Friday, December 27, 2024
Homeസ്പെഷ്യൽഈ രക്തത്തിൽ തീയുണ്ട് " (അനുഭവക്കുറിപ്പ്) ✍സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ

ഈ രക്തത്തിൽ തീയുണ്ട് ” (അനുഭവക്കുറിപ്പ്) ✍സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ

സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ -1

പൊലീസിനെ കൊണ്ട് ലോക്കപ്പിൽ ഇട്ട് തല്ലി, ചതച്ചത്, അനുഭവിച്ച വിദ്യാർത്ഥി ഇയ്യപ്പൻറെ അനുഭവം.

1962 മാർച്ച് 4……. എന്നെ സംബന്ധിച്ചിടത്തോളം, ആ രാത്രി ഒരു കാളരാത്രി ആയിരുന്നു. ആ നടുക്കുന്ന ഓർമ്മ പങ്കുവെക്കുന്നതിനു മുമ്പായി അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം വിവരിക്കട്ടെ.

ഫാദർ ജോസഫ് വടക്കൻ, ഓടി നടന്ന് കോൺഗ്രസ് നേതാക്കളേയും, പി എസ് പി നേതാക്കളെയും, മുസ്ലിം ലീഗ് നേതാക്കളെയും കണ്ട്, കൂട്ടിയിണക്കി രൂപീകരിച്ച കോൺഗ്രസ് പി എസ് പി മുസ്ലിം ലീഗ് മുന്നണിക്ക് കോൺഗ്രസിന്റെ കേന്ദ്ര നേതാക്കളുടെ അനുവാദം വാങ്ങിക്കുന്നതിനായി വടക്കനച്ചൻ ഡൽഹിയിലേക്ക് പോയി. അവിടെ ശ്രീമതി സുചേത കൃപാലിനിയുടെ സഹായത്താൽ കോൺഗ്രസ് പ്രസിഡൻറ് ശ്രീമതി ഇന്ദിരാഗാന്ധി, പന്ത്, ശാസ്ത്രി, ധേബാർ എന്നീ ദേശീയ നേതാക്കന്മാരെ കണ്ടു ഈ വിഷയം ചർച്ച ചെയ്തു.

ഡൽഹിയിൽ നിന്നുള്ള മടക്കയാത്രയിൽ വടക്കൻ അച്ചനോടൊപ്പം, കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായ പനമ്പിള്ളി ഗോവിന്ദമേനോനും, ആർ .ശങ്കറും ഉണ്ടായിരുന്നു. അവർ തമ്മിലുള്ള സംസാരത്തിന്റെ ശൈലി വടക്കനച്ചൻ വിശേഷിപ്പിച്ചത് . ഉരുളയ്ക്ക് , ഉപ്പേരി കൊടുക്കുന്ന വിധമെന്നാണ്.

1960 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഈ മൂന്നു കക്ഷികളും ചേർന്ന് ഒരു മുന്നണിയായി മത്സരിച്ചു. തിരഞ്ഞെടുപ്പ് ദിവസം തൃശൂരിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ നുകം വെച്ച കാളകളുടെ ചിത്രത്തോടൊപ്പം, കോൺഗ്രസിൻറെ മൂവർണ്ണവും, പി.എസ്. പിയുടെ താഴെയും മുകളിലും ചുവപ്പും നടുവിൽ വെള്ള നിറത്തിലും, മുസ്ലിം ലീഗിൻറെ പച്ച നിറത്തിലും ഉള്ള റിബനുകൾ ബാഡ്ജിൽ തുന്നി പിടിപ്പിച്ചിരുന്നു. ആ ബാഡ്ജ് ഷർട്ടിൽ കുത്തി വോട്ട് ചോദിച്ച് 13 വയസ്സുകാരനായ ഞാനും നടന്നിരുന്നു. ഇന്നും അത് എൻറെ ഓർമ്മയിലുണ്ട്….

ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ്. എന്നിവർ അടങ്ങിയ മുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നു. ആ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി പി .ടി. ചാക്കോ ആയിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ആദ്യത്തെ സംഘാടകൻ എന്ന സ്ഥാനം ഫാദർ ജോസഫ് വടക്കന് മാത്രം അവകാശപ്പെട്ടതാണ്.

പട്ടം താണുപിള്ളയുടെ സർക്കാർ ആദ്യം ചെയ്തത് കേരളത്തിലെ മലയോരങ്ങളിൽ കുടിയേറിയ കർഷകരെ കുടിയിറക്കുകയാണ്. അതൊരു ദയനീയ കാഴ്ചയായിരുന്നു.കുടിയിറക്കുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ചെയ്യാതെ കൊടുംകാടുകളിൽ പൊലീസ് വാഹനത്തിൽ കുത്തി നിറച്ച് വൃദ്ധരൈയും, അമ്മമാരേയും കുട്ടികളെയും, തുറന്നു വിടുന്ന കാഴ്ചയാണ് കണ്ടത്. തണുത്ത് വിറച്ച് ആഹാരം പോലും കഴിക്കാൻ ഇല്ലാതെ കരയുന്ന കുട്ടികളെ അവിടെ കണ്ടു. മലമ്പനി മുതലായ മാറാരോഗങ്ങൾ പിടിപെട്ട് മരിച്ചുവീഴുന്ന വരേയും അവിടെ നാം കണ്ടു. ഇതിനെതിരെ സഖാവ്. എ .കെ ഗോപാലൻ നിരാഹാരസമരം അനുഷ്ഠിച്ച് കൊടുംക്കാട്ടിൽകിടന്നിരുന്നു. വടക്കനച്ചൻ അവിടെ ചെന്ന് സഖാവ് എ കെ ഗോപാലന് നാരങ്ങാനീര് നൽകി സത്യാഗ്രഹം അവസാനിപ്പിച്ച ശേഷം, കുടിയിറക്കിനെതിരായുള്ള സമരം വടക്കനച്ചൻ ഏറ്റെടുത്തു. അതിനുശേഷം കേരളം കണ്ടതിൽ ഏറ്റവും ശക്തിയേറിയ സമരപരിപാടികൾ വടക്കനച്ചൻ രൂപീകരിച്ച മലനാട് കർഷക യൂണിയൻറെ ആഭിമുഖ്യത്തിൽ നടന്നു. സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊണ്ട് പന്തം കൊളുത്തി പ്രകടനങ്ങൾ, പൊതുയോഗങ്ങൾ, ജനക്കൂട്ടം ഒഴുകും വിധം വമ്പിച്ച ജാഥകൾ. അങ്ങിനെ കേരളം സമരം കൊണ്ട് ആളിക്കത്തി.

സമരത്തിൻറെ ഭാഗമായി കൊട്ടിയൂരിൽ നിന്ന് ബി. വെല്ലിങ്ടന്റെ നേതൃത്വത്തിൽ ഒരു കാൽനട ജാഥ തിരുവനന്തപുരത്ത് സമാപിക്കും വിധം പുറപ്പെട്ടു. ജാഥയ്ക്ക് വഴിനീളെ ഉജ്ജ്വലമായ സ്വീകരണങ്ങൾ ആണ് ലഭിച്ചത്. തൃശൂരിൽ ജാഥ വന്നപ്പോൾ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം പിന്തുണയുമായി തടിച്ചു കൂടി. വടക്കൻ അച്ചൻ സമരത്തിന് ആവേശം പകർന്നുകൊണ്ട് കേരളം മുഴുവൻ ഓടി നടന്ന്, പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. എന്നിട്ടും സർക്കാർ കുടിയറക്കിൽ നിന്ന് പിന്മാറിയില്ല. അവസാന സമരമാർഗമായി കൊട്ടിയൂരിൽ ബി . വെല്ലിങ്ടനും, തൃശ്ശൂരിൽ കെ ആർ ചുമ്മാരും നിരാഹാര സമരം നടത്തി. തൃശൂർ മർത്തോമ സ്കൂളിലേക്ക് പോകുന്ന ജംഗ്ഷനിൽ ഒരു വീടിൻറെ മുന്നിൽ പന്തൽ കെട്ടിയിട്ടാണ് ചുമ്മാരേട്ടൻ നിരാഹാര സമരം ചെയ്തിരുന്നത്. ഞാൻ ദിവസവും ഉച്ചതിരിഞ്ഞ് സമരപ്പന്തലിൽ പോയി ചുമാരേട്ടനെ കാണാറുണ്ട്. അദ്ദേഹത്തിൻറെ കൂടെ മറ്റ് രണ്ടുപേർ കൂടി നിരാഹാര സമരം ചെയ്തിരുന്നു. വെറും നാരങ്ങാവെള്ളം മാത്രം കുടിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചുമ്മാരേട്ടന് വല്ലാത്ത ക്ഷീണം ഉണ്ടായി. അറിയാതെ വയറ്റിൽ നിന്ന് വെള്ളം പോയി തുടങ്ങി. ജീവൻ അപകടത്തിൽ ആകുന്ന ഘട്ടം വന്നപ്പോൾ ആണ് നിരാഹാരസമരം അവസാനിപ്പിച്ചത്. നിരാഹാരം സമരം ചെയ്യുന്നവർക്ക് നാരങ്ങാവെള്ളം കലക്കി കൊടുത്തിരുന്നതും, അഴുക്കായ, മുണ്ടും മറ്റും കഴുകി ഇട്ടിരുന്നതും തൊഴിലാളി ദിനപത്രത്തിന്റെ സബ് എഡിറ്റർ ആയിരുന്ന തോമാസ് പാറന്നൂർ ആയിരുന്നു.
ദിവസങ്ങളോളം നിരാഹാരം കിടന്നിട്ടും സർക്കാരിൻറെ കണ്ണ് തുറക്കാതെ വന്നപ്പോൾ പിന്നീട് വേറൊരു മാർഗമാണ് വടക്കനച്ചൻ സ്വീകരിച്ചത്….

1962 മാർച്ച് 4 ന് കാലത്ത്….
തൃശൂർ ടൗൺ ഹാളിൽ കേരളത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും വന്ന ജനത്താൽ ടൗൺ ഹാൾ നിറഞ്ഞുകവിഞ്ഞു. അന്നു നടന്ന പൊതുയോഗത്തിൽ വെച്ച് പുതിയ രാഷ്ട്രീയ പാർട്ടി ജന്മമെടുത്തു. കർഷക-തൊഴിലാളി പാർട്ടി എന്ന പേരാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. മുകളിൽ ചുവപ്പും നടുവിൽ മഞ്ഞയും താഴെപച്ചയും . മഞ്ഞയുടെ നടുവിൽ ഒരു നക്ഷത്രവും അടങ്ങിയതാണ് പുതിയ പാർട്ടിയുടെ പതാക. പിന്നീട് ചുരുക്കപ്പേരാൽ കെ. ടി. പി. എന്നാണ് അറിയപ്പെട്ടിരുന്നത്.കർഷക -തൊഴിലാളി പാർട്ടി രൂപീകരിച്ചതായുള്ള പ്രഖ്യാപനം എഴുതിയ പുസ്തകത്തിൽ അന്ന് ആ യോഗത്തിൽ വന്നവരെല്ലാം ഒപ്പിടുന്ന ചടങ്ങ് സ്റ്റേജിൽ നടക്കുകയാണ്. ഒപ്പിടാൻ വന്നവരുടെ തള്ള വിരലിൽ ഡോക്ടർ വക്കൻസൺ ഒരു ചെറിയ സൂചി കൊണ്ട് ഒരു കുത്ത് കുത്തുമ്പോൾ പൊടിയുന്ന രക്തത്താൽ വേണം പുസ്തകത്തിൽ ഒപ്പിടാൻ.

ഞാൻ വരിനിന്ന് സ്റ്റേജിനടുത്ത് എത്തിയപ്പോഴാണ് ഈ കുത്തൽ പരിപാടി കണ്ടത്. കുറച്ച് പേടി തോന്നിയെങ്കിലും അന്നത്തെ ആവേശത്താൽ ഞാനും തള്ളവിരൽ നീട്ടി. ഡോക്ടർ എൻറെ മുഖത്ത് നോക്കി കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ല അതുകൊണ്ട് ഒപ്പ് ഇടാൻ കഴിയില്ല എന്ന് പറഞ്ഞു. സങ്കടം കൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങി ഞാൻ വീട്ടിലേക്ക് നടന്നു.

ടൗൺ ഹാളിനു പുറത്ത് കടന്നപ്പോൾ, അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുന്നതായി ആരോ പറഞ്ഞത് കേട്ടു. വീട്ടിൽ ചെന്ന് ഊണ് കഴിച്ച് കൂട്ടുകാരുമായി കളിച്ചു നടന്നപ്പോൾ കരിങ്കൊടിയുടെ കാര്യം മറന്നു പോയി. പെട്ടെന്ന് ഓർമ്മ വന്നപ്പോൾ വേഗം സൈക്കിൾ എടുത്ത് ആഞ്ഞ് ചവിട്ടി ടൗൺ ഹാളിന്റെ മുന്നിൽ എത്തി. അവിടെ അപ്പോൾ എസ് ഐ യും കുറച്ചു പൊലീസുകാരും നിൽപ്പുണ്ട്. കുറച്ചുമാറി എനിക്ക് പരിചയമുള്ള കുറെ ആളുകളും നിൽക്കുന്നുണ്ട്. ഞാൻ സൈക്കിൾ ടൗൺ ഹാളിന്റെ പറമ്പിൽ വെച്ച് പരിചയമുള്ള വരുടെ കൂട്ടത്തിൽപോയിനിന്നു. മുഖ്യമന്ത്രി കടന്നുപോയതായി അവരിൽ നിന്നും മനസ്സിലാക്കി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പൊലീസ് വാനിൽ ഞങ്ങളെ കയറ്റി തൃശൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കൊണ്ടു ചെന്ന് ഇറക്കി. അവിടെ അപ്പോൾ ഉണ്ടായിരുന്ന പൊലീസുകാരിൽ പലരും ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവരെ പരിചയമുള്ളവരായിരുന്നു. അവരുമായി സന്തോഷത്തോടെ സംസാരിച്ച് കുറച്ചുനേരം അങ്ങനെ പോയി.

ഞാൻ ടൗൺ ഹോളിന് മുന്നിലെത്തുന്നതിനുമുമ്പ് നടന്ന കാര്യങ്ങൾ ആധികാരികമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നു.
പ്രസിദ്ധ എഴുത്തുകാരനും, തൃശൂർ ഡെപ്യൂട്ടി കളക്ടറും ആയിരുന്ന ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ ഐ .എ. എസ്. എഴുതിയ സർവീസ് സ്റ്റോറിയിൽ നിന്ന് ചില ഭാഗങ്ങൾ ഈ ലേഖനത്തിൽ കുറിക്കുന്നു. സർവീസ് സ്റ്റോറിയിൽ പേജ് 70 ൽ എഴുതിയതിൽ ചിലത് കുറിക്കുന്നു…. ‘തൃശൂരിൽ ഞാൻ ജോലി നോക്കുന്ന കാലത്താണ് കേരളത്തെ ആകെ പിടിച്ചുലച്ച ഒരു സംഭവം ഉണ്ടായത്. മുഖ്യമന്ത്രി താണുപിള്ള സാറിന് കല്ലേറു കൊണ്ടു. സാറിനെതിരായി വടക്കൻ അച്ചൻ പ്രക്ഷോഭനം അഴിച്ചുവിട്ടിരുന്ന നാളുകൾ. അതിന്റെ രാഷ്ട്രീയ പശ്ചാത്തലം വർണ്ണിക്കാൻ ഞാൻ ഒരുമ്പെടുന്നില്ല. ഈ പ്രക്ഷോഭണത്തിന്റെ ഭാഗമായി അനേകം യോഗങ്ങൾ നടന്നു. കരിങ്കൊടി പിടിച്ചുകൊണ്ടുള്ള കൂറ്റൻ പ്രകടനങ്ങളും. ആ പുസ്തകത്തിൽ പേജ് നമ്പർ 70 ൽ മലനാട് കർഷക യൂണിയൻ രൂപീകരണം ( കർഷക തൊഴിലാളി പാർട്ടി രൂപീകരണം ആയിരുന്നു) അതിനായുള്ള കൺവെൻഷൻ തൃശൂർ ടൗൺ ഹാളിൽ നടന്ന ദിവസം ആ സംഭവം നടന്നു. ‘കല്ലേറ്’ അതു കല്ലേറു തന്നെ യായിരുന്നോ? എനിക്കിന്നും സംശയമുണ്ട്.’ 72-)o പേജിൽ നിന്ന്. ‘ഈ സമയത്ത് എല്ലാം, ടൗൺ ഹോളിൽ വടക്കൻ അച്ചൻറെ കൺവെൻഷൻ നടുക്കുകയായിരു ന്നെന്നോർക്കണം. രാമനിലയം മെയിൻ ഗേറ്റിൽ നിന്നും ഡൈനിങ് ഹാളിലേക്ക് പാഞ്ഞെത്തുന്ന മഫ്ടിയിലുള്ള ഒരു സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ. “സാർ കല്ലേറ്” അയാൾ കിതച്ചു കൊണ്ട് പറഞ്ഞു. കളക്ടറും എസ് പിയും ഞാനും ഗേറ്റിലേക്കോടി. വല്ലാത്ത ഒരു സീനാണ് ഞങ്ങൾ കണ്ടത്. പൈലറ്റ് കാറും മുഖ്യമന്ത്രിയുടെ കാറും ഗസ്റ്റ് ഹൗസിനടുത്ത് എത്തിയിരുന്നു. ഗെയ്റ്റിനു വെളിയിൽ ടൗൺ ഹാളിൽ നിന്നിറങ്ങിയ പ്രകടനക്കാർ കരിങ്കൊടി വീശുന്നു. കറുത്ത തുണി കഷ്ണങ്ങൾ അന്തരീക്ഷത്തിലേക്ക് ചുരുട്ടി എറിയുന്നു. ഗേറ്റിലൂടെ രാമനിലയം വളപ്പിലേക്ക് കയറാൻ ശ്രമിക്കുന്ന പ്രകടനക്കാരെ പൊലീസുകാരുടെ സുശക്തമായ നിര തടയുന്നു. ഞങ്ങളെ കണ്ടപ്പോൾ തന്റെ കാർ ഡോർ സ്വയം തുറന്ന് പുറത്തേക്ക് തല നീട്ടിയ മുഖ്യമന്ത്രി അലറി. ഇവിടെ പോലീസില്ലെ, മജിസ്ട്രേറ്റില്ലെ.’ 73b-)oപേജിൽ നിന്ന്. അന്നു നടന്നതു കല്ലേറാണൊ എന്ന സംശയം കുറെ ഖണ്ഡികൾക്കു മുമ്പ് ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കാറിൽ കല്ലുകൾ പതിച്ച ചുളുക്കുകൾ ഉണ്ടായതായി കണ്ടില്ല. സാർ രാജിനു സമ്മാനിച്ച കല്ലല്ലാതെ മറ്റൊരു കല്ലും സാറിൻറെ കാറിനുള്ളിൽ പതിച്ചിരുന്നില്ല. പ്രകടനക്കാർ കരിങ്കോടി വീശുക മാത്രമല്ല ചെയ്തിരുന്നത് അന്തരീക്ഷത്തിലേക്ക് കറുത്ത തുണി കഷ്ണങ്ങൾ ചുരുട്ടി എറിഞ്ഞു പിടിക്കുന്നു മുണ്ടായിരുന്നു. തുണി കഷ്ണങ്ങൾക്കുള്ളിൽ അവർ കല്ലു വെച്ചിരുന്നെന്നു തോന്നുന്നു വെയിറ്റ് എന്ന നിലയിൽ ഇങ്ങനെയൊരു കല്ല് വെച്ച കറുത്ത തുണി കഷ്ണം അബദ്ധവശാൽ കാറിനുള്ളിൽ കടന്നെന്നും സ്പീഡിലോടുന്ന കാർ ആക്സിലേഷൻ മൂലം എറിയപ്പെട്ടപോലെ അതു സാറിൻറെ നെഞ്ചിൽ കൊണ്ടെന്നും ആണ് എനിക്ക് തോന്നുന്നത്. അന്നും ഇന്നും അന്നത്തെ തൃശൂർ രാഷ്ട്രീയ അന്തരീക്ഷം കണക്കിലെടുത്താൽ ശരിക്കൊരു കല്ലേറു സംഘടിപ്പിക്കാൻ വേണമെങ്കിൽ മലനാട് കർഷക യൂണിയന് കഴിയുമായിരുന്നെന്നു പറയാൻ ഞാൻ ധൈര്യപെടുന്നു. കല്ലേറ് കെട്ടിച്ചമച്ച ഒരു കഥ മാത്രമായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് മലയാറ്റൂർ രാമകൃഷ്ണന്റെ ഐ എ എസ് സർവീസ് സ്റ്റോറിൽ നിന്നുള്ള ഭാഗങ്ങൾ ഇവിടെ ചേർത്തത്.
അന്ന് എനിക്ക് 14 വയസ്സാണ് പ്രായം. അന്ന് കാലത്ത് പള്ളിയിലേക്ക് പോയപ്പോഴാണ് ആദ്യമായി മുണ്ട് ഉടുത്തത്. പ്രായത്തേക്കാൾ വളർച്ച എനിക്ക് ഉണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഉയരം കുറഞ്ഞ കുറച്ച് യുവാക്കളും ഉണ്ടായിരുന്നു. അതുകൊണ്ട് വിദ്യാർത്ഥിയായ എനിക്ക് ഒരു പരിഗണനയും ലഭിച്ചില്ല. അന്തിക്കാട്ടിൽ നിന്നുള്ള ഒരു അശോകൻ ഒഴിച്ച് ബാക്കിയെല്ലാവരും ക്രിസ്ത്യാനികൾ ആയിരുന്നു. ഞങ്ങൾ 35 പേരുണ്ടായിരുന്നു. തൃശൂർ ലൂർദ് പള്ളിയുടെയും, പുത്തൻ പള്ളിയുടെയും പരിസരപ്രദേശത്തുള്ളവരും, കുണ്ടുകാട്, പൂമല എന്നീ മലപ്രദേശങ്ങളിലുള്ളവരുമായിരുന്നു. നേരം രാത്രിയായി കുറച്ച് പേടി വന്നു തുടങ്ങി. പരിചയമുള്ള പൊലീസുകാർ ഓരോരുത്തരായി ഡ്യൂട്ടി കഴിഞ്ഞ് യാത്ര പറഞ്ഞ് പോയി. ഒരു പൊലീസുകാരൻ ഞങ്ങളെ അദ്ദേഹത്തിൻറെ മേശക്കരിയിലേക്ക് വിളിച്ചു. ഒരു പുസ്തകത്തിൽ ഞങ്ങളുടെ പേരുകൾ എഴുതി തുടങ്ങി. പേര് കൊടുത്താൽ വേഗം പോകാമല്ലോ എന്ന് കരുതി ഞാൻ ഓടിപോയി പേര് കൊടുത്തു അങ്ങനെ ഞാൻ എട്ടാം പ്രതിയായി. എൻറെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണ ചെയിൻ വാങ്ങിച്ച് പൊതിഞ്ഞു വയ്ക്കുന്നതു കണ്ടു. എല്ലാവരുടെയും പേര് എഴുതിയെടുത്ത ശേഷം ഞങ്ങളെ രണ്ടു മുറികളിലാക്കി. അതാണ് പൊലീസ് സ്റ്റേഷനിലെ ലോകകപ്പ് മുറി. വെളിച്ചം തീരെ ഇല്ല. ബീഡിയുടെയും, മൂത്രത്തിന്റെയും കൂടി കലർന്ന ഒരു രൂക്ഷഗന്ധം. നിലത്താകെ തുപ്പിയിട്ടതും, ബീഡി കുറ്റികളുമായി വൃത്തിഹീനമായി കിടക്കുന്നു. മണം സഹിക്കാൻ പറ്റാതെ ഞാൻ ലോകകപ്പ് മുറിയുടെ വാതിലിൽ പിടിച്ച് നിന്നു. ബനിയനും , ടൗസറുംധരിച്ച ഒരു പോലീസുകാരൻ വടക്കനച്ചനെ,കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിച്ച് ഞങ്ങളുടെ ലോക്കപ്പ് മുറിയുടെ മുന്നിലേക്ക് വന്നു. ആരോ ഒഴിച്ച് കൊടുത്ത മദ്യത്തിൻറെ വീര്യത്തിലാണ് ആ തെറി പറച്ചിൽ എല്ലാം. തൃശൂർ ടൗൺ പോലീസ് സ്റ്റേഷനു മുന്നിലിണ് പഴയ മുൻസിപ്പൽ ബസ്റ്റാൻഡ്. പിന്നിലാണ് പഴയ ജയ്ഹിന്ദ് മാർക്കറ്റ് ഉണ്ടായിരുന്നത്. രണ്ടിടത്തും രാത്രിയിലും പകലും ജനങ്ങൾ ഉണ്ടാകും. കുറച്ചു കഴിഞ്ഞപ്പോൾ വരാന്തയിലും മറ്റുമായി അതുവരെ കാണാത്ത ചിലർ മുണ്ടും ബെന്നിയനും ധരിച്ച് നടുക്കുന്നതായി കണ്ടു.കുറച്ച് കഴിഞ്ഞപ്പോൾ അലറി വിളിച്ചു കൊണ്ടുള്ള ചോദ്യം ചെയ്യലിന്റെയും വാവിട്ട് ഉറക്കെ കരയുന്നതിന്റെയും ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. പിന്നീട് കണ്ടത് വരാന്തയിൽ ഇരുന്ന് കരയുന്ന ജോസേട്ടനെയാണ്. കണ്ണിൽ നിന്നും മൂക്കിൽ നിന്നും ധാരാളം വെള്ളം ഒഴുകുന്നുണ്ട്. ഏങ്ങലിടിച്ച് കരയുന്ന ജോസേട്ടന്റെ രണ്ടു കാലുകളും ശോക്ഷിച്ചതാണ്. ഞൊണ്ടി, ഞൊണ്ടി മാത്രമേ ജോസേട്ടന് നടക്കാൻ കഴിയു. പിന്നീട് ഏങ്ങലടിച്ച് കുരിയച്ചിറയിൽ നിന്നുള്ള ദേവസി അവിടെവന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പുത്തൻ പള്ളിക്കടുത്തുള്ള കുഞ്ഞുവറീത് ചേട്ടൻ കാലുകൾ നിലത്തു ചവിട്ടാൻ കഴിയാതെ വാ വിട്ടു കരഞ്ഞുകൊണ്ട് അവിടെ വന്നിരുന്നു.

ഞങ്ങളെ തല്ലി ചതക്കുന്ന വിവരം തൊഴിലാളി ദിനപത്രം ഓഫീസിൽ ഉണ്ടായിരുന്ന വടക്കനച്ചൻ അറിഞ്ഞു. വടക്കൻ അച്ചൻ പൊലീസ് സ്റ്റേഷനിലേക്ക് വരുമ്പോൾ കൂടെ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ വളരെയധികം ജനക്കൂട്ടം അവിടെ കാത്ത് നിന്നിരുന്നു. അപ്പോഴേക്കും തൃശൂർ മെത്രാൻ ജോർജ് ആലപ്പാട്ടിന്റെ അറിയിപ്പ് ഒരു ദൂതൻവഴി വടക്കനച്ചന് കൊണ്ട് കൊടുത്തു.

എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും വിലക്കി കൊണ്ടുള്ള മെത്രാന്റെ കൽപ്പനയായിരുന്നു അത്. അന്ന് വടക്കനച്ചൻ പൊലീസ് സ്റ്റേഷനിലേക്ക് വന്നിരുന്നെങ്കിൽ കാര്യങ്ങൾ പിടിവിട്ടു പോകുമായിരുന്നു .ഒരു വെടിവെപ്പ് പോലും ഉണ്ടാകുമായിരുന്നു. വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി മാഷ് കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല് മെത്രാന്മാരുടെ മാനേജ്മെന്റിന് ദോഷം വരുന്നു എന്നു കണ്ടപ്പോൾ വിമോചന സമരത്തിന്റെ നായകനായി ബ്രദർ ജോസഫ് വടക്കനെ തുറന്നുവിട്ടതും ഈ മെത്രാൻ സംഘമാണ്. അന്ന് ലോക്കപ്പിൽ ഉണ്ടായിരുന്ന എല്ലാവരും കോൺഗ്രസിൻറെ സജീവ പ്രവർത്തകരായിരുന്നു. വിമോചന സമരം പ്രഖ്യാപിച്ചു കൊണ്ടുള്ള പന്തം കൊളുത്തി പ്രകടനം നടത്താൻ ആവശ്യമായ പഴയ തുണി വീടുവിടാന്തരം കയറിയിറങ്ങി ശേഖരിച്ച് ഭാണ്ഡമാക്കി സമരസമിതി ഓഫീസിൽ കൊണ്ടു കൊടുത്തത് കേവലം 10 വയസ്സ് മാത്രമുള്ള ഞാനായിരുന്നു. ആ കാലത്ത് ടയർ കത്തിച്ചുള്ള പരിപാടി ഇല്ല.

അന്ന് രാത്രി നടന്ന പന്തം കൊളുത്തി കൂറ്റൻ പ്രകടനത്തിൽ ധാരാളം ആളുകൾ പങ്കെടുത്തിരുന്നു.
ആ കാലത്ത് തൃശ്ശൂരിലെ കോൺഗ്രസ് ഏതാനും മുതലാളിമാരുടെ കയ്യിലായിരുന്നു. അവരെ പിന്നീട് വടക്കൻ അച്ചൻ ഉണ്ട വയറന്മാരെന്നാണ് വിശേഷിപ്പിച്ചത്. മർദ്ദനം നടന്ന ദിവസം കാലത്ത് ആ മുതലാളിക്കൂട്ടം ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു കോൺഗ്രസിന്റെ പാർലിമെൻറ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന ആളുടെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കാൻ ആയിരുന്നു അവർ വന്നത്. അന്ന് അപ്പൻ നൂറിന്റെ നോട്ട് കൊടുക്കുന്നത്, കണ്ടത് ഇന്നും എൻറെ ഓർമ്മയിൽ ഉണ്ട്. ഇതു കൂടാതെ ഡി.സി.സി.യുടെ ഫോൺ വിച്ഛേദിക്കും എന്നു വരുമ്പോൾ ഈ കൂട്ടം പിരിവിനായി വരുമ്പോഴും അപ്പൻ വേണ്ട സഹായങ്ങൾ ചെയ്യാറുണ്ട്. അങ്ങനെ പരിചയമുള്ള മുതലാളിമാരിൽ നേതാവിനെ അപ്പൻ ഫോൺ വിളിച്ചു. മകൻ ഇയ്യപ്പനെ വിട്ടു കിട്ടാൻ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അപ്പൻറെ ആവശ്യം. ഒരു കാറ് കൊടുത്തയക്കാം എന്നും അതിൽ കയറി വരാനും അപ്പനോട് അദേഹം പറഞ്ഞു.
വളരെ പ്രതീക്ഷയോടെ അപ്പൻ കാറിൽ കയറി അവിടെ ചെല്ലുമ്പോൾ മുതലാളിക്കൂട്ടം വടക്കനച്ചന്റെ പ്രവർത്തകരെ ഇഞ്ച്, ഇഞ്ചായി അടിക്കുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനുള്ള കൂടലായിരുന്നു അവിടെ നടന്നിരുന്നത്. മദ്യക്കുപ്പികളും ഗ്ലാസ്സുകളും മേശനിറച്ചുണ്ട്. ഒരു നോയമ്പുകാലം ആയിരുന്നു അത്. പള്ളിയിലെ കൈക്കാരൻമാരുമുണ്ട് . കറുത്ത കർദിനാൾ എന്ന് വിശേഷിപ്പിക്കുന്ന ആളുടെ വീട്ടിലായിരുന്നു ഈ കൂടിച്ചേരൽ. അപ്പന് അറസ്റ്റ് വാറണ്ട് ഉണ്ടെന്നും അത് ഞങ്ങൾ മാറ്റിയെന്നുമാണ് അവർക്ക് പറയാനുണ്ടായിരുന്നത്. വടക്കനച്ചന്റെ ഒരു അനുഭാവി മാത്രമായിരുന്നു അപ്പൻ. അച്ഛന് സാമ്പത്തികമായി ആവശ്യം വരുമ്പോൾ അപ്പൻ സഹായിക്കാറുമുണ്ട്. ഏതായാലും പ്രത്യേകിച്ച് ഒന്നും നടന്നില്ല അപ്പൻ തിരിച്ച് വീട്ടിലേക്ക് പോന്നു.

ജോസേട്ടനെയും, കുഞ്ഞുവറീത് ചേട്ടനേയും , ഇനാശു ചേട്ടനെയും രണ്ടുമൂന്നു തവണ കൂടി മർദ്ദിച്ചു. ഏതോ കോൺഗ്രസ് മുതലാളിമാരെ ചീത്ത പറഞ്ഞ പക തീർക്കലായിരുന്നു അതെന്ന് പിന്നീട് അറിഞ്ഞു. ലോക്കപ്പ് മുറി തുറന്നു മൂന്നാളെ വീതം പുറത്തേക്ക് കടത്തി പൊലീസ് കൊണ്ടുപോയി വരാന്തയിൽ നിന്ന് മുറ്റത്തേയ്ക്ക് ഇടിച്ചും ,ചവടിയുമാണ് തള്ളി ഇട്ടത്. ആ മുറ്റത്ത് ബനിയനും മുണ്ടും ധരിച്ചുള്ള പൊലീസുകാർ പന്ത് തട്ടും പോലെ ഇടിച്ചിട്ടാണ് അടുത്തുള്ള പൊലീസുകാരന് കൈമാറിയത്. കുറച്ചുകഴിഞ്ഞപ്പോൾ എന്നെയും കൊണ്ടുപോയി ഒറ്റ ഇടിക്ക് ഞാൻ മുറ്റത്ത് ചെന്നു വീണു. ഞാൻ കുട്ടിയാണെ എന്ന് പറഞ്ഞിട്ടാണ് എന്റെ ഓട്ടം. അവസാനം നിന്ന പോലീസുകാരൻ നീയും വലുതാവുമെടാ എന്ന് പറഞ്ഞ് ആഞ്ഞൊരു ഇടി തന്നു. പോലീസ് സ്റ്റേഷന്റെ തളത്തിൽ ഞാൻ ചെല്ലുമ്പോൾ എസ് ഐ മാധവൻ സാറും കൊമ്പൻ മീശക്കാരായ, എവിടെനിന്നൊ ഇറക്കുമതി ചെയ്ത പൊലീസുകാർ വലിയ ലാത്തി പിടിച്ച് നിൽക്കുന്നുണ്ട്. എന്നോട് ചുമരിൽ ചാരി കാല് നീട്ടിവെക്കാൻ പറഞ്ഞു. അതിലൊരു പൊലീസുകാരൻ എൻറെ കാലുകളിൽ വീശി അടിച്ചു. രണ്ടോ, നാലോ പ്രാവശ്യം അങ്ങനെ അടിച്ച് കഴിഞ്ഞപ്പോൾ എന്നോട് ചാടാൻ പറഞ്ഞു. ഓരോ പ്രാവശ്യം അടിക്കുമ്പോഴും നമ്മുടെ കാല് തരിക്കുമ്പോൾ എവിടെയെങ്കിലും തട്ടുമ്പോൾ ഉള്ള അനുഭവമാണ് എനിക്കുണ്ടായത്.പിന്നീട് ലോക്കപ്പിൽ കൊണ്ടിട്ടു. കാല് നിലത്തു കുത്താൻ പറ്റാത്ത വിധം വേദന സഹിച്ച് ഞാൻ ലോക്കപ്പിന്റെ വാതിലിൽ പിടിച്ച് നിന്നു. വല്ലാത്ത ദാഹം ഒരു തുള്ളി വെള്ളം പോലും വായയിൽ ഇല്ല.

എന്റെ ആ നിൽപ്പ് പിറ്റേന്ന് നേരം വെളുത്തിട്ടും തുടർന്നു. അന്നു രാത്രിയിൽ ലോക്കപ്പ് മുറിയുടെ മുന്നിലെ വരാന്തയിലെ ഒരു ബൾബിന്റെ പ്രകാശത്തിൽ ഒരു പൊലീസുകാരൻ വന്ന് ലോക്കപ്പ് തുറന്ന് കൊണ്ടുപോയവർ ഇടിയും, അടിയും കിട്ടിയ വേദനയാൽ ശീ…..ശു…… എന്നു പറഞ്ഞു വന്ന് അകത്തു കയറുമ്പോൾ തനിക്കു കിട്ടാനുള്ളത് ചൂടോടെ മേടിക്കാൻ പൊലീസുകാരൻ പറയാതെ തന്നെ പുറത്തേക്ക് പോകുന്ന കാഴ്ചയാണ് അവടെ കാണാൻ കഴിഞ്ഞത്. പോലീസുകാരൻ പേരു വിളിച്ചിട്ടോ ,മറ്റോ അല്ല എന്ന് ചുരുക്കം. വരാന്തയിൽ ഉണ്ടായിരുന്ന ചെറിയ ഒരു പ്രകാശമൊഴിച്ച് മുറ്റത്ത് കൂരിരുട്ട് ആയിരുന്നു. ഇടിയും, ചവിട്ടും കിട്ടി വേദനയാൽ കരഞ്ഞു വരുന്നവരുടെ ശബ്ദം ശ്രദ്ധിച്ചിട്ടും, നിലാവെളിച്ചത്തിൻറ പ്രകാശത്തിലും ഓരോരുത്തരെ അരികെ കിട്ടുമ്പോൾ മുണ്ടും, ബനിയനും,തലപ്പാവും ധരിച്ച പോലുസുകാർ പിടിച്ച് നിർത്തി , ഇടിച്ചിരുന്നത്. പിന്നെ കാലിൽ അടിക്കുന്നതിന് പ്രത്യേക എണ്ണം ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് ലോക്കപ്പ് മുറികളിൽ നിന്നുമായി കുറേ പേരെ കൊണ്ടുപോയപ്പോൾ ലോക്കപ്പ് മുറി അടച്ചു. അവിടെ ഒരു മിടുക്കൻ അഞ്ഞൂർ പാപ്പച്ചൻ അടിയും ഇടിയും കിട്ടാതെ ഉണ്ടായിരുന്നു. ആദ്യം കുറച്ചു പേരെ കൊണ്ടുപോയി തിരിച്ചു വന്നവർ ശീ……..ശു എന്നു പറഞ്ഞു കരഞ്ഞപ്പോൾ അടി മേടിക്കാത്ത പാപ്പച്ചൻ ചേട്ടൻ ശി…..ശു എന്നുപറഞ്ഞ് ലോകകപ്പ് മുറിയുടെ വാതിൽ അടയ്ക്കുന്നത് വരെ പിന്നിൽ ചുമരു ചാരിയിരുന്നു .

ലോക്കപ്പിന്റെ ചൂട്ട് അഴിയിൽ നിന്ന് കുറുച്ച് വെളിച്ചം വന്നപ്പോഴാണ് ലോക്കപ്പിന്റെ അകത്തെ കാഴ്ച ശരിക്കും കാണുന്നത്. മൂത്രം ബിഡി കുറ്റി എന്നിവയുടെ മുകളിലാണ് ഞങ്ങളിൽ പലരും കിടന്നതും ഇരുന്നതും. വെള്ളം ചോദിക്കാനും ,ഒന്നു മൂത്രമൊഴിക്കാൻ പുറത്തു പോകാനും ചോദിക്കാൻ ഭയമായിരുന്നു.

ഇഎംഎസിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ക്കെതിരെ നടത്തിയ വിമോചന സമരത്തിൽ ബസ്സിന് കല്ലെറിയുക തുടങ്ങിയ അക്രമണ സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇ എം എസിന്റെ പൊലീസ് ലാത്തി വീശിയത്. അന്ന് അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്ന വിദ്യാർത്ഥികൾക്ക് ഉച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്ന ഒരു മര്യാദ പോലീസ് ചെയ്തിരുന്നു. ഇതുപോലെ രാഷ്ട്രീയ പ്രവർത്തകരെ ലോക്കപ്പിൽ കൊണ്ട് പോയി മർദ്ദിക്കുന്ന ഒരു സംഭവം പോലും ഉണ്ടായതായി കേട്ടിട്ടില്ല. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അടങ്ങുന്ന മുന്നണി ഭരിച്ചപ്പോഴൊക്കെ അപ്രകാരം മാത്രമേ ഉണ്ടായിട്ടുള്ളൂ. കോൺഗ്രസ് അടങ്ങുന്ന മന്ത്രിസഭ ഭരിച്ചപ്പോഴൊക്കെ ലോക്കപ്പ് മദ്ദനങ്ങൾ ഉണ്ടായിട്ടുള്ളതായും കാണാം.

അന്ന് കാലത്ത് എന്റെ ചേട്ടൻ സി. ഐ. പോൾ ഒരു ടാക്സി കാറിൽ രണ്ട് കോളാമ്പി സ്പീക്കറുകൾ കെട്ടി മൈക്കിൽ കൂടി വിളിച്ചു പറഞ്ഞു . വിദ്യാർത്ഥി ഇയ്യപ്പനെ പി. ടി. ചാക്കോയുടെ പൊലീസ് തല്ലി ചതച്ചതിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ളതായിരുന്നു അത്. ഞാൻ പഠിച്ചിരുന്ന തൃശൂർ സെൻറ് തോമസ് കോളേജ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പഠിപ്പുമുടുക്കി ജാഥയായി തൃശൂർ ടൗൺ ചുറ്റി. ചേട്ടന്റെ കാർ മർത്തോമ സ്കൂൾ കഴിഞ്ഞ് പുത്തൻപള്ളിയുടെ മുമ്പിലേക്ക് വരുമ്പോൾ പിന്നിൽ ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു വരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു. ആ കാര്യം ചേട്ടനോട് പറഞ്ഞപ്പോൾ പുത്തൻപള്ളിയുടെ മുന്നിൽ എത്തുമ്പോൾ വണ്ടി ഒന്ന് നിർത്താനും അതിനുശേഷം ഹൈ റോഡിലേക്ക് ഓടിച്ചു കൊണ്ടുപോകാനും ചേട്ടൻ ഡ്രൈവറോട് പറഞ്ഞു. കാർ പള്ളിയുടെ മുന്നിലെത്തിയതും ചേട്ടൻ കാറിൽ നിന്നും പുറത്തേക്ക് ചാടി ഇറങ്ങി ചെന്ന് കൊച്ചച്ചന്റെ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചു. അച്ചൻ വാതിൽ തുറന്നപ്പോൾ പിന്നിൽ പോലീസ് വരുന്നുണ്ട് എന്ന് അച്ചനോട് പറഞ്ഞു. അകത്തെ മുറിയിൽ പോയി കാട്ടിലിനടിയിൽ ഒളിക്കാൻ ചേട്ടനോട് പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ പോലീസ് ജീപ്പ് പള്ളിമുറ്റത്തേയ്ക്ക് ചീറിപ്പാഞ്ഞു വന്നു. കുറച്ചു പൊലീസുകാർ അച്ചൻറെ വാതിലിൽ മുട്ടി വിളിച്ചു. ഇവിടേക്ക് ഒരു ആൾ ഓടി വന്നോ എന്നാണ് ചോദ്യം. വല്ല കള്ളന്മാർക്കും പിടിച്ചുപറിക്കാർക്കും കയറാൻ ഉള്ളതാണോ പള്ളിമേട എന്ന് പറഞ്ഞ് അച്ചൻ അവരെ വിരട്ടി. കപ്പിയാർ അന്തോണിച്ചേട്ടനോട് കൂട്ടമണി അടിക്കാനും അച്ചൻ പറഞ്ഞു. ഇത് കേൾക്കേണ്ട താമസം പോലീസ് ജീപ്പ് എടുത്ത് അവർ പോയി. കാറിൽ പറഞ്ഞിരുന്നത് ചേട്ടനായിരുന്നു എന്ന് ഡ്രൈവർക്ക് പോലും അറിയിലായിരുന്നു.

നേരം വെളുത്തപ്പോൾ കഴിഞ്ഞ രാത്രി കണ്ട കൊമ്പൻ മീശകാരായവരെ ആരെയും അവിടെ കണ്ടില്ല രാത്രിക്ക് രാത്രി അവരെയെല്ലാം അവിടെ നിന്ന് മാറ്റിയിരുന്നു. വൈകുന്നേരം നാലുമണിയായപ്പോൾ ഞങ്ങളെ ഒരു വാനിൽ കയറ്റി കോടതിയിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ അപ്പൻ ഞങ്ങൾക്ക് കുടിക്കാൻ ചായ കൊണ്ടുവന്നിരുന്നു കഴിക്കാൻ പരിപ്പുവടയും ദാഹം കൊണ്ടും, വിശപ്പുകൊണ്ടും ആർത്തിയോടെ ഞങ്ങൾ അത് കഴിച്ചു. കോടതി ഞങ്ങളെ റിമാൻഡ് ചെയ്തു. കോടതിയിൽ നിന്ന് ഞങ്ങളെ വിയ്യൂർ സബ് ജയിലിലേക്ക് കൊണ്ടുപോയി. അവിടെ രണ്ട് മുറികളിലായിട്ടായിരുന്നു ഞങ്ങളുടേ ഇരുപ്പും കിടപ്പും.മുറ്റത്ത് വലിയ സിമൻറ് തൊട്ടിയിൽ വെള്ളം നിറച്ചിട്ടുണ്ട്. വാർഡൻ വന്ന് ഞങ്ങളോട് തൊട്ടിക്കരികിൽ പോയി കുളിക്കാൻ പറഞ്ഞു. നാണവും മാനവും നോക്കാതെ പോയി വെള്ളം ധാരാളം കോരി ഒഴിച്ചപ്പോൾ എല്ലാ ക്ഷീണവും അതോടെ പോയി. കഞ്ഞിയാണോ ചപ്പാത്തി ആണോ എന്ന് ഓർമ്മയില്ല എങ്കിലും അത് കഴിക്കാൻ ഞങ്ങളെ വരാന്തയിൽ ഇരുത്തി. അതിനൊക്കെ എന്തൊരു സ്വാദ് ആയിരുന്നു. എല്ലാവരും വേഗം കിടന്നുറങ്ങി. നേരം വെളുത്ത് ജയിലിലെ ചട്ടങ്ങൾ അനുസരിച്ചുള്ള കാര്യങ്ങൾ നടന്നു. മുറിയിൽ ഇരുന്ന് പാട്ടുപാടാനും സംസാരിക്കാനും ഞങ്ങൾക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പിന്നീട് ഓരോ ദിവസങ്ങളിലായി ആദ്യം കുണ്ടുകാടിൽ നിന്നുള്ള ഡോക്ടർ ഫിലിപ്പ് പൗലോസിനെ അറസ്റ്റ് ചെയ്തു വേണ്ടത്ര മർദ്ദനങ്ങൾ നടത്തി .ജയിലിൽ കൊണ്ടുവന്നിട്ടു . പിന്നീട് വരന്തരപുള്ളിയിൽ നിന്നുള്ള തോട്ടിയാൽ അന്തോണിച്ചേട്ടനെ കൊണ്ടുവന്നിട്ടു. അദ്ദേഹത്തിൻറെ ഒരു കാലിന് സ്വാധീനമുണ്ടായിരുന്നില്ല ഇതെല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പക വീട്ടലായിരുന്നു. പിന്നീട് അരിമ്പൂരിൽ നിന്നുള്ള ടി. ജെ ജോണിനെ കൊണ്ടുവന്നു. പൊക്കവും, അതിനൊത്ത നല്ല വണ്ണമുള്ള ജോണി ചേട്ടൻ ഒരു റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടറുടെ മകനായിരുന്നു. അവിടുത്തെ ഒരു വലിയ നേതാവിന്റെ പ്രേരണ ജോണി ചേട്ടൻറെ അറസ്റ്റിനു പിന്നിൽ ഉണ്ടായിരുന്നു. ജോണി ചേട്ടനെ ഇരുത്തി ചുമലിൽ കേറിയിരുന്നാണത്രെ മർദ്ദിച്ചത്. ഡോക്ടർ വക്കൻസൺ അടക്കം കുറച്ചുപേർക്ക് കൂടി അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു. അവരെല്ലാം ഒളിവിലും പോയിരുന്നു.

ഒളിവിൽ പോയ ഡോക്ടർ വക്കൻസൺ താമസിക്കുന്ന ദന്താശുപത്രിയിൽ പൊലീസ് കൂട്ടം പോയി ,ഭാര്യയേയും, മക്കളേയും, ഭീഷണിപ്പെടുത്തി, ഭീകര അന്തരീക്ഷം സൃഷ്ടിച്ച വാർത്ത കാട്ടുതീ പോലെ പടർന്നു. വടക്കനച്ചന്റ അനുയായികളും, അനുഭാവികളും, പേടിച്ചു വിറച്ച കാലമായിരുന്നു അത്. പലരും ബന്ദു വീടുകളിൽ അഭയം തേടി. തൃശ്ശൂരിലെ കോൺഗ്രസ് മുതലാളിമാർ പ്രതിയോഗികളെ നേരിടാനുള്ള ഒരു ആയുധമായി ഇതെടുത്തു. ആഭ്യന്തരമന്ത്രി പി. ടി .ചാക്കോയുടെ പോലീസിന്റെ തേർ വാഴ്ചയാണ് അന്നു കണ്ട്ത്.
കോൺഗ്രസുകാരെ കോൺഗ്രസുകാർ തന്നെ പൊലീസിനെ കൊണ്ട് തല്ലി ചതപ്പിച്ച ആദൃത്തേതും, അവസാനത്തേതുമായ സംഭവം ആയിരുന്നു ഇത്.
ആഭ്യന്തര മന്ത്രി പി.ടി. ചാക്കോ തൃശൂർ വഴി പോകുമ്പോളെല്ലാം തൊഴിലാളി ദിന പത്ര ഓഫീസിൽ കയറി വടക്കനച്ചന്റെ കൂടെ ചായ കുടിച്ചിടട്ടേ പോകാറുള്ളു. സമരം തുടങ്ങിയതോടെ ചാക്കോ,അച്ചന്റെ ശത്രു ആയി.

കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്ന അവസരം, ഒരു ദിവസം അറസ്റ്റ് വാറണ്ടുള്ള ഡോക്ടർ വക്കൻസൺ മദ്രാസിൽ നിന്ന് തൃശൂരിലേയ്ക്ക് തീവണ്ടിമാർഗം വന്ന്, ഒരു കാറിൽ കോടതി യിലേക്ക് വന്നു. ദിവസങ്ങളോളം ഷെയവ് ചെയ്യാതിരുന്നത് കൊണ്ടുള്ള താടി മീശയും, സാധാരണ ധരിക്കാറുള്ള വെള്ള പാന്റും, മുറിക്കയ്യൻ ഷർട്ടും ധരിക്കുന്നതിന് പകരം കളർ ഷർട്ടും വെള്ള മുണ്ടും ധരിച്ചിട്ടാണ് ഡോക്ടർ കോടതിയിലേക്ക് വന്നത്. കൂടെ കെ ആർ. ചുമ്മാരും വേറെ കുറിച്ച് ആളുകളുമുണ്ടായിരുന്നു ഡോക്ടർ വേഗത്തിൽ കോടതിയിലേക്ക് കയറി നിന്നു. അന്ന് ഡോക്ടർക്ക് ജാമ്യം ലഭിച്ചു. പുറത്ത് മഫ്ടിയിലും, മറ്റുമായി ധാരാളം പൊലീസുകാർ ഡോക്ടർ വരുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ പുറത്ത് കാത്ത് നിന്നിരുന്നു. ജാമ്യം കിട്ടിയ ഡോക്ടർ ആ പൊലീസുകാരെ നോക്കി വായിൽ കയ്യിട്ട് എന്തോ ആഗൃം കാണിച്ചതായി ഡോക്ടർ എന്നോട് പിന്നീട് കണ്ടപ്പോൾ പറഞ്ഞു.

അങ്ങനെ 14 ദിവസം ജയിൽവാസം അനുഷ്ഠിച്ച ഞാൻ പരീക്ഷ എഴുതാൻ കോടതി തന്ന ജാമ്യ പ്രകാരം ജയിൽ മോചിതനായി .അപ്പൻ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി…ഞാൻ വീട്ടിൽ വരുമ്പോൾ എന്നെ പ്രതീക്ഷിച്ച് നാട്ടുകാരും പാർട്ടിക്കാരുമായി ധാരാളം ആളുകൾ വീട്ടിൽ തടിച്ചുകൂടിയിരുന്നു. ഞാൻ വീട്ടിലേക്ക് കടന്നതും എന്റെ അമ്മ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് എന്റെ ദേഹം മുഴുവൻ പരിശോധിക്കുന്ന ആ രംഗം ഇന്നും എനിക്ക് മറക്കാൻ കഴിയില്ല. വന്നവർക്ക് പൊലീസിൻെറ മർദ്ദനത്തെ കുറിച്ചാണ് അറിയേണ്ടത്.

പിറ്റേദിവസം ഞാൻ സ്കൂളിലേക്ക് പോയി അവിടെ ചെന്നപ്പോൾ വിദ്യാർഥികൾ എന്റെ ചുറ്റും കൂടി എന്റെ ഒരു സഹപാഠി ലൂയിസ് വന്ന് എന്നെ ഹാരമണിയിച്ചു.
അന്ന് ഉച്ചതിരിഞ്ഞ് അപ്പനും ഞാനും തൊഴിലാളി ദിനപ്പത്രം ഓഫീസിലേയ്ക്ക് പോയി വടക്കനച്ചനെ കണ്ടു .വടക്കനച്ചൻ എന്നോട് അച്ചൻറെ കവിളിൽ ഉമ്മവെയ്ക്കാൻ പറഞ്ഞു. പിന്നീട് അവിടെ നടന്നത് വികാരനിർഭരമായ രംഗങ്ങൾ ആയിരുന്നു.

ജാമ്യ വ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനിൽ ഞാൻ പോയി ഒപ്പിടണം. അങ്ങനെ അപ്പൻറെ കൂടെ പോലീസ് സ്റ്റേഷനിലേക്ക് ഒപ്പിടാൻ പോകുമ്പോൾ റോഡിന് ഇരുവശമുള്ള പീടിക കളിൽ ഉള്ളവർ കൈവീശി എന്നെ അഭിവാദ്യം ചെയ്തിരുന്നു. അത് എനിക്ക് കൂടുതൽ ആവേശം പകർന്നു.
പുത്തൻപള്ളിയിലെ വികാരിയച്ചനും, കൊച്ചച്ചനും ഒരുമിച്ച് മാറ്റമായി. വികാരിയച്ചൻ വടക്കനച്ചന്റെ സെമിനാരിയിലെ സഹപാഠി ആയിരുന്നു. കൊച്ചച്ചൻ ഒരു അനുഭാവിയും. അച്ഛന്മാരെ യാത്രയാക്കാൻ ഇടവകയിലെ ജനങ്ങൾ തടിച്ചുകൂടി. അച്ചൻമാരെ മാറ്റം കിട്ടിയ പള്ളിയിലേക്ക് കൊണ്ടുവിടുന്നതിന് കാറുകൾ നിരനിരയായി ഇട്ടു. മുന്നിലെ അച്ചൻമാർ കയറിയ ഹെറാൾഡ് കാറിന്റെ മുൻ സീറ്റിൽ എന്നെ പിടിച്ചിരുത്തി. എവിടേയും എനിക്ക് പ്രത്യേക പരിഗണന ലഭിച്ചു.

ഒരു മാസം കഴിഞ്ഞപ്പോൾ ജയിലിലുള്ള മറ്റ് പ്രവർത്തകരും ജയിൽ മോചിതരായി പുറത്തുവന്നു. അവർക്ക് വമ്പിച്ച ഒരു സ്വീകരണമാണ് ലഭിച്ചത്. കേസും കോടതിയുമായി കുറച്ചു കാലം നടന്നു. മുഖ്യമന്ത്രി പട്ടംതാനുപിള്ളയെ പഞ്ചാബ് ഗവർണറായി നിയമിച്ചു. അതോടെ കേസ് അവസാനിച്ചു.

ആ ഇടയ്ക്ക് നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ പാർലിമെന്റിലേക്ക് തൃശൂരിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ടി .പി സീതാരാമൻ ദയനീയമായി പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഉരുക്കു കോട്ട ആയിരുന്ന തൃശൂർ കോൺഗ്രസിന് നഷ്ടപ്പെട്ടു. നിരപരാധികളെ പൊലീസിനെ ഉപയോഗിച്ച് ലോക്കപ്പിൽ ഇട്ട് മർദ്ദിച്ചതിന് തൃശ്ശൂർക്കാർ കൊടുത്ത മറുപടിയായിരുന്നു അത.
നാട്ടിൽ ലഭിക്കുന്ന പരിഗണന എന്റെ രാഷ്ട്രീയക്കാരനെ കൂടുതൽ ഊർജസ്വല നാക്കുന്നത് അപ്പനെ ഭയപ്പെടുത്തി.

എന്നെ ഒരു രാഷ്ട്രീയ കാരനാക്കാൻ അപ്പൻ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഇരിഞ്ഞാലക്കുടയിൽ പുതിയതായി തുടങ്ങുന്ന ഡോൺബോസ്കോ ഹൈസ്കൂളിൽ എന്നെ കൊണ്ട് ചെന്ന് ചേർത്തി. ഹോസ്റ്റൽ സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് അച്ചൻമാരുടെ കൂടെയാണ് ഞാൻ താമസിച്ചത് എട്ടാം ക്ലാസ് ആണ് ആദ്യം തുടങ്ങിയത്.

എന്നെ ഡോൺ ബോസ്കോയിൽ ചേർത്തെങ്കിലും. എന്നിലെ രാഷ്ട്രീയ ആവേശം അതേപോലെ ഉള്ളിൽ തറച്ചിരുന്നിരുന്നു. ആ നാട്ടുകാരനായ ഒരു വിദ്യാർത്ഥിയെ ചട്ടം കെട്ടി തലേദിവസത്തെ തൊഴിലാളി ദിനപത്രം സ്കൂളിൽ കൊണ്ടുവന്ന് ഒളിച്ച് വായിച്ച് അതിലെ പാർട്ടി വിശേഷങ്ങൾ ഞാൻ അറിഞ്ഞിരുന്നു. പിന്നീട് സ്കൂളിലെ സ്പോർട്സും, പന്ത് കളിയും ,നാടകങ്ങളും ആയി നടന്നപ്പോൾ എന്നിലെ രാഷ്ട്രീയക്കാരന്റെ ആവേശം താനേ ഇല്ലാതെയായി.

സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments