Logo Below Image
Wednesday, May 14, 2025
Logo Below Image
Homeകേരളംപെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അം​ഗം ജസീർ ബാബു മമ്മൂട്ടിക്കയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെ മലപ്പുറം...

പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അം​ഗം ജസീർ ബാബു മമ്മൂട്ടിക്കയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെ മലപ്പുറം തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമയെന്ന കുട്ടിയ്ക്ക് ജീവിതം തിരികെക്കിട്ടി

ഫെബ്രുവരി 27ന് മമ്മൂട്ടിയ്ക്ക് പതിവുപോലെ ജസീർബാബു ഒരു വാട്സാപ്പ് സന്ദേശമയച്ചു. പക്ഷേ സിനിമയായിരുന്നില്ല അതിലെ വിഷയം. പതിവ് നിശബ്ദത മാത്രമേ ജസീർ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ ഒരു മണിക്കൂറിനുള്ളിൽ ഒരു ഫോൺവിളിയെത്തി. അതിന്റെ ക്ലൈമാക്സിൽ സ്നേഹപൂർവം മമ്മൂട്ടിയെന്നെഴുതിയ കടലാസും പൂക്കളും മുറുകെപ്പിടിച്ച് ഒരു മൂന്നരവയസ്സുകാരി വിടർന്നുചിരിക്കുന്നു. അവൾക്ക് ഇനി പുതുഹൃദയം. അത് ഇടറാതെ മിടിക്കും.

പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ് അസോസിയേഷൻഅം​ഗം ജസീർ ബാബു മമ്മൂട്ടിക്കയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെ ജീവിതം തിരികെക്കിട്ടിയത് മലപ്പുറം തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമയ്ക്കാണ്. ജന്മനാ ഹൃദോ​ഗ ബാധിതയായ ഈ കുഞ്ഞിന്റെ ശസ്ത്രക്രിയ മമ്മൂട്ടിയുടെ നിർദേശപ്രകാരം ആലുവ രാജ​ഗിരി ആശുപത്രിയിൽ പൂർണമായും സൗജന്യമായാണ് നടത്തിയത്.

റിലീസ് ദിവസം തന്നെ മമ്മൂട്ടിയുടെ സിനിമകൾ കണ്ട് അദ്ദേഹത്തെ അഭിപ്രായം അറിയിക്കുന്നയാളാണ് ജസീർ. മറുപടി പ്രതീക്ഷിച്ചല്ലെങ്കിലും പത്തുവർഷമായി ഇത് തുടരുന്നു. പക്ഷേ ഫെബ്രുവരി 27ന് അയച്ച സന്ദേശത്തിൽ നിറഞ്ഞത് ഒരു കുടുംബത്തിന്റെ ഹൃദയവേദനയാണ്.

ജസീറിന്റെ സന്ദേശം കിട്ടി ഒരു മണിക്കൂറിനുള്ളിൽ തന്നെ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ഭാരവാഹികൾ ജസീറിനെ നേരിട്ട് വിളിച്ചു. തുടർന്നാണ് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യശസ്ത്രക്രിയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്.

ഏപ്രിൽ 7 ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ മമ്മൂട്ടി കൊടുത്തയച്ച സമ്മാനവുമായി കഴിഞ്ഞദിവസം നിദയും, കുടുംബവും നാട്ടിലേക്ക് മടങ്ങി.

ജനിച്ച് മൂന്നര വയസ്സ് ആകുന്നതിനിടയിൽ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെ നിദ ഫാത്തിമ കടന്ന് പോയി. സാധാരണ ഹൃദയത്തിന് താഴെ രണ്ട് അറകൾ ഉണ്ടാകും. നിദയ്ക്ക് ജന്മനാ ഹൃദയത്തിൽ ഒരു അറ മാത്രമേ ( ഇടത് വെൻട്രിക്കിൾ) ഉണ്ടായിരുന്നുളളു. ജനിച്ച് മൂന്ന് മാസത്തിൽ തന്നെ ആദ്യ സർജറി നടത്തി. തുടർന്ന് നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ സർജറി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

ഡ്രൈവർ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുളള തുക കണ്ടെത്തുക അസാധ്യമായിരുന്നു. മാസങ്ങൾക്ക് മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് ഇത് ഇരട്ടി ആഘാതവുമായി. സുഹൃത്തും, ടൈലറുമായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീർ അറിഞ്ഞതോടെ ആ കുടുംബത്തിന് മുന്നിൽ മമ്മൂട്ടി കാരുണ്യദൂതനായെത്തി.

രാജി​ഗിരിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ കെ പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കടേശ്വരൻ, പീഡിയാട്രിക് ഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവർ ചികിത്സയിൽ പങ്കാളികളായി.

രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിനെ തുടർന്ന് ശരീരം നീല നിറമാകുന്ന നിദയുടെ രോഗാവസ്ഥ പൂർണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരൻ പറഞ്ഞു. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞത് നിദയുടെ ഭാവിയ്ക്ക് ഗൂണകരമാണെന്ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീൽ എം പറഞ്ഞു.

ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കെയർ ആന്റ് ഷെയറിന്റെ വാത്സല്യം പദ്ധതിയിലൂടെ പൂർണമായും സൗജന്യമായി ചെയ്ത് നൽകിയത്. സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയ സൌജന്യമായി നടത്തുന്നതിനാണ് കെയർ ആൻഡ് ഷെയർ ‘വാത്സല്യം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ചെയർമാൻ കെ മുരളീധരൻ (മുരളിയ ) പറഞ്ഞു.

പഴയ കളിയും, ചിരിയും വീണ്ടെടുത്ത് മടങ്ങാൻ ഒരുങ്ങവെ നിദയെ തേടി ഒരു അപ്രതീക്ഷിത സമ്മാനം എത്തി. സാക്ഷാൽ മമ്മൂക്ക കൊടുത്തയച്ച ബൊക്കയും, ആശംസ കാർഡും ആയിരുന്നു അതിൽ. കെയർ ആൻഡ് ഷെയർ ഭാരവാഹികളും, ജസീർ ബാബുവും ചേർന്ന് അത് കൈമാറി. മകളുമായി മടങ്ങുമ്പോൾ മമ്മൂക്കയുടെ ആരാധകൻ കൂടിയായ അലിക്ക് ഒരാഗ്രഹം മാത്രം. മമ്മൂക്കയെ കാണണം, കൂടെയൊരു ഫോട്ടോയും എടുക്കണം !!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ