Friday, November 22, 2024
Homeകേരളംആലപ്പുഴയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 34 കുട്ടികൾക്ക്‌ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്നു ആരോഗ്യ വകുപ്പ്...

ആലപ്പുഴയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 34 കുട്ടികൾക്ക്‌ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്നു ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം കൊടുത്തു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഒരു സ്കൂളിൽ  ഉച്ചഭക്ഷണം കഴിച്ച 34  കുട്ടികൾക്ക്‌ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലൈ 19ന്  സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ വൈകുന്നേരത്തോടെ ഛർദ്ദി, വയറു വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും,കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടുകയും ചെയ്തു.

കൂടുതലായും എൽപി വിഭാഗത്തിൽ  പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മിഡ് ഡേ മീൽ സ്‌കീമിൻറെ ഭാഗമായി ചോറും കറികളുമുൾപ്പടെ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു  നൽകിയത്. ഏകദേശം  തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ അറുന്നൂറ്റി ഇരുപതോളം വിദ്യാർഥികൾ ആണ് ഉച്ചഭക്ഷണം കഴിച്ചത്. തുടർന്ന് 34 വിദ്യാർഥികൾക്ക് അസ്വസ്ഥത ഉണ്ടായി. ഇവർ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി.  ഇതിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 21 കുട്ടികൾ അന്നു രാത്രി പതിനൊന്ന് മണിയോടെ ആശുപത്രി വിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളെ  പ്രാഥമിക പരിശോധനകൾക്ക് ശേഷം പിറ്റേന്ന് ( ജൂലൈ 20 ന് ) വിട്ടയച്ചു. എട്ട് കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

ഇത്  സംബന്ധിച്ച് വിശദമായ അന്വേഷണം ജൂലൈ 20 ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാറിന്‍റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തു നടത്തി. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാർ, പാചകമുറി, ഇവിടേക്ക് വെള്ളം സംഭരിക്കുന്ന ജലസ്രോതസ്സുകൾ, കുട്ടികൾക്ക് കൈകഴുകാനും കുടിക്കാനും വെള്ളം സംഭരിച്ചു ലഭ്യമാക്കുന്ന സ്രോതസ്സുകൾ, പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും  സംഭരിച്ചു വച്ചിരിക്കുന്ന രീതി, അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ ടോയ്‌ലറ്റ് സംവിധാനം, സുരക്ഷിതമായ ശുചിമുറികളുടെ ലഭ്യത എന്നിവയെല്ലാം ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ടീമിൻറെയും ആര്യാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും സ്‌കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ   പരിശോധിച്ചു.

ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്ക് ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, വിവിധ ജലസ്രോതസ്സുകൾ, പാചകത്തിനും കുട്ടികൾ വായ കഴുകുന്നതിനും മറ്റും   ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് തയ്യാറാക്കുന്ന ഉച്ചഭക്ഷണത്തിൻ്റെ ചെറിയ ഒരു അംശം വിദ്യാലയങ്ങളിൽ പിറ്റേ ദിവസത്തെ ഭക്ഷണം തയ്യാറാക്കുന്നതുവരെ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനം വേണ്ടതിൻ്റെ ആവശ്യകതയും ജില്ല ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments