കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സിനിമ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണനെ കൊച്ചി നോർത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരുടെ പരാതിയിന്മേലാണ് കസ്റ്റഡിയിലെടുത്തത്. സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നുമാണ് നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതി.
സ്ത്രീകൾക്കെതിരെ നിരന്തരം അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും പരാതിയിലുണ്ടായിരുന്നു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കി നടത്തിയ പരാമര്‍ശം.
മുൻപും സോഷ്യൽ മീഡിയയിലൂടെ സമാനമായ രീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായെത്തിയ ചിത്രം ബസൂക്കയിൽ സന്തോഷ് വര്‍ക്കി അഭിനയിച്ചിട്ടുണ്ട്. സിനിമാ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ. തീയേറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷ് സോഷ്യൽ മീഡിയയിൽ പലപ്പോഴായി ട്രോളുകൾക്ക് പാത്രമായി മാറാറുണ്ട്.