77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മറിയിരിക്കുകയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയും അതിലെ അണിയറ പ്രവർത്തകരും. പായൽ കപാഡിയാണ് ചിത്രത്തിന്റെ സംവിധാനം. ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഇതോടെ നിരവധി പേരാണ് ചിത്രത്തെയും താരങ്ങളെയും അഭിനന്ദിച്ചെത്തുന്നത്. ഇപ്പോഴിതാ പായൽ കപാഡിയയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. പായൽ കപാഡിയ ഭാരതത്തിന്റെ അഭിമാനമാണെന്നും ചലച്ചിത്ര മേഖലയിലുള്ളവർക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
”ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന സിനിമയിലൂടെ 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ പായൽ കപാഡിയയുടെ ചരിത്രപരമായ നേട്ടത്തിൽ ഭാരതം അഭിമാനിക്കുന്നു. എഫ്‌ടിഐഐയുടെ പൂർവ വിദ്യാർത്ഥിയായ കപാഡിയയുടെ ശ്രദ്ധേയമായ കഴിവ് ആഗോള വേദിയിൽ തിളങ്ങുന്നു. ഇത് ഭാരതത്തിന്റെ സമ്പന്നമായ സർഗ്ഗാത്മകതയുടെ ഒരു നേർക്കാഴ്ച കാഴ്ചയാണ്. ഈ അഭിമാനകരമായ അംഗീകാരം അവരുടെ അസാധാരണമായ കഴിവുകളെ പ്രദർശിപ്പിക്കുക മാത്രമല്ല, പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായിക പായൽ കപാഡിയയും രംഗത്തെത്തി. “അഭിനന്ദന വാക്കുകൾക്ക് വളരെയധികം നന്ദി. എന്നെ സംബന്ധിച്ചിടത്തോളം താങ്കളിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനം എനിക്ക് ഏറെ മൂല്യമുള്ളതാണ്”- പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പായൽ കപാഡിയ പറഞ്ഞു.