കൊച്ചി: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്.
ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂര്‍ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.
കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപകന്റെ കൈപ്പത്തി മഴു കൊണ്ട് വെട്ടിമാറ്റിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അശമന്നൂര്‍ ഓടക്കാലി സ്വദേശിയായ സവാദാണ്. മഴുവും കൊണ്ട് സവാദ് രക്ഷപ്പെടുകയായിരുന്നു.
സവാദിനെ ഇന്നു വൈകീട്ടോടെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. കേസില്‍ പിടിയിലായ പ്രതികളുടെ ശിക്ഷ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കോടതി വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീന്‍ കുഞ്ഞിനും അയൂബിനും 3 വര്‍ഷം വീതം തടവിനും ശിക്ഷിച്ചു.
എല്ലാം പ്രതികളും ചേര്‍ന്ന് ടി ജെ ജോസഫിന് നാലു ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികള്‍ 2 ലക്ഷത്തി 85,000 പിഴ നല്‍കണമെന്നും അവസാന മൂന്ന് പ്രതികള്‍ 20,000 രൂപയും പിഴ നല്‍കണമെന്നും വിധിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് വിധി പ്രസ്താവിച്ചത്.
➖️➖️➖️➖️➖️➖️➖️➖️