Wednesday, January 8, 2025
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 29) അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 29) അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയമുള്ള കൂട്ടുകാരേ,

എല്ലാവർക്കും സുഖമെന്നു കരുതുന്നു. കാലവർഷത്തിൻ്റെ സുഖകരമായ തണുപ്പേറ്റാണ് ഈ അധ്യയന വർഷം ആരംഭിക്കുന്നത്. മഴ നേരത്തെ വന്നു.
ഇനി രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ വിദ്യാലയം തുറക്കും.നിങ്ങൾ അതിൻ്റെ തിരക്കിലാവും. സ്ക്കൂൾ തുറന്നാൽ ഉടനെ നിങ്ങൾ പരിസ്ഥിതി ദിനാഘോഷത്തിലേക്കു കടക്കും ജുൺ അഞ്ചിനാണത്.

എല്ലാ വർഷവും ജൂൺ 5 ന് ആഘോഷിക്കുന്ന ഒരാഗോള പരിപാടിയാണ് ലോകപരിസ്ഥിതിദിനം. പരിസ്ഥിതി പ്രശ്‌നങ്ങളിൽ ശ്രദ്ധയുണ്ടാവാനായി ലോകമെമ്പാടും ഐക്യരാഷ്ട്രസഭയുടെ (യുഎൻ) നേതൃത്വത്തിൽ ആചരിക്കുന്ന ഒരു പ്രത്യേക ദിനമാണിത്.

2024-ലെ ലോക പരിസ്ഥിതി ദിനത്തിനായി തിരഞ്ഞെടുത്ത തീം ആയ ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ചാപ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സൗദി അറേബ്യയാണ് 2024 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്നത്. സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള യുഎൻ ദശവർഷപദ്ധതിയുടെ (2021-2030) പ്രധാന ലക്ഷ്യമാണ് ഭൂമിപുനരുദ്ധാരണം.

ലോകപരിസ്ഥിതി ദിനാഘോഷം ആരംഭിച്ചത് 1973- ലാണ്. ഇപ്പോൾ 143-ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര പരിപാടിയായി ഇതു വളർന്നു.

പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ലോകപരിസ്ഥിതിദിനത്തിൻ്റെ പ്രാഥമിക ലക്ഷ്യം.പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ നയമാറ്റങ്ങൾക്കുവേണ്ടി വാദിക്കാനും പരിസ്ഥിതിനയങ്ങൾ പുന:ക്രമീകരിക്കാനും ഇത് രാഷ്ടങ്ങളെ ഓർമ്മിപ്പിക്കുന്നു.

യുവാക്കളെയും സമൂഹങ്ങളെയും പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നതും ദിനാചരണത്തിൻ്റെ ലക്ഷ്യമാണ്. ആഗോള പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്. ഒരുമിച്ചു പ്രവർത്തിക്കാനും അറിവുപങ്കിടാനും ഇത് രാജ്യങ്ങളെ ഉദ്ബുദ്ധരാക്കുന്നു.

ലോകമെമ്പാടുമുള്ള ആളുകൾക്ക് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഒരു വേദിയായി ലോകപരിസ്ഥിതിദിനം പ്രയാേജനപ്പെടുന്നുണ്ട്. ഏറ്റവും പ്രാധാന്യമേറിയ പാരിസ്ഥിതികപ്രശ്‌നം സൂചിപ്പിക്കുന്ന ഒരു തീമും മുദ്രാവാക്യവും ഉപയോഗിച്ചാണ് ഒരോ വർഷവും ഈ ദിനം ആചരിക്കപ്പെടുന്നത്. ജൈവമണ്ഡലത്തെ ദോഷകരമായി ബാധിക്കുന്ന കോർപ്പറേറ്റ്, ഗവൺമെൻ്റ് നയങ്ങളെ ചെറുത്തുതോൽപ്പിക്കുകയും ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ മാറ്റത്തെ സ്വാധീനിക്കുകയും ചെയ്യാനുള്ള പൗരന്മാരുടെ കൂട്ടായ പ്രവർത്തനത്തിന് ഈ ദിനാചരണം സ്വാധീനശക്തിയായി തീരാറുണ്ട്.

മലിനീകരണം, സമുദ്രങ്ങളുടെ ദുരവസ്ഥ, മനുഷ്യ ജനസംഖ്യയുടെ വർദ്ധനവ്, ആഗോളതാപനം, വന്യജീവികളുടെയും വനങ്ങളുടെയും സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിലൂടെയുള്ള സുസ്ഥിരവികസനം തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള സത്വരനടപടിയാണ് ഈ ദിനാചരണം ആവശ്യപ്പെടുന്നത്.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും സമ്പന്നമാക്കുന്നതിലും പൊതുജനങ്ങൾക്കും ബിസിനസ്സുകാർക്കും കമ്മ്യൂണിറ്റികൾക്കും കടമയുണ്ട്. ഈ സമൂഹങ്ങളുടെ ഉത്തരവാദിത്തമുള്ള പെരുമാറ്റത്തെ ശക്തിപ്പെടുത്താനുള്ള ഊർജ്ജമാണ് ഈ ദിനാചരണം നൽകുന്നത്.

സ്ക്കൂളുകളിലും പൊതുവിടങ്ങളിലും ജൂൺ 5 ന് നടക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങളിൽ നിങ്ങൾ പങ്കുചേരണം. അങ്ങനെ ഭൂമിയമ്മയെ കാത്തുസൂക്ഷിക്കുന്ന മക്കളായി നമുക്കു മാറാം.

ഇനി മാഷെഴുതിയ ഒരു കവിതയാണ്.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

ഒരു മരം

ഒരുമരം തൈമരം ഞാൻ നടുന്നു
തൊടിയിലെൻ നാടിനു തണലു
നല്കാൻ.
ദിവസേന വെള്ളവും വളവുമേകി
അതിനെ ഞാൻ പൊന്നുപോൽ
കാത്തിടുന്നു.
അമ്മതൻ സ്നേഹ വാത്സല്യമെല്ലാം
നന്മയോടെൻചെടിക്കേകിടും ഞാൻ .
തളിരിട്ടു ശാഖയായ് ഹരിതവർണ്ണ –
നിറവായെൻ തൈമരം വളരുമല്ലോ.
മരമെന്റെ തോഴനാ,ണുറ്റതോഴൻ
സുഖമാർന്ന കാവലാളായ തോഴൻ.
കരിവിഷം തിന്നുതിന്നോക്സിജന്റെ
കാരുണ്യമേകുന്ന നല്ലതോഴൻ.

കിളികളും തുമ്പിയും കുഞ്ഞുകാറ്റും
കളിയാടിടുമിതിൻ ചില്ലതോറും
.

മഴയത്തു നൃത്തമാടീടും, പിന്നെ
മരമഴ പെയ്തു നനയ്ക്കുമല്ലോ,
മഞ്ഞിലും കുളിരാൽ
വിറയ്ക്കുമ്പൊഴും
നെഞ്ഞിലെച്ചൂടും പകർന്നു നല്കും .
കണ്ണാരം പൊത്തിയൊളിച്ചു കണ്ടും
മണ്ണപ്പംചുട്ടു . കളിച്ചിടുമ്പോൾ
മുത്തശ്ശിയമ്മയെപ്പോലെ നില്ക്കും
മുത്താരംകുന്നിലീയെന്റെ വൃക്ഷം.
.
വെയിലിന്റെ തുള്ളികളിറ്റുവീഴും
തണലിന്റെ പുള്ളിവിരിപ്പിനുള്ളിൽ
ഓടിത്തളർന്നു വിയർത്തു നമ്മൾ
ഓരോരോ കഥകൾ പറഞ്ഞിരിക്കേ
കുയിലിന്റെ പാട്ടിന്റെ താളമോടെ
കൂട്ടത്തിൽ കാറ്റിനോടൊപ്പമാടാൻ
ആ മരക്കൊമ്പത്തൊരൂഞ്ഞാലിടാൻ
ആയിരം കൂട്ടുകാരൊത്തുചേരും.

മരമെന്നൊരത്ഭുതം ഭൂവിനേകി
പരമോന്നതൻ സർവ്വശക്തനീശൻ
ഒരുമരം തൈമരം ഞാൻ നടുന്നു
അരുമയാം നാടിനു തണലു നല്കാൻ.

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

കവിത ഇഷ്ടമായോ? പരിസ്ഥിതി ദിനത്തിൽ നിങ്ങളും ഓരോ തൈ നടണം. ആ തൈ നിങ്ങളോടൊത്ത് വളർന്നു വലുതാവുന്നതു കാണാൻ എന്തൊരിമ്പമായിരിക്കും!

ഇനി ഒരു കുഞ്ഞിക്കഥയാവാം. തിരുവനന്തപുരംകാരിയായ അനശ്വരാ കൃഷ്ണ മടവൂർ എന്ന കൂട്ടുകാരി എഴുതിയ കഥ.

ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കളിക്കുടുക്കയുടെ നിറം കൊടുപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചിത്രരചനയിൽ മികവ് തെളിയിച്ചു. ബാലഭൂമി, കുട്ടികളുടെ ദീപിക, തത്തമ്മ, മലർവാടി , കുരുന്നുകൾ , ബാലകുസുമം തുടങ്ങിയവയിൽ അനശ്വരയുടെ കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂൾ വാർഷികോത്സവത്തിൽ നൃത്തത്തിലും നാടകാവതരണത്തിലും മികവ് പുലർത്തിയിരുന്നു.

ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമായ മടവൂർ രാധാകൃഷ്ണൻ, ജയലക്ഷ്മി ദമ്പതിമാരുടെ രണ്ടു പെൺമക്കളിൽ ഇളയവളാണ് അനശ്വര. സഹോദരി അക്ഷയ വിദ്യാർത്ഥിനിയാണ്.
അനശ്വര ഇപ്പോൾ പാരിപ്പള്ളി ചാവർകോട് മദർ ഇന്ത്യ സ്കൂളിൽ പ്ലസ് ടൂവിന് പഠിക്കുന്നു. .
അനശ്വരാ കൃഷ്ണൻ മടവൂർ രചിച്ച കുഞ്ഞു കഥയാണ് താഴെ കൊടുക്കുന്നത്.

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

രാംലാലിന്റെ തന്ത്രം

കിഷ്കിന്ധ പുരത്ത് അത്യാവശ്യം ചിത്രം വരയ്ക്കാൻ അറിയാവുന്ന ഒരു ചിത്രകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് രാംലാൽ എന്നായിരുന്നു. അദ്ദേഹം ജീവിച്ചിരുന്നത് തന്റെ ഈ കലയിലൂടെയാണ്.
ആ പ്രദേശത്തു സമ്പന്നനായ ഗോപദത്തൻ എന്നൊരാളുണ്ട്. .അയാൾ അറു പിശുക്കനാണ്.ഒരുദിവസം ഗോപദത്തന് ഒരു മോഹമുദിച്ചു. തന്റെ ചിത്രമൊന്ന് വരയ്ക്കണമെന്ന് .

അതിനുവേണ്ടി ഗോപദത്തൻ തന്റെ ആളുകളെ ‘കഴിവുളള്ള ചിത്രകാരന്മാരെ തിരയാനായി ആ നാട്ടിലും അടുത്തുള്ള നാടുകളിലേക്കും അയച്ചു. അറിഞ്ഞറിഞ്ഞ് ചിത്രകലയിൽ പ്രഗല്ഭരായ പലരും  ഗോപദത്തന്റെ വീട്ടിൽവന്നു. അക്കൂട്ടത്തിൽ രാംലാലും ഉണ്ടായിരുന്നു.

ചിത്രം വരയ്ക്കുന്നതിനുമുമ്പ് അറുപിശുക്കനായ ഗോപദത്തൻ ഒരു നിബന്ധന വച്ചു. ചിത്രത്തിന് ഞാൻ പകുതി വില മാത്രമേ തരൂ . അതു കേട്ട ഉടനെ ചിത്രം വരയ്ക്കാൻ എത്തയവരിൽ രാംലാൽ ഒഴികെ എല്ലാവരും നിരാശയോടെ മടങ്ങി.

ഈ അറുപിശുക്കനിട്ടൊരു പണി കൊടുക്കണമെന്ന് രാംലാൽ മനസ്സിൽ വിചാരിച്ചു.അങ്ങനെ രാംലാൽ ചിത്രം വരയ്ക്കാൻ തുടങ്ങി.കുറെ മണിക്കൂറുകൾക്കു ശേഷം ചിത്രംവരച്ചു തീർന്നതായി രാംലാൽ അറിയിച്ചു. വാഗ്ദാനം ചെയ്ത പണം നല്കാതെ ചിത്രം നല്കില്ല എന്ന് രാംലാൽ തറപ്പിച്ചു പറഞ്ഞു

ഗോപദത്തൻ ഉത്സാഹത്തോടെ തന്റെ ചിത്രം കാണാൻചെന്നു.വാഗ്ദാനം ചെയ്ത പണം നല്കാതെ ചിത്രം നല്കില്ല എന്ന് രാംലാൽ തറപ്പിച്ചു പറഞ്ഞു.
ഗത്യന്തരമില്ലാതെ പറഞ്ഞ പണം മുഴുവൻ ഗോപദത്തൻ രാംലാലിനു നല്കി.
ഉടനെ തന്നെ ചിത്രകാരൻ വരച്ചു പൊതിഞ്ഞു വച്ചിരുന്ന ചിത്രം കൈമാറുകയും ചെയ്തു. ഗോപദത്തൻ ആകാംക്ഷയാേടെ പൊതി തുറന്നു. ചിത്രം കണ്ട് ഗോപദത്തൻ അമ്പരന്നു. ചിത്രം മുഴുവനുമില്ല,പകുതി മാത്രം.

കാര്യം തിരക്കിയ ഗോപദത്തനോട് ചെറുപുഞ്ചിരിയോടെ രാംലാൽ പറഞ്ഞു.
”പകുതി വിലയ്ക്ക് പകുതി ചിത്രമേ മാത്രമേ വരയ്ക്കാൻ കഴിയൂ.”രാംലാൽ പുഞ്ചിരിയോടെ പറഞ്ഞു.

ഗോപദത്തന് തനിക്കുപറ്റിയ അക്കിടി മനസ്സിലായി. പിന്നീട് ഒരിക്കലും ഗോപദത്തൻ ജീവിതത്തിൽ പിശുക്ക് കാട്ടിയിട്ടില്ല.

രാം ലാലിൻ്റെ ബുദ്ധി ഉപയാേഗിച്ചപ്പോൾ പിശുക്കൻ ഗോപദത്തനു അക്കിടി പറ്റി. മറ്റുള്ളവരെ അംഗീകരിക്കാത്തവർക്ക് ഇങ്ങനെ തന്നെ സംഭവിക്കും.

🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️

കഥ രസകരമായി ഇനി നമുക്കൊരു കവിത പാടാം. കുഞ്ഞിക്കവിതകളുമായി നിങ്ങളെ രസിപ്പിക്കാൻ വരുന്നത് മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് പത്തനാപുരത്തുകാരാനായ അബ്ദുള്ള കാരാട്ടിലാണ് . ഒരു ഡ്രെെവറായി ജോലി ചെയ്യുന്ന അദ്ദേഹം മലയാളത്തിലെ മുന്‍നിര ബാലപ്രസിദ്ധീകരണങ്ങളിലെല്ലാം കവിതകള്‍ എഴുതാറുണ്ട് . എ .ബി.വി. കാവില്‍പ്പാട് എഡിറ്റ് ചെയ്ത ഒരുനൂറു കവികള്‍ ഒരായിരം ബാലകവിതകള്‍ എന്ന പുസ്തകത്തില്‍ കവിതകള്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അബ്ദുള്ള കാരാട്ടിലിന്റെ രണ്ടു കുഞ്ഞിക്കവിതകളുണ്ട്.
ഒന്നാം കവിത :

ആനച്ചന്തം

ആനക്കാരൻ അപ്പൂട്ടാ
ആനച്ചന്തം ചൊല്ലാമോ?

ആനക്കുട്ടന് കൊമ്പുണ്ടേ
വെളുത്ത കൊമ്പുകൾ രണ്ടുണ്ടേ.

ആനക്കുട്ടന് കൈയ്യുണ്ടേ നീളൻ
തുമ്പിക്കയ്യുണ്ടേ.

ആനക്കുട്ടന് വാലുണ്ടേ
കണ്ടോ വമ്പന് കുറുവാല്!

രണ്ടാമത്തെ കവിത :

കട്ടുറുമ്പേ….. !

കട്ടുറുമ്പേ കൊച്ചുറുമ്പേ
കട്ടുകട്ടു പോയതെന്തേ?

കട്ടുകട്ടു കടുക് കട്ടു
തട്ടിലുളള മുളക് കട്ടു.

തട്ടീടല്ലേ ചവിട്ടീടല്ലേ
പുട്ട് തിന്നാൻ പോയീടട്ടേ!

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
കവിതകൾ ഇഷ്ടമായോ? അത് പാടി നോക്കണേ. ഇനിയിതാ ഒരു നല്ല കഥയുമായി വരുന്നുണ്ട് ധന്യ എം.ബി എന്ന ബാലസാഹിത്യകാരി.

തൃശൂരിലെ കുട്ടനെല്ലൂരുകാരിയാണ് ധന്യ.എം.ബി. കുട്ടികൾക്കു വേണ്ടിയുള്ള ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്. പ്രിന്റ് ഹൗസ് പ്രസിദ്ധീകരിച്ച 55 എഴുത്തുകാരുടെ കഥകൾ എന്ന പുസ്തകത്തിലും
888 അക്ഷരപ്പാട്ടുകൾ , ഒരു നൂറു കവികൾ ഒരായിരം ബാലകവിതകൾ, ബാലകഥാമൃതം തുടങ്ങിയ പുസ്തകങ്ങളിലും രചനകളുണ്ട്. ഇപ്പോൾ തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫിസറായി ജോലി ചെയ്യുകയാണ്.
ശ്രദ്ധിക്കപ്പെടാതെ പടർന്നു കയറിയ ഒരു കുമ്പളത്തിൻ്റെ കഥയാണ് ധന്യ എം.ബി പറയുന്നത്.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕

പാറുവമ്മയുടെ കുമ്പളച്ചെടി

ഒരു ദിവസം രാവിലെ പതിവുപോലെ മുറ്റമടിക്കുകയായിരുന്നു പാറുവമ്മ. അപ്പോഴാണ് അവരാ കാഴ്ച കണ്ടത്. ഒരു കൊച്ചു കുമ്പളത്തെെ മുറ്റത്തിന്റെ അരികിലായി മുളച്ചുവരുന്നു.

കുമ്പളം താനെ മുളച്ചുണ്ടാകുന്നത് ദോഷമാണ്. പറിച്ചുളയാം. -പാറുവമ്മ കരുതി.

അവർ അതു പറിച്ചു കളയാനായി കുനിഞ്ഞു. അപ്പോൾ കുമ്പളച്ചെടി പറഞ്ഞു:

“അരുതേ, അരുതേ പറിക്കല്ലേ ഞാനീലോകം കണ്ടോട്ടേ
വളർന്നു പടർന്നു പൂവിട്ട്
മുഴുത്ത കായ്കൾ നല്കാം ഞാൻ .”

പാറുവമ്മയ്ക്ക് പാവം തോന്നി.
“ശരി, എന്നാൽ നീ ഇവിടെ നിന്നോളൂ. ഞാനൊരു കയർ കെട്ടിത്തരാം. അതുവഴി ഓട്ടുമ്പുറത്തേക്ക് പടർന്നോളൂ.”
കുമ്പളച്ചെടിക്ക് സന്തോഷമായി. നാളുകൾ കഴിയുംതോറും കുമ്പളച്ചെടി വലുതായി വന്നു.. പാറുവമ്മ കെട്ടിക്കൊടുത്ത കയറിൽക്കൂടി ചുറ്റിപ്പടർന്ന് അവൻ ഓട്ടുമ്പുറത്തെത്തി.

“ഹായ്, ഇവിടെനിന്നു നോക്കിയാൽ എല്ലാ കാഴ്ചകളും കാണാം. എന്തു രസം! “
കുമ്പളച്ചെടി സന്തോഷിച്ചു.

പക്ഷേ, ഓട്ടുമ്പുറത്തെ താമസക്കാരനായ മിട്ടുവണ്ണാന് കുമ്പളച്ചെടിയുടെ വരവ് തീരെ ഇഷ്ടപ്പെട്ടില്ല.
അവൻ പറഞ്ഞു:
“കുമ്പളച്ചെടീ, നീ ഇങ്ങോട്ടു വരണ്ട. ഓട്ടുമ്പുറം മുഴുവൻ പടർന്നു കയറി എന്റെ താമസസ്ഥലം വൃത്തികേടാകും.”

കുമ്പളച്ചെടി പറഞ്ഞു.

“അരുതേ അങ്ങനെ പറയരുതേ ഞാനൊന്നിവിടെ പടർന്നോട്ടേ
പടർന്നു പടർന്നു പൂവിട്ട്
മുഴുത്ത കായ്കൾ നല്കാം ഞാൻ.”

മിട്ടു സമ്മതിച്ചു. കുമ്പളച്ചെടി ഓട്ടുമ്പുറത്തേക്കു പടർന്നുതുടങ്ങി. നിറയെ പൂവിട്ടു.

ഒരു ദിവസം ചക്കിപ്പൂച്ച പതുങ്ങിപ്പതുങ്ങി ഓടുമ്പുറത്തു വന്നു. അവൾ മിട്ടുവിന്റെ മേൽ ചാടിവീണു. മിട്ടു കുതറിയോടി. ഓട്ടത്തിനിടയിൽ അവനു കാൽതെറ്റി. പടർന്നു കയറിയ കുമ്പളത്തിൽ തട്ടി അവൻ താഴേക്കു വീഴാതെ തടഞ്ഞുനിന്നു.

ഇതു കണ്ട് കുമ്പളച്ചെടിക്ക് പാവം തോന്നി. കുമ്പളച്ചെടി മിട്ടുവിനെ തന്റെ വലിയ ഇലകൾക്കിടയിൽ ഒളിപ്പിച്ചു. ചക്കി അവിടെ മുഴുവൻ തപ്പിനടന്ന് നിരാശയോടെ തിരിച്ചുപോയി.

മിട്ടു ഇലകൾക്കിടയിൽ നിന്നും പുറത്തു വന്ന് കുമ്പളച്ചെടിയോട് നന്ദി പറഞ്ഞു.

“താങ്ക് യു കുമ്പളച്ചെടീ, നീ എന്നെ രക്ഷിച്ചു. നിന്നോട് മോശമായി പെരുമാറിയതിന് എന്നോട് ക്ഷമിക്കണേ”

കുമ്പളച്ചെടിക്ക് സന്തോഷമായി. കുറച്ചു ദിവസംകൂടി കഴിഞ്ഞപ്പോൾ കുമ്പളങ്ങകൾ ഉണ്ടായിത്തുടങ്ങി. നല്ല നീളവും തടിയുമുള്ള മുഴുത്ത കുമ്പളങ്ങകൾ.

അങ്ങനെയിരിക്കെ ഒരു ദിവസം ചക്കിപ്പൂച്ച ഓട്ടുമ്പുറത്തേക്ക് പാഞ്ഞുവന്നു. ടോമിപ്പട്ടി അവളെ ഓടിച്ചതാണ്. ടോമി കുരച്ചുകൊണ്ട് താഴെ ഇരിപ്പായി. ചക്കി പേടിച്ചുവിറച്ച് മുകളിലും.

ഇതു കണ്ട് കുമ്പളച്ചെടിക്ക് പാവം തോന്നി. അവൾ മുഴുത്ത ഒരു കുമ്പളങ്ങ താഴേക്കിട്ടു. കുമ്പളങ്ങ ടോമിയുടെ തൊട്ടടുത്തു വന്നുവീണു.

“അയ്യോ. അമ്മേ.”
അവൻ പേടിച്ചോടി.

ഇതുകണ്ട് ചക്കിക്കു സന്തോഷമായി. “നന്ദി കൂട്ടുകാരീ. നീ നല്ലവളാണ്.” ചക്കി പറഞ്ഞു.

ഇതേസമയം കൂട്ടാൻ വെക്കാൻ ഒന്നുമില്ലാതെ വിഷമിച്ചിരിക്കു കയായിരുന്ന പാറുവമ്മക്കും കുമ്പളങ്ങ കണ്ട് സന്തോഷമായി. പാറുവമ്മ കുമ്പളച്ചെടിയെ തഴുകിക്കൊണ്ട് പറഞ്ഞു.

“കുറേ നാളത്തേക്ക് കൂട്ടാൻ വെക്കാനായി. ഈ കുമ്പളച്ചെടി വീടിന്റെ ഐശ്വര്യമാണ്.’

കുമ്പളച്ചെടി ഇതു കേട്ട് സന്തോഷത്തോടെ ഇലകളാട്ടി.

————————

നല്ല കഥ. മിട്ടു അണ്ണാനും ചക്കിപ്പൂച്ചയും ടോമിപ്പട്ടിയും പാറുവമ്മയുമുള്ള കുടുംബത്തിലെ ഒരംഗമായി കുമ്പളച്ചെടി അങ്ങനെ നില്ക്കുകയാണ്.
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
കഥയ്ക്കു ശേഷം ഇനി രണ്ടു കൊച്ചുകവിതകളാണ്.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് സ്വദേശിയായ രാമചന്ദ്രൻ പുറ്റുമാനൂരാണ് രചയിതാവ്. പതിനഞ്ചോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം കുട്ടികൾക്കും മുതിർന്നവർക്കുമായി ആനുകാലികങ്ങളിൽ എഴുതുന്നു. നിരവധി സാഹിത്യസാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്നതിനോടൊപ്പം എറണാകുളം എഴുത്തുപുര പബ്ളിക്കേഷൻസിന്റെയും ചുമതല വഹിക്കുകയും ചെയ്യുന്നു.

ശ്രീ. രാമചന്ദ്രൻ പുറ്റുമാനൂരിൻ്റെ ആദ്യ കവിത കുട്ടപ്പൻ ചേട്ടൻ്റെ ആനവയറിനെക്കുറിച്ചും രണ്ടാമത്തേത് ചക്കക്കൊതിയനായ ചാക്കോച്ചേട്ടനു പറ്റിയ അമളിയെക്കുറിച്ചുമാണ്.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

🌨️🌨️🌨️🌨️🌨️🌨️🌨️🌧️🌧️🌧️🌧️🌨️🌨️🌨️

ആനവയറ്

തട്ടുകടയിലെ പുട്ടുകണ്ട്
വെട്ടിവിഴുങ്ങാൻ കൊതിപെരുത്ത്,
തട്ടുകടയിലും ചെന്നിരുന്ന്-
കുട്ടപ്പൻ പുട്ടിനും ഓർഡർ നൽകി !
പുട്ടും കടലയും തിന്നുതിന്ന്
പൊട്ടുന്ന പോലെ വയറുമായി,
തുട്ടെല്ലാം തീർന്നു നടന്നുപോകും-
കുട്ടപ്പൻ ചേട്ടനെ കണ്ടുനോക്ക് !

ചാക്കോച്ചേട്ടൻ

ചക്കക്കൊതിയൻ ചാക്കോച്ചേട്ടൻ
ചക്കപറിക്കാൻ ചാടിക്കയറി
ചക്കപറിച്ചു ചാക്കോച്ചേട്ടൻ
ചക്കയൊപ്പം ചടപടവീണു !
ചക്കയുരുണ്ടു താഴോട്ടങ്ങനെ
ചാക്കോച്ചേട്ടൻ കൂടെയുരുണ്ടു.
ചക്കേം പിന്നെ ചാക്കോച്ചേട്ടനും
ചതഞ്ഞരഞ്ഞു ചമ്മന്തി !

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
കവിതകൾ രണ്ടും അടിപൊളി. പാടാനും ആടാനും രസകരമായവ.

കുഞ്ഞു കൂട്ടുകാരേ,
ഇത്തവണ നക്ഷത്രക്കൂടാരത്തിൽ ഉൾപ്പെട്ട കഥകളും കവിതകളും കൂട്ടുകാർക്ക് ഇഷ്ടമായിട്ടുണ്ടാവും. ഇല്ലേ ?.
ഇനി പുതുമകളുമായി നമുക്ക് അടുത്ത ആഴ്ച കാണാം ചങ്ങാതിമാരേ.

സ്നേഹമോടെ,
നിങ്ങളുടെ പ്രിയപ്പെട്ട

കടമക്കുടി മാഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments