Sunday, January 12, 2025
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം 31) ' സ്നേഹ വിരുന്ന് '

പള്ളിക്കൂടം കഥകൾ (ഭാഗം 31) ‘ സ്നേഹ വിരുന്ന് ‘

സജി ടി. പാലക്കാട്

സ്നേഹ വിരുന്ന്…

“സാറന്മാർ കയറിയിരിക്കു… ”

തിണ്ണയിലുള്ള ഇരുമ്പ് കസേര ചൂണ്ടി
ലതയുടെ അമ്മ പറഞ്ഞു. സോമൻ മാഷും ജോസ് മാഷും കസേരയിൽ ഇരുന്നു. സദാനന്ദൻ മാഷ് വടക്ക് പടിഞ്ഞാറേ മൂലയിൽ ഇട്ടിരുന്ന ബെഞ്ചിൽ ഇരുന്നു. അവിടെയിരുന്നാൽ പുഴ ഒഴുകുന്നത് വ്യക്തമായി കാണാം. ചെറിയ ചെറിയ പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം പതഞ്ഞൊഴുകുന്ന ദൃശ്യം കണ്ണിന് കുളിർമ പകരും. പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന മുളങ്കൂട്ടങ്ങൾ പുഴയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

“അമ്മയ്ക്ക് ഞങ്ങളെയൊക്കെ മനസ്സിലായോ…? ”

സോമൻ മാഷ് ചോദിച്ചു.

“ഉവ്വല്ലോ..
ബെഞ്ചിൽ ഇരിക്കുന്നത് സദാനന്ദൻ സാർ. ഇത് സോമൻ സർ, അത് ജോസ് സർ.”

“അയ്യോ ..!
അമ്മ ഞങ്ങളെ ‘സാറേ’ എന്നൊന്നും വിളിക്കണ്ടട്ടോ, പേര് വിളിച്ചാൽ മതി….”

ബെഞ്ചിൽ നിന്നും എഴുന്നേറ്റു കൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.

“സാറമ്മാർക്ക് എന്താണ് കുടിക്കാൻ എടുക്കേണ്ടത്..?
നാരങ്ങ വെള്ളം എടുക്കട്ടെ..?”

ദേ, പിന്നേം സാർ വിളി.’

“എനിക്ക്
അങ്ങനെയേ നാവിൽ വരു…”

“നാരങ്ങാ വെള്ളം വേണ്ട. വെറും വെള്ളം മതി.”
ജോസ് മാഷ് പറഞ്ഞു.

“ആട്ടേ, എവിടെ നമ്മുടെ ചേച്ചി കുട്ടി…?”

സദാനന്ദൻ മാഷ് അമ്മയുടെ പിറകെ അടുക്കളയിലേക്ക് കയറി..

“ഞങ്ങളുടെ ചെറിയ വീടാണ് കേട്ടോ മോനെ…”

“വീടിലൊക്കെ എന്തിരിക്കുന്നു?
ചെറിയ വീടാണെങ്കിലും നല്ല വൃത്തിയുണ്ട്..
അച്ഛൻ എവിടെ…?”

അടുക്കള വാതിൽക്കൽ നിന്ന് കൊണ്ട് സദാനന്ദൻ മാഷ് ചോദിച്ചു.

“പോസ്റ്റ് ഓഫീസിൽ പോയി. രണ്ടുമണി കഴിയും വരാൻ.”

വലിയ ചില്ല് ഗ്ലാസ്സിൽ എല്ലാവർക്കും വെള്ളം കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു.

“അമ്മേ, ചേച്ചിക്കുട്ടിക്ക് ഭയങ്കര നാണം ആണല്ലോ..?”

ബഞ്ചിലിരുന്ന്
വെള്ളം കുടിച്ചുകൊണ്ട്
സദാനന്ദൻ മാഷ് ചോദിച്ചു.

“അവള് പരിചയമില്ലാത്തവരോട് അധികം സംസാരിക്കില്ല.
ദാ….ലത വരുന്നുണ്ടല്ലോ…?”

എല്ലാവരും പെട്ടെന്ന് പുറത്തേക്ക് നോക്കി.
ലത കുത്തുകല്ല് കയറി മുറ്റത്തേക്ക് വരുന്നു.

നീണ്ട പാവാടയും ഇളം നീല നിറമുള്ള തിളങ്ങുന്ന ലോങ്ങ് ബ്ലൗസുമാണ് വേഷം.
വെള്ള തോർത്തുകൊണ്ട് തലമുടി ചുറ്റി കെട്ടിയിട്ടുണ്ട്..
ഒരു കൈത്തണ്ടയിൽ രണ്ടുമൂന്നു തുണികൾ ഇട്ടിട്ടുണ്ട്. മറുകയ്യിൽ ഒരു പ്ലാസ്റ്റിക്ക് ബക്കറ്റ് തൂക്കി പിടിച്ചിരിക്കുന്നു.

“ലതേ..
ഇതാരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കൂ….?”

അമ്മ ലതയുടെ നേരെ നോക്കി പറഞ്ഞു.

“അയ്യോ..! സാറന്മാരോ…?”

എന്ന് ചോദിച്ചതും ബക്കറ്റ് താഴെവച്ച് പിന്നാമ്പുറത്തേക്ക് ഒറ്റ ഓട്ടം. ..

” മോന്റെ നാട് എവിടെയാണ്…? ”

“അമ്മ പട്ടാമ്പി എന്ന് കേട്ടിട്ടുണ്ടോ..? പട്ടാമ്പി ടൗണിൽ നിന്നും നാല് കിലോമീറ്റർ കൂടി പോകണം വീട്ടിലേക്ക് .”

സോമൻ മാഷ് പറഞ്ഞു.

“മോന്റെ നാടോ?”

“എന്റെ വീട് ചെർപ്പുളശ്ശേരിക്ക് അടുത്താണ്. തിരുവാഴിയോട് എന്ന് പറയും…”

ജോസ് മാഷ് പറഞ്ഞു.

“അപ്പോൾ അമ്മ എന്നോട് ഒന്നും ചോദിക്കുന്നില്ലേ…?
നാട്,….വീട്……?”

സദാനന്ദൻ മാഷ് ചോദിച്ചു..

“മോന്റെ നാടും ,വീടും വീട്ടുകാരേയും എല്ലാം എനിക്കറിയാം..
ലത പറഞ്ഞിട്ടുണ്ട് .
വലിയ പ്രാരാബ്ധക്കാരൻ ആണല്ലോ…?
നാല് പെങ്ങന്മാരെ കെട്ടിച്ചയക്കാനുണ്ട് ..
അല്ലേ?”
“ഉം..”

“ലതയുടെ ചേച്ചി എവിടെ…?”

ജോസ് മാഷ് ചോദിച്ചു

“ദാ ..അപ്പുറത്തുണ്ട്..
വലിയ നാണക്കാരിയാണ്…”

അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതെ, അതെ.. ഞാൻ നേരത്തെ അടുക്കളയിൽ പോയപ്പോൾ ഒന്ന് ചിരിച്ചു അത്രമാത്രം…!
ഒന്നും മിണ്ടിയില്ല.”

“അമ്മേ..നാണക്കാരിയെ വിളിക്കു.. ഒന്ന് കാണട്ടെ….”

സോമൻ മാഷ് പറഞ്ഞു.

“ലതേ.. ഇതുവരെ ഡ്രസ്സ് മാറി കഴിഞ്ഞില്ലേ..?”

അമ്മ വിളിച്ചു ചോദിച്ചു.

രണ്ടു മിനിട്ട് കഴിഞ്ഞതും
ലതയും ഒപ്പം ചേച്ചിയും പുറത്തേക്ക് വന്നു.

“സർ ഇതാണ് എൻ്റെ സുന്ദരി ചേച്ചി…”

“അതെ.. തന്നെക്കാളും സുന്ദരി…”

ജോസ് മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു..

“സാർ എങ്ങനുണ്ട് ഞങ്ങളുടെ വീട്?
ഇഷ്ടായോ..?”

‘ഓ…! നല്ല വീട്. പുഴയുടെ തീരത്ത് ആയതുകൊണ്ട് ഒരു പ്രത്യേക ഭംഗിയുണ്ട്..”

“അപ്പോൾ ശരി…
ലതേ, ഞങ്ങൾ ഇറങ്ങട്ടെ …”

“പോകാനോ..?
അതും പറ്റില്ല, ചോറുണ്ടിട്ട് പോയാൽ മതി…”

“ഞങ്ങൾ മൂന്നുപേരുണ്ട്. നിങ്ങൾ പട്ടിണി കിടക്കേണ്ടി വരും..”

“എന്റെ സോമൻ മാഷേ..
ഞാൻ അടുക്കളയിൽ പോയി നോക്കി..
ഒരു വലിയ സദ്യവട്ടം തന്നെ ഒരുക്കി വെച്ചിട്ടുണ്ട് നമുക്ക് വേണ്ടി..”

സദാനന്ദൻ മാഷ് പറഞ്ഞു.

“അതെങ്ങനെ..?
ഞങ്ങൾ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നില്ലല്ലോ? ”

“നിങ്ങൾ ഇന്ന് വരുമെന്ന് എനിക്കറിയാമായിരുന്നു…
എല്ലാവരും കൈ കഴുകി വരൂ.. വെള്ളം മുറ്റത്തു ബക്കറ്റിൽ വെച്ചിട്ടുണ്ട്….”
ലത പറഞ്ഞു.

എല്ലാവരും കൈ കഴുകുവാനായി മുറ്റത്തേക്ക് ഇറങ്ങി.വിശാലമായ മുറ്റം . വേലിയോട് ചേർന്ന് ഒരു ചെറിയ പൂന്തോട്ടം . റോസാ ചെടിയിൽ നിറയെ ചുമന്ന റോസാപ്പൂക്കൾ…….
കുത്തു കല്ലിന്റെ ഇടത് വശത്തായിപല നിറത്തിലുള്ള ഡാലിയ പൂക്കളും , അതിനടുത്തായി പത്തുമണി പൂക്കളും കാണാം.

പുഴയുടെ ദൂരക്കാഴ്ച വളരെ മനോഹരം. സ്ഫടികം പോലെയുള്ള വെള്ളം പരന്നൊഴുകുന്നു. പുഴയുടെ മധ്യഭാഗത്തായി ഒരു പരന്ന പാറ .
“എന്ത് ഭംഗി ഈ പുഴ കാണാൻ..!”

കൈകഴുകി ഡൈനിങ് ടേബിളിന് മുൻപിലിരുപ്പോൾ എല്ലാവരും ശരിക്കും അമ്പരന്നു…!
മേശപ്പുറം നിറയെ വ്യത്യസ്തമായ വിഭവങ്ങൾ….!
പലതരം വിഭവങ്ങൾ കൊണ്ട് തൂശനില നിറഞ്ഞു.
അവിയൽ, ബീൻസ് തോരൻ, പപ്പടം കാച്ചിയത് , പുഴമീൻ വറുത്തത്, നെല്ലിക്ക അച്ചാർ, എന്നിവ ഇലയിൽ വിളമ്പിയിട്ടുണ്ട്.
കുമ്പളങ്ങ ഇട്ടുവച്ച മോര് കറി, തൈര് ഇവ ചില്ല് കുപ്പിയിൽ മേശപ്പുറത്ത് വെച്ചിട്ടുണ്ട്.

” കഴിക്കൂ മോനെ…”

ചോറ് വിളമ്പിക്കൊണ്ട് അമ്മ പറഞ്ഞു.

“ഇന്ന് ഞങ്ങൾ വരുമെന്ന് ഉറപ്പ് പറഞ്ഞില്ലല്ലോ ലതേ പിന്നെ ഇത്രയും വിഭവങ്ങൾ….?”

ഭക്ഷണം കഴിക്കുന്നതിനിടെ ജോസ് മാഷ് ചോദിച്ചു.

“എനിക്കറിയാമായിരുന്നു ഇന്ന് സാറന്മാർ വരുമെന്ന് . ഇന്ന് ചന്തയല്ലേ…?
പിന്നെ ഞാൻ സദാനന്ദൻ സാറിനോട് സൂചിപ്പിച്ചിരുന്നു . പറ്റുമെങ്കിൽഎല്ലാവരെയും കൂട്ടി ഇന്ന് വരുവാൻ..”

“മോനെ, മീൻ വറുത്തത് എടുക്കൂ..”

“അയ്യോ, മതിയമ്മേ..
കുറേ എടുത്തു..
പുഴമീൻ എന്നും കിട്ടുമോ..,?”

” ഓ…! മിക്ക ദിവസവും ഒരു പയ്യൻ പുഴ മീൻ കൊണ്ടുവരും..

“മോനെ ഇത്തിരി കൂടി ചോറു കൂടി ഇടട്ടെ..?”

“അയ്യോ വേണ്ടെമ്മേ…
സാധാരണ എത്രയും ആഹാരം കഴിക്കാറില്ല ഇന്ന് കുറച്ച് ഓവർ ആയി. പിന്നെ രുചിയോടെ ഭക്ഷണം കഴിച്ചിട്ട് മാസങ്ങൾ ആയല്ലോ ..?അതുകൊണ്ട് കൂടുതൽ കഴിച്ചു.”

സദാനന്ദൻ മാഷ് പറഞ്ഞു .

“കറികളൊക്കെ നന്നായിട്ടുണ്ടോ?”
ലത പറയാറുണ്ട് അവിടെ എന്നും പയറും തക്കാളിയും പിന്നെ മുട്ടക്കറിയും മാത്രമാണ്… എന്ന്

“എന്തായാലും ഒരു മാസം കൂടി കഴിഞ്ഞാൽ മധ്യവേനൽ അവധിക്ക് സ്കൂൾ അടക്കുമല്ലോ..?
സദാനന്ദൻ മാഷിന് പിന്നെ അടുത്തവർഷം പുതിയ സ്കൂൾ ആണല്ലോ ..?
ഞങ്ങൾക്ക് എന്നും ഈ കഞ്ഞിയും പയറും തന്നെ ശരണം..”

“അപ്പോൾ മോൻ അടുത്തവർഷം ഇവിടെ ഉണ്ടാവില്ല അല്ലേ..?”

“ഇല്ലമ്മേ എന്റേത് താൽക്കാലിക ജോലി ആണല്ലോ..?
അടുത്തവർഷം എവിടെയാണോ എന്തോ …?
പി.എസ്സി കിട്ടുന്നതുവരെ ഇങ്ങനെ കറങ്ങി നടക്കണം എല്ലാവർഷവും…”

“അപ്പോൾ ഇനി ഇവിടേക്ക് വരില്ലേ ..?”

“വരണമെന്ന് ആഗ്രഹം ഉണ്ട്..
നോക്കാം…

എല്ലാവരും ഭക്ഷണം കഴിച്ച് മുറ്റത്തിറങ്ങി.

“അച്ഛനെ കണ്ടില്ലല്ലോ ലതേ…”

സോമൻ മാഷ് ചോദിച്ചു .

“സാർ അച്ഛൻ വരാൻ രണ്ട് മണി കഴിയും ..”

“ഓ..എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. ഇനി ജീപ്പ് എപ്പോഴാണ് കിട്ടുക എന്ന് പറയാൻ പറ്റില്ലല്ലോ…
ചന്തയിൽ എത്തി നിന്നും കുറെ സാധനങ്ങൾ വാങ്ങി സിനിമ കാണണം എന്നിട്ട് വേണം പോകാൻ.. ”

ജോസ് മാഷ് പറഞ്ഞു.

“സ്കൂൾ അടയ്ക്കു മുമ്പ് എല്ലാവരും ഒരിക്കൽ കൂടി വരണം കേട്ടോ…,”

മുറ്റത്തേക്ക് ഇറങ്ങിവന്ന് ലതയുടെ അമ്മ പറഞ്ഞു. കുത്തകല്ല് ഇറങ്ങിയതും സദാനന്ദൻ മാഷ് തിരിഞ്ഞു നോക്കി….
പുഞ്ചിരിക്കുന്ന മൂന്ന് മുഖങ്ങളെ നോക്കി മെല്ലെ കൈ വീശി…..

(തുടരും….)

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments