കർക്കിടകം തീർന്നാൽ ദുർഘടം തീർന്നുവെന്ന് ഓർമ്മ വെച്ചനാൾ മുതൽ കേട്ടു പഴകിയതാണ്. പക്ഷേ സമയത്തിൻ്റെ ഭ്രമണം ചാക്രികമായതുകൊണ്ടു തന്നെ ചില പ്രയോഗങ്ങൾക്കൊന്നും പഴമയില്ല അവ എന്നും പുതുമയോടെ നിൽക്കും.
മലയാള കലണ്ടറിലെ പഞ്ഞമാസമാണ് കർക്കിടകം അഥവാ ആടിമാസം എല്ലാത്തരം ദുർഘടത്തിനാലും മനുഷ്യൻ ദുരിതപ്പെടുന്ന മാസം. എല്ലാ ആധിവ്യാധികളും സങ്കീർണ്ണമാകുന്ന, സൂര്യൻ്റെ രശ്മികൾ ഏറ്റവും തീവ്രത കുറഞ്ഞ് ജീവഗണങ്ങളിൽ പതിക്കുന്ന മാസം. സൂഷ്മാണുക്കൾ അന്തരീക്ഷത്തിൽ പെരുകി പലതരം രോഗങ്ങളുടലെടുക്കുന്ന മാസം. കള്ളക്കർക്കിടകം എന്നൊരു ചൊല്ലുതന്നെയുണ്ട്. രാവിലെ വളരെ പ്രസന്നവദനയായി നിൽക്കുന്ന പ്രഭാതം എത്ര പെട്ടെന്നാണ് കരിമ്പടമെടുത്തു ചുറ്റി കാളിയെപ്പോലെ മുടിയഴിച്ച് മുടിയേറ്റു നടത്തുന്നത്. തോരാമഴപ്പെയ്ത്തിൽ പുഴകളും കായലും കുളങ്ങളും കടലുമെല്ലാം നിറഞ്ഞു കവിഞ്ഞ് രൗദ്രഭാവമാർന്ന് ആർത്തലച്ചു ദിക്കു തെറ്റിയൊഴുകുന്ന കർക്കിടകം. വീടുകളിൽ ഒരു നേരം പോലും പട്ടിണി മാറ്റുവാൻ കഴിയാതെ വിഷമിക്കുന്ന വലിയൊരു ജനതതിയുടെ വറുതിയുടെ മാസം.
എൻ്റെ ഓർമ്മയിലെ കർക്കിടകം കടലിലെ തിരകളെ വാരിച്ചുറ്റി കറുപ്പുടുത്ത കരിങ്കോലമായെത്തുന്ന പിശറൻ കാറ്റിൻ്റെ അകമ്പടിയോടെയാണെത്തുന്നത്. എൻ്റെ തറവാടിനെ രണ്ടു ഭാഗങ്ങളായാണ് അന്ന് വിഭജിച്ചിരുന്നത്. കിടപ്പുമുറിയും പൂജാമുറിയും വിരുന്നു മുറിയും നീളൻ തിണ്ണയും തെക്കു ഭാഗത്തായൊരു ചായ്പും ഉൾക്കൊള്ളുന്ന വലിയ പുര. വടക്കു ഭാഗത്തായി അടുക്കളയും മുതിർന്ന സ്ത്രീകൾ ഋതുവാകുമ്പോൾ താമസിക്കുന്ന ഒരു ചെറിയ മുറിയും അരിയും സാധനങ്ങളും സൂക്ഷിയ്ക്കുന്ന പത്തായപ്പുരയുമടങ്ങുന്ന വടക്കേപുര. ഇതിന് രണ്ടിനെയും വേർതിരിക്കുന്നിടത്ത് തകരഷീറ്റുകൊണ്ട് ഒരു പാത്തിയുണ്ട്. മഴവെള്ളം അതിൽ കൂടെ ഒലിച്ചു പുറത്തേക്ക് പോകും. ഞങ്ങളുടെ നാട്ടിൽ അതിന് തൂമ്പ് എന്നാണ് പറയുന്നത്.
അമ്മമ്മയുടെ കൂടെയാണ് ഞാൻ കിടക്കുന്നത്. പടിഞ്ഞാറേക്കു തുറക്കുന്ന ചെറിയ ജനാലയുടെ അടുത്തിരുന്നാൽ പിശറൻ കാറ്റ് കലിതുള്ളി വരുന്നത്കാണാം. തെങ്ങോലത്തുമ്പുകളെയെടുത്ത് അമ്മാനമാടി അവയുടെ തുഞ്ച് മണ്ണിൽ മുട്ടിച്ച് ദണ്ഡനമസ്ക്കാരം ചെയ്തു വരുന്ന ആ കാറ്റു തന്നെയാണോ നേർത്ത തെന്നലായി പലപ്പോഴും നമ്മെ തലോടി കടന്നു പോകുന്നത് എന്നോർക്കുമ്പോൾ അത്ഭുതമാണ്.
കൈത ഓല കൊണ്ടുണ്ടാക്കിയ രണ്ട് മെത്തപ്പായകൾ ചേർത്തിട്ട് അതിനു മുകളിൽ കറുത്ത കട്ടിക്കരിമ്പടവും വിരിച്ച് മുകളിൽ പിന്നെ ഷീറ്റും വിരിച്ചാണ് അമ്മമ്മ എന്നെ കിടത്തുന്നത്. അമ്മമ്മയുടെ നെഞ്ചിലെ ചൂടും ഈ കിടക്ക വിരികളുടെ സുഖവുമൊന്നും ഇന്നത്തെ പതുപതുത്തമെത്തകൾക്ക് കിട്ടാറില്ല. തന്നെയുമല്ല എത്ര മഴ കോരിച്ചൊരിഞ്ഞാലും ആ തണുപ്പൊന്നും അന്ന് അറിയാറേയില്ല.
കർക്കിടകത്തിലാണ് മുരിങ്ങയിലയൊഴികെയുള്ള എല്ലാ ഇലവർഗ്ഗങ്ങൾക്കും ഗുണം കൂടുന്നതും നെയ്യ് വെക്കുന്നതുമത്രേ. രാവിലെ അമ്മമ്മ ഒരു കുടയുമെടുത്തിറങ്ങും. ഇന്നത്തെപ്പോലെ മൂന്നും നാലും മടക്കുള്ള ഫോറിൻ കുടകളല്ല കറുത്ത പരുത്തി തുണികൊണ്ടുണ്ടാക്കിയ വലിയ കാലുള്ള വളഞ്ഞ പിടിയുള്ള ശീലക്കുട. ഉണങ്ങിയ കൈതോല കൊണ്ട് മെടഞ്ഞ ഒരു വട്ടിയുമുണ്ടാകും അമ്മമ്മയുടെ കയ്യിൽ. ആവിരൽ തുമ്പിൽ പിടിച്ച് ഞാനുമുണ്ടാകും. നാട്ടുപറമ്പിലും ചാലിലുമൊക്കെ പുതിയ ഇലവർഗ്ഗങ്ങൾ പൊട്ടിത്തഴച്ചുവളർന്നു നിൽക്കുന്നുണ്ട് ധാരാളം. കുപ്പച്ചീര എന്നറിയപ്പെടുന്ന വയൽച്ചീര, മണിയൻ ചീര, തഴുതാമ, വള്ളിച്ചീര, സാമ്പാറുചീര, കുടങ്ങൽ, ചേമ്പില (ചേമ്പിൻ താൾ) (കർക്കിടകത്തിലെ ഒരു പ്രധാനകറിയാണ് താളുകറി), മൈസൂർ ചീര, പയറിൻ്റെ കുരുന്നില, കോവലിൻ്റെ ചെറിയ വള്ളിയും തളിരിലയും അങ്ങനെ ധാരാളം ഇലത്തരങ്ങൾ. ഇവയിലേതെങ്കിലും മൂന്നു തരം ഇലകൾ നുള്ളിയെടുത്ത് വട്ടിയിലാക്കി വീടിൻ്റെ കിഴക്കുഭാഗത്ത് ഒരു കുളമുണ്ട് ആ കുളത്തിൽ കൊണ്ടുചെന്ന് ഈ ഇലകളെല്ലാം നന്നായി കഴുകി വാരി വട്ടിയിലാക്കി നേരെ ഇളം തിണ്ണയിലേക്ക്. അവിടെയിരുന്ന് മെല്ലെ ഒരു മുറത്തിലേക്ക് അതെല്ലാം കുനുകുനെ അരിഞ്ഞ് നേരെ അടുക്കളയിലേക്ക്. നാളികേരത്തിന് ഒരു ക്ഷാമവുമില്ലാത്ത നാടായിരുന്നു എൻ്റെ ഗ്രാമം. നിറയെ തിങ്ങി നിറഞ്ഞുനിൽക്കുന്ന കേരവൃക്ഷങ്ങൾ സമൃദ്ധിയുടെ ഗരിമയിൽ തല കുനിച്ചു നിന്ന നാട്. പ്രാതലിന് എന്നും കഞ്ഞിയാണ്. നല്ല പുന്നെല്ലിൻ്റെ അരി ഉരലിൽ കുത്തിയെടുത്താണ് അരിയുണ്ടാക്കുന്നത്. ഇളം ചുവന്ന നിറമുള്ള ചെമ്പാവരിക്കഞ്ഞി തേങ്ങാപ്പാലു ചേർത്ത് നല്ല പശുവിൻ നെയ്യ് ഇത്തിരി അതിൻ്റെ മീതെ തൂകി, ഇലകളെല്ലാം നാളികേരവും വെളുത്തുള്ളിയും നല്ല ജീരകവും ചേർത്ത് അമ്മിക്കല്ലിൽ ചതച്ചെടുത്ത് നല്ല ശുദ്ധമായ വെളിച്ചെണ്ണയിലുണ്ടാക്കുന്ന ഇലത്തോരനും ചേർത്തു കഴിയ്ക്കുന്ന സ്വാദ് ഇന്നും രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഓർമ്മയാണ്. കനലിൽ ചുട്ടെടുത്ത തേങ്ങ ചേർ ത്ത ചമ്മന്തിയും പപ്പടം കനലിൽ ചുട്ടതും അപ്പൂപ്പന് നിർബന്ധമാണ്. (അങ്ങനെ നാടൻ വിഭവങ്ങൾ കൊണ്ട് ആരോഗ്യസമ്പന്നമായിരുന്ന ഒരു നാട് ,ഇന്ന് കുഴിമന്തിയും ബർഗറും കഴിച്ച് പൊണ്ണത്തടിയന്മാരും അലസന്മാരുമായി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ തോറും കയറിയിറങ്ങി മരുന്നു തിന്നു ജീവിതം തീർക്കുന്നു.)
ദിവസങ്ങളോളം പെയ്യുന്ന തോരാമഴപ്പെയ്ത്ത് ചിലപ്പോൾ ആഴ്ച്ചകളോളം തുടരും. മിക്ക വീടുകളും വറുതിയുടെ അടുപ്പുകളിൽ തീ പുകയാതെ തണുത്തു വിറങ്ങലിക്കും. തീര പ്രദേശങ്ങളിൽ കടൽക്ഷോഭം കാരണം മൽസൃബന്ധനത്തിനു പോകുവാൻ സാധിക്കാതെ മൽസ്യതൊഴിലാളികളുടെ കുടിലുകളും പട്ടിണിയുടെ പിടിയലമരും. ആ സമയങ്ങളിലാണ് പറമ്പിൽ വാരം എടുത്ത് നട്ടിരിക്കുന്ന ചേമ്പും ചേനയുമൊക്കെ ചോറിനു പകരക്കാരാകുന്നത്. കറുത്ത കണ്ണൻ, വെളുത്ത കണ്ണൻ, താമരക്കണ്ണൻ, വെട്ടു ചേമ്പ്, ചെറുചേമ്പ്, അങ്ങനെ പല ഔഷധ ഗുണങ്ങളുള്ള കിഴങ്ങു വിളകളും പറമ്പിലുണ്ടാകും. ഒന്നോ രണ്ടോ ചുവടു ചേമ്പു കിളച്ചാൽ തന്നെ ഒരു കലത്തിൽ വേവിക്കുവാനുള്ള താളും കിഴങ്ങും ഉണ്ടാകും. വലിയ കിഴങ്ങുകൾ തൊലിചുരണ്ടി വൃത്തിയാക്കി, ചെറുകിഴങ്ങുകൾ തൊലിചുരണ്ടാതെ തന്നെ കഴുകി കലത്തിലിട്ട് മഞ്ഞളും നല്ല ജീരകും വെളുത്തുള്ളിയും അരച്ചു കലക്കി കല്ലുപ്പും ചേർത്ത് അതിൻ്റെ മീതെയൊഴിച്ച് മൺകലത്തിൽ വെച്ച് പുഴുങ്ങിയെടുക്കും. ഇടയ്ക്ക് ചേമ്പു വെന്തമണം എൻ്റെ നാസാഗഹ്വരങ്ങളിൽ അനുവാദമില്ലാതെ കടന്നുകയറുമ്പോൾ ഒരു പച്ചയീർക്കിൽ എടുത്തു കൊണ്ട് വേവ് നോക്കുവാൻ അമ്മമ്മയുടെ അടുത്ത് മെല്ലെ ചെല്ലും. ആദ്യമൊന്നു നോക്കി കണ്ണുരുട്ടിയാലും ആവി വരുന്ന കലത്തിൽ നിന്നും വലിയ കിഴങ്ങാരെണ്ണം കുത്തിയെടുത്ത് എനിയ്ക്കു തരും അമ്മമ്മ . ആവി പറക്കുന്ന കിഴങ്ങിൻ്റെ സ്വാദ് ഇന്നും നാവിൽ കൊതിയൂറുന്ന ഓർമ്മയാണ്. പിന്നെയുമുണ്ട് കർക്കിടക വിഭവങ്ങൾ പലത്. മുപ്പെട്ടു വെള്ളിയ്ക്ക് പത്തില ചേർത്ത കറി, നവരയരിയും (തൊട്ടാവാടി, മുത്തങ്ങ, മത്തൻ ഇല മുക്കുറ്റി, നിലപ്പന, വള്ളി ഉഴിഞ്ഞ, തകര ഇവയെല്ലാം ചതച്ചു നീരെടുത്ത് ഉലുവയും പയറും ചേർത്തുണ്ടാക്കുന്ന കർക്കിടകക്കഞ്ഞി, തെങ്ങിൻ്റെയിളം പൂക്കുല പച്ചരി ചേർത്ത് ഉരലിലിടിച്ചു പൊടിച്ച് ചക്കര ചേർത്തുണ്ടാക്കുന്ന പുട്ട് (നടുവേദനയ്ക്ക് ) അതിവിശേഷം, അങ്ങിനെ പല വിഭവങ്ങൾ.
കർക്കിടക മാസം ശരീരത്തിൻ്റെയും പ്രകൃതിയുടെയും ശുദ്ധീകരണ മാസമാണ്. കഫ പിത്ത വാതജന്യങ്ങളെല്ലാം അധികരിക്കുന്ന മാസം. ഈ വക ഔഷധ പ്രയോഗങ്ങളാലും ഉഴിച്ചിൽ മുതലായ മർമ്മ സിദ്ധപ്രയോഗങ്ങളാലും അടുത്ത ഒരു വർഷത്തേയ്ക്ക് നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെക്കളഞ്ഞ് ആരോഗ്യത്തോടെ സംരക്ഷിക്കുവാൻ തയ്യാറെടുപ്പുകൾക്ക് വിധേയമാകുന്ന മാസം. പ്രകൃതിയും അതുപോലെ തന്നെ .കടുത്ത വേനലിൽ ശുഷ്ക്കിച്ചു പോയ മണ്ണിനെ ഇടവപ്പാതിയെന്ന മൺസൂണിൽ സംസ്ക്കരിച്ച് ശുദ്ധമാക്കി വീണ്ടും ഉർവ്വരത നിറയ്ക്കുന്ന മാസം. എല്ലാ മാലിന്യങ്ങളും ഒഴുക്കിക്കളഞ്ഞ്, സസ്യങ്ങളും വൃക്ഷങ്ങളും തളിർത്തു കൊഴുത്തു തഴച്ച് അടുത്ത വിളവിനായി അവരുടെ തരുക്കളെയൊരുക്കുന്ന മാസം
പുതിയ ആണ്ടു പിറക്കുമ്പോൾ കഴിഞ്ഞ വർഷത്തെ അലക്ഷ്മിയെ നീക്കുവാൻ കർക്കിടക പൊട്ടനിറങ്ങുന്ന ആടി മാസം. മരിച്ചുപോയ പൂർവ്വികർ, ഭൂമിയിൽ തങ്ങളുടെ പരമ്പരയെ അനുഗ്രഹിക്കുവാൻ അമാവാസി നാളിലെ മഴയിൽ ഭൂമിയിലെത്തുന്ന പിതൃമാസം അങ്ങനെ ദുർഘടം തീരുന്ന കർക്കിടകത്തിനെക്കുറിച്ച് ഇനിയുമേറെയെഴുതുവാൻ ബാക്കി …
അടുത്ത കാറ്റും കോളും അലറി വിളിച്ചു തിറയാടിയെത്തുന്നു. കൊമ്പനാനപ്പുറത്തേറി വരുന്ന കർക്കിടക മൂർത്തിയ്ക്ക് സംക്രാന്തി ദിനത്തിൻ്റെ നമസ്ക്കാരം.
നാടുകാക്കുക തേവരെ
നന്മ നിറയ്ക്കുക തേവരെ
കേടൊഴുക്കി വിട്ടു നാടിനും നാട്ടാർക്കും
ശുദ്ധം വരുത്തുക തേവരെ🙏