ഇടുക്കി: പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നാണ് ആസാം നവോഗോൺ സ്വദേശി ജഹാറുൽ ഇസ്ലാമിനെ പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക സംഘം കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കുമളി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് പ്രതി മോഷണം നടത്തിയത്. ഹോട്ടലിൻ്റെ അടുക്കള ഭാഗത്തെ ജനൽ ചില്ല് തകർത്ത് അകത്തുകടന്ന പ്രതി മുകൾ നിലയിലെ അലമാരയിൽ നിന്നും അൻപതിനായിരം രൂപയും, താഴത്തെ നിലയിലെ മേശവലിപ്പിൽ നിന്നും 4000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് കണ്ടംതറയിലെ ഭായി കോളനിയിൽ നിന്നും പിടികൂടിയത്. മോഷ്ടിച്ച പണവും മൊബൈൽ ഫോണും പ്രതിയിൽ നിന്നും കണ്ടെത്തി. ഇയാളെ പിന്നീട് കുമളി പൊലീസിന് കൈമാറി.