Friday, October 4, 2024
Homeമതംപുണ്യ ദേവാലയങ്ങളിലൂടെ - (61) കടുത്തുരുത്തി വലിയ പള്ളി

പുണ്യ ദേവാലയങ്ങളിലൂടെ – (61) കടുത്തുരുത്തി വലിയ പള്ളി

ലൗലി ബാബു തെക്കെത്തല

(സെന്റ് മേരീസ് ഫൊറോനാ ക്നാനായ കത്തോലിക്ക പള്ളി)

🌻കടുത്തുരുത്തി വലിയപള്ളി,

പൂര്‍വ്വ കാലം മുതല്‍തന്നെ ക്‌നാനായ സമുദായക്കാര്‍ തങ്ങളുടെ തലപ്പള്ളിയായി കടുത്തുരുത്തി വലിയ പള്ളിയെ പരിഗണിച്ചു പോരുന്നു. ചരിത്രപ്രസിദ്ധവും പുരാതനവുമായ കടുത്തുരുത്തി ഫൊറാനാപ്പള്ളി എ.ഡി. 500 നോടടുത്തു സ്‌ഥാപിക്കപ്പെട്ടു. ചതുരപ്പള്ളി എന്നാണ് ഈ പള്ളി അറിയപ്പെട്ടിരുന്നത്.ക്‌നാനായക്കാര്‍ കൊടുങ്ങല്ലൂരു നിന്നും കടുത്തുരുത്തിയില്‍ കുടിയേറിപ്പാര്‍ത്തു എന്നാണ്‌ ചരിത്രം

🌻കടുത്തുരുത്തി

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം. വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളും മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം.

🌻കടുത്തുരുത്തി വലിയ പള്ളി ചരിത്രം

ചരിത്രപ്രസിദ്ധവും പുരാതനവുമായ കടുത്തുരുത്തി ഫൊറാനാപ്പള്ളി എ.ഡി. 500 നോടടുത്തു സ്‌ഥാപിക്കപ്പെട്ടു. ക്‌നാനായക്കാര്‍ കൊടുങ്ങല്ലൂരു നിന്നും കടുത്തുരുത്തിയില്‍ കുടിയേറിപ്പാര്‍ത്തു എന്നാണ്‌ ചരിത്രം. AD 1523ല്‍ കോഴിക്കോട് സാമൂതിരിയുടെ സൈനിക ആക്രമണം കൊടുങ്ങല്ലൂരില്‍ ഉണ്ടായി. അതിനു നേതൃത്വം വഹിച്ച മൂറുകൾ ( യമനികൾ) പട്ടണത്തിനു തീയിടുകയും യഹൂദരെ കൊന്നൊടുക്കുകയും ചെയ്തു. അതോടൊപ്പം കൊടുങ്ങല്ലൂരിലെ ക്നാനായ ക്രൈസ്തവസമൂഹവും ഭീഷണിയിലായി. പ്രാണരക്ഷാര്‍ത്ഥം അവര്‍ അവിടെ നിന്നും തെക്കന്‍ദിക്കുകളിലേയ്ക്ക് പലായനം ചെയ്തു. കടുത്തുരുത്തിയില്‍ ഒരു കൂട്ടം കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നു. ജലമാര്‍ഗ്ഗമുള്ള കച്ചവടത്തിന്‌ കടുത്തുരുത്തിക്കു ണ്ടായിരുന്ന പ്രാധാന്യവും ധാരാളം കുടുംബങ്ങളെ ഇവിടെ ഒന്നിച്ചുകൂട്ടി. ക്‌നാനായസമുദായ അംഗങ്ങള്‍ വടക്കംകൂര്‍ രാജ്യവംശത്തോടു കൂറു പുലര്‍ത്തുന്നവരും രാജ്യസേവനത്തില്‍ തത്‌പരരും ആയിരുന്നു. തന്മൂലം ആരാധനാലയ സ്ഥാപനത്തിന്‌ അവര്‍ മുന്നോട്ടു വന്നപ്പോള്‍ വടക്കംകൂര്‍ രാജാവില്‍ നിന്നും കരമൊഴിവായി കിട്ടിയ സ്ഥലത്താണ്‌ കടുത്തുരുത്തിയിലെ വലിയ പള്ളി സ്ഥാപിച്ചത്‌.

പള്ളിക്കു ചുറ്റും ഗോപുരങ്ങളോടുകൂടിയ കോട്ട ഉണ്ടായിരുന്നു. പള്ളിയുടെ ആരംഭ കാലത്തെക്കുറിച്ച്‌ ചരിത്ര രേഖകള്‍ വ്യക്തമല്ല. എങ്കിലും ഇപ്പോഴത്തെ പള്ളി മൂന്നാമത്തെ പള്ളിയാണെന്ന്‌ പറയപ്പെടുന്നു. ഇത്‌ 1456 ല്‍ സ്ഥാപിച്ചതായിട്ടാണ്‌ ഈ പള്ളിയുടെ പാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. 1590 ല്‍ പള്ളി വലുതാക്കി പണിതു. അതിനായി നാലു വൈദീകരുടെ സാന്നിദ്ധ്യത്തില്‍ മാര്‍ അബ്രാഹം മെത്രാപ്പോലിത്ത കല്ലിട്ടു എന്ന്‌ ഇപ്പോഴത്തെ പള്ളിയുടെ ഭിത്തിയില്‍ സ്ഥാപിച്ചിട്ടുള്ള കരിങ്കല്‍ ഫലകത്തില്‍ രേഖപ്പെട്ടുത്തിയിട്ടുണ്ട്‌. മാര്‍ അബ്രാഹം മെത്രാപ്പോലീത്ത തന്നെ പള്ളി അഭിഷേകം ചെയ്യുകയും ചെയ്‌തു.

🌻കടുത്തുരുത്തി വലിയ പള്ളിയുടെ സവിശേഷത

1663 ല്‍ കേരളത്തിലെ ആദ്യത്തെ വികാരി അപ്പസ്‌തോലിക്കയായി പറമ്പില്‍ അലക്‌സ്‌ അന്ത്രയോസ്‌ മെത്രാനെ ബിഷപ്പ്‌ മാര്‍ സെബസ്‌ത്യാനി അഭിഷേകംചെയ്‌തതും 1890 ല്‍ മാക്കില്‍ ബഹു.മത്തായി അച്ചനെ(പിന്നീട്‌ കോട്ടയം വികാരി അപ്പസ്‌ത്തോലിക്ക) തെക്കുംഭാഗക്കാരുടെ പ്രത്യേക വികാരിജനറാളായി ആഡംരപൂര്‍വ്വം വാഴിച്ചതും കടുത്തുരുത്തി വലിയ പള്ളിയില്‍ വച്ചാണ്‌.

ഇവിടത്തെ ചുമര്‍ചിത്രങ്ങള്‍, കൊത്തുപണികള്‍ , മദ്‌ഹ, മാമ്മോദീസാത്തൊട്ടി, കരിങ്കല്‍ കുരിശ്‌, എഴുത്തോലശേഖരങ്ങള്‍ , പഞ്ചലോഹങ്ങള്‍ കൊണ്ടുള്ള പള്ളിമണി, മണിയുള്ള കാസാ, വലിയ അരുളിക്ക തുടങ്ങിയവ പ്രാചീനത്വം കൊണ്ടും കലാഭംഗികൊണ്ടും പ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്‌. പുരാതനമായ ഈ പള്ളിയെക്കുറിച്ചും,കരിങ്കല്‍ കുരിശിനെക്കുറിച്ചും ധാരാളം ആളുകള്‍ ഗവേഷണം നടത്തി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

1627 മുതല്‍ 1629 വരെ കടുത്തുരുത്തിയില്‍ താമസിച്ച്‌ ഒരു സെമിനാരി നടത്തിയ റോമാക്കാരന്‍ ഫാ. ഫ്രാന്‍സിസ്‌ ഡൊണാത്തി ഒ.പി. എഴുതിയ റിപ്പോര്‍ട്ടില്‍ വലിയ പള്ളിയെ കടുത്തുരുത്തിയിലെ Duomo (കത്തീഡ്രല്‍ ) എന്നു വിശേഷിപ്പിച്ചിട്ടുണ്ട്‌.

കോട്ടയം രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി ഈ ഇടവാകാംഗമാണ്‌. ഈ ഇടവകയില്‍ 320 കുടുംങ്ങളും,1800 ഓളം അംഗങ്ങളുമാണുള്ളത്‌. 1961 മുതല്‍ സെന്റ്‌ ജോസഫ്‌സ്‌ കന്യകാസമൂഹത്തിന്റെ ഒരു ശാഖാഭവനം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. 1920 ല്‍ ഇവിടെ സ്ഥാപിതമായ സെന്റ്‌ മൈക്കിള്‍സ്‌ യു.പി. സ്‌കൂള്‍ 1947 ല്‍ ഹൈസ്‌കുളായും 1998 ല്‍ ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ത്തപ്പെട്ടു. മേരിമാതാ ഐ.റ്റി.സി (1978), ബേസ്‌ത്‌ലായെ ബാലഭവനം (1978) എന്നീ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 1977 ല്‍ അഭി. കുന്നശ്ശേരി പിതാവിന്റെ മെത്രാനഭിഷേക രജതജൂിലി സ്‌മാരക ഹാള്‍ സ്ഥാപിക്കപ്പെട്ടു.

🌻കരിങ്കൽ കുരിശ്

പതിനാറരകോല്‍ പൊക്കമുള്ള കടുത്തുരുത്തിയിലെ കരിങ്കല്‍ കുരിശ്‌ (ഭാരതത്തിലെ ഏറ്റവും വലിയ കരിങ്കല്‍ കുരിശ്‌) 1596 ല്‍ സ്‌ഥാപിച്ചു എന്നും, ഗോവ മെത്രാപ്പോലീത്തായായിരുന്ന ദോം അലക്‌സിസ്‌ മെനേസ്സിസ്‌ തിരുമനസുകൊണ്ട്‌ 1599 ലെ ദുഃഖവെള്ളിയാഴ്‌ച ഇത്‌ ആഘോഷപൂര്‍വ്വം കൂദാശ ചെയ്‌തുവെന്നും ചരിത്ര രേഖകളില്‍ കാണുന്നു.

🌻തിരുന്നാളുകൾ

സെപ്‌റ്റംര്‍ 8-ാം തിയതി ഈ പള്ളിയുടെ കല്ലിട്ട തിരുനാള്‍ ആചരിക്കുന്നു. ക്‌നാനായക്കാര്‍ക്ക്‌ പ്രാധാന്യമുള്ള മൂന്നുനോമ്പാണ്‌ ഇവിടത്തെ പ്രധാനതിരുനാള്‍ . അതോടനുന്ധിച്ച്‌ മാതാവിന്റെ ദര്‍ശനത്തിരുനാളും ആഘോഷിക്കുന്നു. പന്തക്കുസ്‌താതിരുനാളിനു മുമ്പുള്ള വ്യാഴം, വെള്ളി,ശനി ദിവസങ്ങളില്‍ നാല്‌പതുമണി ആരാധനയും നടത്തുന്നുണ്ട്‌.

🌻മൂന്നു നോമ്പ് തിരുന്നാൾ

കോട്ടയം രൂപതയുടെ രണ്ടാമത്തെ മെത്രാനായിരുന്ന മാര്അലക്സാണ്ടര് ചൂളപ്പറമ്പില് മൂന്നുനോമ്പ് നമസ്കാരവും നേർച്ചയും അതിന്റെ പരമ്പരാഗതരീതിയിൽ നടത്തണമെന്നും സുറിയാനി പാരമ്പര്യം കാക്കണമെന്നും നിഷ്കര്ച്ചയാളായിരുന്നു. അതിനാല്തന്നെ പ്രസ്തുത നോമ്പിനോടും അനുബന്ധചടങ്ങുകളോടും ബന്ധപ്പെട്ട വിവരങ്ങള് ബഹു. വികാരിമാരില്നിന്നും സമാഹരിക്കുകയും അവ അനുഷ്ഠിക്കണമെന്ന് തന്റെ 30 ാം നമ്പർ ഇടയലേഖനത്തിലൂടെ നിര്ദേശിക്കുകയും ചെയ്തു. (AAK, 61/4 Ae 04 Pastor letter no. 30 of Chulaparambil dated 06 January 1925). രൂപതയിലെ വൈദികർ തങ്ങളുടെ പള്ളികളിൽ നിന്ന് എപ്രകാരമാണ് മൂന്നുനോമ്പ് നമസ്കാരത്തിനും നേർച്ചയ്ക്കുമുള്ള പങ്കാളിത്തം നല്കിയിരുന്നതെന്ന് വിശദമായി പിതാവിന് എഴുതി അയച്ചിരുന്നു. മൂന്നു നോമ്പ് നമസ്കാരവും കടുത്തുരുത്തിയിലെ പങ്കാളിത്തവും തെക്കുംഭാഗജനത്തിന്റെ ഐക്യത്തിന്റെയും പ്രതീകമായിരുന്നു

🌻 പുറത്തു നമസ്കാരം

കടുത്തുരുത്തി വലിയ പള്ളിയില്‍ അതി പുരാതനകാലം മുതല്‍ പ്രധാനതിരുനാളായ മൂന്നു നോമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്‌ച വൈകുന്നേരം ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ വച്ച്‌ പരമ്പരാഗതമായി നടന്നുവരുന്ന ഒരു സമൂഹ പ്രാര്‍ത്ഥനയാണ്‌ പുറത്തുനമസ്‌ക്കാരം. ഭക്തി നിര്‍ഭരവും പ്രാര്‍ത്ഥനാസമ്പുഷ്‌ടവും അര്‍ത്ഥപൂര്‍ണ്ണവും അന്യാദൃശവുമായ ഈ ഭക്താനുഷ്‌ഠാനത്തില്‍ സംബന്ധിക്കുവാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും, വിദേശത്തുനിന്നുപോലും ധാരാളം ആളുകള്‍ വന്നെത്താറുണ്ട്‌.

മധ്യപൂർവേഷ്യയില് ഉഷ്ണകാലത്ത് പ്രാർത്ഥനകൾ ദൈവാലയത്തിന് പുറത്ത് പൊതുസ്ഥലത്ത് നടത്തിയിരുന്ന പതിവിൽ നിന്നാകാം ഈ പാരമ്പര്യമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല് കടുത്തുരുത്തിയില് ഈ നമസ്കാരം പള്ളിയ്ക്ക് പുറത്തു നടത്തുവാനുള്ള കാരണം ജനബാഹുല്യമായിരിക്കണം. ക്നാനായക്കാരുടെ തലപ്പള്ളിയായ ഈ ദൈവാലയത്തിലെ മൂന്നു നോമ്പു നമസ്കാരത്തിന് തെക്കുംഭാഗ പള്ളികളിൽ നിന്നെല്ലാം ആളുകൾ പങ്കെടുക്കുന്ന പാരമ്പര്യമുണ്ടായിരുന്നു. എല്ലാവരെയും ഉൾ ക്കൊള്ളാൻ ദൈവാലയത്തിനു കഴിവില്ലായിരുന്നുവെന്നതാവണം ഈ നമസ്കാരം പുറത്തു നടക്കുന്നതിന് കാരണം.

പ്രാർത്ഥനകൾ സുറിയാനി പാരമ്പര്യമനുസരിച്ച് കുരിശിലേക്ക് തിരിഞ്ഞാണ് നടത്തിയിരുന്നത്. പ്രസ്തുത നമസ്കാരത്തിലെ പ്രാർത്ഥനകൾ ദൈവകരുണയെ യാചിക്കുന്നതിനും അനുതാപപ്രകരണത്തിനും ഉതകുന്നതായിരുന്നു. സുറിയാനിഭാഷയില് ആയിരുന്ന ഈ പ്രാർത്ഥനയിലെ ദൈവകരുണയാചിക്കുന്ന ഭാഗമാണ് ബായേനന് മെന്നാക് മാറന്മാറേകോല് (സർവാധിപനാം കർത്താവേ, ഞങ്ങളിതാ). അനുതാപജന്യമായ ഈണങ്ങളാണ് ഈ ഗീതങ്ങളുടെ പ്രത്യേകത. അനുതാപത്തെ ദ്യോതിപ്പിക്കുന്ന വിധത്തിൽ പലയാവർത്തി ജനം മുട്ടുകുത്തുന്നുണ്ട്. സുറിയാനി പാരമ്പര്യമനുസരിച്ച് മുട്ടുകുത്തി നെറ്റി തറയില് മുട്ടിക്കുന്ന വിധത്തില് അഗാധാചാരം ചെയ്യുന്നതാവണം ഈ രീതി

1895 മാണ്ടിലെ പുറത്തുനമസ്കാരത്തെക്കുറിച്ച് മാര് മാക്കീലിന്റെ നാളാഗമത്തില് നിന്നുള്ള വിവരണം ഇപ്രകാരമാണ് (AAK, M. Makil, Nalagamam I, ff. 148-149).
പെരുനാള് ദിനമായ ബുധനാഴ്ച വൈകിട്ട് പാതിരാവിന് മുമ്പില്പുറത്തു നമസ്കാരമെന്ന് വിളിക്കുന്ന വളെരെ ഇമ്പമുള്ള ഒരു പൊതുപ്രാര്ത്ഥന കിഴക്ക കുരിശിങ്കല് പട്ടക്കാരും ജനങ്ങളുംകൂടി കഴിച്ചുവരിക പതിവുണ്ട്. ഇതിന് പെരുന്നാളിന് വന്നുകൂടുന്ന ജനങ്ങള് ഒക്കെയും വൈകിട്ട് വന്നുകൂടുകയും ആയതുകഴിഞ്ഞ് പള്ളിമതില്ക്കകത്തു തന്നെ ജനങ്ങള്കിടക്കുകയും പിറ്റേദിവസമായ വ്യാഴാഴ്ച കാലത്ത് പള്ളിയില്നിന്ന് ചോറുനേര്ച്ചയും കൊടുത്ത് പിരിയുകയുമാണ് പതിവ്. പുറത്തു നമസ്കാരമാണ് ഈ പെരുനാളിന്റെ പ്രധാന ചടങ്ങ്.

1895 മുതല് ഈ പെരുനാള് മാതാവിന്റെ ദർശന പെരുനാളായി കഴിക്കാനും ചോറുനേര്ച്ച ഒഴിവാക്കാനും പുറത്തു നമസ്കാരം പള്ളിയകത്തു ബുധനാഴ്ച തിരുനാള് പ്രദിക്ഷണം കഴിഞ്ഞ ഉടനെ നടത്താനും ഇടവകവികാരിയും ഭൂരിഭാഗംപേരുംകൂടി ആലോചിച്ച് മാക്കീലച്ചനെയും ലവീഞ്ഞ് മെത്രനെയും അറിയിച്ച് അനുവാദം വാങ്ങി. പക്ഷേ, പുറത്തുനമസ്കാരം പിന്നീടും പള്ളിയ്ക്ക് പുറത്തുവച്ചുതന്നെ നടത്തുന്ന പാരമ്പര്യത്തിലേയ്ക്ക് മടങ്ങിവന്നു.

🌻ഉയിര്‍പ്പ്‌ ഞായര്‍ – മരിച്ചുപോയ പൂര്‍വ്വികരെ അനുസ്‌മരിക്കല്‍

കടുത്തുരുത്തി വലിയ പള്ളിയില്‍ മാത്രം കാണുന്ന മറ്റൊരു തിരുക്കര്‍മ്മാനുഷ്‌ഠാനമാണ്‌ ഉയിര്‍പ്പ്‌ ഞായര്‍ – മരിച്ചുപോയ പൂര്‍വ്വികരെ അനുസ്‌മരിക്കല്‍ . ഉയിര്‍പ്പ്‌ ഞായറാഴ്‌ച ഉയര്‍പ്പിന്റെ തിരുക്കര്‍മ്മം കഴിഞ്ഞ്‌ വി. കുര്‍ബാനക്കു മുന്‍പായി ജനങ്ങള്‍ എല്ലാവരും പള്ളിയുടെ പടിഞ്ഞാറ,്‌ അധികം ദൂരമില്ലാത്ത കുരിശുമൂട്‌ കടവില്‍ സ്‌ഥാപിച്ചിരിക്കുന്ന കുരിശടിയിലേക്ക്‌ തിരികള്‍ കത്തിച്ച്‌ പദക്ഷിണമായി പോയി, AD 345 -ലെ കുടിയേറ്റയാത്രയില്‍ മരിച്ച്‌ കടലില്‍ സംസ്‌ക്കരിക്കപ്പെട്ട പൂര്‍വ്വികരെ അനുസ്‌മരിച്ച്‌ പ്രാര്‍ത്‌ഥിക്കുന്നു. ക്‌നാനായക്കാരുടെ ആദ്യ ദൈവാലയമായ വി. തോമാശ്‌ളീഹായുടെ നാമത്തിലുള്ള കൊടുങ്ങല്ലൂരെ ദൈവാലയത്തില്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ദിവസം കടലിന്നഭിമുഖമായി നിന്ന്‌ കടലില്‍ മരിച്ച പൂര്‍വ്വികര്‍ക്ക്‌വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്ന പാരമ്പര്യമാണ്‌ ഇതിന്റെ അടിസ്ഥാനം.

🌻നെയ്യപ്പ നേർച്ച

കടുത്തുരുത്തി വലിയ പള്ളിയില്‍ ഓശാനഞായറാഴ്‌ച സന്താനല്‌ധിക്കായി നെയ്യപ്പ നേര്‍ച്ച നടത്തി മാതാവിന്റെ അനുഗ്രഹത്താല്‍ സന്താനങ്ങള്‍ ഉണ്ടാകുന്നതായി നിരവധി ആളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. തങ്ങളുടെ കുട്ടികളെ മുത്തിയമ്മയ്‌ക്ക്‌ അടിമ വയ്‌ക്കുന്നതിന്‌ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്‌.

🌻മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി

അതിരൂപതയുടെ തലപ്പള്ളിയായ സെന്റ് മേരീസ് ഫൊറോന പള്ളിയെ (വലിയ പള്ളി) മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയമായി ഉയർത്തി. 2020ൽ മൂന്നു നോമ്പ് തിരുനാളിന്റെ ഭാഗമായി പുറത്തു നമസ്കാരം നടക്കുന്ന അതിപുരാതനമായ കരിങ്കൽ കുരിശിൻ ചുവട്ടിലെ വേദിയിൽ സിറോ മലബാർ സഭയുടെ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വികാരി ഫാ. ഏബ്രഹാം പറമ്പേട്ട്, വൈദികർ, സന്യസ്തർ‌ തുടങ്ങിയവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

പുരാതനമായ ഈ ദേവാലയം 5-ാം ശതകത്തിൽ സ്ഥാപിച്ചു എന്നാണ് കരുതുന്നത്. ആദ്യത്തെ ദേവാലയത്തിനു ‘ചതുരപ്പള്ളി’ എന്നായിരുന്നു പേര്. തടി കൊണ്ടു സമചതുരാകൃതിയിൽ പണിത് തറയിൽ കരിങ്കൽ പാളികൾ പാകി മുകളിൽ പനയോല മേഞ്ഞതിനാലാവണം ഈ പേരു വന്നത്. ആ കാലഘട്ടങ്ങളിൽ സമീപപ്രദേശങ്ങളിൽ മറ്റു പള്ളികൾ ഇല്ലാതിരുന്നതിനാൽ ക്രിസ്തുമതത്തിലെ എല്ലാ വിഭാഗക്കാരും തങ്ങളുടെ ആത്മീയ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് കടുത്തുരുത്തി വലിയ പള്ളിയായിരുന്നു.

എല്ലാ വായനക്കാർക്കും ഈ ദേവാലയം സന്ദർശിക്കാനും ദൈവാനുഗ്രഹം ഉണ്ടാകാനും പ്രാർത്ഥിക്കുന്നു

ലൗലി ബാബു തെക്കെത്തല ✍️

അവലംബം :-(ഗൂഗിൾ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments