ആസ്വാദനക്കുറിപ്പ് : രാധാ പ്രമോദ് വെങ്ങാട്ട്
ചെറുകഥാ സമാഹാരം : കിളികൾ പറന്നുപോകുന്നയിടം
കഥാകൃത്ത് : പ്രേംരാജ് കെ കെ
കുട്ടിക്കാലത്ത്, സന്ധ്യാസമയത്ത് വീടിനടുത്തുള്ള കുന്നിൻ ചരുവിൽ കയറി നിന്ന് കിഴക്കോട്ട് പറന്നു പോകുന്ന ചെറുതും വലുതുമായ പറവക്കൂട്ടങ്ങളെ നോക്കി അന്തം വിട്ട് നിന്നിട്ടുണ്ട്. ഒട്ടേറെ ചോദ്യങ്ങൾ മനസ്സിൽ അവശേഷിപ്പിച്ച് ആ പക്ഷികൾ ദൂരെ മരക്കൂട്ടങ്ങൾക്കിടയിൽ മറയും….. പ്രേംരാജിൻ്റെ ‘കിളികൾ പറന്നു പോകുന്നയിടം’ കഥാസമാഹാരം കൈയ്യിലെത്തിയപ്പോൾ,.. അന്തരംഗത്തിൽ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ വീണ്ടും ഉണർന്നു..
ആകെ 15 ചെറുകഥകൾ അതിൽ 12-ാമത്തെ കഥ: ആദ്യം വായിച്ചത് ‘കിളികൾ പറന്നുപോകുന്നയിടം’ ആണ് ശങ്കുണ്ണി നായർ എന്ന നന്മ നിറഞ്ഞ മനുഷ്യൻ സ്വന്തം സമ്പാദ്യം കൊണ്ട് പണിഞ്ഞ ‘ചില്ല അനാഥരും അവശരും വൃദ്ധരുമായവർക്ക് ചേക്കേറാൻ ഒരുക്കിയ ഒരിടം. ഇവിടെ മനുഷ്യർ മാത്രമല്ല കുറെയേറെ പക്ഷിമൃഗാദികൾ കൂടി അഭയം പ്രാപിക്കുന്ന ഇടമാണ് …… ‘ഭൂമിയുടെ അവകാശികൾ’ മനുഷ്യർ മാത്രമല്ല എന്ന ബഷീറിയനിസം ഈ കഥയ്ക്ക് പ്രത്യേക മാനം നൽകുന്നു “പക്ഷികളൊക്കെ മരണസമയം ആയെന്നറിഞ്ഞാൽ ആരോടും കൂട്ടുകൂടാതെ ഒറ്റയ്ക്ക് എവിടെയെങ്കിലും പതുങ്ങിയിരിക്കും.. ചത്തു കഴിഞ്ഞാൽ മണ്ണോട് ചേരും… ” ആചാരങ്ങളുടെയോ ആരവങ്ങളുടെയോ അങ്കമ്പടിയില്ലാതെ ജീവിച്ച് മരിക്കുന്ന ജീവജാലങ്ങൾ മനുഷ്യർക്ക് നൽകുന്ന തികച്ചും പ്രകൃതിദത്തമായ പാഠങ്ങളുണ്ട് ആ പാഠങ്ങൾ മനുഷ്യർ പലപ്പോഴും മനുഷ്യർ വായിക്കാതെ പോവുന്നു ഈ കഥാ സമാഹാരത്തിലെ മറ്റു കഥകളും കഥാകാരൻ്റെ ദാർശനിക കാഴ്ചപ്പാടുകൾ ലളിതമായി അവതരിപ്പിക്കുന്നവയാണ് ‘ഒറ്റപ്പെടൽ, , നിസ്സാഹയത, പ്രണയം, സംശയം. നിരാസം,കാത്തിരിപ്പ്, ഒത്തുചേരൽ തുടങ്ങി മനുഷ്യജീവിതത്തിലെ ദശാസന്ധികളെല്ലാം പ്രോംരാജിൻ്റെ കഥകൾക്ക് വിഷയമാവുന്നുണ്ട് വാർധക്യം മനുഷ്യനെ പലപ്പോഴും ഒറ്റപ്പെടലിലേക്ക് നയിക്കുന്നു……. ആ ഒറ്റപ്പെടലിലും നിരാശരാവാത്ത ചിലർ ഉണ്ട് …ശങ്കുണ്ണിയും ശ്രീകണ്ഠ പൊതുവാളുമൊക്കെ വ്യത്യസ്തരാവുന്നത് ഇവിടെയാണ് …….
ജോലി തേടി വിദേശത്ത് താമസമാക്കുന്നവർക്ക് പലപ്പൊഴും ജീവിതം ആവർത്തന വിരസമാവുന്നത് സ്വാഭാവികം’ സ്വന്തം വേരുകൾ തേടി തിരികെ ഒരു യാത്ര കൊതിക്കുന്ന ഒന്നിലേറെ കഥാപാത്രങ്ങൾ കഥകളിൽ കാണാം വേരുകൾ തേടി, കുടുംബ സംഗമം അറ്റുപോകാത്ത കണ്ണികൾ തുടങ്ങിയ കഥകളിലെല്ലാം തന്നെ യാന്ത്രിക ജീവിതത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന നഗര ജീവിതത്തിൻ്റെ തുരുത്തിൽ മനുഷ്യരുടെ പ്രതിനിധികളെ കാണാം ബോംബെ നഗരത്തിലെ ഭിന്നലിംഗക്കാരിലൊരാളായി മാറിയ ജ്യോതിയുടെ കഥ പറയുന്ന ‘പരിവർത്തനം’ |Survival of the fittest , എന്ന സിദ്ധാന്തം ലളിതമായി അവതരിപ്പിക്കുന്ന മീനിൻ്റെ ആത്മാവ്’ തുടങ്ങിയ കഥകൾ ആശയപരമായി വ്യത്യസ്തത പുലർത്തുന്നു.
ബാല്യ കൗമാരങ്ങളിലെ ഗ്രാമജീവിതത്തിൻ്റെ ഓർമ്മകളും ബോംബെ യിലെയും ബാംഗ്ലൂരിലെയും സങ്കീർണമായ നഗര ജീവിതാനുഭവങ്ങളും പ്രേം രാജ് എന്ന വ്യക്തിയെ ഒരു കഥയെഴുത്തുകാരനാക്കി മാറ്റി എന്ന് വേണം കരുതാൻ ചുറ്റുപാടും കണ്ട മനുഷ്യ ജീവിതങ്ങളെ തികച്ചും ലളിതമായ ഭാഷയിലൂടെ ആവിഷ്കരിക്കാൻ കഥാകാരന് സാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.
എഴുത്തിൻ്റെ ലോകത്ത് ഇനിയുമേറെ മുന്നേറാനും തീർച്ചയും മൂർച്ചയുള്ള വാക്കുകളിൽ തനിക്ക് പറയാനുള്ളത് പറയാനും പ്രേംരാജിലെ എഴുത്തുകാരന് കഴിയും എന്ന ശുഭാപ്തിവിശ്വാസത്തോടെ ..