അഹമ്മദാബാദ്; മുംബൈ ഇന്ത്യൻസിനെ ആറ് റണ്ണിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ക്രിക്കറ്റിൽ അരങ്ങേറി. ഗുജറാത്ത് ഉയർത്തിയ 169 റൺ വിജയലക്ഷ്യം എത്തിപ്പിടിക്കാനാകാതെ മുംബൈ വീണു. ശുഭ്‌മാൻ ഗിൽ ക്യാപ്‌റ്റനായി ആദ്യജയം ആഘോഷിച്ചപ്പോൾ ഗുജറാത്തിൽനിന്ന് ഈ സീസണിൽ മുംബൈയിലേക്ക് കൂടുമാറിയ ഹാർദിക് പാണ്ഡ്യയ്‌ക്ക് തിരിച്ചടിയായി.
സ്‌കോർ: ഗുജറാത്ത് 168/6, മുംബൈ 162/9.
മുംബൈയ്‌ക്ക് അവസാന ഓവറിൽ ജയിക്കാൻ 19 റൺ വേണ്ടിയിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ ഓവറിലെ ആദ്യപന്ത് സിക്‌സറടിച്ച് ഹാർദിക് മുംബൈയുടെ പ്രതീക്ഷ ഉയർത്തി. അടുത്തപന്തിൽ ഫോർ. കളി ജയിച്ചെന്ന് കരുതവെ ഹാർദികിനെ (11) പുറത്താക്കി ഗുജറാത്ത് തിരിച്ചുവന്നു. നാലാംപന്തിൽ പിയൂഷ് ചൗളയും പുറത്ത്. ഷംസ് മുലാനിക്കും ജസ്‌പ്രീത് ബുമ്രയ്‌ക്കും കളി ജയിക്കാനുള്ള ശേഷിയില്ലായിരുന്നു. രോഹിത് ശർമയും (43) ഡെവാൾഡ് ബ്രവിസും (46) മികച്ച പ്രകടനം നടത്തി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്തിനായി 39 പന്തിൽ 45 റണ്ണെടുത്ത സായ് സുദർശനും രാഹുൽ ടെവാട്ടിയയുമാണ് (15 പന്തിൽ 22) പൊരുതാനുള്ള സ്‌കോർ നേടിയത്. ക്യാപ്‌റ്റനും ഓപ്പണറുമായ ശുഭ്‌മാൻ ഗിൽ 22 പന്തിൽ 33 റണ്ണെടുത്തു. മൂന്ന് ഫോറും ഒരു സിക്‌സറുമടിച്ചാണ് മടങ്ങിയത്. മുംബൈയ്‌ക്കായി ബുമ്ര നാല് ഓവറിൽ 14 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സായ് സുദർശനാണ് കളിയിലെ താരം.