടത് 1999- ലെ നമ്മുടെ സ്കൂൾ ജീവിതം ആയിരുന്നു. ഞാൻ , അഭിലാഷ്, രാഹുൽ , ഷാജിൻ നമ്മൾ നാല് പേർ ഒറ്റകെട്ടായിരുന്നു.
പഠിക്കാൻ അത്ര മിടുക്കൻമാർ അല്ലെങ്കിലും തല്ലാനും തൊട്ടിത്തരങ്ങൾ കാണിക്കാനും നല്ല മിടുക്കന്മാരായിരുന്നു. എന്നാലും രാഹുലും ഷാജിനും അത്യാവശ്യം പഠിക്കും എന്ന് തന്നെ പറയാം.
അന്ന് 1999 – SSLC വർഷ അവസാന പരീക്ഷ. അഭിലാഷിൻ്റെ അച്ചന് ചാരായം വാറ്റ് ആയിരുന്നു ജോലി. അന്ന് പരീക്ഷക്ക് വീട്ടിൽ നിന്നും ഇറങ്ങിയ അഭിലാഷിൻ്റെ കയ്യിൽ ഒഴിപ്പ്കാരൻ മുരുകന് കൊടുക്കാൻ വേണ്ടി അവൻ്റെ അച്ഛൻ രണ്ട് കുപ്പി ചാരായം കൊടുത്ത് വിട്ടു.
പരീക്ഷാ ഹാളിൽ കയറി ഇടുപ്പിൽ വാരിക്കൂട്ടി വച്ചിരിക്കുന്ന തുണ്ട് തപ്പുന്നതിനിടയിലാണ് അവന് മനസ്സിലായത് അച്ചൻ തന്നുവിട്ട ചാരായ കുപ്പി മുരുകന് കൊടുക്കുവാൻ മറന്നുപോയെന്ന്. ഇനി തിരികെ പോയി കൊടുക്കുവാനുള്ള സമയം ഇല്ല അപ്പോഴേക്കും പരീക്ഷ കഴിയും.
പെട്ടെന്ന് ഇനി എന്ത് ചെയ്യുമെന്ന് ചിന്തിച്ചപ്പോൾ അവൻ കണ്ടത് ഹാളിൻ്റെ മൂലയിൽ ഇരിക്കുന്ന രാഹുലിൻ്റേയും ഷാജിൻൻ്റേയും ബാഗ് ആയിരുന്നു.
ഹാളിലേക്ക് സാർ വന്നപ്പോഴേക്കും അവൻ ആ… കുപ്പികൾ ഒളിപ്പിച്ചിരുന്നു. ക്വസ്റ്റ്യൻ പേപ്പർ തരുന്നതിനിടയിൽ സ്മെൽ കാരണം ആണ് സാറിൻ്റെ ശ്രദ്ധ ആ ബാഗിലോട്ട് തിരിഞ്ഞത്. ബാഗ് എടുത്ത് നോക്കിയപ്പോൾ സാറ് കണ്ടത് കുപ്പിപൊട്ടി ഒഴുകുന്ന ചാരായമാണ്.
ആ ബാഗ് ആരുടേതെന്ന് ചോദിച്ചപ്പോൾ രാഹുലും ഷാജിനും സമ്മതിച്ചു അത് അവരുടേതാണ് എന്ന് പക്ഷേ ആ കുപ്പി അഭിലാഷിൻ്റെതാണ് എന്ന് സമ്മതിക്കാൻ അവൻ തയ്യാറല്ലായിരുന്നു. അന്നത്തെ അവരുടെ സ്ഥിതി അനുസരിച്ച് ആ അപമാനം അവർക്ക് താങ്ങാൻ കഴിഞ്ഞില്ല.
അന്ന് മുതൽ ഒരു നിഴലായി നടന്ന നാല് പേർ രണ്ടായി പിരിഞ്ഞു. തുണ്ട് വച്ചാണെങ്കിലും അഭിലാഷ് SSLC പാസ്സായി രാഹുലും ഷാജിനും ഒരു വർഷം കൂടി ഒന്നേന്ന് പഠിച്ച് എഴുതിയെടുത്തു. ഞാൻ മാത്രം നാലഞ്ച് പ്രാവശ്യം എഴുതിയിട്ടും കിട്ടിയില്ല. ഒടുവിൽ എഴുതി മടുത്തപ്പോഴല്ല നാണക്കേട് കാരണമായിരുന്നു നിർത്തിയത്.
അന്നത്തെ ദിവസത്തിനുശേഷം നമ്മളാരും അവനെ കണ്ടിട്ടില്ലാന്നല്ല ചിന്തിച്ചിട്ടുപോലുമില്ല. ഇത്രയും വർഷത്തിനു ശേഷം എന്തിനായിരിക്കും നമ്മളെയൊക്കെ കാണണമെന്ന് ആവശ്യപ്പെട്ടത്. എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതിപ്പോൾ രാഹുലിനേയും ഷാജിനേയും എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കും ഒരു പിടിത്തവും ഇല്ല.
എങ്ങനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിച്ചേ പറ്റു കാരണം എനിക്കും അവനെ ഒന്ന് കാണണം എന്ന് തോന്നുന്നു. ഇത്രയും വർഷമായില്ലേ ചിലപ്പോൾ സമ്മതിക്കുമായിരിക്കും. രണ്ടും കൽപിച്ച് ഞാൻ അവരോട് കാര്യം അവതരിപ്പിച്ചു. ആദ്യം അവർ എതിർതെങ്കിലും എൻ്റെ നിർബന്ധം കാരണം അവർ സമ്മതിച്ചു, പക്ഷേ ഒരു കണ്ടീഷൻ അവർ വച്ചു. അവരാരും അവനോട് സംസാരിക്കില്ല. തിരിച്ചും അവൻ അവരോട് സംസാരിക്കാൻ പാടില്ല.
സംസാരിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാ അവൻ അന്യനാട്ടിൽ നിന്നും ഇത്രയും കാശ് മുടക്കി വരുന്നത്. കാണണമെങ്കിൽ ഫോട്ടോ നോക്കിയാൽ പോരെ . പക്ഷേ എനിക്കത് മനസ്സിൽ പറയാൻ മാത്രമേ സാധിക്കൂ. നടക്കാത്ത കാര്യം സമ്മതം മൂളികൊണ്ട് ഞാൻ അവരെ സമ്മതിപ്പിച്ചു. ഒടുവിൽ ആ ദിവസം എത്തി.
അഭിലാഷ് ആവശ്യപ്പെട്ട സ്ഥലത്തേക്ക് രാഹുലും ഷാജിനും വരാൻ തയ്യാറല്ലായിരുന്നു. പിന്നെ അവർ ആവശ്യപ്പെട്ട സ്ഥലത്തേക്ക് അഭിലാഷ് വന്നു. അഭിലാഷ് പണ്ടത്തെ പോലെയല്ല അടിമുടി മാറിയിരിക്കുന്നു. ഇത്തിരി വെളുത്തിട്ടുമുണ്ട്. എന്നും കണ്ണാടി നോക്കുന്നത് കൊണ്ടാവാം എന്നിലെ മാറ്റം ഞാൻ അറിയാതെ പോയത്.
അവൻ സുഖമാണോ എന്ന് ചോദിച്ച് രാഹുലിനും ഷാജിനും കൈ കൊടുത്തെങ്കിലും അവർ തിരികെ പ്രതികരിച്ചില്ല. എന്നോടവൻ SSLC കഴിഞ്ഞുള്ള പഠിത്ത കാര്യം മുതൽ ഇപ്പോൾ ജോലി ചെയ്യുന്ന ദുബായിലെ കമ്പനി കാര്യം വരെ പങ്ക് വച്ചു.
ഇതൊന്നും ശ്രദ്ധിക്കാനുള്ള മനസ്സ് പോലും കാണിക്കാതെ രാഹുലും ഷാജിനും മാറി നിന്നു അതൊന്നും വകവയ്ക്കാതെ അഭിലാഷ് വാചാലാനായി കൊണ്ടേയിരുന്നു. എത്രയോ വർഷം മൂടിവെക്കപ്പെട്ട സ്വർഗ്ഗം കിട്ടിയതുപോലെ. കഥകൾ എല്ലാം പറഞ്ഞ് കഴിഞ്ഞ് അവൻ കൊണ്ടു വന്ന ബാഗിൽ നിന്നും ഒരു ബോട്ടിൽ വിസ്‌ക്കി എടുത്ത് നാല് ഗ്ലാസ്സിലേക്ക് ഒഴിച്ചു.
ആ നിമിഷം മനസ്സിൽ തോന്നിയ ആനന്ദം ഒളിച്ച് വക്കാതെ ഞാൻ അവനോട് ചോദിച്ചു. നീ എല്ലാം സെറ്റായിട്ടാണല്ലേ വന്നത്. പിന്നല്ലാതെ പണ്ടേ നിനക്ക് എന്നെ അറിയില്ലേ.ശെരിയ… പഠിച്ചിരുന്ന കാലത്ത് ഇവൻ്റെ അച്ചൻ്റെ കണ്ണ് വെട്ടിച്ച് കൊണ്ടുവന്ന ചാരായം അടപ്പിൽ ഒഴിച്ച് കുടിച്ചു കൊണ്ടാണ് നമ്മൾ നാലുപേരും ഒറ്റകെട്ടായത്.
പിന്നെ ഒരു ചെറിയ തെറ്റിൻ്റെ പേരിൽ കാലം നമ്മളെ പിരിച്ചു. ഇന്ന് പണ്ടത്തെ അതെ ദിവസമായിരിക്കും. ഇന്നു മുതൽ നമ്മൾ വീണ്ടും പഴയ കൂട്ടുകാർ ആവും. അഭിലാഷ് ഒഴിച്ച് വച്ച മദ്യം എടുത്ത് ഒറ്റവലിക്ക് കുടിച്ചു കൊണ്ട് ഞാൻ അവനോട് പറഞ്ഞു സോറി അളിയാ.. ഒരെണ്ണം അകത്ത് ചെല്ലാതെ അവൻമാർക്ക് എടുത്ത് കൊടുക്കാനുള്ള ധൈര്യം എനിക്ക് കിട്ടില്ല.
മറുപടി ഒരു പുഞ്ചിരിയിലൊതുക്കി അവൻ. രണ്ട് ഗ്ലാസ്സ് മദ്യം രാഹുലിനും ഷാജിനും വച്ചു ഞാൻ നീട്ടി. അത് വാങ്ങാൻ അവർ വിസമ്മതിച്ചു. ഞാൻ അവരുടെ കാതിൽ രഹസ്യമായി പറഞ്ഞു. നീയൊക്കെ ഇത് വാങ്ങിയില്ലെങ്കിൽ നിൻ്റെയൊക്കെ എല്ലാ ഉഡായിപ്പുകളും ഭാര്യമാരോട് പറയുമെന്ന്.
ഞാൻ കല്യാണം കഴിച്ചിട്ടില്ലാത്തത് കൊണ്ട് എനിക്ക് ധൈര്യമായി പറയാമായിരുന്നു ഇത് കേട്ടപാതി കേൾക്കാത്ത പാതി അവർ എൻ്റെ കയ്യിൽ നിന്നും ഗ്ലാസ്സുകൾ വാങ്ങി.
പക്ഷേ ഒരുമിച്ചൊരു ചിയേഴ്സ് പറയാൻ അവർ തയ്യാറല്ലായിരുന്നു. അഭിലാഷിന് അത് വിഷമം ഉണ്ടാക്കിയെങ്കിലും പുറത്ത് കാണിച്ചില്ല. ഒരല്പം കഴിച്ചപ്പോൾ തന്നെ അഭിലാഷ് മാറി ഇരുന്ന് ഛർദ്ദിക്കാൻ തുടങ്ങി. ഇത് കണ്ട് രാഹുലും ഷാജിനും കളിയാക്കി, വലിയ വാറ്റ് കാരൻ്റെ മോൻ കണ്ടില്ലേ രണ്ട് തുള്ളി അകത്ത് ചെന്നപ്പോൾ തന്നെ വാള് വച്ച് തുടങ്ങി.
ഇതാ പറയുന്നേ അടപ്പിൽ കുടിക്കേണ്ടവൻ അടപ്പിലേ കുടിക്കാവൂയെന്നു . കുറച്ച് നേരം കഴിഞ്ഞിട്ടും ഇരിക്കുന്നിടത്ത് നിന്നും എഴുന്നേൽക്കാത്തതു കാരണം അവൻ്റെ അടുത്തേക്ക് പോയപ്പോൾ ഞാൻ കണ്ടത് വായിലൂടെയും മൂക്കിലൂടെയും ചോര ഒലിച്ചിരിക്കുന്ന അഭിലാഷിനെയാണ്.
ഡാ… ഇത് എന്ത് പറ്റി എന്ന് ചോദിച്ചു കൊണ്ട് അവനെ ഞാൻ തൊട്ടപ്പോഴേക്കും. അവൻ എൻ്റെ മേലിലേക്ക് ചാഞ്ഞു വീണു. അവൻ്റെ ശരീരം തണുത്ത് മരവിച്ചിരിക്കുന്നു. കണ്ണുകൾ പാതി അടഞ്ഞ് തുടങ്ങി. ഒരു നിമിഷം പേടിച്ച ഞാൻ സകല നിയന്ത്രണവും വിട്ട് രാഹുലിനേയും ഷാജിനേയും ഉറക്കെ വിളിച്ചു . എൻ്റെ വിളി കേട്ടാണ് അവർ അവിടേക്ക് ഓടി വന്നത്. വാ എടുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്ന് പറഞ്ഞെങ്കിലും അവൻ അതിന് സമ്മതിച്ചില്ല.
അവൻ രാഹുലിൻ്റെയും ഷാജിൻ്റെയും കൈകൾ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. സോറിയെടാ… ഞാൻ കാരണം അന്നുണ്ടായ എല്ലാത്തിനും മാപ്പ് പറയാൻ അന്ന് കഴിഞ്ഞില്ല. അഭിലാഷിനെ പറഞ്ഞ് മുഴുമിക്കാൻ വിടാതെ രാഹുൽ പറഞ്ഞു അതൊക്കെ വിട് ഇപ്പോൾ നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഏയ് വേണ്ട പോയിട്ടും വലിയ കാര്യമൊന്നുമില്ല ബ്ലഡ് ക്യാൻസറാ ലാസ്റ്റ് സ്റ്റേജാണ് ഡോക്ടർ പറഞ്ഞത് ഇനി കുറച്ചു ദിവസം കൂടിയേ ബാക്കി ഉള്ളൂ.
നമ്മുടെ മനസ്സും ശരീരവും മരവിക്കുന്നതു പോലെ തോന്നി. നിറകണ്ണുകളോടെ അവൻ പറഞ്ഞു. അതിന് മുൻപ് എനിക്ക് നിങ്ങളെയൊക്കെ കാണണമെന്ന് തോന്നി. അധികം സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും കാണാൻ കഴിഞ്ഞല്ലോ അത് മതി.
സന്തോഷമായി ഇനി മരിച്ചാലും കുഴപ്പമില്ല അവൻ്റെ ശരീരത്തിലെ വേദനകൾ മുറുകുമ്പോൾ അവൻ നമ്മുടെ കൈകൾ മുറുകെ പിടിക്കുന്നുണ്ടായിരുന്നു. അവസാനമായിട്ട് അവൻ നമ്മളോട് ചോദിച്ചു ഡാ.. എന്നെയൊന്ന് ചേർത്ത് പിടിക്കാമോ ? പണ്ട് എന്തെങ്കിലും കാര്യത്തിന് ഞാൻ പിണങ്ങി ഇരിക്കുമ്പോൾ നിങ്ങളെന്നെ ചേർത്ത് പിടിക്കാറില്ലേ അത് പോലെ.
ചേർത്ത് പിടിക്കാം പക്ഷേ നീ കണ്ണുകൾ അടക്കരുതെന്ന് പറഞ്ഞ് കൊണ്ട് നമ്മൾ അവനെ നിറക്കണ്ണുകളോടെ ചേർത്ത് പിടിച്ചു. അവൻ വാക്ക് പാലിച്ചു. കണ്ണുകൾ അടച്ചില്ല. പക്ഷേ ആ… കണ്ണുകൾക്ക് ചലനം നഷ്ടപ്പെട്ടിരുന്നു. ഇവിടെ പിണങ്ങിയിരുന്ന കഴിഞ്ഞ 22 വർഷം നമ്മൾ എന്ത് നേടി ഒന്നും നേടിയില്ല പകരം നഷ്ടപ്പെടുത്തിയതോ ഇനി ഒരിക്കലും തിരികെ കിട്ടാത്ത പലതും.
സൗഹ്രദം എന്ന പൂമരം. നല്ല കഥ
നല്ല കഥ
നല്ല സൗഹൃദത്തിൻ്റെ മധുരം വിളമ്പിയ
കഥ നന്നായിട്ടുണ്ട്