പെരുമ്പാവൂര്‍: അച്ഛന് വയ്യാതായപ്പോൾ സഹായിയുടെ വേഷത്തിൽ വീട്ടിൽ കയറിക്കൂടിയ ടാക്‌സി ഡ്രൈവർ അയ്യമ്പുഴ സ്വദേശി ധനേഷ് ഒടുവിൽ പിച്ചിച്ചീന്തിയത് പെൺമക്കളുടെ അഭിമാനവും ജീവിതവും.എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
മൂന്നുവർഷം മുമ്പ് കുട്ടികളുടെ അച്ഛൻ അസുഖബാധിതനായപ്പോൾ ടാക്‌സി ഡ്രൈവറായിരുന്ന ധനേഷിന്റെ വാഹനത്തിലായിരുന്നു ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്. അങ്ങനെ കുടുംബവുമായി കൂടുതൽ അടുത്ത പ്രതി, രണ്ടുവർഷം മുമ്പ് അച്ഛന്റെ മരണശേഷമാണ് തനിസ്വരൂപം പുറത്തെടുത്തത്.മരണശേഷം ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇയാൾ എത്തും. രണ്ടാനച്ഛന്‍ എന്ന രീതിയിലായിരുന്നു കുട്ടികളോട് ധനേഷിന്റെ പെരുമാറ്റം. ഇതിന്റെ മറവിൽ കുട്ടികളെ രണ്ടുപേരെയും ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
2023 ജൂൺ മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയാണ് ഇരുവരും പീഡനത്തിനിരയായത്. പിന്നീട്, ഈ കുട്ടികളുടെ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടതോടെ ഇവരെയും വീട്ടിലേക്ക് എത്തിക്കണമെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തി.
ഭീഷണിക്ക് വഴങ്ങേണ്ടിവന്ന കുട്ടികള്‍ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് സഹപാഠിക്ക് നല്‍കിയ കത്ത് അധ്യാപികക്ക് ലഭിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. മൂന്ന് വര്‍ഷം മുമ്പാണ് കുട്ടികളുടെ അമ്മയും ധനേഷും പരിചയത്തിലായത്.
സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ പങ്ക് അന്വേഷിച്ചു വരികയാണ്. മക്കളെ പീഡിപ്പിക്കുന്ന വിവരം യുവതിയോട് താൻ പറഞ്ഞിരുന്നതായി പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇത് പൊലീസ് പൂർണ വിശ്വാസത്തിൽ എടുത്തിട്ടില്ല. പോക്‌സോ നിയമപ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.