Logo Below Image
Monday, April 21, 2025
Logo Below Image
Homeഅമേരിക്ക' ഒരു ചൂട് ചായ ' ✍ രാജു മൈലപ്രാ

‘ ഒരു ചൂട് ചായ ‘ ✍ രാജു മൈലപ്രാ

രാജു മൈലപ്രാ

‘യോഗമുള്ളവന് തേടി വെയ്ക്കണ്ടാ’- എന്നൊരു പഴമൊഴിയുണ്ട്. ചുമ്മാതെ ചൊറിയും കുത്തി വീട്ടിലിരുന്നാൽ മതി. കെട്ടുകണക്കിന് നോട്ടുകെട്ടുകളുമായി ഭാഗ്യദേവത അവന്റെ പടിവാതിൽക്കൽ വന്നു മുട്ടും.

എല്ലാ മനുഷ്യരിലും ഒരു ഭാഗ്യാന്വേഷി ഒളിഞ്ഞിരിപ്പുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ അവരതൊന്നു പരീക്ഷിച്ചു നോക്കും. ഒരിക്കലെങ്കിലും ഒരു ലോട്ടറി ടിക്കറ്റ് എടുക്കാത്തവർ ചുരുക്കമാണ്. സ്ഥിരമായി ലോട്ടറി എടുത്ത് നിരാശ വിലയ്ക്കു വാങ്ങുന്നവരും ധാരാളം. നമ്മുടെ കേരള സർക്കാരിന്റെ ഖജനാവ് നിറയുന്നത് ഇവരുടെ കണ്ണീരിന്റെ കാശുകൊണ്ടാണല്ലോ!

‘എന്റെ ചെറുപ്പകാലത്ത് ലോട്ടറി ടിക്കറ്റിന് ഒരു രൂപാ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഒന്നാം സമ്മാനം ഒരു അംബാസിഡർ കാർ. പിന്നീട് കാറു കൂടാതെ, ഒരു ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി. അത് കൂടുതൽ ആകർഷണീയമാക്കി.

‘ഒരു രൂപാ നോട്ടുകൊടുത്താൽ
ഒരു ലക്ഷം കൂടെപ്പോരും…..
ഭാഗ്യം കയറിവരുന്ന രഹസ്യം
പാവം പയ്യനറിഞ്ഞില്ല
അമ്പിളി പോലൊരു പെണ്ണുംകെട്ടി
അവനിന്നിമ്പാലയിൽ നടപ്പു……’

അടൂർ ഭാസി പാടി അഭിനയിച്ച ഈ ഗാനം പണ്ട് വളരെ പ്രസിദ്ധമായിരുന്നു.

കുതിരപ്പന്തയത്തിൽ ഒരു കൈ നോക്കി കുത്തുപാളയെടുത്ത പലരുമുണ്ട്.

‘കാസിനോ’കളോട് കമ്പമുള്ള അമേരിക്കൻ മലയാളികൾ ധാരാളം. ആയിരവും രണ്ടായിരവും മുടക്കുമ്പോൾ, ഒരു നൂറു ഡോളർ തിരിച്ചുകിട്ടിയാൽ അവർ വെരി വെരി ഹാപ്പി. ആ നൂറു രൂപയുടെ ചൂണ്ടയിൽ അവർ കുരുങ്ങിപ്പോകും., വീണ്ടും പോകാനുള്ള ഒരു പ്രലോഭനം.

ഇത്രയുമൊക്കെ ആമുഖമായി പറയുവാൻ കാരണം. ഈയടുത്തകാലത്ത് ശ്രദ്ധയിൽപ്പെട്ടൊരു
വാർത്തയാണ്

‘സ്റ്റാർ ബക്ക്സ്’ എന്ന പ്രസിദ്ധമായ സ്ഥാപനത്തിൽ നിന്നും ചായ വാങ്ങിയ ഒരുത്തന്റെ ദേഹത്ത് ചൂടു വെള്ളം വീണു. അടപ്പ് ശരിക്ക് അടയ്ക്കാതെയാണ് കപ്പ് കൈമാറിയതെന്നാണ് ആരോപണം.

തിളച്ച വെള്ളം വീണത് അവൻ്റെ മണിമംഗലത്താണ്. പ്രതിഷ്ഠയാകെ പൊള്ളി നാശമായി. ഇത്രയും കാലം പൊന്നുപോലെ പൊതിഞ്ഞുകൊണ്ടു നടന്ന ‘സാധനം’ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് മുക്കുപണ്ടമായത് എങ്ങിനെ സഹിക്കും?

വിവാഹ ആലോചനയുമായി വരുന്നവർ, മോഹൻലാൽ സിനിമയിലെപ്പോലെ ‘സാധനം കൈയ്യിലുണ്ടോ?’ എന്നു ചോദിച്ചാൽ എന്തു സമാധാനം പറയും.

ഇത് അമേരിക്കയാണ്. അന്യന്റെ അശ്രദ്ധ മൂലമുണ്ടാകുന്ന ശാരീരികവും, മാനസീകവുമായ എല്ലാ ക്ലേശങ്ങൾക്കും മാന്യമായ നഷ്ടപരിഹാരം ലഭിക്കുവാനുള്ള വകുപ്പുണ്ട്.

ഈ ചെറുപ്പക്കാരന് പറ്റിയ നഷ്ടത്തിന് എത്ര വലിയ തുക കൊടുത്താലും അതൊരു പരിഹാരമല്ല. നഖം വെട്ടുന്ന ലാഘവത്തോടെ ഹൃദയം പോലും മാറ്റിവെയ്ക്കാവുന്ന തരത്തിൽ മെഡിക്കൽ സയൻസ് വളർന്നിട്ടും, ഈ ഒരു സാധനം മാറ്റി, പകരം പുതിയൊരെണ്ണം വയ്ക്കാവുന്ന സമ്പ്രദായം ഇതുവരെ നടപ്പിൽ വന്നിട്ടില്ല. വേണമെങ്കിൽ സ്‌കിൻ ഗ്രാഫ്റ്റിംഗ് പോലെയുള്ള ചില അറ്റകുറ്റപ്പണികൾ ചെയ്യാമെന്നു മാത്രം.

മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ഈ ഒരു ഉപകരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. അത്ര വിലപിടിപ്പുള്ള ഒരു സാധനമാണ്, തിളച്ചവെള്ളം വീണ് ആകെപ്പാടെ ഹൽഗുത്തായത്.

ഇതിങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ! വക്കീലായി, കേസായി, കോടതിയായി. വിചാരണ വേളയിൽ, വനിതകളായ പല ജൂറിയംഗങ്ങളും വിതുമ്പി കരഞ്ഞു എന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്.

ആവലാതിക്കാരൻ്റെ ശാരീരിക വേദന, മാനസിക വിഷമം, ലൈംഗിക സുഖ നഷ്ടം, നാണക്കേട്, അവയവ രൂപവൈകൃതം- അങ്ങിനെ വിവിധ വകുപ്പുകളെല്ലാം കൂടിചേർത്ത് അമ്പത് മില്യൻ ഡോളർ നൽകുവാൻ ജൂറി ഉത്തരവായി.

നോക്കിക്കോണെ, ഓരോരുത്തന്മാരെ ഭാഗ്യം തേടിവരുന്ന വഴികൾ!

വൈകുന്നേരം വാർത്ത കണ്ടുകൊണ്ടിരുന്ന എന്നോട്, പ്രിയതമ പുഷ്‌പ പതിവിൽക്കവിഞ്ഞ സ്നേഹം നടിച്ചുകൊണ്ട് ചോദിച്ചു: ‘എന്തിനാ ഈ ടിവിയുടെ മുന്നിൽ സദാ സമയവും വായുംപൊളിച്ചുകൊണ്ടിരിക്കുന്നത്? പുറത്തെങ്ങാനും പോയി ഒന്നു ഫ്രഷായി വരരുതോ?’

ബാക്ക് യാർഡിൽ ചെടിക്കു വെള്ളം നനക്കുവാൻ പോയാൽ, നൂറു ചോദ്യം ചോദിക്കുന്നവളാണ് പതിവില്ലാതെ ഈ ഉപദേശം നൽകുന്നത്.

‘എന്താടി പതിവില്ലാത്ത ഒരു സ്നേഹം?

‘ഓ- ഇങ്ങേര് ഇവിടിരുന്ന് ബോറടിക്കുന്നത് കണ്ടപ്പോൾ പറഞ്ഞതാ!’

സമാധാനമായ ഒരു കുടുംബ ജീവിതത്തിന് അനുസരണം നല്ലതാണെന്ന് അനുഭവിച്ചിട്ടുള്ള ഞാൻ, അവളുടെ നിർദേശ പ്രകാരം പുറത്തേക്ക് പോകാനൊരുങ്ങി.

സ്റ്റാർബക്ക്സിൽ നല്ല കോഫി കിട്ടും. അവിടെ നിന്നും നല്ല ചൂടുള്ള ഒരു കാപ്പിയൊക്കെ കുടിച്ച് പതിയെ വന്നാൽ മതി.’ അവളുടെ ഒരു കരുതൽ.

ഞാൻ വീടിൻ്റെ പടിയിറങ്ങുമ്പോൾ പിന്നിൽ നിന്നും പതുങ്ങിയ സ്വരത്തിൽ ഒരു പ്രാർത്ഥന കേട്ടു.

‘ കർത്താവെ! അമ്പത് മില്യനൊന്നും വേണ്ടാ, ആ പോന്ന മൊതലിന് ഒരു അമ്പതിനായിരമെങ്കിലും കിട്ടിയാൽ മതി. ആ കൈയിലിരിക്കുന്ന സാധനം കൊണ്ട് ആർക്കും വലിയ പ്രയോജനമൊന്നുമില്ലല്ലോ!’

ഇതാണ് ഭാര്യ- ഇതാവണം ഭാര്യ!

രാജു മൈലപ്രാ ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ