“മലയാളി മനസ്സ്” ൻ്റെ എല്ലാ വായനക്കാർക്കും ‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ എന്ന പംക്തിയിലേയ്ക്ക് സ്നേഹപൂർവം സ്വഗതം🙏🌹
ഈ പംക്തിയിലൂടെ പരിചയപ്പെടുത്തുന്നത് വിശ്വസാഹിത്യകാരൻ ‘ലിയോ ടോൾസ്റ്റോയ്’ യെ കുറിച്ചാണ്.
പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലെ ഒരു സമ്പന്ന കുടുംബത്തിൽ 1828 സെപ്റ്റംബർ 9 നാണ് ലിയോ ടോൾസ്റ്റോയ് ജനിച്ചത്. അദ്ദേഹത്തിൻ്റെ പൂർണ്ണനാമം ‘ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ്’ എന്നാണ്. അഞ്ചു മക്കളിൽ നാലാമൻ ആയിരുന്ന ടോൾസ്റ്റോയ്ക്ക് രണ്ടു വയസ്സാകുന്നതിനു മുൻപേ പിതാവിനെയും, ഒൻപത് വയസ്സ് തികയുന്നതിന് മുന്നേ മാതാവിനെയും നഷ്ടപ്പെട്ടു.
ബന്ധുക്കളുടെ പിന്തുണയോടെ കസാൻ സർവകലാശാലയിൽ നിയമപഠനത്തിനു ചേർന്നെങ്കിലും, അധ്യായന രീതിയോട് പൊരുത്തപ്പെടാനാകാതെ പഠനം അവസാനിപ്പിച്ചു. യുവത്വത്തിൻ്റെ ലഹരിയിൽ അനാഥത്വത്തിൻ്റെ നിരങ്കുശതയിൽ അദ്ദേഹം കുറെക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. കൊളളരുതായ്മകൾ ചെയ്തു. പിന്നീട് നല്ല ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. മതനിഷ്ഠനായി. എഴുത്തിൻ്റെ സ്വർണ്ണഖനികൾ തുറന്നിട്ടു. വായനയുടെ ആകാശങ്ങളിലേയ്ക്ക് ജനസഹസ്രങ്ങളെ കൂട്ടികൊണ്ടു പോയി.
പിന്നീട് ക്രിമീനയൻ യുദ്ധകാലത്ത് അദ്ദേഹം സൈന്യത്തിൽ ചേർന്നു, പീരങ്കി സേനാ വിഭാഗത്തിൻ്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ‘സെബാസ്റ്റോ പോൾ’ എന്ന തുറമുഖ നഗരത്തിൻ്റെ പ്രതിരോധ യുദ്ധമുന്നണിയിലെ പോരാളിയായി. ഇക്കാലത്ത് തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം,കൗമാരം, യൗവ്വനം എന്ന ജീവചരിത്ര സംബന്ധിയായ കൃതിയായിരുന്നു ടോൾസ്റ്റോയ്‌യുടെ ആദ്യത്തെ പ്രധാന രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയിൽ ശ്രദ്ധേയനാക്കി.
സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം 1857 ൽ ടോൾസ്റ്റോയ് ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. യൂറോപ്യൻ പര്യടനത്തിനൊടുവിൽ യാസ്നിയ പോല്യാനായിൽ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി. കർഷകരുടെ കുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു.
1862 ൽ 34 വയസ്സുള്ളപ്പോൾ സുഹൃത്തിൻ്റെ സഹോദരിയായ 19 വയസ്സുള്ള സോഫിയ അഡ്രീനയെ വിവാഹം ചെയ്തു. സോഫിയ അദ്ദേഹത്തിന്റെ ജീവിതസഖി ആയതോടെയാണ് ടോൾസ്റ്റോയ് യുടെ എഴുത്തിൻ്റെ വസന്തകാലം തുടങ്ങുന്നത്. ‘യുദ്ധവും സമാധാനവും’, ‘അന്ന കരേനിന’ എന്നീ കൃതികൾ വിവാഹശേഷമാണ് അദ്ദേഹം എഴുതിയത്. ടോൾസ്റ്റോയ് കൃതികളുടെ കൈയെഴുത്തു പ്രതികൾ തയ്യാറാക്കുകയും മറ്റും ചെയ്ത സോഫിയ, ഭാര്യയെന്നതിനു പുറമെ അദ്ദേഹത്തിന്റെ വിശ്വസ്തയായ സെക്രട്ടറിയും ആയിരുന്നു. യുദ്ധവും സമാധാനവും എന്ന ബൃഹത്കൃതി അവർ ഏഴു വട്ടം പകർത്തി എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടോൾസ്റ്റോയ് ദമ്പതിമാർക്ക് പതിമൂന്ന് കുട്ടികൾ ജനിച്ചു.
വിവാഹത്തിനു മുൻപ് ടോൾസ്റ്റോയ് തന്റെ പൂർവകാല ജീവിതം രേഖപ്പെടുത്തിയിരുന്ന സ്വകാര്യ ഡയറി സോഫിയക്ക് വായിക്കാൻ കൊടുത്തു. വിവാഹത്തിന് തടസ്സമായില്ലെങ്കിലും ഡയറിയിലെ വെളിപ്പെടുത്തലുകളുടെ നിഴൽ അവരുടെ ജീവിതത്തെ ഒരിക്കലും ബാധിച്ചിട്ടില്ല എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
അന്നാ കരേനിനയുടെ രചനക്കു ശേഷം ടോൾസ്റ്റോയി അതി കഠിനമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയി. അതിനൊടുവിൽ അദ്ദേഹം ജനിച്ചു വളർന്ന റഷ്യൻ ഓർത്തഡോക്സ് സഭ പോലുള്ള വ്യവസ്ഥാപിത മതങ്ങളുടെ വിശ്വാസ സംഹിതയേയും, ജീവിത വീക്ഷണത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു.
1901 ൽ ഓർത്തെഡോക്സ് സഭ ടോൾസ്റ്റോയ്‌യെ അതിന്റെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുക പോലും ചെയ്തു. മുഖ്യധാരാ സഭകളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരുതരം ക്രൈസ്തവ വിശ്വാസത്തിലേക്ക് അദ്ദേഹം പരിവർത്തിതനാകുകയാണ് ചെയ്തെന്നു പറയാം. ബൈബിളിൽ പുതിയ നിയമത്തിലെ ഗിരിപ്രഭാഷണത്തിലൂന്നിയ മനുഷ്യസ്നേഹത്തിന്റെയും, സഹോദരഭാവത്തിന്റേയും, ലളിതജീവിതത്തിന്റെയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പുതിയ മതം. അക്രമാരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും ബ്രഹ്മചര്യനിഷ്ടയ്ക്കും അദ്ദേഹം ഊന്നൽ കൊടുത്തു. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്റെ സാഹിത്യ രുചികളെപ്പോലും വിമർശനബുദ്ധ്യാ വിലയിരുത്തുന്ന ‘കുമ്പസാരങ്ങൾ’ എന്ന കൃതി ഈ പ്രതിസന്ധി ഘട്ടത്തിനൊടുവിൽ 1879 ൽ എഴുതിയതാണ്.
ടോൾസ്റ്റോയ് യുടെ പിന്നീടുള്ള രചനകളിൽ ഒരു മുഖ്യപങ്ക് സാധാരണ വായനക്കാർക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയിൽ എഴുതപ്പെട്ട കഥകളാണ്. ഉദാഹരണമായ പ്രസിദ്ധകഥയാണ് ‘ഒരു മനുഷ്യന് എത്രമാത്രം ഭൂമി വേണം’ എന്നത്. അതേ സമയത്തു തന്നെ മുന്തിയ സാഹിത്യ ഗുണം പ്രകടിപ്പിക്കുന്ന കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട് 1886 ൽ പ്രസിദ്ധികരിച്ച’ ഇവാൻ ഇല്യച്ചിന്റെ മരണം’ അതിന് ഉദാഹരണമായി പറയം.1893 ൽ പ്രസിദ്ധീകരിച്ച ‘ദൈവരാജ്യം നിങ്ങൾക്കുള്ളിലാകുന്നു’ എന്ന രചനയും വളരെ പ്രധാനപ്പെട്ടതാണ്.
പോയ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ‘റഷ്യൻ എഴുത്തുകാരൻ’ എന്നതിലുപരി, നല്ലൊരു സാമൂഹിക ചിന്തകൻ കൂടിയായിരുന്നു ലിയോ ടോൾസ്റ്റോയ്. വിശ്വവിഖ്യാതമായ ഈ രണ്ടു നോവലുകളിലൂടെ (യുദ്ധവും സമാധാനവും, അന്ന കരേനീന) യാണ് അദ്ദേഹം ലോകത്തിൻ്റെ നെറുകയിൽ എഴുത്തിൻ്റെ സിംഹാസനം പടുത്തുയർത്തിയത്. മനുഷ്യ ജീവിതത്തിന്റെയും, ചരിത്രത്തിൻ്റെയും പ്രശ്നങ്ങളോട് അദ്ദേഹത്തിൻ്റെ ചിന്താപരമായ സമീപനങ്ങളുടെ ആകെത്തുകയായിരുന്നു അദ്ദേഹത്തിൻ്റെ രചനകൾ. സമാധാനത്തിൻ്റ പ്രവാചകരായ മഹാത്മാഗാന്ധിയുടെയും, മാർട്ടിൻ ലൂഥർ കിങ്ങിൻ്റെയും അഹിംസാമാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച എഴുത്തുകാരൻ എന്ന വിശേഷണം മാത്രം മതി ടോൾസ്റ്റോയ് യെ മഹാനായ എഴുത്തുകാരൻ എന്ന് ലോകം അടയാളപ്പെടുത്താൻ.
പിന്നീട് മതത്തെ നിഷേധിക്കുന്ന വിപ്ലവകാരിയും, സന്യാസിയുമായി മാറി. ഇഹലോകജീവിതം മായയെന്ന് കരുതുന്ന അവധൂതനായി. എൺപത്തിരണ്ടാമമത്തെ വയസ്സിൽ ഇത്തരം വിശ്വാസങ്ങൾ അനുസരിച്ച് പുതിയ ജീവിതം തുടങ്ങാൻ വീട് വിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയിൽ നിന്ന് എൺപതു മൈൽ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷൻ വരെ എത്തുവാനേ സാധിച്ചുള്ളു. ന്യൂമോണിയ പിടിപെട്ടതിനെ തുടർന്ന് റയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് 1910 നവംബർ 20 ന് അദ്ദേഹം അന്തരിച്ചു.
മരണശേഷം അദ്ദേഹത്തിൻ്റെ ഡയറികുറിപ്പുകൾ ഒന്നിച്ചു ചേർത്തു പ്രസിദ്ധീകരിച്ചപ്പോൾ 96 വാല്യങ്ങളുടെ വലിയൊരു ഗ്രന്ഥമായി മാറി.
(തുടരും)