വയനാട്: വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു.മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണ് (67 ) മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എളമ്പളേരി എസ്റ്റേറ്റ് തൊഴിലാളിയായ അറുമുഖൻ ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ ആറുമുഖന്‍ മരിച്ചു. പൂളക്കുന്ന് ഉന്നതിയിലാണ് അറുമുഖൻ താമസിക്കുന്നത്. തേയില തോട്ടത്തോട്ട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് കാട്ടാന ആക്രമണം നടന്നത്.
അറുമുഖനെ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി നേതാക്കളും നാട്ടുകാരും രാത്രിവൈകിയും പ്രതിഷേധിച്ചു. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ സമ്മതിച്ചില്ല. 10-മണിയോടെ വനപാലകരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും ഇതിനെതിരേ വനപാലകർ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. അറുമുഖത്തെ കൊന്ന കാട്ടാന നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തിട്ടുണ്ടെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
ധനസഹായം എന്നതിനപ്പുറത്തേക്ക് കൃത്യമായ പരിഹാരം വിഷയത്തില്‍ ഉണ്ടാകണമെന്ന് ഡിഎഫ്ഒയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടാന ആക്രമണം നിരന്തരം വര്‍ധിച്ചുവരികയാണെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാര്‍ പറയുന്നു.