Sunday, December 22, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: കെ. പി. എ. സി. സുലോചന ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: കെ. പി. എ. സി. സുലോചന ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

മലയാള നാടകത്തെ ചുവപ്പിച്ച നാലക്ഷരമായ കെ പി എ സി എന്ന വികാരത്തെ നാടാകെ പാടിവളർത്തിയ കെ പി എ സി സുലോചന എന്ന കെ സുലോചന. നാടകഗാനങ്ങളിലെ സ്ത്രീ ശബ്ദമെന്നാൽ മലയാളിക്ക് സുലോചനയാണ്. വിപ്ലവഗാനങ്ങളെന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്ന മധുരശബ്ദം..

വേറിട്ട സ്വരത്തിലൂടെ “അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്..” ഒഎൻവി ദേവരാജൻ ടീമിന്റെ ഈ ഗാനം സുലോചനയെ പ്രശസ്തിയിലേക്കുയർത്തി…
താമരക്കുമ്പിളിലെന്തൊണ്ട്
“എന്തൊണ്ട് ”
എന്ന ആ നാടൻ സ്ലാങ് എല്ലാ നാവിനും വഴങ്ങില്ല…

ഈ പാട്ടിന്റെ ജീവശ്വാസം സുലോചനയുടെ സ്വരമാണ്. നേർത്തതും ഉറച്ചതുമായ സ്വരം.അക്കാലത്ത് നാടകങ്ങളിൽ പാടി അഭിനയിക്കണം. അതീവ മനോധൈര്യവും മനസാന്നിദ്ധ്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ മാത്രമേ വിജയിക്കൂ.
ആത്മ ധൈര്യത്തിന്റെയും മനോബല ത്തിന്റെയും സ്‌ഫുല്ലിംഗങ്ങൾ സുലോചനയിൽ , അവരുടെ അഭിനയത്തിലും പാട്ടിലും ജ്വലിച്ചു നിന്നിരുന്നു…

അതുകൊണ്ടാണ് അവരുടെ ഗാനങ്ങളുടെ പ്രതിധ്വനികൾ ഇന്നും കേരളത്തിൽ അലയടിക്കുന്നത്. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത പെൺ വിപ്ലവ സ്വരമായിരുന്നു സുലോചനയുടേത്.

മാവലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ച സുലോചന തടിയൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നാണ് സംഗീതം അഭ്യസിച്ചത്. പിന്നീട് കെ. പി. എ. സിയില്‍ ചേര്‍ന്നു.

കെ .പി. എ. സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല് തുടങ്ങിയ നാടകങ്ങളിലെ സുലോചനയുടെ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്. കെ. എസ്. ജോര്‍ജിനോടൊപ്പം ആ മലര്‍പ്പൊയ്കയില്‍ എന്ന ഗാനം ആലപിച്ച സുലോചന സത്യനോടൊപ്പം ആ ചിത്രത്തില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

.കെ പി എ സിയുടെ ഏഴോളം നാടകങ്ങളില്‍ സുലോചന അതിഗംഭീരമായ അഭിനയം കാഴ്ചവച്ചു. അവയിലെല്ലാം പാടുകയും ചെയ്തു.സര്‍വ്വേക്കല്ല്’, മുടിയനായ പുത്രന്‍ അശ്വമേഥം,പുതിയ ആകാശം പുതിയ ഭൂമി’ എന്നിവയാണ് ഏറെ ശ്രദ്ധ നേടിയ നാടകങ്ങൾ.

രണ്ടിടങ്ങഴി‘ എന്ന ചിത്രത്തില്‍ കമുകറയോടൊപ്പം പാടിയ ‘തുമ്പപ്പൂ പെയ്യണ പൂനിലാവേ’ എന്ന ഗാനം മലയാളത്തിന്റെ പോയകാല ഗ്രാമീണ നിഷ്കളങ്കതയുടെ ഉത്തമോദാഹരണമാണ്. ‘കാലം മാറുന്നു’, ‘അരപ്പവന്‍ ‘, രണ്ടിടങ്ങഴി’ എന്നീ ചിത്രങ്ങളിലായി നിരവധിഗാനങ്ങളാണ് സുലോചന ചലച്ചിത്രങ്ങള്‍ക്കു വേണ്ടി പാടിയത്.

കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക – രാഷ്ട്രീയ ചരിത്രമാകുന്നു.

സുലോചനയുടെ വളർച്ച അതിഗംഭീരമായിരുന്നു. അഭിനയ മികവിൽ ശ്രദ്ധനേടിയ നാടകം ‘മുടിയനായ പുത്രനാണ്‌. സുലോചനയുടെ കഥാപാത്രം ചെല്ലമ്മ എന്ന യുവതി ആ നാടകത്തിൽ ജീവിക്കുകയായിരുന്നു. അഭിനയത്തിന്റെ പടവുകൾ ചാടിക്കയറി നടിയെന്ന നിലയിലും, രാഷ്ട്രീയനേതാവെന്ന നിലയിലും മിന്നിത്തിളങ്ങുകയായിരുന്നു.

നാടകരംഗത്തെ ആ വലിയ കലാകാരി 2005 ഏപ്രില്‍ 17ആം തീയതി, അറുപത്തിഏഴാമത്തെ വയസ്സില്‍ കായംകുളത്ത് അന്തരിച്ചു. സ്വരമാധുര്യത്തോടെ ചെപ്പുകിലുക്കണ ചങ്ങാതിയായി ഇന്നും അവർ നമ്മോടൊപ്പമുണ്ട് മരണമില്ലാത്ത ഗായികയായി….

മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments