ജനങ്ങൾ വെറുക്കുന്ന രീതിയിൽ പാർട്ടി എത്തി; ഞാൻഅതിൽ സന്തോഷിക്കുന്നു: മുകളിൽ തന്നെ തിരുത്തൽ വേണമെന്ന്സി സി കെ പി പത്മനാഭൻ
കണ്ണൂർ:സിപിഎം നേതൃത്വത്തിനെതിരെ തുറന്ന വിമർശനവുമായിസിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻ.ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല, സത്യം ജനങ്ങൾ അറിയണം എന്ന് പറഞ്ഞാണ് സികെപി പത്മനാഭന്റെ തുറന്ന് പറച്ചിൽ. കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശങ്ങൾ. 12വർഷത്തിന് ശേഷമാണ് സികെപി പത്മനാഭൻ പാർട്ടി നടപടിയെ കുറിച്ച് പ്രതികരിക്കുന്നത്.
വിഭാഗീയതയുടെ പേരിലാണ് തന്റെപേരിൽ ആരോപണങ്ങൾ കെട്ടിവച്ചത്, താൻ ശരിയുടെ പക്ഷത്തായിരുന്നു. അതാണ് തനിക്കെതിരെ നടപടിയെടുക്കാൻ കാരണം. അന്ന് അതിന് പിറകിൽ പ്രവർത്തിച്ചവരാണ് ഇന്ന് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചത്. അതിൽ താൻ സന്തോഷിക്കുന്നെന്നും സികെപി പറഞ്ഞു. ജനങ്ങൾ വെറുക്കുന്ന രീതിയിൽ പാർട്ടി എത്തിയതിൽ പരിശോധന വേണം, താഴെ തട്ടിൽ അല്ല മുകളിൽ തന്നെ തിരുത്തൽവേണമെന്നാവശ്യപ്പെട്ട് നിലവിലെ നേതൃത്വത്തിനും സികെപിയുടെ ഒളിയമ്പ്.
സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ ഇഎംഎസും മന്ത്രിമാരും ശമ്പളം പകുതിയാക്കിയതു പോലുള്ള മാതൃകകളാണ് ജനം പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ സികെപി പിണറായി സർക്കാറിനേയും ലക്ഷ്യം വച്ചു. ടിപി ചന്ദ്രശേഖരൻ വധത്തിലൂടെ എന്താണോ ഇല്ലാതാക്കാൻ ശ്രമിച്ചത്, അത് വളർന്നു. ടിപിയെക്കാൾ വലിയ പ്രസ്ഥാനമായി ആർഎംപി മാറി. പി ശശിക്കെതിരായ പരാതി തള്ളിക്കളയാനാകുന്നതായിരുന്നില്ലെന്നും സികെപി പറഞ്ഞു.