Sunday, November 24, 2024
Homeകേരളംരാജ്യത്തു കാട്ടാനകൾ വർദ്ധിക്കുന്നു

രാജ്യത്തു കാട്ടാനകൾ വർദ്ധിക്കുന്നു

രാജ്യത്തു കാൽനൂറ്റാണ്ടിനിടയിൽ  കാട്ടാനകൾ 17.2 ശതമാനം വർദ്ധിച്ചപ്പോൾ കേരളത്തിലിത് 63 ശതമാനമാണ്.  വന്യജീവി ആക്രമണം കൂടിയതിനെത്തുടർന്ന് കഴിഞ്ഞവർഷമാണ് വീണ്ടും കണക്കെടുത്തത്. ഇതിനു മുൻപ് 1993-നും 2017-നും ഇടയിലാണ് കണക്കെടുത്തത്.

സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ (സി.സി.ഇ.), സേവ് വെസ്റ്റേൺ ഘട്ട്സ് പീപ്പിൾ ഫൗണ്ടേഷൻ (എസ്.ഡബ്ല്യു.ജി.പി.എഫ്.), രാഷ്ട്രീയ കിസാൻ മഹാസംഘ് (ആർ.കെ.എം.എസ്.) എന്നീ സംഘടനകൾ ചേർന്നാണു പഠനം നടത്തിയത്.

ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമാണ്.   വന്യജീവി ആക്രമണത്തിൽ 90 ശതമാനവും വനത്തിനു പുറത്താണു നടന്നതെന്നും ,ആനകൾ ജനവാസ  മേഖലകളിലേക്കു വരുന്നതിനുള്ള പ്രധാനകാരണം അവയുടെ പെരുപ്പമാണെന്നും റിപ്പോർട്ടിലുണ്ട്.

കേരളത്തിലെ ആകെ ഭൂമിയുടെ 29.11 ശതമാനമാണു വനവിസ്തൃതി. വന്യജീവികളുടെ പെരുപ്പം കൂടുമ്പോൾ മത്സരമുണ്ടാകുന്നു. കാട്ടാനകൾ വെള്ളവും ഭക്ഷണവും തേടി കാടിറങ്ങുന്നു. വനംവകുപ്പിന്റെ 2022-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1004 മനുഷ്യ-വന്യജീവി സംഘർഷ കേന്ദ്രങ്ങളുണ്ട്.

ഒരാനയുടെ വിഹാരപരിധി 90-800 ചതുരശ്ര കിലോമീറ്ററാണ്. എന്നാൽ, ഒരാനയ്ക്കുള്ള വനത്തിലെ വിഹാരപരിധി ഏറ്റവും കുറവ് കേരളത്തിലാണ്.

പരിസ്ഥിതിസംരക്ഷണത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ടവരും ജീവനോപാധികൾ നഷ്ടപ്പെട്ടവരുമായ ‘കൺസർവേഷൻ റെഫ്യൂജീസ്’ എന്ന വിഭാഗത്തോടൊപ്പം ‘പ്രിഡേഷൻ റെഫ്യൂജീസ്’ എന്ന പ്രയോഗവും അധികം വൈകാതെ രാജ്യത്തു കേട്ടുതുടങ്ങുമെന്ന് പഠന സംഘാംഗവും താമരശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ എത്തിക്സ് ഫാക്കൽറ്റിയുമായ ഡോ. മാനുവൽ തോമസ് പറഞ്ഞു.

വന്യജീവികൾ ജനവാസ മേഖലകളിലേക്കിറങ്ങുന്ന സാഹചര്യത്തിൽ മറ്റു മാർഗങ്ങളില്ലാതെ തങ്ങളുടെ സ്ഥലം വിട്ടു കൊടുക്കുന്നവരാണു ‘പ്രിഡേഷൻ റെഫ്യൂജീസ്’.ഒരു ആവാസവ്യവസ്ഥയിൽ വന്യജീവികളെത്ര ഉൾക്കൊള്ളാമെന്നതു സംബന്ധിച്ച് വിശദപഠനം ആവശ്യമാണെന്നു വിദഗ്ധർ നിർദേശിക്കുന്നു. അധികമുള്ളവയെ മറ്റൊരിടത്തേക്കു മാറ്റിപ്പാർപ്പിക്കാം. വനാതിർത്തികളിൽ കിടങ്ങുകളും സൗരോർജ വേലികളടക്കമുള്ള സംരക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കണം.

സംസ്ഥാനങ്ങളിൽ ആനകളുടെ വർദ്ധനവ് (ശതമാനത്തിൽ)

കേരളം 63

തമിഴ്നാട് 20

കർണാടക 10

അസം 3.5

സംസ്ഥാനങ്ങളിൽ ഒരാനയ്ക്കുള്ള വിഹാരപരിധി ചതുരശ്ര കിലോമീറ്ററിൽ 

കേരളം 1.70

ഝാർഖണ്ഡ് 33.80

ഒഡിഷ 22.40

മേഘാലയ 8.44

തമിഴ്നാട് 6.35

കർണാടക 3.73

അസം 3.50 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments