Logo Below Image
Wednesday, May 21, 2025
Logo Below Image
Homeഅമേരിക്ക'കൗതുക വാർത്തകൾ' (9) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (9) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

കാർത്തിക് ശങ്കർ

A) പാർസികൾ മൃതദേഹങ്ങൾ കഴുകന്മാർക്ക് സമർപ്പിക്കുന്ന ശ്മശാനമന്ദിരം.

ഉത്തരേന്ത്യയിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉള്ള സമ്പന്നരായ ഒരു ന്യൂനപക്ഷ മത വിഭാഗക്കാരാണ് സൗരാഷ്ട്രീയ മത വിശ്വാസം പിൻ തുടരുന്ന പാർസികൾ .
പാർസികളുടെ ശവസംസ്കാര കേന്ദ്രങ്ങളെയാണ് The Tower of Silence അഥവാ മൗനഗോപുരം അല്ലെങ്കിൽ നിശബ്ദ ഗോപുരം എന്ന് വിളിക്കുന്നത്.
മൃതദേഹം ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യാതെ കഴുകന്മാർക്ക് ഭക്ഷിക്കാനായി വിട്ടു കൊടുക്കുന്ന ഒരു ശവ സംസ്കാര രീതിയാണ് പാർസികളുടേത്. അങ്ങനെ കഴുകന്മാർക്ക് വേണ്ടി മൃതദേഹങ്ങൾ വച്ചു കൊടുക്കാനും കഴുകന്മാർ മാംസം കഴിച്ച ശേഷം ബാക്കിയാകുന്ന അസ്ഥികൾ കൂട്ടി വയ്ക്കാനും ഉള്ള ശ്മശാന മന്ദിരമാണ് Tower of Silence. ദഖ്മ എന്ന് കൂടി അതറിയപ്പെടുന്നു.

ഇന്ത്യയിൽ, മുംബെയിലെ മലബാർ കുന്നിലെ — Malabar Hill ൽ തൂങ്ങുന്ന പൂന്തോട്ട -(Hanging gardens) ത്തിനടുത്താണ് പാഴ്സികളുടെ ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങൾ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ നഗരത്തിലുള്ള പാർസികൾക്കായി ഹെബ്ബാൽ മേൽപ്പാലത്തിന് സമീപം മാവും തെങ്ങും മറ്റ് മരങ്ങളും നിറഞ്ഞ 14 ഏക്കർ കാമ്പസിൽ ഒരു നിശബ്ദ ഗോപുരം ഉണ്ട് .ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളിൽ നിന്ന് അത് കാണാവുന്നതാണ്.

ഏകദേശം ആയിരം വര്‍ഷം മുമ്പ് , ഇന്നത്തെ ഇറാനില്‍ നിന്നാണ് പാര്‍സികള്‍ ഇന്ത്യയിലെത്തുന്നത്. 3000 വർഷങ്ങൾക്ക് മുമ്പ് പേർഷ്യയിൽ പിറന്ന സൗരാഷ്ട്രമതം ഒരു കാലത്ത് പേർഷ്യയിലെ ശക്തമായൊരു മതവിഭാഗമായിരുന്നു.
ജീവിതത്തിലും മരണത്തിലും സവിശേഷമായ ആചാരങ്ങൾ പിൻ തുടരുന്ന ജനതയാണ് സൗരാഷ്ട്രിയർ. സൗരാഷ്ട്ര മതത്തിലെ പല ആശയങ്ങളും പില്ക്കാല മതങ്ങളായ ക്രിസ്ത്യൻ മതത്തിലും ഇസ്ലാം മതത്തിലും കാണാം.
ക്രിസ്ത്യൻ മതവും ഇസ്ലാം മതവും പേർഷ്യയിൽ പ്രചരിക്കുകയും അവിടത്തെ ഭരണാധികാരികൾ പുതിയ മതങ്ങൾ സ്വീകരിക്കുകയും അതിന് പ്രാമുഖ്യം കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെ ക്രമേണ സൗരാഷ്ട്ര വിഭാഗക്കാരുടെ എണ്ണം കുറഞ്ഞു.

പിൽക്കാലത്ത് പേര്‍ഷ്യ കീഴടക്കിയ മുസ്ലിം ഭരണാധികാരികളില്‍ നിന്ന് മതം മാറ്റ ഭീഷണി നേരിട്ടപ്പോൾ തങ്ങളുടെ വിശ്വാസാചാരങ്ങളിൽ ഉറച്ചു നിൽക്കാൻ ആഗ്രഹിച്ച സൗരാഷ്ട്രിയർ അവിടെ നിന്ന് പലായനം ചെയ്തു. അക്കൂട്ടത്തിൽ ഇന്ത്യയിലേക്ക് ചേക്കേറിയ സൗരാഷ്ട്രീയരെയാണ് നാം പാർസികൾ എന്ന് വിളിക്കുന്നത്. ഗുജ്റാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അക്കാലത്ത് ധാരാളം പാർസികൾ എത്തിച്ചേർന്നിരുന്നു. മത സൗഹാർദ്ദ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന ഇന്ത്യൻ മണ്ണിൽ പാർസി സമൂഹം തങ്ങളുടെ തനതു വിശ്വാസങ്ങളുമായി വേരുറച്ചു .


ബിസ്സിനസ്സിലൂടെയും മറ്റും ഇന്ത്യയിലെ സമ്പന്ന സമൂഹങ്ങളിലൊന്നായി അവർ വളര്‍ന്നു. ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ TATA കുടുംബക്കാരൊക്കെ പാര്‍സി മതത്തിൽ പെട്ടവരാണ്. ഇന്ത്യയിലെ മറ്റു മതവിഭാഗക്കാരുമായി താരതമ്യം ചെയ്യുമ്പോൾ വളരെക്കുറച്ചുമാത്രം അംഗസംഖ്യയുള്ള ഒരു ജനതയാണിന്ന് പാർസികൾ . ലോകത്താകമാനമായി 2 ലക്ഷത്തോളം മാത്രമേ സൗരാഷ്ട്രീയ വിശ്വാസക്കാർ ഇന്നുള്ളൂ. അതിൽ 60000 പേരോളം ഇന്ത്യയിലാണ്.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പാര്‍സികള്‍ ജീവിക്കുന്നത് മുംബൈയിലാണ്. 45000 ത്തോളമാണ് മുംബൈയിൽ അവരുടെ ജനസംഖ്യ.
ഇപ്പോഴും അവരിൽ ഭൂരിഭാഗവും തങ്ങളുടെ പരമ്പരാഗത മത വിശ്വാസങ്ങളിൽ അടിയുറച്ച് കഴിയുന്നവരാണ്.

മറ്റു മതസ്ഥരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് പാർസികൾ മരണമടഞ്ഞവരുടെ ശവസംസ്കാരം നടത്തുന്നത്. ശവശരീരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ് ഇവർ ചെയ്യുന്നത്. തങ്ങളിലൊരാൾ മരിച്ചു കഴിഞ്ഞാൽ പുരോഹിതന്റെ നേതൃത്വത്തിലുള്ള അന്ത്യ കര്‍മങ്ങള്‍ക്കു ശേഷം മൃതശരീരം ടവേഴ്സ് ഓഫ് സൈലന്‍സില്‍ കഴുകന്‍മാര്‍ക്ക് ഭക്ഷണമായി വച്ചു കൊടുക്കുന്നതാണ് പാർസികളുടെ രീതി. ശവശരീരം, അലങ്കരിച്ച മഞ്ചലിൽ Tower of Silence ൽ കൊണ്ടുവന്ന് പ്രത്യേക സ്ഥലത്ത് വച്ച ശേഷം ചില മരണാനന്തര കർമങ്ങൾ ചെയ്യും. ശേഷം മൃതദേഹത്തിലെ വസ്ത്രങ്ങൾ നീക്കം ചെയ്ത് കഴുകന്മാർക്ക് ഭക്ഷിക്കാൻ പാകത്തിൽ തുറന്ന് വയ്ക്കും’ ശവവാഹകർ കൈകൊട്ടി ശ്രദ്ധ ക്ഷണിക്കുന്നതോടെ ഇവിടത്തെ ഗോപുരങ്ങൾക്കു മുകളിലെ കൂടുകളിൽ നിന്ന് കഴുകന്മാരെത്തി ഈ ശവശരീരം തിന്നുകയും ചെയ്യുന്നു. ഏതാനും മണിക്കൂറിനകം അവ ഒരു ശവശരീരം പൂർണമായും തിന്നു തീർക്കുന്നു. ഇതിനു ശേഷം അവശേഷിക്കുന്ന എല്ലുകൾ സൂര്യ പ്രകാശത്തിൽ ഉണങ്ങാനായി വയ്ക്കും. പിന്നീട് അവ Tower of Silence ന്റെ മദ്ധ്യത്തിലുള്ള കുഴിയിലേക്ക് നിക്ഷേപിക്കും. ഇതാണ് പാർസികളുടെ പൊതുവായ ശവസംസ്കാര രീതി.

ഈ രീതിയിലുള്ള പ്രത്യേക ശവസംസ്കാര രീതിയ്ക്കായി സവിശേഷമായി ഡിസൈൻ ചെയ്തതാണ് നിശബ്ദ ഗോപുരങ്ങൾ എന്ന മരണക്കിണർ അഥവാ ദഖ്മ . കേട്ടാല്‍ പ്രാകൃതമെന്ന് തോന്നുന്ന ഈ ശവസംസ്കാര രീതിക്ക് പാർസികൾക്ക് അവരുടേതായ ന്യായീകരണമുണ്ട്. പാഴ്സികളുടെ മതവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ശവസംസ്കാരത്തിലൂടെ പ്രകടമാകുന്നത്. അഗ്നിയെ ആരാധിക്കുന്നവരാണ് സൗരാഷ്ട്രീയർ .ഭൂമിയും അഗ്നിയും വളരെ വിശുദ്ധമായ വസ്തുക്കളാണെന്നവർ കരുതുന്നു. ശവശരീരം ദഹിപ്പിക്കയോ കുഴിച്ചിടുകയോ ചെയ്താൽ അത് അവയെ ദുഷിപ്പിക്കും എന്നുമവർ കരുതുന്നു. അശുദ്ധമായ മൃതദേഹത്തെ പവിത്രമായ അഗ്നി സ്പർശിക്കാതിരിക്കാനാണ് അവ ദഹിപ്പിക്കാത്തത് . മാത്രമല്ല മൃതദേഹം ദഹിപ്പിച്ചാല്‍ വായു മലിനീകരണം സംഭവിക്കുമെന്നവർ കരുതുന്നു. കുഴിച്ചിട്ടാല്‍ മണ്ണ് അശുദ്ധമാകുമെന്നും . ഈ വിശ്വാസം മൂലമാണ് ഇവർ മറ്റു മതസ്ഥരെപ്പോലെ ശവശരീരം ദഹിപ്പിക്കുകയോ മണ്ണിൽ മറവു ചെയ്യുകയോ ചെയ്യാത്തത്.

ലോകത്തെങ്ങും പാർസികൾ ഈ രീതിയാണ് അവലംബിച്ചിരുന്നത്.
ശവസംസ്കാരത്തിലുള്ള ആ പാരമ്പര്യ രീതിയാണ് ഇന്ത്യയിലെ പാർസികളും ഇഷ്ടപ്പെടുന്നത്. അത്തരത്തിൽ ശവസംസ്കാരം നടത്താനുളള ടവേഴ്സ് ഓഫ് സൈലന്‍സ് രണ്ടെണ്ണം മുംബൈയിലുണ്ട്. നഗരം ഇത്രകണ്ട് വികസിക്കുന്നതിനും വളരെ മുമ്പേ സ്ഥാപിച്ചവയാണവ. മലബാർ ഹില്ലിലെ Tower of Silence പച്ചപ്പ് നിറഞ്ഞ 54 ഏക്കർ സ്ഥലത്തിന് നടുവിലാണ്. അവിടെ കഴുകന്മാർക്ക് ഭക്ഷിക്കാനായി മൃതദേഹം വച്ചു കൊടുക്കുന്നത് തന്നെയാണ് മുംബൈയിലുള്ള പാർസികളുടെ രീതി.
ജനവാസം കുറഞ്ഞ പ്രദേശത്ത് നിശബ്ദ ഗോപുരം നിർമിക്കുന്നതായിരുന്നു പതിവ്. എന്നാൽ കാലക്രമേണ ജനസംഖ്യ പെരുകിയതോടെ നിശബ്ദ ഗോപുരത്തിന് അരികെ വരെ ആൾപ്പാർപ്പാകുന്ന സ്ഥിതിയായി പേർഷ്യയുടെ ഭാഗമായ ഇറാനിലും ഇതേ ശവസംസ്കാര രീതി തന്നെയായിരുന്നു പാർസികൾ അവലംബിച്ചിരുന്നത്.
എന്നാൽ അവിടത്തെ ടവേഴ്സ് ഓഫ് സൈലന്‍സ് പലതും മുസ്ലീം ഭരണാധികാരികൾ അധികാരത്തിലെത്തിയതോടെ തകർത്തു കളഞ്ഞു. തകർക്കാതെ നിർത്തിയവ പലതും അടച്ചു പൂട്ടിക്കയും ചെയ്തു. അതിനാൽ മറ്റു തരത്തിലുള്ള ശവസംസ്കാര രീതി സ്വീകരിക്കാൻ അവിടത്തെ പാർസികൾ നിർബന്ധിതരായി. അവിടങ്ങളിൽ അവശേഷിച്ചവ ഇന്ന് ടൂറിസ്റ്റുകൾക്ക് കാണാനായി നിലനിർത്തിയവയാണ് .അവിടെ ശവസംസ്കാരത്തിന് അനുമതിയില്ല. എന്നാൽ ഇന്ത്യയിൽ ഇത് വരെയും അവർക്കത്തരം വിലക്കുകളില്ല. പക്ഷേ അടുത്തിടെ കഴുകന്മാരുടെ വംശമറ്റത് അവർക്ക് വിനയായി.

വൃത്താകൃതിയിലുള്ള ഘടനയിലാണ് ദഖ്മ അല്ലെങ്കിൽ ശവസംസ്കാര ഗോപുരം നിർമിക്കുക.25 അടി ഉയരമുള്ള ടവറുകൾ ഇഷ്ടികയോ കല്ലോ കൊണ്ട് നിർമ്മിച്ചതാണ് മൂന്ന് നിലകൾ . മൂന്ന് വരികൾ . മുകളിലത്തെ വരി പുരുഷന്മാർക്കുള്ളത്, മധ്യനിര സ്ത്രീകൾക്കുള്ളതാണ്, ഏറ്റവും അകത്തെ വരി കുട്ടികൾക്കുള്ളതാണ്. ശ്രീകോവിലിൽ 365 ദിവസവും ജ്വലിക്കുന്ന ജ്വാലയും ഉണ്ട്.
ഈ പരിസരത്ത് ബംഗ്ലിസ് എന്ന് വിളിക്കപ്പെടുന്ന ചെറിയ നിർമ്മിതികൾ ഉണ്ട്, അവിടെ ഖാൻഡിയകൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക പരിചാരകർ ദഖ്മയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് പ്രാർത്ഥനകൾ ചൊല്ലുന്നു.
പാഴ്‌സി ടവർ ഓഫ് സൈലൻസിൽ മരിച്ചവരുടെ ബന്ധുക്കൾ അന്ത്യകർമങ്ങൾ ചെയ്യുന്നു. സൂര്യന്റെ അഗ്നിയും ഭൂമിയുടെ ചൂടും മരിച്ചവരെ അവകാശപ്പെടുന്നു എന്നതാണ് പ്രാർത്ഥനയുടെ സത്ത. അരയിൽ ഒരു പട്ടുനൂലും നീളമുള്ള വെള്ള വസ്ത്രവും ധരിച്ച സ്ത്രീകളും പുരുഷന്മാരും ക്ഷേത്രത്തിൽ നിശബ്ദമായി അത് ഉരുവിടുന്ന ഒരു ചടങ്ങാണിത്. സൊറോസ്ട്രിയൻമാർ പ്രകൃതിക്ക് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. പാർസികൾ വായു, വെള്ളം, തീ തുടങ്ങിയ പ്രകൃതി ഘടകങ്ങളെ മലിനമാക്കരുത് എന്ന വിശ്വാസക്കാരാണ്. ഇവരുടെ ആചാരങ്ങളിൽ അഗ്നിയ്ക്ക് പ്രത്യക പ്രാധാന്യം ഉണ്ട് .

ക്രിസ്തീയർക്ക് കുരിശ് പോലെ അഗ്നി സൗരാസ്ട്രിയൻ മതത്തിന്റെ പ്രതീകമാണ്.
അതു കൊണ്ടാണ് ശവ ശരീരങ്ങൾ അഗ്നിയിൽ ദഹിപ്പിക്കാത്തത് .
മാത്രമല്ല മൃതദേഹങ്ങൾ കഴുകന്മാർക്ക് നൽകുമ്പോൾ ഒരു മനുഷ്യന്റെ ഉടൽ തന്നെ മറ്റു ജീവികൾക്കായി ദാനം ചെയ്യുക എന്ന പുണ്യ പ്രവൃത്തി നിർവഹിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് അവർ കരുതുന്നു. ഒരു മനുഷ്യന് അനുഷ്ടിക്കാവുന്ന അവസാന ദാനധർമം .
മരിച്ചയാളുടെ അവശിഷ്ടങ്ങൾ കഴുകന്മാർക്ക് കഴിക്കാൻ ഗോപുരത്തിൽ ഉപേക്ഷിക്കുന്നത് സമൂഹത്തിനും പ്രകൃതിക്കും വേണ്ടിയുള്ള ഏറ്റവും ശുദ്ധവും സുരക്ഷിതവുമായ സംസ്കരണ മാർഗമായാണ് വിശ്വാസികൾ കാണുന്നത്.
ശരീരം മറവ് ചെയ്യാനുള്ള ഏറ്റവും വൃത്തിയുള്ള മാർഗമായും അവരത് കരുതുന്നു.
1970-കളിൽ ഇറാൻ ഈ സമ്പ്രദായം നിരോധിച്ചിരുന്നുവെങ്കിലും അവിടെ
വിനോദസഞ്ചാരികൾ പതിവായി സന്ദർശിക്കുന്ന മരുഭൂമി നഗരമായ യാസ്ദ്ൽ ചില ഗോപുരങ്ങൾ ടൂറിസ്റ്റാവശ്യത്തിന് മാത്രമായി നില നിർത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതു വരെ ടവേഴ്സ് ഓഫ് സൈലൻസിലെ ശവസംസ്കാരം നിരോധിച്ചിട്ടില്ല
പക്ഷേ ഈ പ്രദേശത്ത് ശവം തീനി കഴുകന്മാരുടെ അഭാവം ഈ പുരാതന ശ്മശാന രീതിക്ക് വലിയ ഭീഷണിയാണ്. 1990-കളിൽ ഇന്ത്യയിലെ കന്നുകാലികൾക്ക് വ്യാപകമായി നൽകിയിരുന്ന മരുന്നാണ് ഡിക്ലോഫെനാക് . ആ ഫാർമസ്യൂട്ടിക്കൽ മരുന്ന് ഉള്ളിൽ ചെന്ന പശുക്കളുടെ മൃതദേഹം ഭക്ഷിച്ച് ഇന്ത്യയിലെ ഭൂരി ഭാഗം കഴുകന്മാരും വൃക്ക തകർന്ന് മരിച്ചു പോയതായി പഠനങ്ങൾ കാണിക്കുന്നു.
അതോടെ നിശബ്ദതയുടെ ഗോപുരങ്ങളിൽ കഴുകന്മാരുടെ എണ്ണം കുറഞ്ഞു.
അവശേഷിച്ച ചുരുക്കം ചില കഴുകുകൾക്ക് പലപ്പോഴും മൃതശരീരം മുഴുവനായി തിന്നുതീർക്കാൻ കഴിയാറില്ല എന്നത് പാർസികളുടെ ഈ ആചാരം തുടരുന്നതിന് തടസ്സമാകുന്നു.

നൂറ്റാണ്ടുകളായി നില നിന്ന് വന്ന ഒരാചാരം പതിയെ അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഡിക്ലോഫെനാക് സോഡിയം കഴിച്ച മൃഗങ്ങളെ തിന്നുക വഴി കഴുകന്‍മാര്‍ക്ക് വംശനാശം വന്നതോടെ പാർസികളുടെ പരമ്പരാഗത ശവസംസ്കാര രീതി മാറ്റേണ്ട സ്ഥിതിയിലാണ് ഇന്നവർ.

B) ആദ്യത്തെ Text Message

ചരിത്രത്തിലെ തന്നെ ആദ്യത്തെ SMS എന്തായിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ ? 1992 ഡിസംബർ 3 നാണ് ആദ്യത്തെ SMS സന്ദേശം അയച്ചത്. ഇത് ആശയവിനിമയ ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവ് ആയരുന്നു. വെറും “Merry Christmas” എന്ന് മാത്രമുള്ള സന്ദേശമായിരുന്നു ചരിത്രതിലെ ആദ്യ SMS.

Neil Papworth എന്ന വ്യക്തി Richard Jarvis എന്ന മറ്റൊരു വ്യക്തിക്ക് വോഡഫോൺ നെറ്റ് വർക്കിൻ്റെ സഹായത്തോടെയാണ് ആദ്യ SMS അയച്ചത്. ഒരു ഓർബിറ്റെൽ 901 മൊബൈൽ ഫോണിലാണ് പ്രസ്തുത സന്ദേശം സ്വീകരിച്ചത്.
സാധാരണ Cell Phone ൽ നിന്നും Cell Phone ലേക്കാണ് SMS അയയ്ക്കാറുള്ളത് എന്നാൽ ആദ്യത്തെ SMS അയച്ചത് കമ്പ്യൂട്ടറിൽ നിന്നുമാണ് എന്ന പ്രത്യേകതയുമുണ്ട്.
ആശയവിനിമയ മേഖലയിലെ ശാസ്ത്രത്തിൻ്റെ മുന്നേറ്റത്തിൻ്റെ പ്രതീകമായ SMS വളരെ പെട്ടെന്ന് തന്നെ ആഗോള ജനപ്രീതി ആർജിക്കുകയും ആശയവിനിമയത്തിന് പ്രധാനപ്പെട്ട ഉപാധികളിൽ ഒന്നായി മാറുകയും ചെയ്തു.
ടെക്സ്റ്റ് മെസേജുകൾ ഇന്നത്തെ കാലഘട്ടത്തിൽ സർവ്വ സാധാരണമാണ്.

നമ്മുടെ മൊബൈൽ ഫോണിൽ വിവിധ OTP കൾ പ്രധാനമായും text message മുഖേനയാണ് ലഭിക്കുന്നത്. കൂടാതെ നമ്മുടെ Network Provider അവരുടെ ഓഫറുകളും മറ്റ് മുന്നറിയിപ്പുകളും പ്രധാനമായും ടെക്‌സ്റ്റ് മെസേജ് ആയാണ് അയക്കുന്നത്. ഇത് SMS (Short Message Service) എന്നും അറിയപ്പെടുന്നു.

C) മരുഭൂമി പണ്ടൊരു കടലായിരുന്നു

ഒരു കടൽ വറ്റിപ്പോവുക. പകരം അവിടെ ഒരു മരുഭൂമി പിറക്കുക. ഒരിക്കൽ കണ്ണെത്താ ദൂരത്തോളം പരന്നുകിടന്നിരുന്ന ജല സമ്പത്ത് വെറും മണൽപരപ്പായി രൂപാന്തരം പ്രാപിക്കുക. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള കടൽ ഒരു മരുഭൂമിയായി മാറാൻ വേണ്ടി വന്നത് വെറും 50 വർഷം മാത്രം.

കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുവെങ്കിലും ഇത് കെട്ടുകഥയല്ല. മധ്യേഷ്യയില്‍ കസാഖിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലും ആയി വ്യാപിച്ചു കിടന്നിരുന്ന ആരൽ കടൽ എന്നറിയപ്പെട്ടിരുന്ന ഒരു തടാകത്തിന് സംഭവിച്ച ദുരന്തമാണ്. സുപീരിയർ, വിക്ടോറിയ, കാസ്പിയർ തടാകങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്ന ആരൽ തടാകത്തിന് പിന്നീട് എന്താണ് സംഭവിച്ചത്?
ജൈവസമൃദ്ധിയാൽ നിറഞ്ഞിരുന്ന ഇവിടം എങ്ങനെയാണ് മരുഭൂമിയായത്?

ആരൽ എന്ന വാക്കിന് ദ്വീപുകളുടെ കടൽ എന്നാണർഥം. ഈ തടാകത്തിന്റെ വടക്കു ഭാഗം കസാഖിസ്ഥാനിലും തെക്കു ഭാഗം ഉസ്ബെക്കിസ്ഥാനിലുമായിരുന്നു. അക്കാലത്ത് 1534 ചെറു ദ്വീപുകൾ ആരല്‍ തടാകത്തിലുണ്ടായിരുന്നു. 68,000 ചതുരശ്രകിലോമീറ്റർ ആയിരുന്നു വിസ്താരം. നൂറുകണക്കിന് ആളുകൾ ആരൽ തടാകത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നു. ഒരു ദിവസം നാനൂറു കിലോഗ്രാം വരെ മീൻ പിടിക്കാറുണ്ടായിരുന്നുവെന്ന് തടാക തീരത്ത് ജീവിച്ചിരുന്നവർ ഓർക്കുന്നു. എന്നാൽ പിന്നീട് സംഭവിച്ചത് വേദനയോടെ നോക്കി നിൽക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ള‌ൂ.
മധ്യേഷ്യയിൽ നിന്നുള്ള രണ്ട് വൻ നദികളായിരുന്നു ആരൽ കടലിനെ ജലസമ്പുഷ്ടമാക്കിയിരുന്നത്. തെക്ക് ഭാഗത്ത് പാമീര്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിച്ച് 1500 മൈലുകള്‍ താണ്ടിയത്തെുന്ന അമു ദാര്യയും വടക്കുനിന്നുള്ള സിര്‍ ദാര്യയും.

1960 കളിൽ സോവിയറ്റ് സർക്കാർ ഈ നദികളെ കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ പരുത്തി, ധാന്യ മേഖലകളിലേക്ക് തിരിച്ചു വിടാൻ തുടങ്ങി. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ഈ രാജ്യങ്ങൾ അന്ന്. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരായി മാറാൻ സോവിയറ്റ് യൂണിയന്‍ മത്സരിക്കുന്ന കാലമായിരുന്നു അത്.
കൃഷിഭൂമിയിലേക്ക് കൂടുതൽ വെള്ളം എത്തിക്കാന്‍ കനാലുകളും അണക്കെട്ടുകളും നിർമിക്കാൻ സോവിയറ്റ ്സർക്കാർ തീരുമാനിച്ചു. ഇതോടെ കൃഷി വികസിച്ചെങ്കിലും തടാകം ശോഷിക്കാൻ തുടങ്ങി. ആദ്യത്തെ പത്തു വർഷം കൊണ്ടു തന്നെ പ്രതിവര്‍ഷം 20 സെന്റിമീറ്റർ എന്ന നിലയിൽ തടാകം ചുരുങ്ങാൻ തുടങ്ങി. പിന്നീടങ്ങോട്ട് ചുരുങ്ങുന്നതിന്റെ വേഗം കൂടി. 1960 ൽ തടാകത്തിന്റെ വ്യാപതി 68000 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നെങ്കിൽ 1998 ലെത്തിയപ്പോൾ 28700 ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങി. 2000 ആയപ്പോഴേക്കും കൃഷിയാവശ്യത്തിന് നദിയിൽ നിന്ന് വെള്ളമെടുക്കുന്നത് പതിന്മടങ്ങായി വർധിച്ചു. ആരൽ തടാകത്തിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. തടാകം തന്നെ രണ്ടായി. വടക്കു ഭാഗം കസാക്കിസ്ഥാനിലും തെക്കു ഭാഗം ഉസ്ബക്കിസ്ഥാനിലുമായി.

അവശേഷിച്ച ജലത്തില്‍ ഉപ്പിന്റെ അംശം വർധിച്ചു വന്നു. വലിയ തോതിൽ രാസകീടനാശികൾ കലരാൻ തുടങ്ങി. അത് മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ് ഇല്ലാതാക്കി. ആരൽ കടലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പക്ഷി മൃഗാദികളും ചത്തൊടുങ്ങി. മലിനമായ തടാകത്തിനു ചുറ്റുമുളള വായുവും വിഷലിപ്തമായി. വെള്ളത്തിൽ ഇറങ്ങുന്നവരുടെ മേൽ വെളുത്ത പാടയോ പൊടിയോ വന്നു മൂടാൻ തുടങ്ങി. ശരീരം വരളാൻ തുടങ്ങി. ബാർലിയും ചോളവും തണ്ണിമത്തനും ധാരാളം വിളയിച്ചിരുന്ന ഭൂമി കരിഞ്ഞുണങ്ങി. മഴ നിലച്ചു. പുല്ലു പോലും നശിച്ചു. തീരത്ത് വിഹരിച്ചിരുന്ന കൃഷ്ണ മൃഗങ്ങൾ ഇല്ലാതായി. വേനൽക്കാലത്തെ അമിത ചൂടും തണുപ്പു കാലത്തെ അതിശൈത്യവും താങ്ങാനാവുന്നതിലും അപ്പുറമായി. കുടിവെള്ളത്തിലും വിഷാംശങ്ങൾ കലർന്നു. പ്രദേശവാസികൾക്കി‌ടയില്‍ കാൻസറും മറ്റ് രോഗങ്ങളും വര്‍ധിച്ചു. ജീവിതോപാധി നഷ്ടപ്പെട്ട ജനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ തുടങ്ങി.

അധികം വൈകാതെ ആരൽ തടാകം പൂർണമായി അപ്രത്യക്ഷമായി. കണ്ണെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന തടാകം വെറും മണൽ പരപ്പായി മാറി. മണ്ണിൽ ഉറഞ്ഞു പോയ ബോട്ടിന്റെയും കപ്പലിന്റെയും അവശിഷ്ടങ്ങൾ ഇപ്പോഴും ആ മണൽ മരപ്പിലുണ്ട്.
1991 ൽ സോവിയറ്റ് യൂണിയനിൽ നിന്ന് വേര്‍പെട്ട ഉസ്ബക്കിസ്ഥാൻ ആരൽ തടാകത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങി. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്ന രാജ്യങ്ങളും ഇതില്‍ പങ്കാളികളായി. ആരലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തലായിരുന്നു പദ്ധതികളുടെ ലക്ഷ്യം. 2005 ൽ കസഖ് സര്‍ക്കാരും ലോകബാങ്കും ചേര്‍ന്ന് തടാകമേഖലയെ രണ്ടായി വിഭജിച്ചുകൊണ്ട് കോകാരൽ അണക്കെട്ട് നിർമിച്ചു. ഇത് വടക്കൻ ആരലിലെ ജലനിരപ്പ് കുറച്ചെങ്കിലും ഉയര്‍ത്താന്‍ സഹായിച്ചെങ്കിലും തടാകത്തിന്റെ പൂർണ്ണമായ വീണ്ടെടുപ്പ് വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.

സോവിയറ്റ് യൂണിയന്റെ ആർത്തിയായിരുന്നു ആരൽ കടലിന്റെ പതനത്തിന് കാരണം. വ്യാവസായിക ലാഭം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനു നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. സോവിയറ്റിന്റെ രാസായുധ പരീക്ഷണത്തിനും ആരൽ വേദിയായി. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്ന ശാസ്താംകോട്ട കായൽ മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിൽ അതിവേഗം വറ്റുന്ന തടാകങ്ങളുടെ പട്ടികയിൽ ശാസ്താംകോട്ട കായലും ഇടംപിടിച്ചു കഴിഞ്ഞു.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ