Sunday, January 5, 2025
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 25 | വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 25 | വ്യാഴം

🔹ആവേശം പകര്‍ന്ന് സംസ്ഥാനത്ത് മുന്നണികളുടെ കലാശപ്പോര്. പുതുചരിത്രമെഴുതുമെന്ന് എല്‍.ഡി.എഫ്. മുഴുവന്‍ സീറ്റിലും ജയമെന്ന് യുഡിഎഫ്. രണ്ടക്ക സീറ്റ് നേടുമെന്ന് എന്‍.ഡി.എ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ. ഓരോ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും, അണികളും ഒരേ സ്ഥലത്ത് കൊട്ടിക്കലാശം നടത്തി ആവേശം നിറച്ചു .കൊട്ടിക്കലാശത്തിനിടെ പലയിടത്തും സംഘര്‍ഷം. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. ഇന്ന് ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം നാളെ കേരളം പോളിംഗ് ബൂത്തിലെത്തും.

🔹കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നു വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കടുത്ത മറുപടി. പ്രക്ഷോഭത്തിനിടെ മരിച്ച 600 കര്‍ഷകരുടെ ഭാര്യമാരുടെ താലിമാലകളെക്കുറിച്ച് മോദിക്ക് എന്തുകൊണ്ട് ആശങ്കയില്ലെന്നും മണിപ്പുരില്‍ പീഡനത്തിനിരയായി താലിമാല പോലും നഷ്ടമാകുംവിധം സ്ത്രീകള്‍ ദുരിതമനുഭവിച്ചപ്പോള്‍ എവിടെയായിരുന്നു പ്രധാനമന്ത്രിയെന്നും നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോള്‍ സ്ത്രീകളെക്കുറിച്ചുള്ള മോദിയുടെ കരുതല്‍ എവിടെയായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു. രാജ്യത്തിനു വേണ്ടി താലിമാല സമര്‍പ്പിച്ച ആളാണു തന്റെ അമ്മയെന്ന് അച്ഛന്‍ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം പരാമര്‍ശിച്ച് നേരത്തെ പ്രിയങ്ക മോദിയെ വിമര്‍ശിച്ചിരുന്നു.

🔹ഉറച്ചു നില്‍ക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയില്‍ എത്തേണ്ടതെന്നും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 26ന് ജനങ്ങള്‍ അതാണ് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാര്‍ത്ഥികളെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുന്നതിലേക്ക് ബിജെപി മാറി എന്നും അദ്ദേഹം പറഞ്ഞു.

🔹യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാന്‍ അനുമതി ലഭിച്ചത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. കാണാന്‍ സാധിക്കുമെന്ന് കരുതിയില്ലെന്നും മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരിപറഞ്ഞു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു.

🔹പോളിംഗ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്‌കരണവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി അധികൃതര്‍ . മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരുക്കണം. സംഭരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ, ഹരിതകര്‍മ്മസേനയ്‌ക്കോ കൈമാറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

🔹വനിതകള്‍ക്കും, അംഗപരിമിതര്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും, അന്ധര്‍ക്കും ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഇവര്‍ക്കായി നല്‍കിയിരിക്കുന്ന നമ്പറുകളിലെ സീറ്റുകളിലും ഓണ്‍ലൈന്‍, കൗണ്ടര്‍ ബുക്കിംഗും ഒഴിവാക്കിയിട്ടുണ്ട്.

🔹തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെയാണ് വിധിയെഴുതുക. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്.
അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

🔹തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്തുകൊണ്ട് വന്ന് ജോലിക്കു നിയോഗിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ അവധിക്കായി നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനുശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നല്‍കിയിട്ടുള്ളവരെ ഒരു കാരണവശാലും ഒഴിവാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

🔹മട്ടന്നൂരില്‍ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍ കണ്ണൂരില്‍ പോളിംഗ് ദിനത്തില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് യു ഡി എഫ്. ഇതിനാല്‍ കണ്ണൂരിലെ മുഴുവന്‍ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് യു ഡി എഫ് കത്ത് നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് മട്ടന്നൂര്‍ കോളാരിയില്‍ സ്വകാര്യ വ്യക്തിയുടെ പാടത്ത് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്.

🔹 വയനാട്ടിൽ 1500 ഓളം ഭക്ഷ്യക്കിറ്റുകൾ പിടികൂടി. സംഭവം ഗൂഢാലോചനയെന്നാണ് ബിജെപിയുടെ പ്രതികരണം. വോട്ടു പിടിക്കുന്നതിനായി കിറ്റ് വിതരണം ചെയ്യുന്നത് യുഡിഎഫും, എൽഡിഎഫും ആണെന്നും ബിജെപി പ്രവർത്തകർക്ക് സംഭവത്തിൽ പങ്കില്ലെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പ്രതികരിച്ചു. വിവാദം ഗൂഢാലോചന ആണെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിൽ രഹസ്യവിവരണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടിയത്. പഞ്ചസാര, ബിസ്ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, തൂപ്പുപൊടി, കുളി സോപ്പ് എന്നിവയാണ്  കിറ്റിൽ അടങ്ങിയിരുന്നത്. ചില കിറ്റുകളിൽ വെറ്റില, അടയ്ക്ക, പുകയില എന്നിവയും ഉണ്ടായിരുന്നു.
വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് എൽഡിഎഫും, യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ തയ്യാറാക്കി വെച്ച 1500 ഓളം കിറ്റുകൾ പദ്ധതിയിൽ നിന്നും പിടികൂടി. മാനന്തവാടി അഞ്ചാംമൈലിലെയും കൽപ്പറ്റ മേപ്പാടി റോഡിലെയും സൂപ്പർമാർക്കറ്റുകളിൽ നിന്നും സമാനമായ രീതിയിൽ കിറ്റുകൾ വിതരണത്തിന് കൊണ്ടുപോയതായും ആരോപണമുണ്ട്.

🔹കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിദര്‍ഭയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞുവീണു. പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗഡ്കരിക്ക് ഉടന്‍ വൈദ്യ സഹായം നല്‍കി. ചൂട് താങ്ങാന്‍ കഴിയാതെയാണ് വീണുപോയത്. ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത പര്യടന കേന്ദ്രത്തിലേക്ക് നീങ്ങുകയാണെന്നും ഗഡ്കരി സമൂഹമാധ്യമത്തില്‍ കുറിച്ചു.

🔹തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ചു. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയില്‍ ആയിരുന്നു പുലര്‍ച്ചെ അപകടം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു 42 ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ലാന്‍ഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

🔹ആലപ്പുഴ വെണ്മണി പുന്തലയില്‍ യുവതിയെ വെട്ടിക്കോലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സുധിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു ഷാജി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ 6:45 നാണ് സംഭവം. കുടുംബ വഴക്കാണ് കാരണം എന്ന് പറയപ്പെടുന്നു.

🔹വൈക്കം: ഉന്തുവണ്ടിയില്‍ കപ്പലണ്ടി കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നില്‍ നിന്നും വന്ന സ്‌കൂട്ടര്‍ ഇടിച്ച് കച്ചവടക്കാരന്‍ മരിച്ചു. വൈക്കം ചെമ്മനത്തുകര തൊട്ടച്ചിറ പുത്തന്‍പുരയില്‍ പാര്‍ഥസാരഥിയാണ് (63) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30-ന് മൂത്തേടത്തുകാവ് – വാതപ്പള്ളി റോഡിലാണ് അപകടം.

🔹ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാല് റണ്‍സിന് പൊരുതി തോറ്റ് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപ്പിറ്റല്‍സ് 43 പന്തില്‍ 88 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും 43 പന്തില്‍ 66 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്റയും കരുത്തില്‍ 224 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റണ്‍സകലെ ഗുജറാത്ത് വീണു. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നതെങ്കിലും 14 റണ്‍സെടുക്കാനേ ഗുജറാത്തിനായുള്ളൂ.

🔹മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമെന്ന കാരണത്താല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ‘ബറോസ്’. ആദ്യമായി ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ് എന്നതും കൌതുകം. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ്. പരിചയസമ്പന്നനായ ഒരു സംവിധായകന്റെ മട്ടില്‍ സെറ്റില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ഒപ്പം ബറോസ് എന്ന കഥാപാത്രമായി മാറുന്ന അഭിനേതാവായ മോഹന്‍ലാലിനെയും. മോഹന്‍ലാലിന് സഹായവുമായി സംവിധായകന്‍ ടി കെ രാജീവ് കുമാറും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനുമുണ്ട്. 3.27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒരു സാധാരണ ബിടിഎസ് വീഡിയോയില്‍ നിന്ന് ഇതിനെ വേറിട്ടതാക്കുന്നത് അവസാനം അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിലെ ഏതാനും സ്റ്റില്ലുകളാണ്. ഇതിന് പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments