എം. ടി. വാസുദേവൻ നായരുടെ കഥാലോകത്ത് പൊൻതൂവലായി തിളങ്ങി നിൽക്കുന്ന പുസ്തകമാണ് കുട്ട്യേടത്തി.
പ്രതാപം നഷ്ടപ്പെട്ട നാലുകെട്ടിന്റെ ഇരുണ്ട ചുവരുകൾക്കുള്ളിൽ ഒതുക്കപ്പെട്ട കരീംപൂരാടക്കാരിയും വിരൂപയുമായ കുട്ട്യേടത്തിയുടെ ജീവിതം വാസു എന്ന കഥാപാത്രത്തിലൂടെ അനുവാചക ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുകയാണ് എം. ടി. വാസുദേവൻ നായർ.
കഥാതന്തു :-
വലിയമ്മക്ക് രണ്ടു പെൺമക്കളായിരുന്നു. കുട്ട്യേടത്തിയും, ജാന്വേടത്തിയും.
ഈ കഥയിലെ പ്രമേയം വാസു എന്ന ബാലനാണ്. അവരുടെ ഇളയമ്മയുടെ മകൻ.
ജീവിതം പോലെതന്നെ കുട്ട്യേടത്തിയുടെ നിറവും കറുപ്പാണ്. ഉന്തിയ പല്ലുകളും, പരുപരുത്ത കൈകളും, അഴുക്കു പുരണ്ട വസ്ത്രങ്ങളും, അടുത്തു വരുമ്പോൾ ഓക്കാനം സൃഷ്ടിക്കുന്ന ഗന്ധങ്ങളും, അവരെ ഏവരിൽ നിന്നും അകറ്റി. സ്വന്തം അമ്മയിൽ നിന്നുപോലും വെറുപ്പ് ഏറ്റുവാങ്ങേണ്ടിവരുന്ന ആ ഇരുണ്ട ജീവിതത്തിൽ കുട്ട്യേടത്തിക്ക് വെളിച്ചം പകർന്നത് ഇളയമ്മയുടെ മകനായ വാസുവാണ്.
ജീവിതം എന്ന മഹാസാഗരവും ഹൃദയത്തിൽ ചുമന്നു നടക്കുന്ന കുട്ട്യേടത്തി പുറമേ സന്തോഷം ഭാവിച്ചിരുന്നു. അതും തന്റെ സ്വന്തം പ്രിയപ്പെട്ട വാസുവിന്റെ മുന്നിൽ.
ഉച്ചക്ക് ശേഷമുള്ള കുട്ട്യേടത്തിയുടെ നാടു കാണലിനെ എല്ലാവരും എതിർത്തു. സ്ത്രീകൾക്ക് അനിവാര്യമായ അച്ചടക്കം ഇല്ലാത്തവളായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇതിനെയെല്ലാം പാടെ അവഗണിച്ച് കുറ്റപ്പെടുത്തലുകളുടേയും ഒറ്റപ്പെടുത്തലുകളുടേയും ലോകത്തിൽ നിന്നും സർക്കീട്ടുസമയ ങ്ങളിൽ കുട്ട്യേടത്തി താൽക്കാലിക സൗന്ദര്യം ആസ്വദിച്ചുപോന്നു.
കുട്ട്യേടത്തിയുടെ അനുജത്തി ജാനുവേടത്തിയെ കാണാൻ നല്ല ഭംഗിയാണ്. നല്ലവണ്ണം വെളുത്തിട്ടാണ്. നീലിച്ച ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന കൈതണ്ടുകൾക്ക് വാഴക്കൂമ്പിന്റെ മിനുപ്പുണ്ട്. അവർ അടുത്തു വരുമ്പോൾ ചന്ദനസോപ്പിന്റെ മണമാണ്. എപ്പോഴും അവരുടെ മുണ്ടും ബ്ലൗസുമൊക്കെ വെളുവെളെ തെളിഞ്ഞിരിക്കും. പക്ഷെ വാസുവിന് കൂടുതൽ ഇഷ്ടം കുട്ട്യേടത്തിയോടാണ്.
കുട്ട്യേടത്തി കറുത്തിട്ട് ആയതുകൊണ്ട് ജാനുവിന്റെ അഭിപ്രായത്തിൽ തൊട്ടു കണ്ണെഴുതാം. ചിരിക്കുമ്പോൾ പോലും രണ്ടു പല്ലുകളുടെ അറ്റം പുറത്തു കാണും. കൈത്തണ്ടയിൽ പിടിക്കുമ്പോൾ ഉണങ്ങിയ വിറകുകൊള്ളിയിൽ പിടിക്കുന്നത് പോലെയാണ് എന്നാണ് കവി ഉപമിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ കുട്ട്യേടത്തിക്കു വരുന്ന വിവാഹാലോചനകൾ ജാനുവിലേക്ക് തിരിഞ്ഞ് മുടങ്ങി പോകുമായിരുന്നു.
സ്വന്തം അനുജത്തിയിൽ നിന്നു പോലും കേൾക്കേണ്ടി വരുന്ന പരിഹാസങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് കുട്ട്യേടത്തിക്കുണ്ട്.
സ്ത്രീകൾക്ക് കഴിഞ്ഞ കാല സമൂഹം ഏർപ്പെടുത്തിയിരുന്ന വിലക്കുകളെ ലംഘിക്കാനാഗ്രഹിച്ച കുട്ട്യേടത്തി വാസുവിനായി അയൽപക്കത്തെ മാവുകളിൽ നിന്നും മാമ്പഴം കൈക്കലാക്കുമായിരുന്നു.
സ്വന്തം വീട്ടിൽ നിന്നും അനുഭവിക്കുന്ന പീഡനങ്ങളെ നിസ്സഹായതയോടെ നോക്കി നിന്ന വാസു അവരെ നിഷ്കപടതയോടെ സ്നേഹിച്ചു.
കറുത്ത പുള്ളികളുള്ള ജാക്കറ്റും അതിൽ നിറയെ അഴുക്കും ഉണ്ടാകും. മുണ്ടിലാണെങ്കിൽ ഏതു നേരവും മണ്ണും കരിയും. അടുത്തു വരുമ്പോഴാണെങ്കിൽ വിയർപ്പിന്റേയും എണ്ണയുടേയും നനച്ച നിവർത്താതെ ഇട്ട ഈറൻ തുണിയുടേയും
മണം കൊണ്ട് ഓക്കാനം വരും.
അവരുടെ ഇടത്തെ കാതിൽ ഒരു മണിയുണ്ട്. അതായത് ഒരു കഷ്ണം മാംസം തുറിച്ചു നിൽക്കുന്നതാണ്. കണ്ടാൽ അറപ്പ് തോന്നുമെങ്കിലും കുട്ട്യേടത്തിയെ വാസുവിന് ഇഷ്ടമാണ്.
സ്വന്തം അമ്മയിൽ നിന്നുപോലും വെറുപ്പും ശകാരവും ഏറ്റുവാങ്ങേണ്ടി വരുന്നു. എങ്കിലും കുട്ട്യേടത്തിക്ക് അമ്മയെ നല്ല സ്നേഹമാണ്.
അടക്കമില്ല ഒതുക്കമില്ല തോട്ടം മുടിയാൻ കാലത്തു ചണ്ണ പൊട്ടുമെന്നൊരു തത്വവും ശകാരത്തിന്റെ കൂടെ വലിയമ്മ കുട്ട്യേടത്തിയോട് പറയുന്നതാണ്. നീയാകും കാലത്ത് നക്കുപ്പും നാരായക്കല്ലും ഉണ്ടാകില്ല എന്നുകൂടി തട്ടിവിടും.
എല്ലാവരുടേയും വെറുപ്പു മാത്രം ഏറ്റു വാങ്ങേണ്ടി വരുന്ന ആ പാവത്തിന്റെ ഇരുണ്ട ജീവിതത്തിൽ അവർക്ക് വെളിച്ചം പകരുന്നത് വാസുവായിരുന്നു.
തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിൽ ഉടലെടുത്ത കഥയാണ് കുട്ട്യേടത്തി. അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും, ബന്ധനങ്ങളുടേയും മോചനത്തിന്നാഗ്രഹിക്കുന്ന കുട്ട്യേടത്തിക്ക് കഥയിൽ പല മുഖങ്ങളാണ്.
വാസുവിനോട് സന്തോഷത്തിന്റെയും, ദുഖത്തിന്റെയും ഭാവത്തിൽ സംസാരിക്കാൻ അവർക്ക് കഴിയുന്നു. ആ സംഭാഷണങ്ങളെല്ലാം ഉത്ഭവിക്കുന്നത് അവരുടെ ഹൃദയത്തിൽ നിന്നാണ്.
നിരന്തരമായ വേദനയാ ൽ വീർപ്പുമുട്ടുന്ന ആ ഹൃദയം നന്മയുടെ പ്രവാഹമായി വാസുവിലേക്കൊഴുക്കി. അവരുടെ ആ രൂപം ആരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കിലും അവരുടെ ഹൃദയം നന്മയുടെ സമൃദ്ധിയായിരുന്നു.
നമ്മൾ ഊഹിക്കാം ഒരമ്മ സ്വന്തം മകളോട് ഇത്തരം പെരുമാറുമോ എന്ന്. അവരുടെ അമ്മ നാരായണി ഇങ്ങനെ പെരുമാറുന്നത് സ്വന്തം മകളുടെ അവസ്ഥയും നശിച്ചുകൊണ്ടിരിക്കുന്ന അവളുടെ ജീവിതത്തേയും ഓർത്ത് ഓരോ നിമിഷവും തീ തിന്നുകൊണ്ടിരിക്കുന്ന ഒരമ്മയുടെ ആത്മാവിന്റെ രോദനത്തിൽ നിന്നും
പൊട്ടിമുളച്ചതായിക്കൂടെ? ആ അമ്മയുടെ മനോദുഃഖം നമുക്ക് ഊഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരിക്കില്ലേ?.
അവളെ കാണുമ്പോൾ ആ മനസ്സിൽ കത്തിക്കാളുന്ന വികാരങ്ങൾ ശകാരത്തിന്റേയും വെറുപ്പിന്റെയും രൂപത്തിൽ പുറത്തേക്കൊഴുകുന്നതാകാം. ആ അമ്മ മനസ്സിലെ വേദനയുടെ ആഴം ആർക്കും മനസ്സിലാകില്ല.
കുട്ട്യേടത്തിയുടെ കാതിലെ മണിക്കൊണ്ടാണൊ അവരുടെ വിരൂപം എന്നു വിചാരിച്ച അവർ കത്തിയെടുത്ത് അതു മുറിച്ചു മാറ്റാൻ ശ്രമിക്കുകയും തുനിയുകയും അത് സഫലമാകാതെ പോകയും ചെയ്യുന്നു.
ഇതിന്നിടയിൽ ഈ കഥയിലേയ്ക്ക് വേറൊരു വില്ലൻ കൂടി കടന്നു വരുന്നു. കീഴ്ജാതിക്കാരനായ അപ്പുണ്ണി. കുട്ട്യേടത്തിയും അപ്പുണ്ണിയും തമ്മിലുള്ള ഇടപെടലാണ് ഈ കഥയുടെ അവസാനത്തിൽ അനുവാചകരെ അഗാധമായ വേദനയുടെ നീർചൂഴിയിലേയ്ക്ക് ആഴ്ത്തുന്നത്.
ആ പ്രണയബന്ധത്തിൽ വീട്ടിലുണ്ടായ സംഘർഷണം കുട്ട്യേടത്തിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചു. നടപ്പുരയുടെ ഉത്തരത്തിൽ ഒരു കയറിൻ തുമ്പത്ത് ആ ശരീരം അവസാനിപ്പിക്കുന്നു.
സ്വന്തം വീട്ടിൽ വാസുവിൽ നിന്നൊഴിച്ച് മറ്റാരിൽ നിന്നും ലഭിക്കാത്ത സ്നേഹത്തിന്നായി ബദ്ധപ്പെട്ട കുട്ട്യേടത്തിയെ മനസ്സിലാക്കാൻ ആർക്കും സാധിച്ചിരുന്നില്ല.
നിരാശകൾ മാത്രമായിരുന്നു കുട്ട്യേടത്തിയുടെ ലോകം. അമ്മ നാരായണി വിവാഹിതയായശേഷം സകല സുഖങ്ങളും അനുഭവിച്ചു പോകവെയാണ് അവർ പെട്ടെന്ന് വിധവയാകുന്നതും ജീവിതം ഇരുളടഞ്ഞു പോകുന്നതും. ഒടുകിൽ കുട്ട്യേടത്തിയുടെ ജീവിതവും പതിയെ പതിയെ ശൂന്യമാകുകയായിരുന്നു.