Friday, September 20, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
💚💚💚💚💚💚

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

ജർമ്മനിയിലെ മ്യൂണിക് നഗരം..

ലോക പ്രശസ്ത കാർ നിർമ്മാതാക്കളായ BMW (Bavarian Motor Works) കമ്പനിയുടെ ആസ്ഥാനം ഇവിടെയാണ്..

2011 ൽ തമ്മിൽ പരിചയപ്പെടുകയും എൻ്റെ നല്ല സുഹൃത്തായ് മാറുകയും ചെയ്ത ഫാദർ ചാക്കോ ഈ കമ്പനിയിൽ 10 വർഷക്കാലം ജോലി ചെയ്തു.

ചാക്കോ ജനനം കൊണ്ട് മലയാളിയും വളർന്നത് കേരളത്തിന് പുറത്തും. മലയാളം കഷ്ടിച്ച് സംസാരിക്കുന്ന മലയാളി. മലയാളം എഴുതാനും വായിക്കാനും അറിയാത്ത മലയാളി. പിതാവിൻ്റെ ജോലി ഡൽഹിയിൽ ആയതിനാൽ പഠിച്ചതും വളർന്നതും അവിടെ. അറിയുന്ന ഭാഷകൾ ഹിന്ദിയും ഇംഗ്ലീഷും .

കുട്ടിക്കാലം മുതൽ മുടങ്ങാതെ പള്ളിയിൽ പോയിരുന്ന ചാക്കോ BTech കഴിഞ്ഞപ്പോൾ വൈദികനാവുക എന്ന കുഞ്ഞിലെയുള്ള തൻ്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞുവെങ്കിലും അവർ അത്ര താല്പര്യം കാണിച്ചില്ല എന്നു മാത്രമല്ല അസാമാന്യ ബുദ്ധിശാലിയായ മകനെ M Tech ന് വിദേശത്തയച്ച് പഠിപ്പിച്ചു .

തുടർന്ന് BMW കമ്പനിയിൽ ജോലി ലഭിച്ചു. വലിയ കമ്പനിയിൽ ഉദ്യേഗസ്ഥനാവുക എന്ന മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു എങ്കിലും തൻ്റെ ആഗ്രഹം ചാക്കോ മനസ്സിൽ സൂക്ഷിച്ചു..

ഒടുവിൽ പത്ത് വർഷം കഴിഞ്ഞ് ജോലി രാജിവെച്ച് തൻ്റെ ഇഷ്ടത്തിലേക്ക് മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ മടങ്ങി. ഇന്ന് കാനഡയിൽ വൈദികനായി സേവനം ചെയ്യുന്നു.

വൈദിക പഠനത്തിൻ്റെ ഭാഗമായ് കേരളത്തിലെത്തിയപ്പോൾ 2 വർഷക്കാലം ഒരുമിച്ചായിരുന്നു ഞാനും ഈ BMW എൻജിനീയറും.

കാറുകളോടുള്ള ഇഷ്ടം കൊണ്ട് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം ഞാൻ ചോദിച്ചറിഞ്ഞു. ജോലിക്ക് കയറി ആദ്യ ദിവസങ്ങളിൽ ജർമ്മൻ ഭാഷയറിയാതെ പ്രയാസപ്പെട്ടു. ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപകനെ കണ്ടെത്തി വൈകുന്നേരങ്ങളിൽ ട്യൂഷന് പോയി ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കഠിനമായ ജർമ്മൻ ഭാഷ ഹൃദിസ്ഥമാക്കി. വൈദികനാവാൻ തീരുമാനിച്ചതിനു ശേഷം മലയാളം പഠിക്കാൻ കേരളത്തിലെത്തി ഒരു റിട്ടയേർഡ് മലയാളം ടീച്ചറെ കണ്ടെത്തി 2 മാസം കൊണ്ട് എഴുതാനും വായിക്കാനും പഠിച്ചു .

2 മാസം കഴിഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു

“മിടുക്കനായ വിദ്യാർത്ഥി..!”

ഇനി കാര്യത്തിലേക്ക്..

ചാക്കോ BMW കമ്പനിയിൽ ജോലി തുടങ്ങിയ കാലം. ചെയ്യേണ്ട ജോലികളുടെ Weekly Plan നൽകിയിരുന്നുവെങ്കിലും ഏൽപ്പിച്ച കാര്യങ്ങളിൽ ഒന്നു മാത്രം തീരാതെ ബാക്കിയായി. മാനേജർ ഒരു പ്രാവശ്യം ഓർമ്മിപ്പിച്ചു.

“അടുത്ത ദിവസം തീർച്ചയായും പൂർത്തിയാക്കാം”

എന്ന് മറുപടി പറഞ്ഞുവെങ്കിലും അന്നും അതിന് സാധിച്ചില്ല.

പിറ്റേന്ന് ചോദിച്ചപ്പോഴും അതേ ഉത്തരം നൽകി. അതിനടുത്ത ദിവസം രാവിലെ മാനേജരെ കണ്ട് ഇന്നു പൂർത്തിയാക്കാം എന്ന് അയാൾ ചോദിക്കും മുമ്പെ അങ്ങോട്ട് ഓർമ്മിപ്പിച്ച് ജോലി തുടങ്ങാം എന്ന് കരുതി അയാളുടെ കാബിനിൽ ചെന്ന് ., ചാക്കോ പറഞ്ഞു..

“ഇന്ന് തീർക്കും സാർ ”

മറുപടിയായി ഒരു പഴമൊഴി മാത്രം അയാൾ പറഞ്ഞു.

“Don’t irritate me by repeating same thing”

(ഒരേ കാര്യം ആവർത്തിച്ച് എന്നെ പ്രകോപിപ്പിക്കരുത്)

“മറ്റുള്ളവരെ പ്രകോപിപ്പിക്കരുത്” എന്നതിന് പകരം “എന്നെ പ്രകോപിപ്പിക്കരുത് “എന്ന് ചെറിയ മാറ്റം വരുത്തിയ പ്രശസ്തമായ ഒരു ഉദ്ധരണി ആയിരുന്നു അത്.

ആ വാക്കുകൾ അയാളെ ഇരുത്തി ചിന്തിപ്പിച്ചു.

ജീവിതത്തിൻ്റെ സമസ്ത മേഖലയിലും ഒരേ കാര്യം വീണ്ടും ആവർത്തിച്ച് പലരും മറ്റുള്ളവരെ പ്രകോപിതരാക്കാറുണ്ട് എന്ന് ചിന്തിച്ചത് അന്നാണ്.

ജോലി സ്ഥലത്തും കുടുംബത്തിലും സൗഹൃദങ്ങൾക്കിടയിലും എല്ലാം
ഒന്ന് ശ്രദ്ധിച്ചാൽ നമുക്കിത് കണ്ടെത്താം

പ്രകോപിതരാവുകയോ പ്രകോപിതരാക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നുണ്ടാവും നമ്മൾ…

ഇന്ന് ഒരു വൈദികനായിരിക്കുമ്പോഴും അന്ന് തന്നെ മാനേജർ പറഞ്ഞ വാക്കുകൾ ഫാദർ ചാക്കോ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

ഒരേ തെറ്റ് പലവട്ടം ആവർത്തിക്കുമ്പോൾ..

മറ്റുള്ളവർക്ക് ഇഷ്ടമല്ലാത്ത വാക്കുകൾ പലവട്ടം പറയുമ്പോൾ..

നാം ഊഹിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞ്
മറ്റുള്ളവരെ അസ്വസ്ഥരാക്കുമ്പോൾ..

ഓർക്കാം നമുക്കും ഈ ജീവിത പാഠം..

“Don’t irritate others by repeating same thing”

എല്ലാ സ്നേഹിതർക്കും സ്നേഹപൂർവ്വം ശുഭദിനാശംസകൾ 💚🙏

ബൈജു തെക്കുംപുറത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments