ബെംഗളുരു: കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര എര്‍ത്ത് സയന്‍സസ്, ശാസ്ത്ര-സാങ്കേതിക വിദ്യാ മന്ത്രി ഡോ.ജിതേന്ദ്ര സിങ്. കര്‍ണാടകയിലെ മാണ്ഡ്യ, യദ്ഗിരി ജില്ലകളിലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എഎംഡി) നടത്തിയ പ്രാഥമിക സര്‍വേകളിലും പര്യവേക്ഷണങ്ങളിലുമാണ് മാണ്ഡ്യ ജില്ലയിലെ മര്‍ലഗല്ല മേഖലയില്‍ 1,600 ടണ്‍ നിക്ഷേപം കണ്ടെത്തിയത്.
രാജ്യസഭയില്‍ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ലിഥിയം കണ്ടെത്താനുള്ള സജീവമായ പരിശോധനകള്‍ എഎംഡി നടത്തുന്നുണ്ടെന്നും മന്ത്രി പറയുന്നു.
ക്ഷാരലോഹങ്ങളുടെ (ആല്‍ക്കലി മെറ്റല്‍) കൂട്ടത്തില്‍പ്പെടുന്ന ഒരു മൂലകമാണ് ലിഥിയം. ആഗോള തലത്തില്‍ ഏറ്റവും ഡിമാന്റുള്ള ധാതുക്കളിലൊന്നാണിത്. 1817 ല്‍ ജോഹന്‍ ഓഗസ്റ്റ് ആര്‍വെഡ്‌സണ്‍ ആണ് ഈ മൂലകം കണ്ടെത്തിയത്. ഗ്രീക്ക് ഭാഷയില്‍ കല്ല് എന്നര്‍ത്ഥമുള്ള ലിഥോസ് എന്ന പഥത്തില്‍ നിന്നാണ് ലിഥിയം എന്ന പേര് വന്നത്.
എഎംഡിയുടെ സര്‍വേയില്‍ ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ ജില്ലയില്‍ യുറേനിയത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആണവോര്‍ജ്ജ കമ്മീഷന്‍ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി.
സ്മാര്‍ട്‌ഫോണുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ ക്യാമറകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാവശ്യമായ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കുന്നതിന് അനിവാര്യമായ ഘടകമാണ് ലിഥിയം. അഥിനാല്‍ ലിഥിയം ഉത്പാദനത്തില്‍ ശക്തിയാര്‍ജിച്ചാല്‍ അത് രാജ്യത്തിന് വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് വഴിവെക്കും.