Friday, October 18, 2024
Homeകേരളംറാന്നിയിൽ സ്വത്ത് തർക്കത്തിനിടെ രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

റാന്നിയിൽ സ്വത്ത് തർക്കത്തിനിടെ രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: റാന്നിയിൽ സ്വത്ത് തർക്കത്തിനിടെ അമ്മയുടെ മുന്നില്‍വെച്ച് രണ്ട് മക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. റാന്നി കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന തോമസ് ചാക്കോയുടെ (47) വധശിക്ഷയാണ് റദ്ദാക്കിയത്.

ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ചാണ് വധശിക്ഷ ഒഴിവാക്കിയത്. 30 വര്‍ഷത്തെ ജീവപര്യന്തം തടവുശിക്ഷക്കും അഞ്ച് ലക്ഷം പിഴ ഈടാക്കാനും കോടതി വിധിച്ചു. ഇളവുകളില്ലാതെയാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരുക.

അമ്മയുടെ കണ്‍മുന്നിലിട്ട് രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിയെഴുതിയാണ് പത്തനംതിട്ട ജില്ലാ അഡീഷണല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍, വിചാരണ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി കൊലപാതകത്തിനു വധശിക്ഷയാണോ അതോ നിശ്ചിത കാലയളവിലേക്കുള്ള ജീവപര്യന്തമാവുമോ ഉചിതമാവുക എന്നു പരിശോധിക്കുകയായിരുന്നു. ഇതിനു ശേഷമാണ് വധശിക്ഷ റദ്ദുചെയ്യുകയും ജീവപര്യന്തത്തിന് വിധിക്കുകയും ചെയ്തത്. കൂടാതെ പ്രതിയുടെ ജയില്‍ ജീവിത റിപ്പോര്‍ട്ടും പരിഗണിച്ചാണ് ജീവപര്യന്തമായി ശിക്ഷ കുറച്ചത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 2013 ഒക്ടോബർ 27നായിരുന്നു മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന തോമസ് ചാക്കോ സഹോദരൻ ഷൈബിന്റെ മക്കളായ മെബിന്‍(3), മെല്‍ബിന്‍(7) എന്നിവരെ അമ്മയുടെ കണ്‍മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. സംഭവദിവസം രാവിലെ ഇവരുടെ വീട്ടിലെത്തിയ ചാക്കോ മുറ്റത്ത് നില്‍ക്കുകയായിരുന്ന മെല്‍ബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്തേക്ക് മുളകുപൊടി വിതറിയശേഷം വീടിനകത്തായിരുന്ന മെബിനേയും കുത്തിക്കൊലപ്പെടുത്തി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments