Friday, November 22, 2024
Homeകഥ/കവിതബി നെഗറ്റീവ് (കഥ) ✍ആര്യ അരവിന്ദ്

ബി നെഗറ്റീവ് (കഥ) ✍ആര്യ അരവിന്ദ്

ആര്യ അരവിന്ദ്

“വളരെ മൂല്യം ഉണ്ടായിട്ടും, എന്റെ തല പൊട്ടി ബി നെഗറ്റീവ് രക്തം വഴിയിലൂടെ ഒഴുകിയാൽ ഇന്നലെ വില കൊടുത്ത് അത് വാങ്ങിയവരോ ഇന്നത്തേയ്ക്ക് വേണ്ടി തികയാതെ ഓടി നടക്കുന്നവരോ അത് ശ്രദ്ധിക്കുകയില്ല. എന്നെ ആരും ഹോസ്പിറ്റലിൽ എത്തിക്കുകയുമില്ല. കാരണം രണ്ടു കൂട്ടർക്കും നിലവിൽ എന്റെ രക്തം ഊറ്റിയെടുക്കാനാവില്ല. മറ്റുള്ളവർക്കാണെങ്കിൽ ഞാൻ ബി നെഗറ്റീവ് ആണെന്ന് അറിയുകയുമില്ല.”

സ്വപ്നം കണ്ടാണ് ഉറക്കം തെളിഞ്ഞത്. ഉറങ്ങുമ്പോഴൊക്കെ സ്വപ്നം കാണുന്ന പതിവുണ്ട്, അതുകൊണ്ടത് കാര്യമായി എടുത്തില്ലെങ്കിലും ഇത്തിരി മനസുഖം കുറഞ്ഞു. വേണ്ടെന്നു വെച്ചിട്ടും വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അൽപസമയത്തിനുശേഷം സ്വപ്നത്തിലേക്ക് തന്നെ മടങ്ങി പോയി. പണ്ടൊക്കെ ദു:സ്വപ്നം യക്ഷിപിടിക്കുന്നതും പൊട്ടക്കിണറ്റിൽ വീഴുന്നതുമായിരുന്നു. ഇന്ന് സംഭവിക്കാൻ പോകുന്ന യാഥാർത്ഥ്യങ്ങളെയാണ് സ്വപ്നത്തിൽ കണ്ട് ഞെട്ടുന്നത്. ജീവിതം ഇങ്ങനെ പേടിപ്പെടുത്താൻ തുടങ്ങിയിട്ടും യൗവനരക്തം ഊറ്റിക്കുടിക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി. പണ്ടൊക്കെ എന്തെങ്കിലും നല്ലത് സംഭവിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഇന്ന് എങ്ങനെയും നാളെ കൂടി കഴിക്കുക എന്നേയുള്ളൂ. സ്വപ്നം വീണ്ടും അസ്വസ്ഥപ്പെടുത്തുന്നു. ദു:സ്വപ്‌നങ്ങൾ, ഉപബോധമനസ്സ് തന്റെ കഴിവുകൾ കൊണ്ട് കണ്ടെത്തുന്ന രഹസ്യങ്ങളുടെ വെളിച്ചത്തിൽ ബോധമനസിനു നൽകുന്ന വാണിങ്ങുകളാണ്.

നല്ല മഴയത്ത് നനഞ്ഞു കുളിച്ചാണ് ഓഫീസിൽ കയറിച്ചെന്നത്. അവിടെ മാനേജറും പ്യൂണും തമ്മിൽ എന്തോ വഴക്കു നടക്കുകയാണ്.
‘തനിക്ക് ഞാനില്ലാത്ത നേരത്ത് ആരാടോ എന്റെ ക്യാബിനിൽ കയറാൻ അനുവാദം തന്നത്? ഇതുതാൻ ഇന്നോ ഇന്നലെയോ തുടങ്ങിയ ഏർപ്പാടല്ല. പല ഫയൽസും അക്കൗണ്ട് ഡീറ്റെയിൽസും പലപ്പോഴായി ചോർന്നിട്ടുണ്ട്. ഇതിങ്ങനെ വിട്ടാൽ പറ്റില്ല തനിക്കെതിരെ എന്ത് ചെയ്യാൻ പറ്റുന്ന് ഞാനൊന്നു നോക്കട്ടെ’
‘മനസ്സാലറിയാത്ത കാര്യത്തിന് ഇങ്ങനെയൊന്നും പറയല്ലേ സാറേ’
‘ നീ പഠിച്ച കള്ളനാണ് കള്ളൻ കുട്ടപ്പന്റെ മോനേ… നിന്റെ ചരിത്രവൊക്കെ എനിക്ക് നന്നായിട്ടറിയാം.’
മാനേജർ കത്തിക്കയറി. പ്യൂൺ പല്ലുഞെരിക്കുകയും മാനേജറെ തല്ലാൻ ഓങ്ങുകയും ചെയ്തു. സംഗതി വഷളായി എല്ലാവരും ഒന്നും കാണാത്ത മട്ടിൽ ജോലി തുടർന്നു. ശേഷം മാനേജർ പ്യൂണിനെ അടിക്കുകയും തള്ളിവീഴിക്കുകയും ചെയ്തു. തീർത്തും നാടകീയരംഗങ്ങൾ. പ്യൂൺ തോറ്റു. രഞ്ജിത്തിന്റെ നായകനായി മാസ്സ് ഡയലോഗടിച്ചു മാനേജറെ വെല്ലുവിളിക്കാനുണ്ടായ ഉൾപ്രേരണ പെട്ടെന്ന് തണുത്തു. ഇന്നലെ ജോയിൻ ചെയ്ത താൽക്കാലിക ജീവനക്കാരനായിരുന്നു ഞാൻ. അല്ലായിരുന്നെങ്കിൽ കൂടിയും ആവശ്യമില്ലാതെ വാ തുറക്കരുതെന്നും കൈതരിക്കരുതെന്നും സഹതപിക്കരുതെന്നും മുപ്പത്തിനാല് വർഷങ്ങൾ കൊണ്ട് ഞാൻ പഠിച്ചിരുന്നു. അച്ഛന്റെ ഭാഷയിൽ പ്രളയം കൊണ്ടുപോയതും കോവിഡ് തിന്നതും ഒഴിച്ച് മുപ്പത്തിരണ്ട് ഓണമുണ്ടതിന്റെ ദയനീയത എന്നെ പ്രതിരോധമില്ലാത്ത വണ്ണം അവശനാക്കിയിരുന്നു.

കംപ്യൂട്ടറിനു മുന്നിൽ ചെന്നിരുന്ന് മോണിറ്ററിലേക്ക് നോക്കി, എന്റെ ദയനീയത കണ്ടു കൊണ്ടിരുന്ന എനിക്ക് മുന്നിൽ മോണിറ്റർ ചിരിച്ചു. അവളുടെ മുഖം തെളിഞ്ഞു. ഇന്ന് ബ്രൈറ്റ്നെസ്സ് അല്പം അധികമാണോ എന്ന് ഞാൻ സംശയിച്ചു. പെട്ടെന്ന് മനസ്സിലേക്ക് വന്നത് കെടാൻ പോകുന്ന തിരി ആളും എന്ന ചൊല്ലാണ്. ഒന്ന് ഞടുങ്ങി ബ്ലഡ് ഗ്രൂപ്പ് ബി നെഗറ്റീവ് അതിന്റെ പ്രശ്നമാണെന്ന് സമാധാനിച്ചു.
‘നീ ഒരുകാലത്തും ഗതി പിടിക്കുവേലടാ… മുടിഞ്ഞു പോകത്തെയുള്ളൂ… അവന്റെ അപ്പൻ പണിഞ്ഞു കൊടുത്ത ഒരു കക്കൂസും പനിനീര് ഫിൽറ്റർ ചെയ്തെടുക്കുന്ന അവന്റെ തീട്ടോo മൂത്രോം.’
കാലു പിടിച്ചിട്ടും കയ്യിൽ കിട്ടിയ സസ്പെൻഷൻ ലെറ്റർ ഡിസ്മിസൽ ആകുമെന്ന ഉറപ്പിൽ ഇത്രയും പറഞ്ഞ് പ്യൂൺ ഇറങ്ങിപ്പോയി.
മൗസിൽ നിന്ന് കൈ എടുക്കാതെ കണ്ണാടി മൂക്കിലേക്ക് നീട്ടിവെച്ച് പതിഞ്ഞസ്വരത്തിൽ രാജീവ് എന്നോട് പറഞ്ഞു.
‘ഈ അലമ്പ് മുഴുവൻ ഉണ്ടാക്കിത് എന്തിനാന്നാ മാനേജ് സാറിന്റെ പേഴ്സണൽ ക്ലോസ്സെറ്റിൽ കേറി ആ മഹാൻ ഒന്ന് പെടുത്തു.’ ഞാൻ രാജീവിനെ നോക്കി. മഞ്ഞ പല്ലുകൾ പുറത്തേക്കിറക്കിച്ചിരിച്ച് അവൻ തലയാട്ടി. ‘അതു പുള്ളിക്ക് പിടിച്ചില്ല. ഏതും പോരാത്ത മനുഷ്യനാ! അത് തന്നെ കാര്യം. മാനേജർ സാർ വരുമ്പോൾ ടോയ്‌ലറ്റിൽ ഒരാൾ… പുള്ളി വെയിറ്റ് ചെയ്തു. ഇറങ്ങിവന്നത് ഇങ്ങേര്, പണി പോയാലെന്താ ഒരു തവണയെങ്കിലും അതിലൊന്ന് കേറാനൊത്തില്ലേ?’ രാജീവ് വീണ്ടും ഇളിച്ചു. സ്വന്തമായൊരു ടോയ്‌ലറ്റുള്ള റൂമിന് വേണ്ടി ഉദ്യോഗസ്ഥർ കാണുന്ന സ്വപ്നത്തെക്കുറിച്ച് ഞാനൊരുപാട് കേട്ടിട്ടുണ്ട്. മാനേജറുടെ തലക്കനം ജോയിൻ ചെയ്ത അന്നുതന്നെ ഞാൻ അറിഞ്ഞതുമാണ്. അതുകൊണ്ട് ഈ കഥ എന്നെ അത്ഭുതപ്പെടുത്തിയില്ല.

അച്ഛന്റെ ശകാരങ്ങൾക്കു നടുവിൽ വീട്ടിൽ പോകാൻ താല്പര്യം ഉണ്ടായിട്ടല്ല ശനിയാഴ്ച മുതൽ അമ്മ വിളി തുടങ്ങും. ദേഷ്യപ്പെടാനോ സങ്കടം കേൾക്കാനോ എനിക്ക് ത്രാണിയില്ല അമ്മ എനിക്ക് വല്ലാത്ത നനവാണ്. പതിവുപോലെ ഞായറാഴ്ച രാവിലെ വീട്ടിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ രണ്ടു മൂന്നു വിളി അധികമായിരുന്നു. വീട്ടിൽ ചെന്നു കയറുമ്പോൾ അച്ഛനുമമ്മയും എവിടേക്കോ പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നു.
‘ നിങ്ങളെങ്ങോട്ടാ?’
‘ ഞങ്ങള് മാത്രല്ല നീയ്ണ്ട്. ഇതാ ചാവി കാറെടുത്തോ.’- അച്ഛൻ പറഞ്ഞു.
‘ നീ വല്ലോം കഴിച്ചിട്ടാണോ മോനെ ഇറങ്ങിയെ?’- അമ്മ ചോദിച്ചു. ഞാൻ അതെയെന്നു തലയാട്ടി. കാറെടുത്ത് ഏതെങ്കിലും അമ്പലത്തിലേക്കാകുമെന്ന് കരുതി അച്ഛന്റ്റെ റൂട്ട്മാപ്പിന് പിറകെ പോയി ഒരു വീടിന്റെ കവാടത്തിനപ്പുറം കാർ നിർത്തി. ഞാൻ ബാക്ക് സീറ്റിലേക്ക് തിരിഞ്ഞ് അമ്മയെ നോക്കി.
‘നല്ല കുട്ടിയാ മോനേ… അവളും ബിടെക്കാ…വാട്ടർ അതോറിറ്റിയിൽ ജോലിണ്ട്… ഒറ്റ മോളാ…’
‘മതി ഇറങ്ങ്‌’ അച്ഛൻ കൽപ്പിച്ചു. സാമ്പ്രദായികമായി കാര്യങ്ങൾ നീങ്ങി. ‘പത്തിൽ എട്ട് പൊരുത്തോണ്ട്. ‘ അമ്മയ്ക്ക് അതാണ് സമാധാനം. നിശ്ചയത്തീയതി കുറിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. വളരെക്കാലത്തിനു ശേഷം എനിക്കും ഒരു മോഹം ഉണ്ടായി. പെണ്ണിനെ എനിക്ക് നല്ലപോലെ പിടിച്ചിരുന്നു. എന്റെ സ്ഥിരമല്ലാത്ത ജോലിക്കാര്യവും പ്രായവും എന്തിന് ബ്ലഡ്‌ ഗ്രൂപ്പ്‌ ബി നെഗറ്റീവ് ആണെന്ന് പോലും ഞാൻ മറന്നു. വർഷങ്ങൾ പഴകിയ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ ചുക്കിരിപിടിച്ച് തെളിഞ്ഞു. എത്ര പെട്ടന്നാണ് മനുഷ്യന് പ്രതീക്ഷയുണ്ടാവുന്നതും ജീവിക്കാൻ തോന്നുന്നതും!
യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം അവളെന്നെ ജനലിലൂടെ നോക്കി. എന്റെ ചുണ്ട് സദാ വിടർന്നിരിക്കുന്നു.

മുറ്റത്തിറങ്ങി ഭാര്യവീടും പരിസരവും ഞാൻ ശരിക്കൊന്ന് നോക്കി. ഒരു കാറകത്തേയ്ക്ക് വന്നു. വീട്ടുടമസ്ഥന്റെ അധികാരഭാവത്തിൽ എന്റെ താടിയെല്ല് അൽപ്പം പൊങ്ങിയിരുന്നു. കാറിൽ നിന്ന് കണ്ട് പരിചയമുണ്ടെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ ഇറങ്ങി. പിന്നെ അവരുടെ ഭർത്താവും!. എന്റെ ചോര ഇരച്ചൊഴുകി ഹൃദയം പതുങ്ങി മിടിച്ചു. അമ്മായപ്പൻ ഇറങ്ങിവന്ന് അച്ഛനോട് പറഞ്ഞു. ‘മീരേടെ അമ്മാവനാണ്, രമണീടെ മൂത്ത ആങ്ങള… അളിയാ മീരയെ കാണാൻ വന്ന കൂട്ടരാ.’ അയാൾ എന്നെ അടിമുടി നോക്കി ചുണ്ട് കോട്ടി. ‘ആഹാ… എനിക്കറിയാവുന്ന ആളാണല്ലോ… നല്ല പയ്യനാ… ആറു മാസായിട്ട് ഓഫീസിൽ ഉണ്ട്. പോകാൻ ഇറങ്ങിയതല്ലേ ചെല്ല്’ അച്ഛൻ എന്നെ നോക്കി. എന്റെ തല താണു. അവർ അകത്തേക്ക് കയറി ഞങ്ങൾ കാറിലേക്കും. അച്ഛൻ ചോദിക്കുന്നതിനു മുൻപേ ഞാൻ പറഞ്ഞു.’മാനേജരാണ്.’ അതിഗൗരവത്തിൽ അച്ഛൻ ഒന്നും പറയാതെ കാറിൽ ഇരുന്നു. പ്രതീക്ഷിച്ചിരുന്ന കുത്തുവാക്കുകൾ പോലും പറയാത്തതിൽ എനിക്ക് അച്ഛനോട് നീരസം തോന്നി. അറിയാതെ കണ്ണുകൾ നിറഞ്ഞു. വിട്ടിൽ ചെന്ന് കയറിയപാടെ മുറി അടച്ചിട്ടു കരഞ്ഞു. പെണ്ണിന് വേണ്ടിയോ അതോ വീണ്ടും വീണ്ടും പരിഹസിക്കപ്പെടുന്നതുകൊണ്ടോ? തോറ്റുപോകുന്നു. ജയത്തോട് ആർത്തിയില്ലാത്തവൻ തോറ്റുപോകുന്ന കളിയാണ് ജീവിതം. അത്താഴം കഴിക്കാൻ വിളിച്ച അമ്മയോട് ദേഷ്യപ്പെട്ടു. കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങി. ഉറക്കത്തിൽ മുഴുവൻ ഞാൻ വണ്ടി ഇടിച്ച് ചോര വാർന്ന് വഴിയിൽ കിടന്നു. എന്റെ ബി നെഗറ്റീവ് രക്തം ഒഴുകി പൊയ്ക്കൊണ്ടിരുന്നു. മുഖം നനഞ്ഞു, ശരീരം നനഞ്ഞു, ഞാൻ രക്തത്തിൽ കുളിച്ച് കിടന്നു.

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് രാവിലെ ഉണർന്നത്. കോൾ കട്ട്‌ ചെയ്‌ത്‌ അച്ഛൻ അമ്മയോട് പറഞ്ഞു.
‘പെണ്ണിന് ഇരുപത്തഞ്ച് വയസ്സല്ലേ ഉള്ളൂ. ഒന്നൂടി ആലോയിച്ചപ്പോ പ്രായവത്യാസം ഇത്തിരി കൂടുതലാന്ന് അവർക്ക് തോന്നിന്ന്’
രണ്ടു പേരും പിന്നീട് ഒന്നും മിണ്ടിയില്ല. മടിയായിരുന്നിട്ടും ലീവിന് മാനേജറെ വിളിക്കേണ്ടിരുന്നതിനാൽ ഞാൻ ഓഫീസിലേക്ക് പോന്നു. ഓഫീസിൽ അയാൾ പതിവുപോലെ പെരുമാറിയത് എനിക്കൊരാശ്വാസമായി. പിറ്റേന്ന് അയാൾ ലീവായിരുന്നു. ഞാൻ പെണ്ണുകാണൽ ട്രാജഡി ഓർക്കാതിരിക്കാൻ ശ്രമിച്ച് വെറുതെ സമയം കളഞ്ഞുകൊണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ലഡു വിതരണം ചെയ്‌ത്‌ പതിവില്ലാതെ ചിരിച്ച് മാനേജർ എല്ലാവരോടുമായി പറഞ്ഞു.
‘എന്റെ അന്തരവൾടെ കല്യാണം എന്റെ ഫ്രണ്ടിന്റെ മകനുമായി ഉറപ്പിച്ചു. ചെക്കൻ കാനഡയിലാണ്.’ അയാൾ എന്റെ അടുത്തേക്ക് വന്നു.
‘എത്താത്ത കമ്പിൽ പിടിക്കരുത് ചെക്കാ നീ വീഴും.’ എന്റെ കയ്യെടുത്ത് മൂന്ന് ലഡു വച്ചുതന്നു.
‘കിട്ടാത്ത മുന്തിരി പുളിക്കാതിരിക്കില്ല ഓരോന്ന് അവർക്കൂടെ കൊണ്ട് കൊടുത്തേയ്ക്ക്.’
ഞാൻ അവിടെത്തന്നെ നിന്നുപോയി. രാജീവ്‌ വന്ന് കുശലം ചോദിച്ചു. ‘നിനക്കെന്താ രണ്ടുമൂന്ന് ലഡു കൂടുതൽ? അങ്ങേർടെ മോളെ നിനക്ക് തരാൻ വെല്ലോ പ്ലാനും ഉണ്ടോ?’
ഒരു ലഡു അവൻ എടുക്കാൻ നോക്കി. ഞാൻ കൊടുത്തില്ല. ബലം പിടിച്ച് അത് പൊടിഞ്ഞു. ഞാൻ വാഷ്‌റൂമിലേക്ക് ഓടി. തരി പോലും കളയാതെ മൂന്ന് ലഡുവും തിന്നു. ലഡു കൈച്ചു, തൊണ്ടേന്നിറങ്ങാൻ പാടുപെട്ടു.

അപ്പോഴാണ് ജോയിൻ ചെയ്‌ത്‌ രണ്ടാം ദിവസം പ്യൂണുമായി അയാൾ അടിവെച്ച കാര്യം ഓർമ്മവന്നത്. പ്യൂണിനത് എളുപ്പമായിരുന്നു. എനിക്ക് അനുവാദം ഇല്ലാതെ എങ്ങനെ അയാളുടെ ക്യാബിനിൽ കയറാൻ പറ്റും. എങ്ങനെയും സാധിക്കണം ഞാൻ ഉറപ്പിച്ചു. ഒരു ദിവസം അവസരം കിട്ടിയപ്പോൾ ഞാൻ ക്യാബിനിൽ കയറി. തക്കം നോക്കി ടോയ്‌ലെറ്റിൽ കയറിയെങ്കിലും ഒരു തുള്ളി മൂത്രം പോലും വന്നില്ല. ഞാൻ മറ്റൊരവസരത്തിന് പിൻവാങ്ങി.

എന്നെ ക്യാബിനിൽ വിളിപ്പിച്ച് നാളെ മീരേടെ എൻഗേജ്മെന്റ് ആണെന്ന് പറഞ്ഞ് ഒരു ശനിയാഴ്ച ഉച്ച നേരത്ത് മാനേജർ ഹാഫ്‌ഡേ ലീവെടുത്ത് പോയി. ഞാൻ കൃത്യമായി അവസരം മുതലാക്കി, വെള്ളം ഒഴിക്കാതെ ഇറങ്ങി. തിങ്കളാഴ്ച രാവിലെ മാനേജർ വരുമ്പോൾ എന്റെ പക ചീഞ്ഞു നാറി കിടന്നു. ഓഫീസിൽ പ്രക്ഷോഭമുണ്ടായി. പുതിയ പ്യൂണാണ് ചെയ്തതെന്ന് മാനേജർ ഉറപ്പിച്ചു പറഞ്ഞു. അയാൾ അത് നിരസിക്കുകയും മാനേജർ തന്നെയാണെന്ന് വാദിക്കുകയും ചെയ്തു. ക്യാബിനിൽ ആരൊക്കെ കയറിയെന്നറിയാൻ സി. സി. ടി. വി നോക്കണമെന്നായി. ഒടുവിൽ പ്യൂണിനെ കൊല്ലാനുള്ള ദേഷ്യത്തിൽ മാനേജർ സി. സി. ടി. വി ദൃശ്യങ്ങളിലേക്ക് ഓടി. എനിക്ക് തല കറങ്ങി. ജോലി പോയി. ഇനി എവിടെയും ജോലി കിട്ടാൻ സാധ്യതയില്ലാത്ത മാനേജരുടെ സ്വാധീനം. ഞാൻ ഞെട്ടി എഴുന്നേറ്റു.

പക പുകയായി പറന്ന് പോകുന്നു. നാളെ ഓഫീസിൽ എല്ലാം പതിവുപോലെ ഇനിയും പല തവണ അവസരം കിട്ടും. പക്ഷേ ഞാൻ വിനിയോഗിക്കില്ല. എനിക്കിപ്പോൾ അറിയാം, എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ളതല്ല.

ആര്യ അരവിന്ദ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments