പത്തനംതിട്ട —ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ആറുമാസത്തിനകം ജോലി നല്‍കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും വിജ്ഞാന സദസും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യോഗ്യതയ്ക്കും, അഭിരുചിക്കും, വൈദഗ്ദ്യത്തിനും അനുയോജ്യമായ തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റാന്നി നോളജ് വില്ലേജുമായി ബസപ്പെട്ടുള്ള സ്‌കില്‍ ഹബ്ബ് നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായി. പഞ്ചായത്തുകളില്‍ നോളജ് സെന്റര്‍ സ്ഥാപിക്കുവാന്‍ പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തി നല്‍കണം. ജനപ്രതിനിധികള്‍ ജോബ് സെന്ററുകളുടെ അംബാസിഡര്‍മാരാകണം.
തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷന്‍
തൊഴില്‍ദാതാക്കള്‍ക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താന്‍ ജോബ് സ്റ്റേഷനിലൂടെ സാധിക്കും . ജോബ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതു കൊണ്ട് മാത്രം തൊഴിലന്വേഷകരുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നില്ല. അപേക്ഷകര്‍ തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒഴിവുകള്‍ വരുമ്പോള്‍ അവയില്‍ അപേക്ഷ നല്‍കുകയും വേണം. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും ജോബ് സ്റ്റേഷനില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അധ്യക്ഷത വഹിച്ചു. വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍ വിഷയാവതരണം നടത്തി.
വിജ്ഞാന തൊഴില്‍ പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചും തൊഴിലന്വേഷകര്‍ക്ക് സമ്പൂര്‍ണ വിവരങ്ങള്‍ ജോബ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് നോളജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട -ഉറപ്പാണ് തൊഴില്‍ പദ്ധതി. ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ജോബ് സ്റ്റേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, പഞ്ചായത്തു പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ടി.കെ.ജയിംസ്, അമ്പിളി പ്രഭാകരന്‍ നായര്‍ ,ഉഷാ സുരേന്ദ്രനാഥ്, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, കേരള നോളജ് ഇക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.എ.ശ്രീകാന്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.