Saturday, December 21, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ ഭാഗം (28). 'പാർത്തീനിയം എന്ന വില്ലൻ'.

പള്ളിക്കൂടം കഥകൾ ഭാഗം (28). ‘പാർത്തീനിയം എന്ന വില്ലൻ’.

സജി ടി. പാലക്കാട്

പാർത്തീനിയം എന്ന വില്ലൻ.

കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുത്തുകൊണ്ടിരുന്നപ്പോഴാണ് ജോസ് മാഷിന്റേയും സോമൻ മാഷിന്റെയും വരവ്.
കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. സദാനന്ദൻ മാഷിനെ കണ്ടതും ജോസ് മാഷ് ചിരിച്ചു. സദാനന്ദൻ മാഷ് ചിരിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അന്ന് കണ്ട ആളേയല്ല ഇന്ന് ജോസ് മാഷ്. കഴിഞ്ഞ വെള്ളിയാഴ്ച അങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് ഭാവം പോലും പുള്ളിക്കാരനില്ല.

‘ലതേ .. മാഷമ്മാരുടെ കൂടെ ആരാ വേറെ ഒരാൾ കൂടി ..?

‘അതോ..?
അത് രാജു സാറാണ്. വയ്യാത്തത് കാരണം കുറെ നാളായി ലീവ് ആയിരുന്നു…’

‘എന്തു പറ്റിയതാ…?’

‘അതൊക്കെ പിന്നെ പറയാം ….’

‘എന്താ ലതേ രണ്ടുപേരും കൂടി ഒരു സ്വകാര്യം..?’

സോമൻ മാഷ് ചോദിച്ചു .

‘എന്ത് സ്വകാര്യം..?
സാറന്മാരുടെ കൂടെ ആരാണ് മറ്റൊരാൾ എന്ന് സാർ ചോദിക്കുകയായിരുന്നു…’

ചിരിച്ചു കൊണ്ട് ലത പറഞ്ഞു.

‘എന്താടോ തനിക്ക് ഒരു ഗൗരവം…..?

അന്തം വിട്ടു നിൽക്കുന്ന സദാനന്ദൻ മാഷിനോട് ജോസ് മാഷ് ചോദിച്ചു..

‘ഏയ്…. ഒന്നുമില്ല.’

‘ശീങ്കാ… നല്ല വിശപ്പ്.
ഞങ്ങൾക്കും കഞ്ഞിയില്ലേ..?’

‘ഉണ്ട് സാറേ. സാറന്മാർ വരുമെന്ന് അറിയാമായിരുന്നല്ലോ ..?
കൂടുതൽ അരി ഇട്ടിട്ടുണ്ട്…’

‘ലത ഇന്ന് നേരത്തെ എത്തിയോ..? ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ ചായക്കടക്കാരൻ പറഞ്ഞു ടീച്ചർ നേരത്തെ പോയി എന്ന്…’

‘അതേ സാർ…
ഞാൻ നാട്ടിൽ നിന്നും വെളുപ്പിന് ഇറങ്ങി. അതുകൊണ്ട് നേരത്തെ ഇവിടെ എത്തി….’

‘ഓ.. അത് ശരി.. ‘

ജോസ് മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ജോസ് മാഷ് എന്തോ അർത്ഥം വച്ച് ചിരിച്ചതുപോലെ ലതയ്ക്ക് തോന്നി.

ഭക്ഷണശേഷം ബെൽ മുഴങ്ങിയപ്പോൾ എല്ലാവരും ക്ലാസിലേക്ക് പോയി.

‘സാർ ഇന്ന് എല്ലാവരും ഉണ്ടല്ലോ… ഞാൻ ഊരിലേക്ക് പൊയ്ക്കോട്ടെ…?

ഓഫീസിൽ കസേരയിൽ ഇരിക്കുകയായിരുന്ന ജോസ് മാഷിനോട് ലത ചോദിച്ചു.

‘ഓ, ആയിക്കോട്ടെ..
ങാ.. പിന്നേ.. നാളെ രാജു സാർ പുതിയ സ്കൂളിലേക്ക് പോവുകയാണല്ലോ…. ?
ലത കുറച്ചു നേരത്തെ വരു…

‘ശരി സാർ, നാളെ നേരത്തെ വരാം..’

സ്കൂൾ മുറ്റത്തുകൂടെ നടന്ന് നീങ്ങിയപ്പോൾ ലതയുടെ കണ്ണുകൾ രണ്ടാം ക്ലാസിലേക്ക് പാഞ്ഞു പോയെങ്കിലും നിരാശയായിരുന്നു ഫലം.

പെട്ടെന്ന് സൂര്യൻ മങ്ങി. എവിടെനിന്നോ തണുത്ത കാറ്റ് ഓടിയെത്തി .
സ്കൂൾ മുറ്റത്തെ എരിക്കിൻ ചെടിയിൽ പൂവുകൾ തലയാട്ടി ചിരിക്കുന്നത് നോക്കി സദാനന്ദൻ മാഷ് വരാന്തയിൽ നിന്നു.

‘മാഷെന്തോ കാര്യമായ ആലോചനയിൽ ആണല്ലോ…?

സോമൻ മാഷാണ്,
ഒപ്പം രാജു മാഷും ഉണ്ട്.

‘മാഷ് ആള് സൈലന്റാണ്, അല്ലേ സോമൻ മാഷേ..?

‘അങ്ങനെയൊന്നുമില്ല. പരിചയമുള്ളവരോട് സദാനന്ദൻ മാഷ് ഇഷ്ടം പോലെ വർത്തമാനം പറയും . ആരോടും ചാടിക്കയറി വർത്തമാനം പറയില്ല, എന്ന് മാത്രം! പിന്നെ സ്നേഹിച്ചു കഴിഞ്ഞാൽ ഉടുമ്പിനെ പോലെയാണ്, പിടി വിടില്ല.

‘ഓ, അത് ശരി….’

‘സദാനന്ദൻ മാഷിന്റെ നാട് എവിടെയാണ്..?’

‘നിങ്ങടെ കൂട്ടർ തന്നെ…
തെക്കനാ…’

സോമൻ മാഷ് പറഞ്ഞു.

രാജു സാറിന്റെ നാട്
എവിടെ യാണ്?
സദാനന്ദൻ മാഷ് ചോദിച്ചു.

‘തൊടുപുഴ… ‘

‘ആണോ…..?
തൊടുപുഴ എനിക്കറിയാം..
എന്റെ ഒരു ബന്ധുവീട് അവിടെ ഉണ്ട്..’.

‘ആണോ?
മാഷിന് എന്തോ വയ്യായ്ക ആണെന്ന് ലത പറഞ്ഞുവല്ലോ…? സീരിയസ് ആയി ഒന്നും ഇല്ലല്ലോ?

‘ഒരുതരം അലർജിയാണ് മാഷേ…
കണ്ടോ എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കൂ. ചെറിയ വീക്കം കാണുന്നില്ലേ…..?’

‘ഉണ്ട്… ചെറുതായി.’

‘കഴിഞ്ഞമാസം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു…’

ആണോ ?
എന്തിന്റെ അലർജിയാണ് മാഷേ?

‘പാർത്തീനിയം എന്ന് കേട്ടിട്ടുണ്ടോ…?’

‘ഇല്ലല്ലോ…’

‘ഒരു കുറ്റിച്ചെടിയാണ് പാർത്തീനിയം. കണ്ടാൽ കഞ്ചാവിന്റെ ചെടി ആണെന്ന് തോന്നും. അല്ലെങ്കിൽ ചെണ്ടുമല്ലിച്ചെടി പോലെ തോന്നും.
ചെണ്ടുമല്ലിക്ക് നമ്മുടെ നാട്ടിൽ ബന്തി എന്നല്ലേ പറയുക..?
ഒറ്റനോട്ടത്തിൽ ഏതാണ്ട് അതുപോലെ ഇരിക്കും.

‘ഓ, അത് ശരി..
പക്ഷേ ഞങ്ങളുടെ നാട്ടിലൊന്നും ഈ ചെടി കണ്ടിട്ടില്ലല്ലോ..?’

‘തൊടുപുഴ, കോട്ടയം തുടങ്ങി തെക്കൻ ജില്ലകളിലെ ഒരു സ്ഥലങ്ങളിലും ഈ ചെടി കാണാൻ കഴിയില്ല.
കേരളത്തിൽ കർണാടകയോട് ചേർന്ന് കിടക്കുന്ന വയനാടൻ ഗ്രാമങ്ങളിലും, പാലക്കാട് അട്ടപ്പാടിയിലും, ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിലെ ചില ഭാഗങ്ങളിലും ഈ ചെടി കണ്ടുവരുന്നുണ്ട്.

ഈ ചെടിയുടെ പൂമ്പൊടിയിൽ അടങ്ങിയിരിക്കുന്ന ‘പാർത്തെനിൻ’ എന്ന രാസവസ്തുവാണ് അലർജി ഉണ്ടാക്കുന്നത്. ഇതിൻ്റെ സാമിപ്യം ചൊറിച്ചിലും,തടിപ്പും ഉണ്ടാക്കും.
ചിലർക്ക് തുമ്മൽ, മൂക്കടപ്പ് കണ്ണിൽ നിന്നും വെള്ളം വരിക തുടങ്ങി ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് .’

‘അപ്പോൾ ഈ ചെടികളെ നശിപ്പിച്ചു കളഞ്ഞാൽ പോരെ..?’

‘എൻ്റിഷ്ടാ…..
ഈ ചെടിയെ നശിപ്പിക്കുക അത്ര എളുപ്പമല്ല. ഒരു ചെടിയിൽ നിന്നും പതിനായിരം മുതൽ ഇരുപതിനായിരം വരെ വിത്തുകൾ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ വളരെ വേഗത്തിൽ ഇവ പടർന്നു വളരും….’

‘ഓ …!
മാഷിന് എത്ര നാളായി ഈ ചെടിയുടെ അലർജി മൂലം പ്രയാസം അനുഭവിക്കാൻ തുടങ്ങിയിട്ട്? ‘

ഞാനിവിടെ എത്തി ഒരു മാസം കഴിയുന്നതിനുമുമ്പ് മൂക്കടപ്പ് തുടങ്ങി. ആദ്യമൊക്കെ കാലാവസ്ഥ മാറിയതുകൊണ്ടാണ് എന്നാണ് കരുതിയത്. പിന്നെ ദേഹമാകെ ചൊറിയാൻ തുടങ്ങി. മുഖക്കുരു പോലെ വന്നു പഴുത്തു . മുഖം വീർത്തു.

‘ ഞാൻ പല ആശുപത്രികളിലും പോയി . അവസാനം പാലക്കാട് ടൗണിലെ ഒരു ഡോക്ടർ ആണ് രോഗം തിരിച്ചറിഞ്ഞത്. മരുന്നുകൊണ്ട് പൂർണ്ണമായും സുഖപ്പെടില്ല എന്നതാണ് ഒരു പ്രത്യേകത. മരുന്ന് കഴിച്ചാൽ താൽക്കാലിക ആശ്വാസം ലഭിക്കും അത്രമാത്രം…!’

അപ്പോൾ ഇനിയെങ്ങനെ ഇവിടെ ജോലി നോക്കും..?’

‘കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ നേരിൽ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി . മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി.
എനിക്ക് മാത്രമായി പ്രത്യേക ട്രാൻസ്ഫർ ഓർഡർ ഇറങ്ങി. ഇന്നുതന്നെ ഈ സ്കൂളിൽ നിന്നും റിലീവ് ചെയ്യും . പാലക്കാട് കോങ്ങാട് അടുത്തുള്ള ഒരു സ്കൂളിലേക്കാണ് എന്നെ നിയമിച്ചിരിക്കുന്നത്.’

‘ഈ ചെടിയെ കുറിച്ച് കേട്ടിട്ട് എനിക്കും പേടിയാവുന്നു. മാഷിൻ്റെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ. നാളെ രാവിലെ തന്നെ പോകുമോ..?’

‘ഉവ്വ്.. രാവിലെ പോയാലും ഉച്ച കഴിയുമല്ലോ അവിടെ എത്താൻ..’

സദാനന്ദൻ മാഷ് മെല്ലെ മുറ്റത്തേക്ക് ഇറങ്ങി.
മാഷിൻ്റെ മനസ്സിൽ എന്തിനെന്നറിയാത്ത ഒരു വിങ്ങൽ അനുഭവപ്പെട്ടു..

(തുടരും….)

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments