മലപ്പുറം: ഇന്നും നാളെയും പ്രഖ്യാപിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ. തൊണ്ടയില്‍ അണുബാധയെ തുടര്‍ന്ന് ഡോക്ടേഴ്‌സ് വിശ്രമം നിര്‍ദേശിച്ചെന്ന് പി വി അന്‍വര്‍ പറഞ്ഞു. അടുത്ത പൊതുയോഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കും.
യോഗങ്ങള്‍ മാറ്റിവയ്ക്കുന്നതായി ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് അന്‍വര്‍ പ്രഖ്യാപിച്ചത്. അന്‍വര്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പൊലീസ് സേനയിലെ ഉന്നതര്‍ക്കും നേരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അന്‍വറിന് അനുകൂലമായ മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കിയിരുന്നു.
താന്‍ ഇതിന് പിന്നാലെ തന്നെ പോകുമെന്നും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മാമി തിരോധാന കേസുമായി ബന്ധപ്പെട്ടാണ് അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടന്നത്. യോഗത്തിലും അന്‍വര്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു.
മതസൗഹാര്‍ദ്ദത്തിന്റെ കടയ്ക്കല്‍ കാത്തിവയ്ക്കാന്‍ ആര്‍എസ്എസുമായി ചേര്‍ന്ന് മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പിവി അന്‍വര്‍ വിമര്‍ശിച്ചു.മുഖ്യമന്ത്രി എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു.അജിത്ത് കുമാറിന് മുകളില്‍ പരുന്തും പറക്കില്ല. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.