മലയാളി മനസ്സ് ൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും
‘മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ’ എന്ന രചനയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്വാഗതം
മലയാളത്തിൻ്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ സംഗീതപ്രതിഭ ശ്രീ. ഇരയിമ്മൻ തമ്പി ആണ് മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയിലൂടെ ഇന്നു പരിചയപ്പെടുത്തുന്ന നക്ഷത്രപ്പൂവ്!
ഇരയിമ്മൻ തമ്പി (
) (12/06/1782) – (29/07/1856)
പ്രസിദ്ധനായ സ്വാതിതിരുനാൾ മഹാരാജാവിൻ്റെ സദസ്യനായിരുന്ന ഇരയിമ്മൻ തമ്പി 12/10)1782 ൽ തിരുവനന്തപുരത്ത് ജനിച്ചു. അദ്ദേഹത്തിൻ്റെ പിതാവ് ചേർത്തല നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പുരാനും മാതാവ് അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രാമവർമ്മയുടെ മകൾ പാർവതി പിള്ള തങ്കച്ചിയായിരുന്നു. അദ്ദേഹത്തിൻ്റെ യഥാർത്ഥ നാമം രവിവർമ്മ തമ്പി എന്നായിരുന്നു. കാർത്തികതിരുനാൾ ആണ് രവിവർമ്മയ്ക്ക് ഇരയിമ്മൻ എന്ന ഓമനപേരിട്ടത്!
തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇദ്ദേഹം വളരെ ചെറുപ്പത്തിലേ സാഹിത്യ രചന ആരംഭിച്ചു. 1815 ൽ തിരുവിതാംകൂറിലെ ആസ്ഥാന കവി എന്ന സ്ഥാനം ലഭിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ കവിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻ്റെ ശരിയായ പേര് രവിവർമ്മ തമ്പി എന്നായിരുന്നു എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
സംസ്കൃതത്തിലും മലയാളത്തിലുമായി ഇദ്ദേഹം ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. മൂന്ന് ആട്ടക്കഥകളാണ് സാഹിത്യരംഗത്ത് ഇദ്ദേഹത്തിന് പ്രസിദ്ധി നേടി കൊടുത്തത്. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവയാണ് ആട്ടക്കഥകൾ. പാണ്ഡവന്മാരുടെ അജ്ഞാത
വനവാസകാലത്തെ സംഭവങ്ങളാണ് കീചകവധത്തിലെയും ഉത്തരാസ്വയംവരത്തിലെയും ഇതിവൃത്തങ്ങൾ. കീചക സന്നിധിയിലേയ്ക്ക് പോകുവാൻ രാജപത്നി ആവശ്യപ്പെട്ടപ്പോൾ സൈരന്ധ്രിക്ക് (പാഞ്ചാലിക്ക്) ഉണ്ടാകുന്ന ഭാവഹാവാദികൾ വർണ്ണിക്കുന്ന ഭാഗം വളരെ പ്രസിദ്ധമാണ്!
ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യപുനരേണീ വിലോചന നടുങ്ങീ,
മിഴിയിണ കലങ്ങി, വിവശതയിൽ മുങ്ങി….
ഹരിണരിപു വരസഹിത ദരിയിലി ഹ പോകുമൊരു
ഹരണിയുടെ വിവശതകലർന്നു…
അനുഗൃഹീത കലാകാരന്മാർ ഈ ഭാഗം രംഗത്ത് അവതരിപ്പിക്കുമ്പോൾ സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റാറുണ്ട്!.
ഉത്തരാസ്വയംവരത്തിൽ ‘കല്ലണീകാൺക’ എന്നാരംഭിക്കുന്ന പദത്തിലെ ‘കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു’ എന്നു തുടങ്ങുന്ന ഭാഗവും വളരെ ഹൃദ്യമാണ്.
ഇതൊക്കയാണെങ്കിലും,
ഓമനത്തിങ്കൾ ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണ്ണേന്ദുതൻ്റെ നിലാവോ?
പുത്തൻ പവിഴക്കൊടിയോ-ചെറുതത്തകൾ കൊഞ്ചും മൊഴിയോ … എന്നു തുടങ്ങുന്ന മധുര മനോഹരമായ താരാട്ടുപാട്ടാണ് ഇരയിമ്മൻ തമ്പിയെ മലയാളിയുടെ മനസ്സിൽ ഇന്നും പിടിച്ചു നിർത്തുന്നത്!
അതിലെ സംഗീത മാധുര്യവും ഉല്ലേഖകലപ്നകളും മലയാളഭാഷ ഉള്ളിടത്തോളം കാലം നിലനിൽക്കും. ശിശുവായിരുന്ന സ്വാതിതിരുനാളിനെ പാടി ഉറക്കുവാൻ വേണ്ടി രചിച്ചതാണ് ഈ താരാട്ട്! സുഭദ്രാഹരണം, കൈകൊട്ടിക്കളിപ്പാട്ട് , മുറജപമാന, നവരാത്രി പ്രബന്ധം, രാജസേവാക്രമം കൂടാതെ ധാരാളം കുമ്മിപ്പാട്ടുകൾ, കീർത്തനങ്ങൾ, ഒറ്റ ശ്ളോകങ്ങൾ എന്നിവയും ഇരയിമ്മൻ തമ്പി മലയാള ഭാഷയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്.
‘കരുണ ചെയ് വാ നെന്തു താമസം കൃഷ്ണാ കഴലിണ കൈ തൊഴുന്നേൻ … എന്നു തുടങ്ങുന്ന കീർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സംഗീത കൃതികളിൽ വളരെ പ്രധാനപ്പെട്ടതും ഇന്നും സംഗീത സദസ്സുകളിൽ മുഴങ്ങി കേൾക്കുന്നതുമാണ്!
അതുപോലെ തന്നെ വളരെ പ്രസിദ്ധമാണ് ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദ നേരത്ത’ എന്നു തുടങ്ങുന്ന ശൃഗാരപദം. ശൃംഗാരത്തിൻ്റെ അതി തീവ്രതയും രചനാ വൈദഗ്ധ്യത്തിൻ്റെ ഔന്നത്യവും ഈ പദത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
ഏതു ഭാവവും സാഹിത്യത്തിൻ്റെ ഭാഗമാക്കി സംഗീത മാധുര്യത്തോടുകൂടി അവതരിപ്പിക്കുവാനുള്ള തമ്പിയുടെ കഴിവ് അദ്ദേഹത്തിൻ്റെ രചനകളിലെല്ലാം കാണാം! നാരയണീയം ആദ്യമായി അച്ചടിച്ചതും അദ്ദേഹം തന്നെയാണ്!
1856 ജൂലൈ 29 ന് മലയാളത്തിന്റെ ഓമനത്തിങ്കൾ തൻ്റെ എഴുപത്തിനാലാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു…