ശ്രവണ സുന്ദരമായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണ് സംഗീതം.ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ മൂളി നടക്കുന്ന മധുരമുള്ള ഈണങ്ങൾ മുഹമ്മദ് റഫിയുടേതാണ്. ഗായകൻ്റെ ശബ്ദം കർണപുടങ്ങളിൽ നിന്ന് ഇറങ്ങി വന്ന് ഹൃദയത്തിൽ എത്തിച്ചേരുമ്പോളാണ് അത് സാർഥകമാകുന്നത്.
പാട്ടിൻ്റെ പാലാഴി തീർത്ത പാട്ടുകാരൻ……
മുഹമ്മദ് റഫി.റഫി എന്ന വാക്കിൻ്റെ അർത്ഥം പദവികൾ എന്നാണ് .ഇസ്ലാമിൽ ദൈവത്തിൻ്റെ വിശേഷണങ്ങളിൽ ഒന്നാണിത്. അദ്ദേഹത്തിൻ്റെ ഓർമകളിലൂടെ .
പാടിയ ഓരോ ഗാനത്തിനും തൻ്റെ മധുര ശബ്ദത്താൽ ആത്മാവ് പകർന്നു നൽകിയ അതുല്യപ്രതിഭ. ഒരു വരദാനം പോലെ റഫിയുടെ ഈണങ്ങൾ തലമുറകൾ കൈമാറി കാതുകളിൽ നിന്ന് കാതുകളിലേക്ക് ഒഴുകുകയാണ്. ഗംഭീരവും, ഭാവാർദ്രവുമായ ആ ആലാപനത്തിൽ എല്ലാം മറന്ന് കേൾവിക്കാരൻ ഇന്നുമിരുന്നു പോകുന്നു. അവിടെ പ്രായ വ്യത്യാസമില്ലാതെ റഫിയെന്ന നാദധാരയ്ക്കു മുന്നിൽ ഒന്നാകുന്നു.
അമൃതസറിനടുത്ത് ഇപ്പോൾ പാക്കിസ്ഥാൻ ഭാഗമായ കോട്ല സുൽത്താൻ സിംഗ് ഗ്രാമത്തിൽ ജന്മിയായ ഹാജി അലി മുഹമ്മദിൻ്റേയും, അല്ലാ രഹാ മുഹമ്മദിൻ്റെയും മകനായ് ജനിച്ചു.ഉർദു വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ക്ലാസ്സിലെ പാഠങ്ങൾ പഠിക്കുന്നതിനേക്കാൾ ഗ്രാമത്തിൽ പ്രചാരത്തിലുണ്ടായിരുന്ന പാട്ടുകൾ മധുരമായ് പാടുന്നതിലായിരുന്നു റഫിയുടെ വാസന. മനോഹരമായ ആലാപനത്താൽ അദ്ധ്യാപകരുടേയും, സഹപാഠികളുടേയും ഇടയിൽ റഫി ഒരു കൊച്ചു ഹീറോയായ് മാറി.
ഗ്രാമത്തിൽ ഭിക്ഷാടനത്തിന് വന്നിരുന്ന ഫക്കീർ പാടുന്ന ഗസലുകൾ അയാളേക്കാൾ മധുരമായ് റഫി എന്ന ബാലൻ പാടി. ഗ്രാമീണ രേയും, ഫക്കീറിനേയും അദ്ഭുതപ്പെടുത്തി. അന്നു മുതൽ കല്യാണ വീടുകളിൽ റഫിയെ കൊണ്ടുപോയി പാടിക്കുക പതിവായി.
പിന്നീട് ഒരു വർഷം ഹിന്ദുസ്ഥാനീ സംഗീതം അഭ്യസിച്ചു.അതിനിടയിൽ ഫിറോസ് നിസാമിയുമായുള്ള സൗഹൃദം ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായ് .അദ്ദേഹത്തിൻ്റെ കൂടെ രണ്ടു വർഷം വീണ്ടും സംഗീതം അഭ്യസിച്ചു.ലാഹോർ റേഡിയോയിൽ ജോലിയുള്ള അദ്ദേഹം റഫിക്ക് റേഡിയോയിൽ പാടാൻ അവസരം കൊടുത്തു. പിന്നീട് ശ്രോതാക്കളുടെ ഇടയിൽ റഫി അറിയപ്പെടുന്ന ഗായകനായ് കഴിഞ്ഞിരുന്നു. റേഡിയോയിൽ നിന്നും ചലച്ചിത്ര സംഗീത ലോകം അദ്ദേഹത്തിൻ്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ശ്യാം സുന്ദറിൻ്റെ ഗുൽബലോച്ച് എന്ന പഞ്ചാബി സിനിമയിലാണ് ആദ്യമായ് പാടിയത്. മുംബെയിലേക്ക് പോയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
നാളുകൾ പിന്നിട്ടപ്പോൾ റഫി എന്നത് .ഒരു കാലഘട്ടത്തിൻ്റെ പേരായ് മാറി. നാദധാരയായ് നമ്മിലേക്ക് ഒഴുകി വന്ന ഒരു സംഗീത നദിയായ്. ഗതിവേഗങ്ങളുടെ
ഏറ്റക്കുറച്ചിലുകളൾക്കിടയിലും അതിനെ അതിജീവിച്ച് നില നിൽക്കുവാൻ കഴിഞ്ഞ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായി മാറി.
ഗായകൻ എന്ന നിലയിൽ ജുഗ്നു എന്ന ചിത്രത്തിലാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചു തുടങ്ങിയത്. ശേഷം ബൈജു ബാവറ എന്ന ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ഹിറ്റായി മാറി. ഇന്ന് നാം മൂളി നടക്കുന്ന ‘ഓഹ് ദുനിയാക്കേ രഖ് വാലെ ‘ എന്ന മാസ്റ്റർ പീസ് ഗാനം .ദോസ്തിയിലെ ‘ചാഹുങ്കാ മേം തുചേ സാഞ്ചാ സവരെ ‘…തേരേ മേരേ സപ്നേ…. മധുരമായ എത്രയോ ഗാനങ്ങൾ…. ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയത് ലതാ മങ്കേഷ്ക്കറുമൊത്താണ്.
അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു, ഹിന്ദി സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്.ദേശീയ അവാർഡും,
ആറ് തവണ ഫിലിം ഫെയർ അവാർഡും, പത്മശ്രീ ബഹുമതിയും നൽകി ആദരിച്ചു. അദ്ദേഹത്തിൻ്റെ സംഗീത സപര്യ 35 വർഷം നീണ്ടുനിന്നു.
മുറപ്പെണ്ണായ ബാഷിറയെ വിവാഹം കഴിച്ചു.അതുപേക്ഷിച്ച് പിന്നീട് ബിൽ ഖിസിനെ വിവാഹം കഴിച്ചു. ഷഹീദ്, ഖാലിദ്, ഹമീദ്, സാഹദ്, പർവീൺ, യാശ്മിൻ, നസ്റിൻ എന്നിവർ മക്കളാണ്.
1980 ജൂലൈ 31 ന് ആ നാദബ്രഹ്മം നിലച്ചു. നാല് ദശാബ്ദക്കാലം ഇൻഡ്യൻ ചരിത്ര സംഗീതത്തിലെ പൗരുഷം തുളുമ്പുന്ന ആ ശബ്ദ ലാവണ്യം അസ്തമിച്ചു.
സംഗീതം അവശേഷിച്ചു പോയവർക്ക് ഒരിക്കലും മരണമില്ല അവർ എന്നും നമുക്കിടയിൽ ജീവിക്കും ഒരിക്കലും പാടി തീരാത്ത മറ്റൊരു രാഗമായ്…