സംസ്ഥാനത്തെ ചില ജില്ലകളിൽ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്.
അതേസമയം ഇന്ന് കഴിഞ്ഞാൽ പിന്നെ മഴ മുന്നറിയിപ്പ് ഉള്ളത് 28-ാം തീയതിയാണ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇതേ ദിവസം മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ മുതൽ ഇരുപത്തിയെട്ടാം തീയതി വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ടാണ് ഇപ്പോൾ പുറത്തിറങ്ങിയ പ്രവചനത്തിലുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലേർട്ടുകൊണ്ട് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.