Thursday, December 26, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: ' വൈക്കം മുഹമ്മദ് ബഷീർ ' ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘ വൈക്കം മുഹമ്മദ് ബഷീർ ‘ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

മലയാളത്തിന്‍റെ വിശ്വസാഹിത്യകാരൻ ……
മലയാള സാഹിത്യത്തിൽ‌ പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെ , വാക്കുകളുടെ മാന്ത്രികനായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിൻ്റെ തൂലിക തുമ്പിൽ നിന്ന് വന്ന രചനകൾ നമ്മെ ഏറെ ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്തിരുന്നു.

സാധാരണക്കാരന്റെ ഭാഷയില്‍, സാധാരണക്കാരന്റെ കഥ പറഞ്ഞപ്പോള്‍ അത് കാലാതിവര്‍ത്തിയായി. ലോകമാകെ അലഞ്ഞ് തിരിഞ്ഞ അനുഭവങ്ങളുമായി ബഷീര്‍ എഴുതാനിരുന്നപ്പോള്‍ മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയില്‍ ജീവിതത്തിന്റെ എല്ലാ നോവുകളെയും ചിരിയില്‍ പകര്‍ത്തി. ഭാഷയിലും ശൈലിയിലുമെല്ലാം പുതിയൊരു എഴുത്തു ലോകം തീര്‍ക്കുകയായിരുന്നു അദ്ദേഹം.

നിഘണ്ടുവില്‍ പോലും കാണാന്‍ കഴിയാത്ത വാക്കുകളാണ് ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യേകത. അനുഭവങ്ങള്‍ വിവരിക്കാന്‍ അദ്ദേഹം സ്വന്തം ഭാഷ തന്നെ സൃഷ്ടിച്ചെടുത്തു. ഇമ്മിണി വല്യ ഒന്ന്, ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം, വെളിച്ചത്തിനെന്തു തെളിച്ചം, സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണ് തുടങ്ങി എണ്ണിയാല്‍ തീരാത്ത പദങ്ങളും പ്രയോഗങ്ങളും ബഷീര്‍ മലയാളത്തിന് സമ്മാനിച്ചു.

കേശവൻ നായരും സാറാമ്മയും നമ്മുടെ ഓർമ്മകളിൽ ജീവിക്കുന്നവർ…
പ്രണയത്തെ ഒരു പനിനീർപ്പൂവിനോളം പരിശുദ്ധമായി അടയാളപ്പെടുത്തിയ മലയാളത്തിൻെറ സ്വന്തം സുൽത്താൻ
ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്‍റെ ചെറുകഥകള്‍ക്കുംനോവലുകള്‍ക്കുമെല്ലാംപൊതുവെയുള്ളത്.

നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയിലൂടെ ബഷീര്‍ ജീവിതയാഥാര്‍ഥ്യങ്ങളെ വരച്ചിട്ട ഓരോ കൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറി. വ്യത്യസ്തമായ വായനാനുഭവത്തിലൂടെ ഇമ്മിണി ബല്യ ഒന്നും, വിശ്വവിഖ്യാതമായ മൂക്കും, പാത്തുമ്മയുടെ ആടും, മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.

വൈക്കം താലൂക്കിലെ തലയോലപ്പറമ്പിൽ തടിക്കച്ചവടക്കാരനായ കായിഅബ്ദുറഹ്മാൻേറയും, കുഞ്ഞാത്തുമ്മയുടെയും മകനായി 1908 ജനുവരി 21നാണ് കഥകളുടെ സുൽത്താൻെറ ജനനം. അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോൾ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടി കാൽനടയായി എറണാകുളത്തെത്തി. കാളവണ്ടിയിൽ കയറി കോഴിക്കോട്ടെത്തിയ ബഷീർ മുന്നുംപിന്നും നോക്കാതെ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി. പിന്നീട് ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിൻെറ പേരിൽ ജയിലിലായി.

ജയിൽമോചിതനായ ശേഷം ബ്രിട്ടീഷ് സർക്കാരിനെതിരെ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദപ്രവർത്തനങ്ങൾ തുടങ്ങി. ആ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ പ്രഭയെന്ന തൂലികനാമത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികൾ. വാരിക പിന്നീട് സർക്കാർ കണ്ടുകെട്ടി. രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയതിനെതിരേ പോലീസ് വാറണ്ടുണ്ടായിരുന്നു…പിന്നീട് ഹാജരായി അറസ്റ്റ് വരിച്ചു ജയിലിലായി.

1943ല്‍ ഇറങ്ങിയ പ്രേമലേഖനമായിരുന്നു ആദ്യ കൃതി. വർഷങ്ങളോളം ഇന്ത്യയുടെ മിക്കഭാഗങ്ങളിലും അറബിരാജ്യങ്ങളിലും ആഫ്രിക്കൻതീരപ്രദേശങ്ങളിലും ബഷീർ ചുറ്റിസഞ്ചരിച്ചു; പല തൊഴിലുകളിലും ഏർപ്പെട്ടു. ഹൈന്ദവസന്ന്യാസിമാരുടേയും സൂഫിവര്യന്മാരുടെയും കൂടെ കുറേക്കാലം കഴിച്ചുകൂട്ടി.

ധാരാളം അനുഭവസമ്പത്തോടെ കേരളത്തിൽ മടങ്ങിയെത്തി സാഹിത്യരചനയിൽ ഏർപ്പെട്ടു. വിവിധ ശാഖകളിലായി മുപ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് ബഷീർ. ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ നിരവധി വിദേശഭാഷകളിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും തർജ്ജിമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകൾ, ശബ്ദങ്ങൾ, ന്റൂപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകൾ, വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വർഗം എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന രചനകൾ.ആധുനികമലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തം.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്, പത്മശ്രീ, ലളിതാംബിക അന്തർജനം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, സ്വാതന്ത്ര്യ സമരഭടനുള്ള താമ്രപത്രം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ബഷീറിനു ലഭിച്ചിട്ടുണ്ട്. 1994 ജൂലായ് 5ന് ബഷീർ ഈ ലോകത്തോട് വിടപറഞ്ഞു.

ഓരോവായനക്കാരനെയും ആജീവനാന്തം തടവിലാക്കിയ ആ അതുല്ല്യപ്രതിഭ ഇന്നും ജീവിക്കുന്നു. ഒരിക്കലും മരിക്കാത്ത ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളിലൂടെ.
ദീപ്തമായ ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം…

✍ അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments