Friday, July 26, 2024
Homeകഥ/കവിതകുമാരനാശാന്റെ വീണപുവിലെ ദാർശനികത. ✍അവതരണം - ശ്യാമള ഹരിദാസ്.

കുമാരനാശാന്റെ വീണപുവിലെ ദാർശനികത. ✍അവതരണം – ശ്യാമള ഹരിദാസ്.

ശ്യാമള ഹരിദാസ്.

മലയാളത്തിലെ പ്രശസ്ത കവിയായ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്‌. മലയാളകാവ്യന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ്‌. ആശാന്റെ കൃതികളിൽ ഏറ്റവും അധികം വായിക്കപ്പെട്ടതും അർഥഗർഭവും ആശയഗംഭീരവുമായ കൃതിയാണ് വീണപുവ്.ഈ കാവ്യം 100വർഷം പിന്നിട്ടിരിക്കുന്നു.

വീണപൂവ് സാഹിത്യ ആസ്വാദക ലോകത്തിനു നൽകിയ നവ ചൈതന്യം വളരെ വലുതാണ്. വീണപൂവ് എന്ന കവിത ഭക്തി ശൃംഗാര തലങ്ങളിൽ നിന്നും മാറ്റി സാമൂഹിക അവബോധത്തിന്റെ ഒരു മേഖലയിലേക്ക് ലളിതവും മധുരവുമായ ഭാഷാശൈലിയിലൂടെ കൊണ്ടുവന്നു എന്നതാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. കുമാരനാശാൻ എന്ന മഹാനായ കവിയുടെ സർഗ്ഗവൈഭവം, മഹത്വം, ഭാഷാകരുത്ത് എന്നിവയെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞത് വീണപൂവിലൂടെയാണ്.

പാലക്കാട് നിന്നും പിറവിയെടുത്ത വീണപൂവ് സാഹിത്യ ആസ്വാദകലോകത്തിന് നൽകിയ നവചൈതന്യം ഏറെയാണ്. പാലക്കാടിന്റെ സാംസ്‌കാരിക വളർച്ചയുടെ സുപ്രധാന വഴിത്തിരുവായിരുന്നു വീണപൂവിന്റെ പിറവി എന്ന് പറയാം.

ശ്രീ നാരായണ ഗുരുദേവന്റെ ചികിത്സാർത്ഥമാണ് ആശാൻ പാലക്കാട് എത്തിയത്. ജൈനിമേട്ടിലെ വിനയചന്ദ്രഗൗഡ എന്ന ജൈനമതസ്ഥന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലവള്ളിയിലെ പൂക്കൾ നിലത്തു വീണു കിടക്കുന്നത് കണ്ടു. വീണുകിടക്കുന്ന മുല്ലപൂക്കളുടെ ദൃശ്യവും ഗുരുവിന്റെ വേദനയെ കുറിച്ചുള്ള ചിന്തകളുമാണ് ആശാനെ വീണപൂവിലേക്ക് നയിച്ചത്. ഒരിക്കൽ രാജകുമാരിയേപോലെ വിലസിയിരുന്ന പുഷ്പം എല്ലാവരും കയ്യൊഴിഞ്ഞ് വീണുകിടക്കുന്ന കാഴ്ച അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ ചിന്താകുലനാക്കി. അങ്ങിനെ പുഷ്പത്തിന്റെ പതനദൃശ്യവും ഗുരുവിന്റെ രോഗാവസ്ഥയും എല്ലാം ആശാന്റെ മനസ്സിലൂടെ ഏറെ ദൂരം സഞ്ചരിച്ച് ഒടുവിൽ വീണപൂവ് എന്ന മനോഹര കവിതയിലേക്ക്എത്തിചേരുകയായിരുന്നു. ഒരു പുഷ്പത്തിന്റെ ഉല്പത്തി മുതൽ പതനം വരെയുള്ള സംഭവങ്ങൾ ലളിതമായി അവതരിപ്പിച്ചിരിക്കയാണ് ആശാൻ ഈ കവിതയിൽ. സുഗന്ധവാഹിനിയായ മുല്ലപൂവിനെ കണ്ട് മനം നൊന്ത് എഴുതിയത് എന്ന കുറിപ്പോടെ ഖണ്ഡകാവ്യത്തിന്റെ ആദ്യ ശ്ലോകമായി ആശാൻ ഗൗഡ്ഢയുടെ ഡയറിയിൽ പകർത്തി വെയ്ക്കുകയായിരുന്നു.

ഗുരുദേവനിൽ നിന്നും പകർന്നു കിട്ടിയ ജീവിത ദർശനങ്ങൾ കാവ്യാത്മകമായ രീതിയിൽ ഓരോ വരികളിലും പ്രതിഫലിച്ചു കാണാം. ഏറെ വർഷങ്ങൾ നീണ്ടുനിന്ന പഠനവും, അനുഭവങ്ങളും ഒക്കെ ചേർത്ത് ആശാൻ രചിച്ച ഈ കാവ്യത്തെ മലയാള കവിതാആസ്വാദകർ നെഞ്ചോട്‌ ചേർത്തു പിടിക്കുകയായിരുന്നു. കവിത്വത്തിൽ നിന്നുകൊണ്ട് സാമൂഹ്യപ്രതിബദ്ധതയെ ദർശിക്കാൻ ശ്രമിച്ചു എന്നതാണ് ഈ കാവ്യത്തിന്റെ മഹത്വം. കാവ്യത്മകവും ലളിതവുമായ ഭാഷാപ്രയോഗത്തിലൂടെ സമൂഹത്തെ നോക്കി ഏറെ വലിയ ജീവിത സത്യത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ കാവ്യം 1907ലാണ് ആശാൻ രചിക്കുന്നത്. പാലക്കാടൻ കുളിർമ്മയിൽ പിറന്നു വീണ ഈ കാവ്യം മൂർക്കോത്ത് കുമാരന്റെ പത്രാധിപ
ത്യത്തിൽ തലശ്ശേരിയിൽ നിന്നുള്ള മിതവാദി മാസികയിലാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് സുബ്രഹ്മണ്യൻപോറ്റി ഈ കാവ്യത്തെ സ്വന്തം മുഖവുരയോടു കൂടിഭാഷാപോഷിണി മാസികയിൽ പ്രസിദ്ധപ്പെടുത്തി. പിന്നീട് കവികൂടിയായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ വീണപൂവിനെ അദ്ദേഹത്തിന്റെ പദ്യപാഠവലിയിലേക്ക് തെരഞ്ഞെടുത്തു.

കവി, സാമൂഹ്യപരിഷ്ക്കർത്താവ്, ചിന്തകൻ തുടങ്ങി ഒട്ടേറെ വഴികളിലുൂടെ പ്രയാണം ചെയ്ത കുമാരനാശാൻ എന്ന ബഹുമുഖ പ്രതിഭ മലയാളഭാഷക്കും, കാവ്യലോകത്തിനും നൽകിയ ഒരു അമൂല്യനിധി തന്നെയാണ് വീണപൂവ്. ചില അപവാദങ്ങളോഴിച്ചാൽ കവിതാപ്രമേയമെന്നാൽ പുരാണേതിഹാസസന്ദർഭങ്ങളോ കഥാപാത്രങ്ങളോ ശൃംഗാരാഭാസങ്ങളുടെ അനാവരണങ്ങളോ മാത്രമാണെന്നുള്ള ധാരണകളെ വഹിക്കുകയും കവിതയെന്നാൽ പ്രാസമൊപ്പിക്കൽ മാത്രമാണെന്നനിലയിലേക്കു കൂപ്പുകുത്തുകയുംചെയ്തുകൊണ്ടിരുന്ന മലയാളിയുടെ കാവ്യാസ്വാദനഭാവുകത്വം എന്നേയ്ക്കുമായി മാറ്റിമറിക്കാൻ കേവലം 41 ശ്ലോകങ്ങൾമാത്രമുള്ള ഈ കാവ്യത്തിനായി. ആശാന്റെ ജീവിതവീക്ഷണത്തിൻ്റെ പൂർണ്ണാവിഷ്കാരമാണു “വീണപൂവ്‌”. നളിനിയും ലീലയും സീതയും (ചിന്താവിഷ്ടയായ സീത) വാസവദത്തയും (കരുണ) സാവിത്രിയും (ദുരവസ്ഥ) മാതംഗിയുമൊക്കെ (ചണ്ഡാലഭിക്ഷുകി) വിധിയുടെ അലംഘനീയതയുടെ ഇര കളായ വീണ പൂവുകളാണ് എം.എൻ. രാജൻ നിരീക്ഷി ച്ചതുപോലെ, കൊതിച്ചതും വിധിച്ചതും രണ്ടായിത്തീരുന്നതിന്റെ അനിവാര്യമായ ആത്മസംഘർഷമാണ്, മനുഷ്യരുടെ ജീവിത ദുരന്തമെന്നും എന്നാൽ മോചനമില്ലാത്ത ഈയവസ്ഥയിൽ വിലപിക്കുന്നതിൽ അർത്ഥമില്ലെന്നുള്ളതുമാണ്, കുമാരനാശാൻ്റെ കാഴ്ചപ്പാട്. ഒരു കവി, തൻ്റെ കാവ്യജീവിതസങ്കല്പങ്ങളെയാകെ ഒരൊറ്റ ബിംബമാക്കിയിട്ടുണ്ടെങ്കിൽ അതു കുമാരനാശാനും അദ്ദേഹത്തിന്റെ വീണപൂവുംമാത്രമാണ്.”

അവതരണം – ശ്യാമള ഹരിദാസ്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments