ഗൂഡല്ലൂര്‍ : മൂന്നാഴ്ചയ്ക്കിടെ രണ്ടു പേരുടെ ജീവനെടുത്ത പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് തോട്ടം തൊഴിലാളികളുടെ മകളായ മൂന്നു വയസ്സുകാരിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവമുണ്ടായത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലന്‍ ദേവിയുടേയും മകള്‍ നാന്‍സിയാണ് മരിച്ചത്.
അങ്കണവാടിയില്‍ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയില്‍ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ഇന്നലെ രാത്രി നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
പന്തല്ലൂര്‍ താലൂക്കിലെ വിവിധ ഇടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ പുലിയെ പിടികൂടാനായിട്ടില്ല. വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തിയത് ഒരേ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.