Tuesday, December 24, 2024
Homeഅമേരിക്കകഥാപ്രസംഗം: ചരിത്രവും വളർച്ചയും (ഭാഗം - 3) ജിത ദേവൻ എഴുതുന്ന 'കാലികം'

കഥാപ്രസംഗം: ചരിത്രവും വളർച്ചയും (ഭാഗം – 3) ജിത ദേവൻ എഴുതുന്ന ‘കാലികം’

✍ജിത ദേവൻ

പ്രസിദ്ധരായ കാഥികർ:  കെടാമംഗലം സദാനന്ദൻ

കഥാപ്രസംഗ കലയുടെ ആരംഭം മുതൽ സജീവമായി കഥാപ്രസംഗം വേദികളിൽ അവതരിപ്പിച്ചിരുന്ന മഹാപ്രതിഭയാണ് ശ്രീ കെടാമംഗലം സദാനന്ദൻ. അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണ ജനങ്ങൾക്ക്‌ വിശ്വസാഹിത്യത്തിലെ ഇതിഹാസ കൃതികൾ മനഃ പാഠമാക്കാൻ കഴിഞ്ഞത് വി.സാംബശിവൻ, കെടാമംഗലം സദാനന്ദൻ തുടങ്ങിയ മഹാരഥന്മരിൽ കൂടിയാണ്. വരേണ്യ വർഗ്ഗങ്ങൾക്ക് മാത്രം കാണാനും ആസ്വദിക്കാനും കഴിയുന്ന കഥകളി തുടങ്ങിയ കലാരൂപങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു, ആ സന്ദർഭത്തിൽ ഉടലെടുത്ത കഥാപ്രസംഗം സാധാരണക്കാർക്ക്‌ വേണ്ടി വേദികളിൽ അവതരിപ്പിച്ചത്‌ അവർക്ക് വളരെ പ്രയോജനമായി.

സുപ്രസിദ്ധ കാഥികനായശ്രീ കെടാമംഗലം സദാനന്ദൻ സിനിമ, നാടക നടൻ കൂടിയായിരു ന്നു. ഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിലും പ്രസിദ്ധനായിരുന്നുഅദ്ദേഹം .ഏകദേശം 64 വർഷം കഥാപ്രസംഗ രംഗത്ത് സജീവമായി പ്രവർത്തിച്ചു. ഇത്ര നീണ്ടകാലം കഥാപ്രസംഗം അവതരിപ്പിച്ചവർ വിരളമാണ്. അദ്ദേഹം 40 ൽ ഏറെ കഥകൾ 15000 വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ രമണൻ 3500 വേദികളിൽ അധികം മാറ്റങ്ങൾ ഒന്നുമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. ഇതൊരു സർവ്വകാല റെക്കോർഡ് ആണ്. 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ നാല്പതോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിന് അടുത്തുള്ള കെടാമംഗലം എന്ന ഗ്രാമത്തിൽ 1926 ഏപ്രിൽ മാസത്തിലാണ് അദ്ദേഹം ജനിച്ചത്. 18 വയസ് മുതൽ വേദികളിൽ കഥാ പ്രസംഗം അവതരിപ്പിക്കാൻ തുടങ്ങി. അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത് ചങ്ങമ്പുഴയുടെ രമണൻ, വാഴക്കുല തുടങ്ങിയ കൃതികൾ ആയിരുന്നു. ഉണ്ണിയാർച്ചയായിരുന്നു മറ്റൊരു പ്രധാന കഥ. രമണന്റെ അഭൂതപൂർവ്വമായ പ്രചാരത്തിന് കാരണമായത് കെടാമംഗലത്തിന്റെ കഥാപ്രസംഗത്തിന്റെ സ്വാധിനം കൊണ്ടായിരുന്നു.

തുടർന്ന് കർണ്ണൻ, അഗ്നിനക്ഷത്രം, അവൻ വീണ്ടും ജയിലിലേക്ക്, അഗ്നിപരീക്ഷ, പട്ടമഹിഷി, ചിരിക്കുന്ന മനുഷ്യൻ, വ്യാസന്റെ ചിരി, അഹല്യ തുടങ്ങി ഒട്ടനവധി കഥാപ്രസംഗങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കേരളത്തിൽ ശ്രീ വി സാംബ ശിവൻ കഴിഞ്ഞാൽ വേദികളിൽ ഏറ്റവും അധികം കഥകൾ പറഞ്ഞിട്ടുള്ള കാഥികനാണ് ശ്രീ കെടാ മംഗലം.

കഥാപ്രസംഗരംഗത്തെ മുടിചൂടാ മന്നന്മാരിൽ ഒരാളായിരുന്ന കെടാമംഗലം സിനിമാരംഗത്തും തനതായ വ്യക്‌തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.1952 ൽ പ്രേംനസീർ ആദ്യമായി നായകനായ മരുമകൾ എന്ന സിനിമയിൽ വില്ലനായി അഭിനയം ആരംഭിച്ചു. രണ്ടാമത്തെ സിനിമ തസ്കര വീരൻ ആയിരുന്നു.. തുടർന്ന് 1961 ൽ അരപ്പവൻ എന്ന സിനിമയിൽ അഭിനയിക്കുകയും അതെ ചിത്രത്തിൽ ഗാനങ്ങൾ എഴുതുകയും ചെയ്തു. ലില്ലി, ചതുരംഗം, ഉമ്മിണിതങ്ക, ദേവി കന്യാകുമാരി, ശ്രീ അയ്യപ്പൻ, തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടു. വിപ്ലവകാരികൾ, പ്രതികാരം, st.തോമസ് തുടങ്ങി പന്ത്രണ്ട് സിനിമകൾക്ക് തിരക്കഥയും എഴുതി. അത് പോലെ തമിഴിൽ കോളിളക്കം സൃഷ്‌ടിച്ച ‘ഓളങ്ങൾ ‘ അദ്ദേഹത്തിന്റെ കഥയാണ്.

സാംബശിവൻ ധന്യ കേരള പ്രവീൺ പുരസ്‌കാരം, തിരുവിതാംകൂർ. ദേവസ്വം വകുപ്പിന്റെ കലാ രത്‌നം പുരസ്‌കാരം കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

തുടരും.

ജിതാ ദേവൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments