ഞാൻ നാലര ക്ലാസ് വരെ (ആവർഷത്തോടെ അത് നിർത്തലാക്കി) തൃശ്ശൂർ സെൻറ് ജോസഫ് ലാറ്റിൻ കോൺവെൻറ് ഹൈസ്കൂളിൽ ആണ് പഠിച്ചത്. ആ കാലത്ത് ക്രിസ്തുമസ് കാലമായാൽ പല ഭാഗ്യപരീക്ഷണ കളികളും നടത്താറുണ്ട്. ലക്കിടിപ്പ്, ക്രിസ്തുമസ് ട്രീയിൽ തൂക്കിയിട്ട സമ്മാന പൊതികൾ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കൽ, ഒരു മുറിയിൽ നിരത്തിവെച്ച സമ്മാന പൊതികൾ ഒരു വടി കൊണ്ട് തൊട്ടു കാണിക്കൽ അങ്ങനെ പല കളികളും ഉണ്ടാകും. ഈ പഴയ ഓർമ്മകൾ മകളുടെ കോളേജിൽ പഠിക്കുന്ന മകളോട് പങ്കുവെച്ച്, അതിന്റെ ഓർമ്മയിൽ ലയിച്ചിരിക്കുമ്പോൾ അപ്പാപ്പാ എന്ന വിളി കേട്ടിട്ടാണ് ഉണർന്നത്. അതൊക്കെ പഴഞ്ചൻ കാര്യങ്ങളാണ് അപ്പാപ്പ, എന്നു പറഞ്ഞ് പുതിയ കാലത്തിന്റെ ക്രിസ്തുമസ് പരിപാടികളെ കുറിച്ച് അവൾ പറഞ്ഞു തുടങ്ങി. സ്കൂളിലായാലും, കോളേജിലായാലും, ക്രിസ്മോം ക്രിസ്ചൈൽഡ് തിരഞ്ഞെടുക്കലും, സമ്മാനം കൈമാറലുമാണ് ഇന്നത്തെ ട്രെൻഡ്. ഈ ഗെയിം ക്രിസ്തുമസിന് 15 ദിവസം മുമ്പ് ആരംഭിക്കും.
ഇതിൽ പങ്കെടുക്കുന്നവരുടെ എല്ലാവരുടെയും പേരുകൾ ചെറിയ കടലാസ് തുണ്ടുകളിൽ എഴുതി മടക്കി ഒരു ബൗളിൽ ഇടും. അതിൽ നിന്ന് ഓരോരുത്തരും കണ്ണുകൾ അടച്ച് ഓരോ കടലാസ് തുണ്ട് എടുക്കും. എന്നിട്ട് ആരെയും കാണിക്കാതെ തുറന്ന് നോക്കും. ആരാണോ കടലാസ് പീസ് എടുക്കുന്നത് അവർ ക്രിസ്മായും, ആരുടെ പേരാണോ ആ കടലാസിൽ എഴുതിയിരിക്കുന്നത്, അവർ ക്രിസ് ചൈൽഡും ആകും. തനിക്ക് ആരാണ് സമ്മാനം തരുക എന്നറിയാതെയുള്ള, കാത്തിരിപ്പ്, ശരിക്കും, രസകരമായ ഒന്നാണ്. ഇത് കൂടാതെ ക്രിസ്മോം, ക്രിസ്ചൈൽഡിന്, ദിനം പ്രതി ഓരോ ടാസ്കുകൾ കൊടുക്കും. ഉദാഹരണത്തിന്, ഒരുദിവസം മുഴുവനും സംസാരിക്കാൻ പാടില്ല. ആംഗ്യങ്ങളിലൂടെ കാര്യങ്ങൾ നടത്തണം.എന്നാൽ എന്റെ പേരകുട്ടിക്ക് കിട്ടിയ ടാസ്ക് ഒരു ഒന്നൊന്നര ടാസ്ക് ആയിരുന്നു.
തലമുടി ഉച്ചിയിൽ മുനിമാരെ പോലെ കെട്ടിവെച്ച് അതിൽ ചെമ്പരത്തിപ്പൂ ചൂടണമെന്നായിരുന്നു. കളിയല്ലേ ചെയ്യാതെ പറ്റുമോ അങ്ങനെ തല മുടി കെട്ടി അതിൽ ചെമ്പരത്തി പൂവ് വച്ചിട്ടാണ് അവൾ ക്ലാസിലേക്ക് പോയത് ക്ലാസ്സിലേക്ക് വന്ന മിസ്സ് അവളുടെ ആ രൂപം കണ്ട് സ്തംഭിച്ചു നിന്നു. എന്തുപറ്റി കാലത്ത് ഞാൻ കണ്ടപ്പോൾ ഒരു പ്രശ്നവും തോന്നിയില്ലല്ലോ എന്താ ഇപ്പോ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരികൾ ചിരിച്ചുകൊണ്ട് കളിയുടെ കാര്യം പറഞ്ഞു. മിസ്സ് പറഞ്ഞു എൻ്റെ ക്ലാസ്സ് കഴിയുന്ന വരെയെങ്കിലും ആ ചെമ്പരത്തിപൂ മാറ്റുമോ ഈ രൂപം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല തലയ്ക്ക് സുഖമില്ലാത്തവരെ പോലെ തോന്നുന്നു അതുകൊണ്ടാണ്.
അങ്ങിനെ തമാശ നിറഞ്ഞ ദിവസങ്ങൾക്കൊടുവിൽ, ക്രിസ്തുമസിന്റെ തലേന്ന് എല്ലാവരും ഒത്തുച്ചേർന്ന്, പരസ്പരം ആശംസകളും, സമ്മാനങ്ങളും കൈമാറും.
ക്രിസ്തുമസിന് മുമ്പൊ, അതിനുശേഷമൊ ഒരു ദിവസം ” പോട്ട് ലഞ്ച് ” നടത്തുന്നതും പുതിയ കാലത്തിന്റെ മറ്റൊരു പരിപാടിയാണ്. നേരത്തെ പറഞ്ഞ് ഉറപ്പിച്ച ഒരു ദിവസം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുക എന്നത്. അവരവർക്ക് കൊണ്ടുവരുവാൻ കഴിയുന്ന ഇനം എന്താണെന്ന് നേരത്തെ തന്നെ അറിയിക്കും. ഇത് കുട്ടികളുടെ ഇടയിലും, ഓഫീസുകളിലും സർവ്വസാധാരണമായി ക്രിസ്തുമസ് കാലത്ത് നടക്കുന്ന ഒരു പരിപാടിയാണ്. വെജിറ്റേറിയനൊ, നോൺവെജിറ്റേറിനൊ ആയ എന്ത് വിഭവങ്ങളും കൊണ്ടുവരാം. എല്ലാവരും ഒത്തുകൂടി ഇരുന്ന് വീടുകളിൽ നിന്നു കൊണ്ടുവന്ന ഭക്ഷണ വിഭവങ്ങൾ എല്ലാവർക്കും പങ്കുവെച്ച് വിളമ്പി കഴിക്കും. ആ കൂട്ടത്തിൽ ചിലർ വീട്ടിലുണ്ടാക്കിയ വട്ടയപ്പവും കൊണ്ടുവരും. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹവും സന്തോഷവും ലഭിക്കുന്ന ആ സുദിനം മറക്കാൻ കഴിയുകയില്ല.
ക്രിസ്തുമസ് ആഘോഷിക്കാൻ തെരഞ്ഞെടുത്ത ദിവസം ചിലയിടങ്ങളിൽ മുഴുവൻ ദിവസമായും, ചില സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ഭക്ഷണത്തോടുകൂടിയും നടത്തും.
ക്രിസ്തുമസ് ആഘോഷ പരിപാടികൽ നടത്തുന്ന ദിവസം എല്ലാവരും ധരിക്കേണ്ട വസ്ത്രം ഏത് നിറത്തിലുള്ളതായിരിക്കണമെന്ന് അറിയിച്ചതു പ്രകാരം അവരവർക്കുള്ള വസ്ത്രങ്ങൾ ഒരേ നിറത്തിലുള്ളത് ധരിച്ചു വരുമ്പോഴുത്തെ കാഴ്ച കാണേണ്ടതുതന്നെ. സ്കൂളുകളിൽ ആണെങ്കിൽ ഓരോ ക്ലാസിലെ കുട്ടികളും അവരെ അറിയിച്ചത് പ്രകാരമുള്ള കളർ വസ്ത്രങ്ങൾ ധരിക്കും. കോളേജുകളിലും, ഓഫീസുകളിലും ഇതേ മാതൃക തന്നെയാണ് ഉണ്ടാവുക.
ആഘോഷ പരിപാടികളിൽ വിവിധ കലാപരിപാടികൾ ഉണ്ടാകും.ഇരുന്നിരുന്ന് മത്ത് പിടിക്കാതിരിക്കാൻ ചില കളികളും പരിപാടിയുടെ ഇടയിൽ നടത്തും. എല്ലാവർക്കും പങ്കെടുക്കാൻ കഴിയും വിധം രണ്ടു ഗ്രൂപ്പുകളാക്കും . അതിനുശേഷം നടത്തുന്ന ഒരു മത്സരം സിനിമയുടെ പേര് അഭിനയിച്ചു കാണിക്കുന്ന ദംഷരാഡ്സ് , മറ്റൊന്ന് ഒരു സിനിമ പാട്ടിന്റെ ആദ്യ അക്ഷരം ഒരു ഗ്രൂപ്പുകാർ പറയുമ്പോൾ പാട്ട് ഏതാണെന്ന് മറ്റു ഗ്രൂപ്പുകൾ പാടുന്ന അന്താക്ഷരി, ഒരു കടലാസിൽ ചെറിയൊരു വാചകം എഴുതി ആദ്യത്തെ ആളെ കാണിക്കുന്നു. അയാൾ അടുത്ത ആളുടെ ചെവിയിൽ വായിച്ച വാചകം പറയുന്നു അങ്ങനെ തമ്മിൽ, തമ്മിൽ ചെവിയിൽ പറഞ്ഞ് അവസാനം നിൽക്കുന്ന ആൾ കേട്ട കാര്യം ഒരു കടലാസിൽ എഴുതുന്നു. അതിനുശേഷം രണ്ട് കടലാസുകളും വായിക്കുമ്പോൾ ആദ്യത്തേതും, അവസാനത്തേതുമായ കടലാസുകളിൽ എഴുതിയതിന് ഒരു പുലബന്ധം പോലും ഉണ്ടാവുകയില്ല.ഈ കളിയെ ചൈനീസ് വിസ്‌പർ എന്നാണ് പറയുക.
കൂടുതൽ സ്ഥലമുള്ള ഇടത്ത് കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പഴയകാലത്തെ കസേരകളിക്ക് പകരം ഒരു വലിയ വൃത്തം വരക്കും., എന്നിട്ടത്തിനെ നാലായി തിരിക്കും. ഓരോ കള്ളിക്കും,ഓരോ പേര് വയ്ക്കും. ഉദാഹരണത്തിന് പച്ച, മഞ്ഞ, നീല, ചുവപ്പ് എന്നിങ്ങനെ. മ്യൂസിക് ആരംഭിക്കുമ്പോൾ എല്ലാവരും വൃത്തത്തിന് ചുറ്റും നടന്ന് തുടങ്ങും. മ്യൂസിക് നിൽക്കുമ്പോൾ ഓരോരുത്തരും കിട്ടിയ കള്ളിയിൽ കയറി നിൽക്കും. കണ്ണ് കെട്ടി ഒരാളെ നിർത്തിയിട്ടുണ്ടാകും. അയാൾ പച്ചയിൽ നിൽക്കുന്ന എല്ലവരും ഔട്ട് എന്ന് പറഞ്ഞാൽ പച്ച കളത്തിൽ നിന്നവരെല്ലാം കളിയിൽ നിന്നും പുറത്താകും. അവസാനം ഒരാൾ മാത്രം ബാക്കിയാകുന്നത് വരെ കളി തുടരും.
അവസാനം ഒരു ചെറിയ ചായ സൽക്കാരത്തോടെ പരിപാടികൾ സമാപിക്കുന്നു.