പടിക്കൽ ഒരു വണ്ടി നിർത്തുന്ന ശബ്ദം കേട്ടു. പിന്നാലേ പുമുഖത്ത് ഒരു പെൺകുട്ടിയുടെ സംസാരവും . തമിഴു കലർന്ന മലയാളം.
പൂമുഖത്ത് കസേരയിൽ ഭർത്താവ് ഫോണുമായി ഉണ്ടെന്നറിയാം. എങ്കിലും ആരാവാം എന്നൊരു ജിജ്ഞാസ.ഞാനും കയ്യിലെ ഫോൺ മേശപ്പുറത്തു വച്ചിട്ട് അങ്ങോട്ടു ചെന്നു. ഭർത്താവ് വീടിനുള്ളിലേക്ക് കടന്നു വരുന്നു. ആരാണെന്നു ചോദിച്ചുകൊണ്ട് ഞാൻ പുറത്തേക്കും. ഇരുപത് വയസ്സു തോന്നിക്കുന്ന മെലിഞ്ഞു കൊലുന്നനെ, ഇരുനിറമുള്ള എന്നാൽ നല്ല ഐശ്വര്യമുള്ള ഒരു പെൺകുട്ടി. വേഷം ചുരിദാർ. ഭർത്താവ് പോയ വേഗത്തിൽ തിരിച്ചു വന്നു. കൈ രണ്ടും താങ്ങിപ്പിടിച്ച് ഒരു കെട്ട് പഴയ ന്യൂസ് പേപ്പർ. വീണ്ടും അകത്തുപോയി ഒരു കയ്യിൽ ത്രാസ്സും മറ്റേ കയ്യിൽ ബാക്കി പേപ്പർ കെട്ടുമായി തിരിച്ചു വന്നു. അപ്പോഴാണ് ഗേറ്റിനു പുറത്തു കിടന്ന വണ്ടി ശ്രദ്ധിച്ചത്. ഒരു പെട്ടി ഓട്ടോ. പെട്ടിക്കുള്ളിൽ കുറേ ആക്രി സാധനങ്ങൾ.അപ്പോൾ മനസ്സിലായി.വീടു തോറും കയറിയിറങ്ങി ആക്രി വാങ്ങി ജീവിക്കുന്നവർ. അയർക്കുന്നം, അമയന്നൂർ ഭാഗത്തു ഇവരുടെ ആളുകൾ കൂട്ടം കൂട്ടമായി താമസമുണ്ടെന്നറിയാം.
ഞാൻ ഭർത്താവിനെയും പെൺകുട്ടിയെയും മാറി മാറി നോക്കി. രണ്ടു പേരും തിരക്കിൽ ആണ്. ഒരാൾ പേപ്പർ കുറേശ്ശെ ത്രാസ്സിൽ വച്ച് തൂക്കം നോക്കി ഉമ്മറത്തിരിക്കുന്ന ആൾക്ക് പറഞ്ഞു കൊടുക്കുന്നു. മറ്റെയാൾ പേന എടുത്തു കുറിക്കുന്നു. ഞാൻ ചോദിച്ചു ‘ഹാർഡ് ബോർഡ് പെട്ടികൾ എടുക്കുമോ?’ അവൾ എടുക്കും എന്ന് തലയാട്ടി.
സ്റ്റോറിൽ നിറയെ ആമസോൺ പെട്ടികളാണ്. അകത്തു ചെന്ന് രണ്ടു മൂന്നു ട്രിപ്പായി ചാക്കിൽ പെട്ടികൾ എത്തിച്ചു. അപ്പോൾ ഇങ്ങോട്ടു ചോദിക്കുന്നു
“പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാ?” തിരിച്ചു വന്ന് അകത്തു അവിടെ യുമിവിടെയുമൊക്കെയായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികളെടുത്ത് കൊച്ചു മക്കൾ കുളിച്ച ബാത്ത് റ്റബ്ബിൽ ഇട്ടിരുന്നതിനോട് ചേർത്ത് അതോടെ പുറത്തേക്കു കൊണ്ടു ചെന്നു. ഉടൻ വന്നു അടുത്ത ചോദ്യം “ടാപ്പുണ്ടാ സ്റ്റീൽ,പിത്തള?പൊട്ടിയ പൊളിഞ്ഞ നോൺ സ്റ്റിക്ക് പാത്രങ്ങൾ, അലുമിനിയം” സാധനങ്ങളുടെ പട്ടിക നീണ്ടു. ഭർത്താവ് ഇല്ലെന്നു തലയാട്ടി.
മുറ്റത്ത് ഒരനക്കം.പനിനീർ ചാമ്പയുടെ തണലിൽ ഒരു കുട്ടി .
മരത്തിന്റെ ചുവട്ടിൽ കിടന്ന എന്തോ ഒന്നെടുത്തു മണത്തു നോക്കുന്നു. കണ്ണ് പെട്ടെന്ന് മറ്റൊരു ദിക്കിലേക്ക് പാഞ്ഞു. വേറൊരു കുട്ടി ശരവേഗത്തിൽ ഗേറ്റിലേക്ക് പായുന്നു. തുറന്നു കിടക്കുന്ന ഗേറ്റ്. അപ്പുറം ഹൈ വേ.ഞാൻ ഭയന്നു വിളിച്ചു
‘ദാ കുട്ടി വഴിയിൽ പോകുന്നു ‘
വണ്ടിയിൽ അവന്റെ അച്ഛൻ ഉണ്ടാവും, അതാണ് കുട്ടി അങ്ങോട്ട് പോകാൻ കാരണം ഞാൻ ചിന്തിച്ചു. പക്ഷെ വണ്ടിയിൽ നിന്ന് ആരും ഇറങ്ങി ക്കണ്ടില്ല
“മുണ്ടാ പിള്ളയെ പാരഡാ ”
അവൾ തണലിലിരുന്ന വലിയ കുട്ടിയോടായി പറഞ്ഞു. അവൻ കേട്ട മട്ടില്ല.അവൾ ഓടിച്ചെന്നു കുട്ടിയെ പിടിച്ചു മാറ്റി,ഗേറ്റ് അടച്ചു.
രണ്ടു കൊച്ചു കുട്ടികൾ മുത്തതിനു നാലും ഇളയതിനു രണ്ടും പ്രായം കാണുമായിരിക്കും. എന്റെ മനസ്സലിഞ്ഞു. ഇവർക്ക് എന്തു കൊടുക്കും എന്റെ മനോഗതം അല്പം ഉറക്കെ ആയിപ്പോയി.’ മിഠായി ഇല്ലേ.’ രണ്ടു പേരും ഷുഗർകാരായതു കൊണ്ട് എപ്പോഴും കരുതൽ ഉണ്ടാവും. ഞാൻ അകത്തേക്കു ചെന്നു. മിഠായിയിൽ ഒതുക്കുന്നതിനോട് എനിക്ക് യോജിപ്പ് തോന്നിയില്ല. അല്പം ബേക്കറിയും കൂടി എടുത്ത് കുഞ്ഞുങ്ങൾക്ക് കൊടുത്തു.
സാധനങ്ങൾക്ക് കണക്കു കൂട്ടി പണം ഭർത്താവിനെ ഏൽപ്പിച്ചു.ആൾ അതും കൊണ്ട് അകത്തേക്കു പോയി. അവൾ ഒരോ സെറ്റായി സാധനങ്ങൾ ഒതുക്കി കെട്ടിക്കൊണ്ടിരുന്നു.
ഞാൻ അവളോട് കുശലം ചോദിക്കാൻ ശ്രമിച്ചു.
“ഭർത്താവ് എവിടെ ”
അവൾ ആംഗ്യത്താൽ കുടിച്ചു കൊണ്ടിരിക്കുന്നു എന്നു കാണിച്ചു. “അപ്പോൾ വണ്ടി ഓടിക്കുന്നത് “അവൾ നെഞ്ചത്ത് കൈ തട്ടി താൻ തന്നെ എന്ന് അഭിമാനത്തോടെ കാണിച്ചു.
വീണ്ടും ഞാൻ ചോദിച്ചു “പഠിച്ചിട്ടുണ്ടോ ”
“ആമമ്മാ പ്ലസ് ടു പാസ്സ്.എളുനൂറ്റ മ്പത്തെട്ട് മാർക്ക് വാങ്കി പാസ്സ്.” അപ്പോൾ അവളുടെ മുഖം അഭിമാനത്താൽ വികസിച്ചിരുന്നു.
അവൾ തുടർന്നു.
“അമ്മാ കിടയാത്.നാൻ തനിയെ പണിയെടുത്തു പഠിച്ചു. പോലീസ് ആവണം എന്നാഗ്രഹം.ആനാ കല്യാണം ആയിപ്പോച്ച്. രണ്ടു പസ്സങ്കളുമാച്ച്.എനക്ക് ഒരു പോലീസുകാരി ഫ്രണ്ട് ഉണ്ട്. അവർ എനക്ക് ഉതവി (ഉപകാരം)
ചെയ്യാം എന്നു ചൊല്ലീട്ടുണ്ട്.” കുട്ടിയെ ചൂണ്ടി തുടർന്നു
“ഇവനെ നാൻ ഇംഗ്ലീഷ് മീഡിയത്തിൽ പോട്ടു.”
” എവിടെ? ”
എനിക്ക് അതിശയമായി.
‘ഇവിടെ കിട്ടെ (അടുത്ത് ) തന്നെ സ്കൂളിൽ. വണ്ടി വന്നു കൊണ്ടു പോകും തിരിച്ചു കൊണ്ടുവരും . കേറ്റിവിടണം വരുമ്പോ നോക്കി നിക്കണം. ദുട്ടു (പൈസ) കൊടുക്കണം “അവൾ കൈ കൊണ്ട് തള്ള വിരലും ചൂണ്ടു വിരലും ചേർത്ത് തിരുമ്മി കാണിച്ചു. നോട്ട് എണ്ണുന്നതു പോലെ.
“‘യൂണിഫോം ഒക്കെ ഇല്ലേ?’
അവൾ ഉണ്ടെന്ന് തലയാട്ടി.
“എല്ലാം നാൻ തന്നെ നോക്കണം നാൻ ഇവങ്കളെ പഠിപ്പിച്ച് വലുതാക്കും .”
അവളുടെ ആത്മവിശ്വാസത്തിൽ ഞാൻ അത്ഭുതം കൂറി. ഞാൻ ആ കുഞ്ഞുങ്ങളെ നോക്കി. ഒരുവൻ ടൈൽ പാകിയതാണെങ്കിലും മുറ്റത്ത് കുത്തിയിരുന്ന് ബേക്കറി തിന്നുന്നു. മറ്റവൻ തിണ്ണയിൽ വച്ചിരുന്ന ബാത്ത് ടുബ്ബിൽ കയറാൻ ശ്രമിക്കുന്നു. അവൾ പറഞ്ഞു
“ഇവനും ഉണ്ട് ഒന്ന്.അതിലാ കുളിപ്പ്. ആക്രിയിൽ കെടച്ചത്.”
ഇതു കൊടുക്കണ്ട എന്നു പറഞ്ഞാണ് ആൾ അകത്തേക്കു പോയത്. എനിക്കു സമാധാനമായി. അല്ലെങ്കിൽ ഞാൻ അതും കൊടുത്തേനെ.
അവൾ ഒരോ കെട്ടായി എടുത്ത് വണ്ടിയിൽ കൊണ്ടിട്ടു തിരിച്ചു വന്നു കൊണ്ടിരുന്നു.ഒരോ വരവിനും ഞാൻ വെറുതേ ഒരോ ചോദ്യങ്ങൾ.
കുട്ടികളുടെ പേരു ചോദിച്ചു. “ഇവൻ ബുവിൻ, ഇളയവൻ സുബിൻ. ബുവീ,
സുബീ എന്നു ചെല്ലപ്പേര് (ഓമനപ്പേര് ) വിളിക്കും.”
ഇതിനിടയിൽ ഭർത്താവ് പുറത്തേക്കു വന്ന് അവളുടെ കയ്യിൽ കുറച്ചു രൂപ കൊടുത്തു.
അവളുടെ കണ്ണുകൾ നന്ദി കൊണ്ട് തിളങ്ങുന്നതും ചുണ്ടിൽ ഒരു ചെറു ചിരി വിടരുന്നതും കണ്ടു. എന്നേക്കാൾ ഔചിത്യ ബോധവും ദാനധർമ്മവും അദ്ദേഹത്തിനുണ്ടല്ലോ എന്നു ഒരു നിമിഷം ചിന്തിച്ചുപോയി.
അവൾ പൈപ്പ് ചോദിച്ച് അവിടെ പോയി കയ്യും മുഖവും കഴുകി ഒപ്പം മക്കളുടെയും.
“പോട്ടാ അമ്മാ ”
ഞാൻ തലയാട്ടിക്കൊണ്ട് ചോദിച്ചു. ‘നീ പോലീസായാൽ ഇതിലെ വരുമോ ‘
അവളും തലയാട്ടി.അപ്പോഴാണ് ഞാൻ അവളുടെ പേര് ചോദിച്ചില്ല ല്ലോ എന്നോർത്തത്.
“നിന്റ പേരോ ?”
“എന്റെ പേര് മഞ്ജു, നാട് തെങ്കാശ്ശി.