Monday, October 28, 2024
Homeയാത്രമൈസൂർ - കൂർഗ് - കേരളം യാത്രാ വിശേഷങ്ങൾ - (22) ' കൊച്ചി ചെറായി...

മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ – (22) ‘ കൊച്ചി ചെറായി ബീച്ച്’ ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി 

റിറ്റ ഡൽഹി

കേരളത്തിലെ കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശമായ വൈപ്പിൻ ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ചെറായിയിലാണ് ചെറായി ബീച്ച് സ്ഥിതി ചെയ്യുന്നത് . കായലും കടലും ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്ന കേരളത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത്.

വേലിയേറ്റം കൂടുതലും താഴ്ന്നതും തിരമാലകൾ മൃദുവായതു കൊണ്ട് ഏകദേശം 10 കിലോമീറ്റർ നീളമുള്ള കടൽത്തീരം നീന്താൻ അനുയോജ്യമാണത്രേ ! ഇടയ്ക്കിടെ ഡോൾഫിൻ കാണുന്നതിനും പേരു കേട്ടതാണ്.  ചെറായി ബീച്ചിനെ പറ്റി വായിച്ചപ്പോൾ എന്തായാലും കടലിനെ അഭിമുഖീകരിച്ചുള്ള താമസ സ്ഥലം തിരഞ്ഞെടുക്കാമെന്ന് വിചാരിച്ചു. ഏതോ സിനിമയിൽ അതുപോലെ കണ്ടിട്ടുണ്ട്. അന്നുമുതലുള്ള മനസ്സിലുള്ള  ‘ ചുമ്മാ ഒരാഗ്രഹം’ ആണിത്. സിനിമക്കാർ  ഓരോ ആശയങ്ങൾ കാണിച്ച് നമ്മളെ മോഹിപ്പിക്കുന്നു. പാവം നമ്മൾ അല്ലേ!

‘ കടലിനക്കരെ പോണോരേ …’

‘കടൽ കാറ്റിൻ നെഞ്ചിൽ കനലായ് … ..’

‘ പുലരെ പൂങ്കോടിയിൽ ……’

‘ വികാര നൗകയുമായ് … ‘

ഏതോ നിമിഷ കവിയെ പോലെ കടലിനെ നോക്കി പാടാനായി  ഒരു കൂട്ടം മലയാള സിനിമാ ഗാനങ്ങളെ ഓർത്തെടുത്ത എനിക്ക് ഇതിൽപരം വലിയ അക്കിടി പറ്റാന്നുണ്ടോ? കടലിനെ അഭിമുഖീകരിച്ച് താമസിക്കാനുള്ള റിസോർട്ടുകൾ ധാരാളം. പക്ഷെ സുനാമിയുടെ അനന്തരഫലം എന്നു പറയാം  കടൽത്തീരത്ത് ഒരാൾ പൊക്കത്തിൽ അല്ലെങ്കിൽ അതുക്കും ഉയരത്തിൽ വലിയ കരിങ്കല്ല് കൊണ്ട് മതിൽ കെട്ടിയിരിക്കുകയാണ്. റിസോർട്ടിന്റെ ഒന്നാം നിലയിൽ നിന്ന് നോക്കിയാൽ കടൽ  കാണാം എന്നൊരു സൗകര്യം. താമസവും കടലും തമ്മിൽ ‘ മതിൽ’ സിനിമയുടെ ‘ ഇഫക്ട്’ ആയി എന്നു പറയാം.

താമസ സ്ഥലത്തുള്ള രാവിലത്തെ പ്രാതലിനായിട്ട് അവിടെ ഭക്ഷണത്തിന് സൗകര്യമില്ല. ഓർഡർ കൊടുത്താൽ അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കൊണ്ടു തരാനുള്ള സൗകര്യമാണുള്ളത്. എന്നാൽ ഞങ്ങൾ അവിടെ പോയി കഴിച്ചേക്കാം എന്നു പറഞ്ഞു കൊണ്ട് ചെറായി ഗ്രാമത്തിലൂടെയുള്ള വളഞ്ഞും – പുളഞ്ഞുമുള്ള ആ കുഞ്ഞു വഴികളിലൂടെയുള്ള യാത്ര,ബീച്ച് ജനപ്രിയമാകുന്നതിന് മുമ്പ്, ചെറായി വില്ലേജിലെ ഭൂരിഭാഗം നാട്ടുകാരും മത്സ്യബന്ധനത്തിലായിരുന്നു.അതിന്റെ അടയാളങ്ങൾ മത്സ്യബന്ധന വലകളുടെയും തുറമുഖത്തിന്റെയും സാന്നിധ്യത്തിൽ കാണാൻ കഴിയും. താമസ സ്ഥലത്തുള്ളവർ പറഞ്ഞു തന്ന സ്ഥലം, നമ്മൾ സ്ഥിരം കാണുന്ന ചായക്കട യാണ്. ചായക്കടയിലെ ‘ക്ലിഷേ’ എന്നു പറയാവുന്ന ഉറക്കെ പത്രം വായിക്കുന്ന ഒരാളും അത് കേട്ടുകൊണ്ട് ജോലി ചെയ്യുന്ന മറ്റുള്ളവരും ഇവിടെയുമുണ്ട്. ഒരു പക്ഷെ കേരളത്തിലാണ് ഞാൻ താമസിക്കുന്നതെങ്കിൽ ഇത്തരം ഒരു ചായക്കടയിൽ പോയി ഭക്ഷണം കഴിക്കുമോ എന്ന് സംശയം! എന്തായാലും കേരളത്തെ അതിന്റെതായ രീതിയിൽ അറിയണമെങ്കിൽ നമ്മൾ ടൂറിസ്റ്റുകാരവണം എന്നു തോന്നുന്നു.

ചെറായി ബീച്ചിൽ ‘ one day tour’ നായി വന്നവർ,  മതിൽ എല്ലാം ചാടിയിറങ്ങി ബീച്ചിൽ കുളിയും നീന്തലുമായി ആകെ ഉഷാറിലാണ്. സൂര്യോദയം & സൂര്യാസ്തമയ കാഴ്ചകളുടെ ഭംഗി പ്രത്യേകം പറയേണ്ടതില്ലല്ലോ!

സമുദ്രോത്പന്നങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത പുതുതായി പാകം ചെയ്ത വൈവിധ്യമാർന്ന സമുദ്രവിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി റെസ്റ്റോറന്റുകൾ ബീച്ചിനോട്  ചേർന്നുണ്ട്.

ബീച്ചിന്റെ തെക്കൻ ഭാഗങ്ങൾ നെൽവയലുകളാൽ നിറഞ്ഞിരിക്കുന്നു. വടക്കേ അറ്റത്ത്, ചെറായിയിലെ കായലുകളും. വടക്കൻ ഭാഗത്തെ തീരം ചീനവലകൾ കൊണ്ട് നിരത്തിയിരിക്കുന്നു.  മത്സ്യബന്ധന വലകൾക്ക് സമീപം മുനമ്പം ഫിഷിംഗ് ഹാർബർ എന്ന പേരിൽ ഒരു മത്സ്യബന്ധന തുറമുഖമുണ്ട്. മുനമ്പത്ത് നിന്ന് നോക്കിയാൽ മുനമ്പം തുറമുഖത്തിന്റെ മറുവശത്ത് കാണുന്നത് തൃശൂർ ജില്ലയിലുള്ള അഴീക്കോട് എന്ന സ്ഥലമാണ്.

1341- ൽ പെരിയാറിൽ ഉണ്ടായ ഒരു പ്രളയത്തിൻറെ ഫലമായിട്ടാണ് മുനമ്പം അടങ്ങുന്ന വൈപ്പിൻകരയുടെ ഉത്ഭവം എന്ന് കരുതുന്നു.മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടെ വീതി കുറഞ്ഞ കരയുടെ കൂർത്ത അറ്റത്തതിനെ മുനമ്പ്‌ എന്ന് പറയുന്നു.ഇതിൽ നിന്നാണ് മുനമ്പം എന്ന പേര് ലഭിച്ചതെന്ന്  പറയുന്നു.ചെറായി ബീച്ചിനേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് മുനമ്പം എന്ന ഈ സ്ഥലമാണ്. ചെറായിൽ നിന്ന് അധികം ദൂരമില്ല.

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലം ഒഴികെ, ബീച്ചിലെ മണൽ കിലോമീറ്ററുകളോളം നീണ്ടുനിൽക്കുന്ന തടസ്സങ്ങളില്ലാതെ വ്യാപിച്ചുകിടക്കുന്നതാണ് ചെറായി ബീച്ച്.

കൊച്ചിയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ബീച്ചുകളിൽ രണ്ടു ദിവസം ചെലവഴിച്ചു എന്ന സന്തോഷത്തോടെ തിരിച്ച് വീട്ടിലോട്ട് … :

Thanks

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments