Sunday, November 17, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ:- അദ്ധ്യായം: പതിനാറ്) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ:- അദ്ധ്യായം: പതിനാറ്) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

പാടാക്കരയിൽ തോരാതെ പെയ്യുന്ന മഴ. കലങ്ങി മറിഞ്ഞൊഴുകുന്ന ഞവരത്തോട് .കനത്ത ദുരന്തം ഏറ്റുവാങ്ങി വിറങ്ങലിച്ചു നിൽക്കുന്ന ഞവരക്കാട് തറവാട്. ആ മുറ്റത്ത് വലിച്ചുകെട്ടിയ ടാർപോളിനു താഴെ വലിയവാഴയിലയിൽ വെള്ളപുതപ്പിച്ച് ആര്യയുടെ ശരീരം. വിങ്ങിപ്പൊട്ടി കുറേ പേർ.പടിഞ്ഞാറേ മുറിയിൽ തളർന്നു വീണു കിടക്കുന്ന മാലിനി.ഉമ്മറത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പത്മനാഭ പണിക്കർ. അകത്തൊരു മുറിയിൽ ലക്ഷ്മിക്കുട്ടി ടീച്ചർ .മുറ്റത്ത് തകർന്ന മനസ്സുമായി രാമാനന്ദൻ. വേദനായാൽ കലങ്ങിയ മനസ്സാണെങ്കിലും കാര്യങ്ങൾക്കായി ഓടി നടക്കുന്ന ശങ്കരൻ. തെക്കേ തൊടിയിൽ മഴയെ തടുത്ത് കുഴി വെട്ടി കാത്തിരിക്കുന്നവർ.
അവസാന യാത്രക്കാരുങ്ങുകയാണ് ആര്യ.
ഈറനുടത്ത് ഹരിഗോവിന്ദൻ ശ്രീക്കുട്ടൻ.
കൂട്ടത്തിൽ നിന്ന് ഹരിഗോവിന്ദനെ കർമ്മി വിളിച്ചു.

”മൂത്തയാളല്ലേ വരൂ…. ”

ഒരു നിമിഷം. ദേവാനന്ദൻ ഇടപെട്ടു.

”ഹരീ നീ പിന്നിലേക്ക് നിൽക്ക്. ”

പിന്നെ ശ്രീക്കുട്ടനോടായി പറഞ്ഞു.

“വല്യച്ഛന്റെ കുട്ടി ആദ്യം ചെല്ല്. അവൾ അതായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാവുക.” എല്ലാവരേയും അത്ഭുതപ്പെടുത്തി ദേവാനന്ദന്റെ ആ ഇടപെടൽ. ആ ഒരു ഭാവം അയാളിൽ ആരും അതുവരെ കണ്ടിട്ടില്ലായിരുന്നു.

എറണാകുളത്തേക്ക് രണ്ടാമത് പോയ ശേഷം മൂന്ന് മാസം നീണ്ടു നിന്ന ചികിത്സയിലായിരുന്നു ആര്യ. റേഡിയേഷനുകൾ നടന്നു .അതിനിടയ്ക്ക് പല തവണ രോഗം മൂർച്ഛിച്ചു. എന്തും സംഭവിക്കും എന്ന അവസ്ഥയിലൂടെ കടന്നു പോവുകയും തിരിച്ചു വരികയും ചെയ്തു. മരണവേദനയുടെ പുളച്ചിലുകൾക്കിടയിലും ആര്യ ഉരുവിട്ടിരുന്ന പേരുകൾ ആ ദിനങ്ങളിൽ ദേവാനന്ദനും കേട്ടതാണല്ലോ.

ഒരു മന്ത്രം പോലെയാണ് ആര്യ എന്റെ രാമേട്ടാ, ഏട്ത്തിയമ്മേ…. എന്ന് വിളിച്ചു കരഞ്ഞിരുന്നത്.എത്രയോ തവണ രാമാനന്ദനും മാലിനിയും എറണാകുളത്ത് കുതിച്ചെത്തി. കഴിയുന്നത്ര ദിവസം കൂടെ താമസിച്ചു. ഉറങ്ങാതെ എത്രയോ രാത്രികളിൽ മാലിനി കണ്ണീരോടെ ആര്യയ്ക്ക് കാവലിരുന്നു.തന്റെ ആരോഗ്യം ശ്രദ്ധിക്കാതെ പരിചരിച്ചു. വേദനയ്ക്ക് കുറച്ചു ഭേദമുള്ള ദിവസങ്ങളിൽ ആര്യ അപ്പുവിനെ കുറിച്ച് സംസാരിക്കും. ആ സ്നേഹത്തെ കുറിച്ച് പറയും. ശ്രീക്കുട്ടനെ പഠിപ്പിച്ച് വലിയ ആളാക്കണമെന്ന ആഗ്രഹമറിയിക്കും. അടുത്തൊരു ജന്മത്തിൽ ഏടത്തിയമ്മയുടെ സ്വന്തം അനിയത്തിയായി ജനിക്കണമെന്നും അപ്പോൾ കുറേ കാലം നമുക്ക് ഒന്നിച്ചു ജീവിക്കണം എന്നും പറയും .പിന്നെ ” പെയ്തു തോരാതെ ” എന്ന സമാഹാരത്തിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കവിത വായിച്ചു കേൾപ്പിക്കാൻ ആവശ്യപ്പെടും. പിന്നിട്ട ജീവിതത്തിലെ എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നതിനാൽ പറയുന്ന കാര്യങ്ങൾ എത്ര പ്രിയപ്പെട്ടതാണ് എന്ന് മാലിനിക്കറിയാമായിരുന്നു. ആ കവിത മാലിനി മനോഹരമായി ചൊല്ലി കേൾപ്പിക്കും.

നേരമില്ലിനിയിരുളിലേക്കധികം/
നേരിൽപറയാത്തനേരൊന്നുനീറുന്നു /
നോട്ടത്തിൽ പോലുമറിയിച്ചില്ലെങ്കിലും /
നോവായി നിറയുന്നവളെന്നുള്ളിൽ /
എന്നു തുടങ്ങി

നിറമേറുംജീവിതസ്വപ്നങ്ങളുമായി /
നിറപുഞ്ചിരിയോടെയവൾയാത്രയാകവേ /
നിന്നിരുന്നു ഞാനാ പടിക്കെട്ടിലന്നും/
നിറമിഴികൾ മറച്ചുകൊണ്ടന്യനായി

എന്ന വരികളിൽ അവസാനിക്കുന്ന മുരളി പാടാക്കര ഉള്ളു തൊട്ടെഴുതിയ കവിത മാലിനി ചൊല്ലുന്നത് ആര്യ കണ്ണുകൾ അടച്ച് ശ്രദ്ധയോടെ കേട്ടു കിടക്കും. ചില സമയം കണ്ണീർ കവിളുകളിലൂടെ ഒലിച്ചിറങ്ങും.

ഓർമ്മകൾ മറയാൻ നേരത്തും അവസാന ശ്വാസമെടുക്കുന്ന നേരവും ശ്രീക്കുട്ടൻ എന്നുച്ചരിക്കാനാണ് ആര്യ ശ്രമിച്ചത്. ഒന്നുറപ്പ് .ആ കണ്ണുകൾ അടയും മുമ്പ് മനസ്സിൽ തെളിഞ്ഞത് ശ്രീക്കുട്ടന്റെ മുഖം തന്നെയായിരിക്കും. ഒടുവിൽ പുലർച്ചെ അഞ്ചര മണിയോടെ മാലിനിയുടെ മടിയിൽ കിടന്ന് ആ കൈകളിൽ മുറുകെ പിടിച്ചാണ് …..

ഈ ഭൂമിയിൽ തനിക്കു ചെയ്യാൻ സാധിക്കുന്നതെല്ലാം അവൾക്കായി ചെയ്തു എന്ന സമാധാനത്തിൽ എവിടേയും നിവർന്നു നിൽക്കാൻ ഒരു പ്രാപ്തി ദേവാനന്ദനെന്നുമുണ്ട്. എന്നാൽ അതു കൊണ്ട് മാത്രം പൂർണമായും ബന്ധങ്ങളുടെ വിലയറിയാത്തവനായി മാറാൻ അയാൾക്ക് കഴിയാത്തത് ഞവരക്കാട്ടെ ബാല്യം നൽകിയ പുണ്യം കൊണ്ടു കൂടിയായിരിക്കാം.

ചടങ്ങ് പുരോഗമിക്കുകയാണ്.

എള്ളും പൂവും ചന്ദനവും നനച്ച് നെഞ്ചോട് ചേർത്ത് കാൽക്കൽ ഇരിക്കാൻ ശ്രീക്കുട്ടനോട് പറയുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുമായി അവൻ ഇരുന്നു.

”ഈ ജന്മത്ത് ചെറിയമ്മയോട് അറിഞ്ഞോ അറിയാതേ യോ ചെയ്ത എല്ലാ പാപങ്ങളും പൊറുക്കണമെന്ന് അപേക്ഷിച്ച് മൂന്നു തവണ വെള്ളം കൊടുക്കൂ… ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കൂ.”

വിതുമ്പുന്ന ചുണ്ടുകളുമായി അവനത് ഏറ്റു പറയുന്നു.പറഞ്ഞു തീർന്നതും ”എന്റെ ചെറിയമ്മേ ..”എന്ന നിലവിളിയോടെ അവൻ ആര്യയുടെ കാലിലേക്ക് വീണു. അവന്റെ ചെറിയമ്മയായി ഒരു പാട് കാലം ജീവിക്കാൻ കൊതിച്ചവൾ…. ഇതാ ജീവിതം തുടങ്ങും മുമ്പ് ….
തണുത്ത വിറങ്ങലിച്ച ആ കാലുകളിൽ കെട്ടിപ്പിടിച്ച് ശ്രീക്കുട്ടൻ എങ്ങിയേങ്ങി കരഞ്ഞു.
കണ്ടു നിന്ന എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു.

ഇരുപത്തിയഞ്ച് വർഷം മുമ്പ് ഞവരക്കാട് തറവാടിനു മുഴുവൻ പുണ്യമായി വന്നവൾ. രാമാനന്ദനുശേഷം പതിനാലു കൊല്ലം കഴിഞ്ഞ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലായിരുന്നു ആ ജനനം.
തറവാടിന്റെ എല്ലാ നന്മകളും ഐശ്വര്യങ്ങളും ഹൃദയ വിശുദ്ധിയുടെ നിറപുഞ്ചിരിയായി കൊണ്ടു നടന്ന ആര്യ മടങ്ങുകയാണ്. ഞവരക്കാട്ടെ കാടുമൂടിയ തെക്കേ തൊടിയിലേക്ക് യാത്രയായാവു കയാണ്.ജീവിതത്തിൽ ഒരിക്കൽപോലും പോയിട്ടില്ലാത്ത പോവാൻ ഏറെ ഭയമായിരുന്ന ആ തൊടിയിലേക്ക്. കോരിച്ചൊരിയുന്ന പെരുമഴയത്ത് …..

ആരേയും ആകർഷിക്കുന്ന ഒരു നിഷ്കളങ്ക നോട്ടം. ചുണ്ടുകളിൽ നിന്ന് തുടുത്ത കവിളുകളിലേക്കും വിടർന്ന കണ്ണുകളിലേക്കും പടരുന്ന മനോഹരമായ ചിരി .ഞവരക്കാട്ടെ പാദസര കിലുക്കം ,ഒരു തവണ കണ്ടവർ മനസ്സിൽ സൂക്ഷിക്കുന്ന രൂപഭംഗി ഹൃദ്യമായ പെരുമാറ്റം എല്ലാം ഓർമ്മകളിലേക്ക്.

പടിവരെ വന്നിട്ടും ഞവരക്കാട്ടേക്ക് കയറാതെ ആര്യയെ ഒരു നോക്ക് കാണാതെ കാണാൻ കഴിയാതെ ആ ചടങ്ങുകൾക്കൊന്നും സാക്ഷിയാതെ ഞവരത്തോടിന്റെ കൈവരിയിൽ പിടിച്ച് മഴ നനഞ്ഞൊരാൾ. ചടങ്ങുകൾ കഴിയും വരെ നിന്നു.പിന്നെ നിറഞ്ഞ കണ്ണുകളും വിങ്ങുന്ന മനസ്സുമായി നടവരമ്പിലൂടെ തിരിച്ചു നടന്നു.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments