Friday, November 22, 2024
Homeയാത്രആശ ജയേഷ് തയ്യാറാക്കുന്ന.. സൗദി യാത്രാ വിശേഷങ്ങൾ (1)

ആശ ജയേഷ് തയ്യാറാക്കുന്ന.. സൗദി യാത്രാ വിശേഷങ്ങൾ (1)

ആശ ജയേഷ്

യാത്രയുടെ തുടക്കം

ഒത്തിരി നാളായി മനസിലുള്ള ഒരാഗ്രഹമായിരുന്നു സൗദി അറേബ്യ എന്ന വലിയ രാജ്യത്തിലൂടെ ഒരു റോഡ് ട്രിപ്പ്. ഇസ്ലാം മതവിശ്വാസികളുടെ പുണ്യ തീർത്ഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും അടങ്ങുന്ന ഭൂമി. ഇന്ത്യയുടെ മുക്കാൽ ഭാഗത്തോളം വിസ്‌തീർണമുള്ള സൗദിയിൽ ഒട്ടനവധി കാഴ്ചകളും അനുഭവങ്ങളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കാലങ്ങളായി കേട്ടു പരിചയിച്ച പഴയ സൗദിയല്ല ഇന്നുള്ളത്. നേരെമറിച്ചു സ്ത്രീകൾക്ക് ജോലി ചെയ്യാനും സർവ്വോപരി വാഹനമോടിക്കാനും അനുവാദമുള്ള പുതിയ സൗദിയാണിന്നിവിടം. ഇവിടെ മുൻകാലങ്ങളെ പോലെ വിലക്കുകളില്ല, നിയന്ത്രണങ്ങളേതുമില്ല!! മറിച്ച് പുരോഗമനത്തിന്റെ പാതയിലേക്ക് വേഗത്തിൽ നടന്നടുക്കുന്ന പുതുസമൂഹം മാത്രം!!

ഈ മാറ്റങ്ങളുടെയെല്ലാം നെടുംതൂണായ എംബിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്‌ എന്ന സൗദിയുടെ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ രാജകുമാരന് സ്തുതി പറഞ്ഞുകൊണ്ടു സന്തോഷവും അതിലുപരി ആവേശവും അലയടിക്കുന്ന മനസുമായി ഞങ്ങളും യാത്ര പുറപ്പെട്ടു സൗദി അറേബ്യ എന്ന മഹാ രാജ്യത്തിലേക്ക്…

കാലത്തു 7 മണിക്കുതന്നെ ഞങ്ങളെല്ലാവരും തയ്യാറായി വണ്ടിയിൽ കയറി. സ്വന്തം വാഹനത്തിലാണ് യാത്ര ചെയ്യുന്നത് എന്ന ആനുകൂല്യമുള്ളതു കൊണ്ടുതന്നെ തലയിണയും പുതപ്പും ഫ്ലാസ്കും കുറച്ചധികം ഭക്ഷണസാധനങ്ങളുമെല്ലാം വണ്ടിയിൽ സ്ഥാനം പിടിച്ചു. മകന്റെയും എന്റെയും ആരോഗ്യസ്ഥിതി പരിഗണിച്ചു ചെറിയ ആശങ്കയില്ലാതില്ല മനസ്സിൽ. കാരണം യാത്ര തീരുമാനിച്ചതു മുതൽ ഞങ്ങൾ രണ്ടു പേർക്കും ചുമയും ജലദോഷവും ആയി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ട്. എന്തെങ്കിലും ആവട്ടെ, വരുന്നിടത്തു വച്ചു കാണാം എന്ന ധൈര്യത്തിൽ റിയാദ് വരെയുള്ള ഹോട്ടൽ മാത്രം ബുക്ക് ചെയ്തു. ഞങ്ങൾ താമസിക്കുന്ന ബഹറിനിൽ നിന്ന് 5 മണിക്കൂർ ഡ്രൈവ് ഉണ്ട് സൗദിയുടെ തലസ്ഥാനനഗരമായ റിയാദിലേക്കു. സൗദിയേയും ബഹ്‌റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സൗദി കോസ്‌വേ എന്നറിയപ്പെടുന്ന സൗദി പാലം കടന്നു വേണം ആ രാജ്യത്തേക്ക് പ്രവേശിക്കാൻ.


ഇവിടെയാണ് ഇമ്മിഗ്രേഷൻ, കസ്റ്റംസ് തുടങ്ങിയ ഔദ്യോഗിക നടപടികളൊക്ക പൂർത്തിയാക്കാനുള്ളയിടം. പുതിയ വിസയായതു കൊണ്ട് ഞങ്ങളോരോരുത്തരുടേയും വിരലടയാളങ്ങൾ രേഖപ്പെടുത്തുക എന്ന ചടങ്ങു കൂടിയുണ്ട്. ജനുവരി ഒന്നാം തീയ്യതിയായതുകൊണ്ടും സമയം കാലത്തു ഏഴു മണിയായിരുന്നതുകൊണ്ടും കോസ്‌വേയിൽ അധികം തിരക്കനുഭവപ്പെട്ടില്ല.

സൗദിയിൽ പ്രവേശിച്ചു

ഇവിടെ സൗദിയുടെ ഭാഗത്തിരിക്കുന്ന പോലീസുകാരിൽ പലർക്കും ഇംഗ്ലീഷ് ഭാഷ അത്ര വശമില്ല. അതുകൊണ്ടു അറബി ഭാഷ അറിയാത്ത ഞങ്ങളെപ്പോലെയുള്ള പ്രവാസികളിൽ പലരും കുറച്ചൊക്കെ കഷ്ടപ്പെട്ടാണു ഇവിടെ ആശയവിനിമയം നടത്താറുള്ളത്. ഭാഗ്യം, അധികം വൈകാതെ തന്നെ ഞങ്ങൾക്ക് സൗദിയിലേക്കു കടക്കാനായി. അതിർത്തി കടന്നയുടൻ തന്നെ പ്രധാന പാതയോരത്തെ ഒരു വശത്തു വണ്ടി ഒതുക്കി പാർക്ക് ചെയ്തു ഞങ്ങൾ കുറച്ചു ചിത്രങ്ങൾ പകർത്തി. ഓരോ യാത്രയും ഓരോ ഓര്‍മ്മകളാണല്ലോ… ഞങ്ങളുടെ വണ്ടി പതിയെ സൗദി പാലത്തിനു മുകളിലേക്കു കയറി. ചുറ്റും തിരമാലകളേതുമില്ലാത്ത ശാന്തമായ കടൽ. അങ്ങിങ്ങായി കടൽപക്ഷികൾ വട്ടമിട്ടു താഴ്ന്നു പറക്കുന്നു. കടൽ മീനുകളെ ലക്ഷ്യമിട്ടാണ് ഈ പക്ഷികൾ പറക്കുന്നത്. ഈ ഭൂമിയിൽ ജനിച്ച എല്ലാ ജീവജാലങ്ങളുടെയും പൊതുവായ പ്രശ്നമാണല്ലോ വിശപ്പ്.

ദമാം, അൽ ഖോബാർ തുടങ്ങിയ സ്ഥലങ്ങളിലേക്കു തിരിഞ്ഞു പോകാനുള്ള വഴികളും കടന്നു ഞങ്ങളുടെ വണ്ടി റിയാദ് ലക്ഷ്യമാക്കി കുതിച്ചുകൊണ്ടേയിരുന്നു. വലിയ ചരക്ക് വണ്ടികളുൾപ്പെടെ ചെറുതും വലുതുമായ ഒരുപാടു വാഹനങ്ങൾ നിരത്തിലുണ്ട്.

ഒഴിഞ്ഞുപോയ അപകടവും റിയാദിലേക്കുള്ള യാത്രയും

അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കേ പൊടുന്നനെ ഞങ്ങളുടെ വലതു ഭാഗത്തു ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ നിന്നും അതാ ഒരു ലോഹക്കഷണം തെറിച്ചു വരുന്നു. ആ വണ്ടിയുടെ പിൻഭാഗത്ത് വച്ചിരുന്ന സാധനങ്ങളുടെ കൂട്ടത്തിൽ നിന്നും ഏതോ ഒരു ഭാഗം ഇളകി തെറിച്ചതാണ്. ഇത്ര വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനമായതു കൊണ്ട് തൊട്ടടുത്തുള്ള പാതയില്‍ ഓടിക്കൊണ്ടിരുന്ന ഞങ്ങളുടെ വണ്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് അത് പറന്നു പോയത്. സംഭവിക്കുന്നതെന്താണ് എന്ന് മനസിലാവുന്നതിനു മുമ്പേ നിമിഷ നേരം കൊണ്ട് സംഭവിച്ച കാര്യമായതു കൊണ്ട് വണ്ടി നിർത്താനോ വേഗത കുറയ്ക്കാനോ ഒന്നും സാധ്യമായിരുന്നില്ല. കുറച്ചു സമയത്തേക്ക് ഞങ്ങൾ സ്തബ്ധരായി. വലിയൊരാപകടമാണ് ഒഴിഞ്ഞു പോയത്. അതെങ്ങാനും ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചിരുന്നെങ്കിൽ എന്താണു സംഭവിക്കുകയെന്നു ഓർക്കാൻ കൂടി വയ്യ.

റോഡിൽ സ്കൂൾ ബസ്സുകൾ കാണാനായി. അൽ മുന ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എന്നാണ് എഴുതി വച്ചിരിക്കുന്നത്. ബസ്സിൽ നിറയെ കുഞ്ഞുങ്ങളും അവരുടെ ബാഗുകളുമാണ് കാണാനാവുന്നത്. ഇന്ന് ജനുവരി ഒന്നാം തീയതി അവർക്കു അവധിയായിരിക്കുമല്ലോ. ചിലപ്പോൾ അവധി ദിവസം സ്കൂൾ സംഘടിപ്പിച്ച ഒരു ചെറു യാത്രയിലാകാം അവർ എന്നോർത്തു. പാതയോരത്തു ഇരുവശങ്ങളിലും മരുഭൂമിയുടെ മുഖമുദ്രയായ മണൽക്കുന്നുകൾ. സാധാരണ കാണപ്പെടുന്ന തവിട്ടു നിറത്തിൽ നിന്നു വ്യത്യസ്തമായി ഈ ഭാഗത്തുള്ള മണൽക്കുന്നുകൾക്കു കടുത്ത ഓറഞ്ച് നിറമാണ്. അവയിങ്ങനെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. ഓരോ മണൽക്കുന്നിനും മീതെ കാറ്റു തീർത്ത അലങ്കാരങ്ങൾ. ശക്തമായ കാറ്റ് വീശുന്ന ഓരോ തവണയും മാറിമറിയുന്ന മരുഭൂമിയുടെ രൂപങ്ങൾ, ഭാവങ്ങൾ. അവിടെയും വളരുന്ന കുറ്റിച്ചെടികൾ!! കാറ്റിനൊപ്പം ഈ ചെടികളും പറന്നു പുതുതായി രൂപാന്തരപ്പെടുന്ന മണല്‍ കൂനകളിൽ സ്ഥാനം പിടിക്കുന്നതാകുമോ എന്നു ഞാനതിശയിച്ചു. പ്രകൃതിയുടെ വിസ്മയങ്ങൾ!!

ഇടയ്ക്കു പെട്രോൾ അടിക്കാനും വിശ്രമിക്കാനുമായി ഒരു പെട്രോൾ സ്റ്റേഷനിൽ വണ്ടി നിർത്തി. പത്തു വർഷങ്ങൾക്കു മുമ്പു വരെ സൗദിയിൽ കുടിവെള്ളത്തിനേക്കാളും വിലക്കുറവായിരുന്നു പെട്രോളിന്. ഇപ്പോൾ ആ സ്ഥിതി മാറി. ഇന്ന് സൗദിയേക്കാൾ വിലക്കുറവിൽ ആണ് ബഹറിനിൽ പെട്രോൾ ലഭിക്കുന്നത്. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം അവിടെയുള്ള സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്ന് മകനുള്ള ബിസ്കറ്റുകളും ജ്യൂസും മറ്റും വാങ്ങി ഞങ്ങൾ യാത്ര തുടർന്നു.

തലസ്ഥാന നഗരത്തിൽ

ഉച്ചക്ക് ഏകദേശം ഒന്നര കഴിഞ്ഞപ്പോൾ ഞങ്ങൾ റിയാദിലെത്തി. നഗരത്തിന്റെ തിരക്കുകളിൽനിന്നു മാറി ഒരിടത്തായിരുന്നു ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടൽ അപാർട്മെന്റ്. സാമാന്യം വലിയ മുറികളും അത്യാവശ്യമുള്ള എല്ലാ വിധ സൗകര്യങ്ങളോടും കൂടിയതായിരുന്നു ആ ഹോട്ടൽ. മുറിയില്‍ കയറി ഒന്നു രണ്ടു മണിക്കൂർ വിശ്രമത്തിനു ശേഷം റിയാദിൽ എല്ലാ വർഷവും നടത്താറുള്ള വിന്റർ ഫെസ്റ്റിവൽ ആയ ബൊളിവാർഡ് സിറ്റി കാണാമെന്ന തീരുമാനത്തിൽ ഞങ്ങൾ നഗരത്തിരക്കുകളിലേക്കിറങ്ങി. ഗൂഗിൾ മാപ് പ്രകാരം ഒരു മണിക്കൂറിലേറെ ദൂരമുണ്ട് അവിടെയെത്താൻ. ഈ വലിയ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ബൊളിവാർഡ് സിറ്റിയും ബൊളിവാർഡ് വേൾഡും ഒരുക്കിയിരിക്കുന്നത്. ഒട്ടനവധി വാഹനങ്ങളാണ് ഈ ദിശയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ റോഡ് നിർമ്മാണജോലികളും നടക്കുന്നതു കാരണം ഇടവിട്ട് റോഡിൽ ഗതിമാറ്റാനുള്ള ഡൈവേർഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഗൂഗിളിനും ഞങ്ങൾക്കും ആശയക്കുഴപ്പങ്ങളുണ്ടാക്കി. പലപ്പോഴും വഴി തിരിഞ്ഞു വേറെ റോഡിൽ എത്തപ്പെട്ട ഞങ്ങൾ കറങ്ങിത്തിരിഞ്ഞു വീണ്ടും പഴയ റോഡിന്റെ ഏറെ പിന്നിൽ തന്നെ എത്തും. വീണ്ടും ഇതേ അഭ്യാസം തുടരും. ഏകദേശം പാമ്പും കോണിയും കളിക്കുന്ന അവസ്ഥ. സംഭവിക്കുന്ന ഓരോ അബദ്ധങ്ങളിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് സാവധാനം ഞങ്ങൾ ബൊളിവാർഡ് സിറ്റിയിലെത്തി..

ബൊളിവാർഡ് സിറ്റി

ഒഴിവു ദിവസമല്ലാതിരുന്നിട്ടും പോലും ഇവിടെ സാമാന്യം തിരക്കുണ്ട്.
ന്യൂയോർക്കിലെ ടൈം സ്ക്വയറും ബാർബി ഹൌസും പോലെയുള്ള ലോകപ്രശസ്തമായ തീമുകളും ലോകപ്രശസ്ത ബ്രാൻഡുകളുടെ വിപണന കേന്ദ്രങ്ങളും വിശാലമായ ഇരിപ്പിടങ്ങളും ഭക്ഷണശാലകളും മറ്റും അടങ്ങിയ മനോഹരമായി അലങ്കരിച്ചയിടമാണ് ബൊളിവാർഡ് സിറ്റി. യുവത്വത്തിന്റെ പ്രതീകമായ ഊർജസ്വലതയും ആവേശവും അലയടിക്കുന്ന ഈ അന്തരീക്ഷത്തിൽ സന്തോഷം തുളുമ്പുന്ന മുഖങ്ങളുമായി മതിയാവോളം ചിത്രങ്ങൾ പകർത്തിയും കാഴ്ചളാസ്വദിച്ചും കടന്നു പോകുന്ന സ്വദേശികളുംവിദേശികളുമായ ആളുകൾ. അത്യന്തം ആകർഷകമായ ഇവിടെയെത്തിയപ്പോൾ യാത്രാക്ഷീണമൊക്കെ അമ്പേ മറന്നു.

കാഴ്ചകളൊക്കെ കണ്ടു നടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാമെന്ന് തീരുമാനിച്ചു. ഞങ്ങൾക്കെല്ലാവർക്കും ഒരേപോലെ ഇഷ്ടമുള്ള പിസ്സ ഓർഡർ ചെയ്തു. ( ഇറ്റലിക്കാരൻ പിസ്സ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ ജീവിതം എന്താകുമായിരുന്നോ എന്തോ എന്നു ഞാന്‍ തമാശയോടെ ഓർത്തു) റെസ്റ്ററന്റിന് പുറത്തു കാത്തിരുന്നപ്പോഴാണ് കുറച്ചകലെ ഒരാൾക്കൂട്ടം കണ്ടത്. അതെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ അങ്ങോട്ട് നടന്നു. ചടുലമായ നൃത്ത ചുവടുകളുമായി സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു പറ്റം ആഫ്രിക്കക്കാരുടെ ഡാൻസ് നടക്കുകയാണവിടെ. അവരുടെ വേഷവിധാനങ്ങൾക്കും ഡാൻസിനും നമ്മുടെ പ്രഭുദേവയുടെ ഡാൻസുമായി നല്ല സാമ്യം. ശരിക്കും ഒരു മുക്കാല മുക്കാബുല കണ്ട പോലത്തെ ഒരു ഫീൽ. അപ്പോൾ മോളാണ് പറഞ്ഞത് , “ അമ്മ ഇതു മൈക്കൽ ജാക്സൺ ഇൻസ്പയർഡ് ഡാൻസ് ആണെന്ന് “. കാണാന്‍ നല്ല രസം.
കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ ഗെയിമിംഗ് സോണിൽ എത്തി. ഇവിടെ പലതരം ഗെയിമുകൾ നടന്നുകൊണ്ടേയിരിക്കുന്നു. വാഴപ്പഴത്തിന്റെ മാതൃകയിൽ നല്ല വലിപ്പത്തിൽ പല വർണ്ണങ്ങളിലുള്ള സോഫ്റ്റ് ടോയ്‌സ് നിരത്തി വച്ചിട്ടുള്ള ഒരു ഗെയിമിൽ എനിക്ക് താല്പര്യം തോന്നി. അവിടെ പ്രദര്ശിപ്പിച്ചിട്ടുള്ള ചതുരക്കട്ടകളെ അവർ പറയുന്ന രീതിയിൽ എറിഞ്ഞു വീഴ്ത്തിയാൽ വാഴപ്പഴം നമുക്ക് സ്വന്തം. മുതിർന്നവരും കുട്ടികളും പ്രായഭേദമന്യേ പങ്കെടുത്തു സമ്മാനം വാങ്ങുന്നത് കണ്ടപ്പോൾ ഞാനും ഒരു കൈ നോക്കാമെന്നു കരുതി. പൊതുവെ ഇത്തരം കളികളിൽ താല്പര്യം കാണിക്കാത്ത ഞാൻ സമ്മാനമായി ലഭിക്കുന്ന വാഴപ്പഴം സ്വപ്നം കണ്ടു ഉഷാറായി എറിഞ്ഞു നോക്കി. പക്ഷെ ഫലം തഥൈവ. ശ്ശെ… ആകെ നിരാശയായി. വിജയികൾ സമ്മാനവുമായി നടന്നു പോകുന്നത് കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത ഇത്തരം ഗെയിമിൽ പരാജയപ്പെട്ട വിഷമവുമായി ഞാൻ നടന്നു. അപ്പോഴാണ് തൊട്ടടുത്ത് ബാർബി ഹൌസ് കണ്ണിൽ പെട്ടത്. എത്ര മനോഹരമായിട്ടാണ് ഇതൊരുക്കിയിരിക്കുന്നത്!! അവിടെ നിന്ന് ചിത്രങ്ങൾ പകർത്തിയതിനു ശേഷം കുറച്ചു കൂടി നടന്നപ്പോള്‍ ഫുട്ബോൾ തീമിൽ ഒരുക്കിയിരിക്കുന്ന മറ്റൊരിടം കണ്ടു. പ്രത്യേകമായി പണിത ഒരു ചെറിയ ചുവരിന്മേൽ സൗദി അറേബ്യയിലെ പ്രമുഖരായ ഫുട്ബോൾ താരങ്ങളുടെ കൈ അടയാളം പേരു സഹിതം രേഖപ്പെടുത്തിയിരിക്കുന്നു.

അറബ് ലോകം ഫുട്ബോൾ എന്ന കായികമത്സരത്തെ എത്ര പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം.
കാഴ്ചകൾ എത്ര കണ്ടിട്ടും മതിവരാതെ ഈയൊരു രാത്രി വൈകുംവരെ അവിടെ അങ്ങനെ കഴിച്ചുകൂട്ടാനുള്ള ആഗ്രഹവുമായി ഞങ്ങൾ നടന്നു. പക്ഷെ കുട്ടികൾ ഒപ്പമുള്ളതിനാലും മകൻ ചെറിയ പ്രായമായതിനാലും ഞങ്ങൾക്ക് ഇറങ്ങിയേ പറ്റൂ.
ചുരുക്കിപ്പറഞ്ഞാൽ നാളെ കാലത്തെ ദീർഘയാത്ര നടത്താനുള്ളതു കാരണം ഏഴു മണിക്ക് തന്നെ തിരികെ പോകാം എന്ന തീരുമാനവുമായി വന്ന ഞങ്ങൾ രാത്രി പത്തര കഴിഞ്ഞു മനസില്ലാമനസോടെ നഗരത്തിരക്കുകളിലേക്ക്, ഹോട്ടലിലേക്ക് യാത്രയായി.

✍ആശ ജയേഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments