തൃശ്ശൂർ തിരുഹൃദയ ലത്തീൻ പള്ളിയില്‍ സേക്രഡ് ആർട്സ് & സ്പോർട്സ് ക്ലബ് എന്ന പേരില്‍ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. പള്ളി പറമ്പില്‍ ഫുട്ബോളും, റൂമിലിരുന്ന് കാരംസും മറ്റും കളിച്ചും വിദ്യാര്‍ത്ഥികളും, കുട്ടി യുവാക്കളുമായ ഞങ്ങള്‍ അവിടെ എന്നും കൂടും.
പള്ളിയിലെ എല്ലാ പരിപാടികളിലും ഞങ്ങൾ സജീവമായിരുന്നു. വയസനാണേലും ഞങ്ങളിൽ ഒരാളായി ആപള്ളിലെ അച്ചനുമുണ്ടായിരുന്നു. അങ്ങിനെ ഒരു ഈസ്റ്ററിനു പുതുമയുള്ള ഒരു പരിപാടി നടത്താന്‍ തീരുമാനിച്ചു. ഈശൊ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോൾ കമ്പിതിരി, ലാത്തിരി, മത്താപ്പ് എന്നിവയുടെ ശോഭ വരുന്ന വിധം സജീകരിച്ചതും, പടക്കം മുതലായത് പള്ളിപറമ്പില്‍ വെച്ചും കത്തിയ്ക്കുമ്പോള്‍ പള്ളിയുടെ പലഭാഗത്തും രൂപകൂടുകൾ ഇല്ലാതെ സ്റ്റാന്റിൽ പ്രതിഷ്ടിച്ചിട്ടുള്ള പുണ്യാളന്‍മാരുടെ ചെറിയ രൂപങളിൽ നൊയമ്പ് കാലത്ത് മൂടാന്‍ ഇട്ടിരിയ്ക്കുന്ന വയലറ്റ് നിറമുള്ള ഉറകള്‍ ഊരിവരണം. അതിനു വേണ്ടി ഉറകളില്‍ ചരട് കെട്ടി തമ്മില്‍ യോജിപ്പിച്ചു. ഈശൊ ഉയര്‍ക്കുന്നതോടെ ചരട് വലിയ്ക്കുമ്പോൾ രൂപങ്ങളില്‍ നിന്ന് ഉറ ഊരിവരാനായിരുന്നു പരിപാടി .അങ്ങിനെ പടക്കം പൊട്ടി തുടങ്ങിയതും ചരട് വലിയും ഒന്നിച്ചായി പല രൂപങ്ങളും ഉറയ്ക്കൊപ്പം പൊന്തി നിലത്ത് വീണ് ഉടഞ്ഞു പിന്നെ ഞാനടക്കമുള്ള ഉല്‍സാഹികളുടെ പൊടി പോലുമില്ല കണ്ടുപിടിയ്ക്കാന്‍. ആർക്കും പരുക്ക് പറ്റാതിരുന്നതും അച്ചൻ അറിയാതിരുന്നതും ഭാഗൃമായി.
പരിപാടിയ്ക്ക് നല്ല അഭിനന്ദനങ്ങൾ ആണ് ലഭിച്ചത്. പിന്നീട് ഞങ്ങൾ പിരിവ് എടുത്ത് പൊട്ടി പോയതിനു പകരം എണ്ണം മാത്രം നോക്കി പുതിയ രൂപങ്ങൾ വാങ്ങി ഞങ്ങൾ തന്നെ പ്രതിഷ്ഠിച്ചു. അപ്പോഴും അടുത്ത വർഷം കൂടുതൽ പുതുമയുള്ള പരിപാടികൾ നടത്താനുള്ള ചിന്തകളിലായിരുന്നു ഞങ്ങളുടെ കുഞ്ഞുമനസുകൾ.