പാണന്റെ പാട്ടുമായ് ഓടിയെത്തീടുന്ന
ശ്രാവണ പുലരികൾ മിഴിതുറക്കേ
ഇന്നെന്റെ ചിന്തകൾ
വഴിമാറിപ്പോകുന്നു
ഗതി മാറി ഒഴുകുന്ന പുഴകൾ പോലെ
കാണുന്നു നീറുന്ന കാഴ്ചകൾ ചുറ്റിലും
ഹൃത്തടം നോവുന്നു നൊമ്പരത്താൽ
ഓണം വരുമോരു കാലമായിടിലും
എരിയുന്ന വയറുമായ്
പശിയൊന്നടക്കുവാൻ
കേഴുന്നതെത്രയോ തെരുവു ബാല്യം
പൂക്കാതെ കായ്ക്കാതെ തമ്മിൽ
പുണരുന്ന
തരുവിൻ ജഡകളെപ്പോലെയിന്നും
ആഹ്ലാദമില്ലാതെ ആനന്ദമില്ലാതെ
അലയുന്നു തെരുവിന്റെ സന്തതികൾ
നിസ്വജന്മങ്ങൾതൻ തകരുന്ന
മോഹങ്ങൾ
എങ്ങോ ഉടഞ്ഞങ്ങു പോയിടുന്നു
വർണ്ണ ചിറകില്ലാ പക്ഷികൾ തന്നുടെ
കദനങ്ങൾ സഹജരേ കാണുകില്ലേ
അവരോടുകൂടിയി ഓണമാഘോഷിച്ച്
അവരുടെ അശ്രു തുടച്ചു മാറ്റാം
മാവേലി മന്നനുമാകാഴ്ച കാണുകിൽ
സംതൃപ്തിയോടെ തിരിച്ചു പോകും