Thursday, November 14, 2024
Homeമതംശ്രീ കോവിൽ ദർശനം (32) 'നാലമ്പല ദർശനം' ✍ അവതരണം: സൈമ ശങ്കർ മൈസൂർ.

ശ്രീ കോവിൽ ദർശനം (32) ‘നാലമ്പല ദർശനം’ ✍ അവതരണം: സൈമ ശങ്കർ മൈസൂർ.

സൈമ ശങ്കർ മൈസൂർ.

നാലമ്പല ദർശനം

ഭക്തരെ….! കർക്കിടക മാസം ആയതിനാൽ നമുക്ക് നാലമ്പല ദർശനം നടത്താം.
കർക്കടകത്തിലെ ഏറ്റവും വിശേഷപ്പെട്ട ആചാരമാണ് നാലമ്പല ദർശനം. രോഗദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കാനും മനസ്സിന് സമാധാനവും ശരീര സൗഖ്യവും ലഭിക്കുവാനും നാലമ്പലദർശനം ഉത്തമമാണ്. കേരളത്തിൽ പ്രധാനമായും അഞ്ച് നാലമ്പലങ്ങളാണുള്ളത്.

കോട്ടയം ജില്ലയിലെ രാമപുരത്തെ നാലമ്പലമാണ് ആദ്യത്തേത്.തൃശ്ശൂർ എറണാകുളം ജില്ലകളിലായി കിടക്കുന്ന നാലമ്പലമാണ് രണ്ടാമത്തേത് മൂന്നാമത്തേത് മലപ്പുറം ജില്ലയിലാണ്. ഇതിൽ ഏറ്റവും പ്രധാനം തൃശ്ശൂർ എറണാകുളം ജില്ലയിലേതാണ്. കർക്കടകമാസത്തിലെ ഏതെങ്കിലും ഒരു ദിവസമാണ് നാലമ്പല ദർശനം നടത്തേണ്ടത്. ഒരു ദിവസം ഉച്ചപൂജയ്ക്ക് നട അടയ്ക്കും മുമ്പ് തന്നെ നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തി പ്രാർത്ഥിക്കുകയെന്നതാണ് നാലമ്പദർശനത്തിന്റെ പ്രതേകത. ഇങ്ങനെ നാലമ്പല ദർശനം നടത്തുന്നത് ഐശ്വര്യ പ്രദമാണ് രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണ് ഒരു വട്ടം നാലമ്പല ദർശനത്തെ കണക്കാക്കുന്നത്.

കോട്ടയം ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങൾ നാലു കിലോമീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.കൂത്താട്ടുകുളം – പാലാ റോഡിൽ കൂത്താട്ടുകുളത്തു നിന്നും 6 കിലോമീറ്റർ അകലെയാണ് രാമപുരം ഗ്രാമം.രാമപുരത്തെ ശ്രീരാമ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് ഇതിലുൾപ്പെടുന്നത്.

രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നുമാണ് നാലമ്പല ദർശനം തുടങ്ങേണ്ടത്. സീതാദേവിയുടെ വിയോഗത്തിനു ശേഷം ദു:ഖിതനായ ശ്രീരാമൻ ദു:ഖത്തോടെ ഇറങ്ങി നടന്നു. രാമപുരം ഗ്രാമത്തിൽ സഹോദരനെ കാണാതെ വിഷമിച്ചു നടന്ന സഹോദരങ്ങളും പിന്നാലെ ഇവിടെയെത്തി. തിരികെ അയോദ്ധ്യയിലേക്കു ചെല്ലാൻ അവർ നിർബന്ധിച്ചെങ്കിലും ശ്രീരാമൻ വഴങ്ങിയില്ല. ഒടുവിൽ സഹോദരങ്ങളും രാമനൊപ്പം താമിസിച്ചുവെന്നാണ് ഐതിഹ്യം.

രാമപുരത്തു നിന്ന് നേരേ പോകേണ്ടത് കൂടപ്പുലം ലക്ഷ്മണ ക്ഷേത്രത്തിലാണ്. ചരിഞ്ഞു കിടക്കുന്ന കുന്നിന്റെ നെറുകയിലാണ് ലക്ഷ്മണ ക്ഷേത്രം. ഇതു കഴിഞ്ഞാൽ ഭരതക്ഷേത്രമാണ്. അമനകര ഭരതക്ഷേത്രം പാടശേഖരങ്ങൾക്കു നടുവിലാണ്. ഇവിടുത്തെ പ്രധാന വഴിപാടാണ് ശംഖുപൂജ. മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിവിൽ കഴിഞ്ഞ ക്ഷേത്രമെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രതേകത. ഇവിടുത്തെ അന്നദാനത്തിന് നമസ്കാര ഊട്ട് എന്നു പറയുന്നു.

മേതിരിയാണ് അടുത്തത്. ഇവിടെ ശത്രുഘ്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൊണ്ടവറുക്, ഇല്ലത്തിനാണ് ക്ഷേത്ര കാര്യങ്ങൾക്കുള്ള ചുമതല. പൂർണ്ണമായും കഴുക്കോലും മേൽക്കൂരയുമെല്ലാം കരിങ്കല്ലിലാണ് ഇവിടെ പണിതിരിക്കുന്നത്.ഇവിടെ നിന്നു തിരിച്ച് ശ്രീരാമ ക്ഷേത്രത്തിലെത്തുമ്പോഴാണ് നാലമ്പല ദർശനം പൂർത്തിയാകുന്നത്.
ജയ് ശ്രീ രാം…

നാലമ്പല തീർഥയാത്ര

കർക്കിടക (ജൂലായ്- ആഗസ്റ്റ്) മാസത്തിൽ ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല യാത്ര.

കർക്കിടമാസത്തിലെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാവും എന്നതാണ്, ഈ തീർഥയാത്രയുടെ ഗുണഫലം എന്നു കരുതുന്നു. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ ക്രമത്തിൽ ഒരേ ദിവസം തന്നെ വേണം ദർശനം നടത്തേണ്ടത്.

തൃപ്രയാർ ശ്രീരാമ ക്ഷേത്രം – തൃശൂർ ജില്ല

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം) – തൃശൂർ ജില്ല

തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം – മൂഴിക്കുളം എറണാകുളം ജില്ല

പായമ്മൽ ശത്രുഘ്ന ക്ഷേത്രം – തൃശൂർ ജില്ല

ദശരഥന്റെ നാലു പുത്രന്മാരായ രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവർക്കായി ആണ് യഥാക്രമം ഈ നാല് അമ്പലങ്ങൾ.

എറണാകുളം, കോട്ടയം ജില്ലകളിലെ നാലമ്പലം.

തിരുമറയൂർ ശ്രീരാമസ്വാമിക്ഷേത്രം (മാമലശ്ശേരി)
ഭരതപ്പള്ളി ഭരതസ്വാമി ക്ഷേത്രം (മെമ്മുറി)
മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം,
നെടുങ്ങാട് ശത്രുഘ്നസ്വാമിക്ഷേത്രം

കണ്ണൂരിലുമുണ്ട് നാലമ്പലം. നീർവേലി ശ്രീരാമ ക്ഷേത്രം, പെരിഞ്ചേരിയിലെ വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം), എളയാവൂരിലെ ഭരത ക്ഷേത്രം, പായത്തെ മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം എന്നവിയാണവ.

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിൽ (പെരിന്തൽമണ്ണ-മലപ്പുറം പാതയിൽ) രണ്ട് കി. മീ. ചുറ്റളവിൽ സ്ഥിതിചെയ്യുന്നു. പുരാതനക്ഷേത്രങ്ങളായ ഇവ നാശോന്മുഖമാണ്

രാമപുരം ശ്രീരാമക്ഷേത്രം

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, മലപ്പുറം
മലപ്പുറത്തുനിന്നും പെരിന്തൽമണ്ണക്കുപോകുന്ന നാഷണൽ ഹൈവേ 213ൽ 9 കിലോമീറ്റർ മാറിയാണ് രാമപുരം. അവിടെ പ്രസിദ്ധമായ ശ്രീരാമസ്വാമിക്ഷേത്രം നിലകൊള്ളൂന്നു. ആനല്ലൂർ തെക്കേടത്തു മനയുടെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം ഇപ്പോൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. തൊട്ടടുത്തുതന്നെ ഒരു നരസിംഹസ്വാമിക്ഷേത്രവും ഉണ്ട്.

അയോദ്ധ്യ ലക്ഷ്മണസ്വാമി ക്ഷേത്രം

രാമപുരത്തുനിന്നും ഒരു കിലോമീറ്റർ വടക്കുമാറി റോഡരികിലാണ് അയോദ്ധ്യ ലക്ഷ്മണസ്വാമിക്ഷേത്രം. നാശോന്മുഖമായ ഈ ക്ഷേത്രം ഇപ്പോൾ നാട്ടുകാരുടെ ഉത്സാഹത്തിൽ പുനരുദ്ധരിച്ചുവരുന്നു.

കരിഞ്ചാപ്പാടി ഭരത ക്ഷേത്രം

ഭരതക്ഷേത്രത്തിന്റെ ശ്രീകോവിൽ, മലപ്പുറം.
രാമപുരത്തുനിന്നും മലപ്പുറം ദിശയിൽ പോകുമ്പോൾ നാറാണത്ത് എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് 5 കിലോമീറ്റർ പോയാൽ കരിഞ്ചാപ്പാടി ഭരതസ്വാമിക്ഷേത്രത്തിലെത്താം. അതീവശോചനീയവസ്ഥയിലായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ നാലമ്പലദർശനത്തിന്റെ പച്ചപ്പിൽ പുരോഗമിച്ചുവരുന്നു

നാറാണത്ത് ശത്രുഘ്നക്ഷേത്രം

നാറാണത്ത് ശത്രുഘ്നക്ഷേത്രം, നാറാണത്ത്, മലപ്പുറം
മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിൽ നാറാണത്ത എന്ന കവലയിൽ നാറാണത്ത് പുഴയുടെ വക്കിലായി പുരാതനമായ നാറാണത്ത ശത്രുഘ്ന ക്ഷേത്രം നിലകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഘടനയിൽ നിന്നു തന്നെ പഴക്കം അനുഭവപ്പെടുന്ന ഈ ക്ഷേത്രത്തിൽ മീനൂട്ട ആണ് പ്രധാന വഴിപാട്. ഈ ക്ഷേത്രത്തിന്ന് 1000ത്തിലധികം വർഷം പഴക്കമുള്ളതായും പറയിപെറ്റ് പന്തിരുകുലത്തിലെ യോഗിവര്യനായ നാറാണത്ത് ഭ്രാന്തനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്നും ശ്രീ നല്ലൂർ രാമകൃഷ്ണപണിക്കർ ശ്രീ എളവള്ളി പ്രശാന്ത് നായർ എന്നീ ജ്യോതിഷപണ്ഡിതരുടെ നേതൃത്വത്തിൽ നടന്ന അഷ്ടമംഗല്യപ്രശ്നത്തിൽ തെളിയുകയുണ്ടായി.

സൈമശങ്കർ, മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments